Thursday, September 18, 2014

ഒമ്പത്‌ (പുതിയ അനുഭവങ്ങൾ )

'അല്ലാ... എനിക്കെന്തു പറ്റി..? ഞാനെന്തിനാ അവളുടെ സന്തോഷം കാണുവാൻ വേണ്ടി വീണ്ടും വീണ്ടും ചൂയിങ്കം വാങ്ങിക്കൊടുക്കുന്നത്‌. ഒരു സമയം അവളെ കാണുന്നത്‌ പോലും ഇഷ്ടമില്ലാത്ത ഞാൻ ! , അവളുമായി സംസാരിക്കുന്നതിൽ ഒരു മനസ്സുഖം കണ്ടെത്തുന്നു. അവളുടെ മുഖം
കാണുവാൻ കണ്ണുകൾ കൊതിക്കുന്നു. അവളെ കുറിച്ചോർത്ത്‌ കിടക്കുമ്പോൾ നിലാവിലെ കുളിർക്കാറ്റ്‌ വീശിയടിക്കുന്നത്‌ പോലെ ശരീരമാസകലം ഒരു കോരിത്തരിപ്പ്‌ അനുഭവപ്പെടുന്നു. അവളുടെ സംസാരം കേൾക്കാൻ കാതോർത്തിരിക്കുന്നു. എനിക്കെന്തു പറ്റി..? ഞാൻ അവൾക്ക്‌ കീഴടങ്ങുകയാണോ..?..അതോ...എനിക്ക്‌..വല്ല.,?...

         രണ്ട്‌ ദിവസമായി ജാഫറിന്റെ മനസ്സിൽ ഓരോരോ ചിന്തകൾ കടന്ന് കൂടിയിരിക്കുകയാണു. ഉച്ച ഭക്ഷണം കഴിഞ്ഞ്‌ ഒന്ന് മയങ്ങാൻ കിടക്കുമ്പോഴാണു ഇത്തരം ചിന്തകൾ ജാഫറിനെ അലോസരപ്പെടുത്തുന്നത്‌. ഉച്ച ഭക്ഷണം കഴിഞ്ഞുള്ള ഉറക്കം തുടങ്ങിയിട്ട്‌ രണ്ട്‌ ദിവസമേ ആയിട്ടുള്ളൂ. രണ്ട്‌ ദിവസമായി ജാഫറിന്റെ ട്യൂഷൻ ക്ലാസ്സ്‌ തുടങ്ങിയിട്ട്‌. ഉച്ചവരെ ട്യൂഷനു പോയി വന്നാൽ പിന്നെ ഭക്ഷണം കഴിച്ച്‌ ഒന്ന് മയങ്ങും.

''ഹൊ ,പത്താംക്ലാസ്സുകാരന്റെ ഒരു യോഗമേ ...''
മയങ്ങാൻ കിടക്കുമ്പോൾ ജാഫർ ആരോടോന്നില്ലാതെ പറയും .
'സലീമും പത്താം ക്ലാസ്സുകാരനല്ലേ എന്നിട്ട്‌ അവനില്ലല്ലോ ഈ ട്യൂഷൻ,? '
ഈ ചോദ്യം പലവട്ടം ഉമ്മയോട്‌ ചോദിക്കാൻ വേണ്ടി ജാഫർ മനസ്സിൽ കണക്ക്‌ കൂട്ടി വെച്ചതാണു.. പക്ഷെ, ചോദിക്കാനുള്ള ധൈര്യം കിട്ടാറില്ല. അല്ലാതെ തന്നെ ഉമ്മയുടെ ചെരിപ്പോ കയ്യോ നടുമ്പുറത്ത്‌ ഇടക്ക്‌ വന്ന് വീഴാറുണ്ട്‌. പിന്നെന്തിനാ ചോദിച്ച് വാങ്ങുന്നത്‌, എന്നുള്ള ഒരു ബോധവും ധൈര്യക്കുറവിനു പിന്നിലുണ്ടായിരുന്നു.
മീറയുടെ വല്യുമ്മ തിരിച്ച്‌ പോയത്‌ അവളെ കൂടുതൽ സ്വാതന്ത്ര മുള്ളവളാക്കി. അവൾ ഇടക്കിടക്ക്‌ ജാഫറിന്റെ വീട്ടിൽ ചെല്ലാനും ടി. വി കാണാനും തുടങ്ങി. അവളുടെ കളി അധികവും ജാഫറിന്റെ വീട്ടുമുറ്റത്തേക്കായി. കൂടെ ഫാത്തിമയും നാസിയയും ഒക്കെയുണ്ടാകും.
മീറയുടെ പെട്ടന്നുള്ള പെരുമാറ്റത്തിലെ മാറ്റങ്ങൾ ജാഫറിനെ ശെരിക്കും ആശയകുഴപ്പത്തിലാക്കി. ആദ്യമൊക്കെ അവളുടെ വല്യുമ്മ തിരിച്ച്‌ പോയതിലുള്ള സന്തോഷമാണെന്നാണു കരുതിയത്‌. പിന്നെ പിന്നെ ജാഫറിന്റെ ഉള്ളിൽ മറ്റു ചില ചിന്തകളും ഉടലെടുത്ത്‌ തുടങ്ങി. തനിക്ക്‌ കാണുവാനാണു അവൾ തന്റെ വീട്ടിൽ വരുന്നതും , കളിക്കുന്നതും ചിരിക്കുന്നതും സംസാരിക്കുന്നതും എന്നൊക്കെ ജാഫർ ചിന്തിച്ച്‌ കൂട്ടി.

സ്കൂൾ തുറക്കാൻ  ഇനിയുമുണ്ട്‌ ദിവസങ്ങൾ. മീറ തിരിച്ച്‌ പോകാനും അത്രയും ദിവസങ്ങൾ ഭാക്കിയുണ്ട്‌. ജാഫറിനു എന്തോ ഒരു മനസ്സമാധാനം തോന്നി. അവളുടെ സാന്നിദ്ധ്യം വെറുപ്പോടെ കണ്ടിരുന്ന ജാഫറിനിപ്പോൾ അവളെ കാണുന്നത്‌ ഏറെ സന്തോഷമുള്ള കാര്യമാണു. അത്‌ എന്ത്‌ കൊണ്ടാണെന്ന് ജാഫറിനു എത്ര ചിന്തിച്ചിട്ടും ഒരു എത്തും പിടിയും കിട്ടിയില്ല. എന്നാലും അവൻ മീറയെ നോക്കുന്നതിലും സംസാരിക്കുന്നതിലും ചൂയിങ്കം സമ്മാനിക്കുന്നതിലും എല്ലാം ഒരു മറ എപ്പോഴും സൂക്ഷിച്ചിരുന്നു.

                      ജാഫറും സലീമും ക്രിക്കറ്റ്‌ കളിയിൽ ഇപ്പോൾ അധികം ശ്രദ്ധ കൊടുക്കാറില്ല. പകരം സലീമിന്റെ വീടിന്റെ പുറകിൽ തെക്കേ അറ്റത്തുള്ള ചെറിയ കുളത്തിന്റെ മേക്കരയിൽ സ്ഥിതി ചെയ്യുന്ന പനമരത്തിന്റെ ചുവട്ടിൽ നിന്നും പനങ്കുരു പെറുക്കിയെടുത്ത്‌ വന്ന് ജാഫാറിന്റെ കാർ പോർച്ചിലിരുന്ന് ചെറിയ കള്ളികൾ വരച്ച്‌ തായം കളിക്കലാണു പണി. തൊട്ടപ്പുറത്ത്‌ മിറ്റത്ത്‌ കളം വരച്ച്‌ മീറയും പാത്തിമ്മയും നാസിയയും കൂടി കൊച്ചംകുത്ത്‌ കളിക്കും. കളിക്കിടെ ജാഫർ മീറയെ ഇടംകണ്ണിട്ട്‌ നോക്കും പക്ഷെ നോക്കുന്നത്‌ മീറ അറിയില്ല. ഇടക്ക്‌ മീറ ജാഫറിനെ ഇടംകണ്ണിട്ട്‌ നോക്കും പക്ഷെ മീറ നോക്കുന്നത്‌ ജാഫറും അറിയില്ല. എന്നാൽ ഇടക്ക്‌ രണ്ട്‌ പേരുടെ കണ്ണുകൾ തമ്മിൽ കൂട്ടിമുട്ടാറുണ്ട്‌. ഉടനെ തന്നെ രണ്ട്‌ പേരും മുഖം തിരിക്കും . കളിക്കിടെ നടക്കുന്ന മറ്റൊരു കളിയായി അത്‌ തുടരും.

സലീമിന്റെ വീടിന്റെ പുറകിൽ രണ്ട്‌ കുളങ്ങളുണ്ട്‌. ഒരു ചെറിയ കുളവും
ഒരു വലിയ കുളവും. വിറകുപുരക്ക്‌ പുറകിലെ കളിപ്പറമ്പും കഴിഞ്ഞ്‌ ഒരു മാട്ടമിറങ്ങി കുറച്ച്‌ താഴ്‌ന്ന ഒരു ചെറിയ പറമ്പും കഴിഞ്ഞാണു രണ്ട്‌ കുളങ്ങളും സ്ഥിതി ചെയ്യുന്നത്‌.
ചെറിയ കുളം സലീമിന്റെ വീട്ടുകാർക്ക്‌ കുളിക്കാനും അലക്കാനുമുള്ളതാണു. ചെറിയ കുളത്തിനു ചുറ്റും ഓല കൊണ്ട്‌ മറ കെട്ടിയിട്ടുണ്ട്‌. ജാഫറും ചെറിയ ചെറിയ കുളത്തിലാണു ഇടക്ക്‌ കുളിക്കാറ്. ഉമ്മയോട്‌ പുറകെ നടന്ന് കെഞ്ചി സമ്മതം വാങ്ങിയിട്ടേ ജാഫർ കുളത്തിൽ കുളിക്കാൻ പോകാറുള്ളൂ. കുളത്തിൽ കുളിച്ചാൽ അസുഖം വരുമെന്നും പറഞ്ഞ്‌ ജാഫറിനെ ഉമ്മ വിടാറില്ല.
ജാഫർ കുളിക്കുന്നുണ്ടെങ്കിൽ ചെറിയ കുലത്തിലെ കുളിക്കാറുള്ളൂ. കാരണം വലിയ കുളം തുറസ്സായതാണു. അതൊരു പൊതുകുളം പോലെയാണു. എന്നത്‌ കൊണ്ട്‌ മാത്രമല്ല , വലിയ കുളത്തിനോട്‌ ചേർന്ന് കിടക്കുന്ന കുഴികളും പൊന്തക്കടുകളുമുള്ള പറമ്പിലാണു ചിട്ടിപ്പറമ്പ്‌ കോളനിയിലെ പെണ്ണുങ്ങളും ചായക്കട നടത്തുന്ന കാർത്ത്യാനിയും തൂറാൻ വന്നിരുന്നത്‌. മഴക്കാലമായാൽ വലിയ കുളം നിറഞ്ഞ്‌ പറമ്പും കുളവും ഒന്നാകും. വലിയ കുളവും ജാഫറും തമ്മിലുള്ള അകൽച്ചക്ക്‌ ഇത്‌ തന്നെ വലിയ കാരണമായിരുന്നു.

                     
                         സലീമിന്റെ വീടിന്റെ വടക്കുപുറത്തേക്ക്‌ ജാഫർ ചെല്ലുമ്പോൾ അവിടെ ഒച്ചയും അനക്കവുമില്ലാതെ നിശബ്ദമായിരുന്നു. ട്യൂഷനു പോയ ക്ഷീണം കൊണ്ട്‌ ഉച്ച ഭക്ഷണ ശേഷം ജാഫറൊന്ന് മയങ്ങിയിരുന്നു. അതിന്റെ ഒരു വാട്ടം അവന്റെ കണ്ണുകളിൽ അങ്കുരച്ച്‌ നിന്നിരുന്നു. കണ്ണാടിക്ക്‌ മുന്നിൽ നിന്ന് മുടിയെ ചീകിയൊതുക്കാൻ പെടാപാട്‌ പെട്ടെങ്കിലും ഫലമുണ്ടായില്ല. ഉറങ്ങി എണീറ്റാൽ പിന്നെ മുടി ചീകിയൊതുക്കാൻ ജാഫറിനു ഒരൽപം ബലപ്രയോഗം നടത്തേണ്ടി വരും . എന്നിട്ടും ഫലമുണ്ടാകാറില്ല. തലമുടികൾ ജാഫറിന്റെ തലക്ക്‌ മുകളിലാണു ഞങ്ങെളെന്ന അഹംഭാവത്തോടെ എഴുന്നു നിന്നിരുന്നു.
പാന്റിന്റെ ഇരു പോക്കറ്റിലും കൈകൾ തിരുകികയറ്റി, ആളൊഴിഞ്ഞ അരങ്ങ്‌ പോലെ വിജനമായി കിടന്ന സലീമിന്റെ വടക്കുപുറത്ത്‌ നിരാശനായി നിൽക്കുമ്പോഴാണു അപ്പുറത്തെ കോമാവിൻ ചില്ലകൾ ആടിയുലയുന്നത്‌ ജാഫർ കണ്ടത്‌. ചില്ലകൾ മാത്രമല്ല , ആ ചില്ലകളിൽ തൂങ്ങിക്കിടന്ന ഊഞ്ഞാലിൽ മീറയും ആടി കളിക്കുന്നുണ്ടെന്ന് കണ്ടപ്പോൾ ജാഫറിനു സമാധാനമായി.
ജാഫർ മീറയുടെ അടുത്തേക്ക്‌ ചെന്നു. ഊഞ്ഞാലാടുന്നുണ്ടെങ്കിലും അവൾ ഊഞ്ഞാലിൽ പിടിച്ചിട്ടില്ലായിരുന്നു. അവളുടെ ഇടം കൈവെള്ളയിൽ ഉപ്പും ,വലം കയ്യിൽ കണ്ണിമാങ്ങയുമായിരുന്നു. കണ്ണിമാങ്ങ ഉപ്പും കൂട്ടി കണ്ണിറുക്കി തിന്നുന്നതിനൊപ്പം ഒരു താളത്തിൽ , എന്നാൽ സാഹസികമായി തന്നെ അവൾ ഊഞ്ഞാലിൽ ആടുന്നുണ്ടായിരുന്നു.
ജാഫറിനെ കണ്ടപ്പോൾ മീറ കണ്ണിമാങ്ങ തിന്നുന്നതിനൊപ്പം കണ്ണിറുക്കി ഒന്ന് പുഞ്ചിരിച്ചു.
"വേണാ...? "
ഉപ്പും കണ്ണിമാങ്ങയും പിടിച്ച കൈകൾ ജാഫറിനു നേരെ നീട്ടി മീറ ചോദിച്ചു. ജാഫർ തന്റെ വായിൽ വന്ന ഉമിനീരു ഇറക്കി കൊണ്ട്‌ ' വേണ്ടാ ' എന്ന അർത്ഥത്തിൽ തലയാട്ടി.

"ജാഫറേ... ന്നൊന്ന് തലക്കാമ്പുറിടോ..."

"ജാഫറാ..? "
ഒരൽപം ഗൗരവത്തിൽ ജാഫർ ചോദിച്ചു. മീറ ഒന്ന് ചിരിച്ചു.

"എടീ നിന്നേക്കാളും മൂത്തതല്ലേ..ജാഫർക്കാന്ന് വിളിക്കടീ.."

"ഓ പിന്നേ..."
മീറ മുഖം കൊണ്ട്‌ ഗോഷ്ടി കാണിച്ചു.

"ന്നൊ ന്ന് തലക്കാമ്പുറിട്ട്‌ തരാൻ പറ്റോ..? "

"എന്നെ ജാഫർക്കാന്ന് വിളിച്ചാ ഇട്ട്‌ തരാ.."

"ഉം ശെരി, ജാഫർക്കാ...ഒന്ന് തലക്കാമ്പുറിട്ട്‌ തരോ.."
മീറ അതൊന്ന് കളിയാക്കുന്ന രീതിയിലാണു പറഞ്ഞത്‌.

"ഓക്കെ , ഇത്ര മതി. ഇനി ഞാനിട്ട്‌ തരാം..."
ജാജ്ഫർ മീറയുടെ പുറകിൽ ചെന്ന് നിന്നു.

"നിന്റെ കയ്യിലെ ഉപ്പും കണ്ണ്യാങ്ങയും കളയ്‌..."

"ഉം.."

"നല്ലോണം മുറുക്കി പിടിച്ചിരിന്നോ..വീണാ എന്നെ പറയേരുത്‌.."

"ഉം .."

"പറയുമെന്നാ.."

"അല്ല, പറയില്ലാന്ന്.."

"ഓക്കെ.."

ജാഫർ ഊഞ്ഞാലിൽ പിടിച്ചു.
"ഞാനിതാ ഇടാൻ പോവ്വാണു..."

മീറ സർവ്വ ധൈര്യവും സംഭരിച്ച്‌ ശ്വാസം അടക്കിപ്പിടിച്ച്‌ കണ്ണുകളിറുക്കിപ്പിടിച്ചിരുന്നു. ജാഫർ ഊഞ്ഞാലിൽ പിടിച്ച്‌ രണ്ടടി പിറകോട്ടാഞ്ഞു..മീറയുടെ തലമുടികൾ കാറ്റിൽ പാറി ജാഫറിന്റെ മുഖത്ത്‌ തലോടി..അവന്റെ ശരീരമാസകലം ഒന്ന് കോരിത്തരിച്ചു..അവളുടെ തലമുടികളിൽ അവളറിയാതെ ജാഫർ തന്റെ ചുണ്ടുകൾ കൊണ്ട്‌ സ്പർഷിച്ചു.
അവന്റെ കൈകൾ വിറച്ചു. തൊണ്ടയിടറി..അവൻ ഊഞ്ഞാലിൽ മുറുക്കെ പിടിച്ചു..ജീവിതത്തിലെ ആദ്യത്തെ അനുഭവം ഒരു നിമിഷം ശെരിക്കും ഒന്നാസ്വദിച്ചു.

"റെഡി ..വൺ..ടു...ത്രീ..."

ജാഫർ മീയും കൊണ്ട്‌ മുന്നോട്ട്‌ കുതിച്ചു. മീറയും ഊഞ്ഞാലും ജാഫറിന്റെ തലക്കുമീതെ ഉയർന്നു..ജാഫർ ഊഞ്ഞാലിൽ നിന്ന് പിടിവിട്ട്‌ മുന്നോട്ടോടി..മീറ ആ കോമാവിൻ കൊമ്പിലെ ഊഞ്ഞാലിൽ ആടിയുലഞ്ഞു. തിരമാലയെ പോലെ അവൾ മുന്നോട്ടും പിന്നോട്ടും ഒഴുകി..അവൾ ആർത്ത്‌ ചിരിച്ചു. എന്നലും മുഖത്ത്‌ ഭയത്തിന്റെ നിഴൽ കാണാമായിരുന്നു. അവളുടെ കണ്ണിൽ നിന്നും സന്തോഷത്തിന്റെ കണ്ണീർ ചാടുന്നുണ്ടായിരുന്നു. ജാഫർ അവൾ ആടി തീരുന്നത്‌ വരെ ഉറക്കെ ചിരിച്ച്‌ കൊണ്ട്‌ ആ രംഗം ആസ്വദിച്ച്‌ നോക്കി നിന്നു. ഇടക്ക്‌ ചുറ്റുവട്ടം ഒന്ന് കണ്ണോടിച്ചു. ആരും കാണുന്നില്ലന്ന് ഉറപ്പ്‌ വരുത്തി... (തുടരും..)

Thursday, September 11, 2014

എട്ട്‌ (ആദ്യ സമ്മാനം )

ചില സത്യങ്ങൾക്ക്‌ സൗന്ദര്യമുണ്ടാവില്ല., ചില സത്യങ്ങൾക്ക്‌ ക്രൂര മുഖമായിരിക്കും , ചില സത്യങ്ങൾ അവിശ്വസിനീയമായിരിക്കും . ഇങ്ങനെ പലവക സത്യങ്ങൾ ജാഫറിനറിയാം. പക്ഷെ ! മീറയെ കുറിച്ച്‌ സലീം ജഫറിനു വിശദീകരിച്ച്‌ കൊടുത്തപ്പോൾ ഇതിൽ ഏത്‌ തരത്തിലുള്ള സത്യമാണു താൻ ശ്രവിക്കുന്നതെന്ന് അറിയാതെ ഒരു നിമിഷം അവൻ തരിച്ച്‌ നിന്നു പോയി.
                        മീറയുടെ പത്രാസും, നാട്യവും, വാക്കും ,നോക്കും ,നടപ്പും എല്ലാം ഒരു അഹങ്കാരിയുടേതായിട്ടാണു ജാഫറിനു തോന്നിയിരുന്നത്‌. പക്ഷെ ! , അവൾ ഒരു ചെറിയ വാടക വീട്ടിലാണെന്നും , അവളുടെ ഉപ്പ വേറെ വിവാഹം കഴിച്ച്‌ മാറി താമസിക്കുകയാണെന്നും , അവളുടെ ഒരേ ഒരു സഹോദരൻ നാസർ അദ്വാനിച്ചുണ്ടാക്കുന്ന പണം കൊണ്ട്‌ അവളും അവളുടെ ഏട്ടത്തി ഷീബയും ,ഉമ്മയും , വല്യുമ്മയും അടങ്ങുന്ന കുടുംബം കഴിയുന്നതെന്നും അറിഞ്ഞപ്പോൾ ജാഫറിനു മീറയോടുള്ള എല്ലാ എതിർപ്പുകളും അലിഞ്ഞില്ലാതായി. മാത്രവുമല്ല മീറയുടെ കുടുംബം ഒരു കാലത്ത് സമ്പന്നതയിൽ കഴിഞ്ഞിരുന്നവരാണെന്നും അവളുടെ ഉപ്പയുടെ മദ്യപാനവും കൂട്ട്കെട്ടും കാരണം എല്ലാം തകർന്ന് പോയതാണെന്നും സലിം പറഞ്ഞപ്പോൾ ജാഫർ അത് ആവർത്തിച്ചാവർത്തിച്ച് ചോദിച്ചിട്ടാണ് വിശ്വസിച്ചത് .
സമ്പന്നതയിൽ നിന്ന് പെട്ടെന്നൊരു പാവപ്പെട്ട ചുറ്റുപാടിൽ ജീവിക്കുന്ന ഒരു പെണ്‍കുട്ടിയായി മാറാൻ മീറ തയ്യാറായില്ലന്ന മറ്റൊരു സത്യം കൂടി ജാഫർ മനസ്സിലാക്കി . അതോടൊപ്പം തൻറെ കുടുംബ പുരാണം മറ്റാരും അറിയരുതെന്ന ഒരു ചിന്ത അവളുടെ മനസ്സിൽ കൊത്തി വെച്ചിട്ടുണ്ടെന്നും അവനു ബോധ്യമായി .
              വിരോധത്തിന്റെ കാർമേഘം പെയ്തിറങ്ങിയപ്പോൾ , മീറയോടൊത്ത് കളിക്കാനും സംസാരിക്കാനും കളിവാക്ക് പറയാനും തടസ്സമായി നിന്ന വേലി ജാഫർ പൊളിച്ചു മാറ്റി . എന്നാലും ഒരു പെണ്‍കുട്ടിയോട് അടുത്തിടപെഴുകാനും സംസാരിക്കാനും വിലങ്ങ് തടിയായി നിന്നിരുന്ന തൻറെ അപകർഷതാ ബോധവും ഭയവും ജാഫറിനു ചുറ്റും പത്തിവിടർത്തി നിന്നിരുന്നു .
                നാല് മണിക്കുള്ള ചായകുടി കഴിഞ്ഞ് കാലത്തെ പത്രമെടുത്ത് സ്പോർട്സ് പേജിൽ തൻറെ കണ്ണെത്താത്ത ഭാഗങ്ങളിലേക്ക് ഒന്നുകൂടി കണ്ണോടിച്ച് ഇരിക്കുകയായിരുന്നു ജാഫർ . 

  "ജാഫറേ..ജാഫറേ..."

അകത്ത്‌ നിന്നുള്ള ഉമ്മയുടെ വിളി ജാഫർ കേട്ടെങ്കിലും കേൾക്കാത്ത മട്ടിൽ ഇരിന്നു. കാര്യമായി തന്നെ പത്രത്തിലെ അക്ഷരങ്ങളിൽ അവന്റെ കണ്ണും മനസ്സും കുടുങ്ങികിടക്കുകയായിരുന്നു. ഉമ്മയുടെ ശബ്ദം പിന്നെ കേൾക്കാതായപ്പോൾ 'അപ്പൊ പിന്നെ ഉമ്മ വെറുതെ വിളിച്ചതാകും ' എന്ന് മനസ്സിൽ കരുതുമ്പോഴേക്കും ഒരു ചെരിപ്പ്‌ വന്ന് ജാഫറിന്റെ നടുമ്പുറത്ത്‌ 'പ്ധോം '  എന്നും പറഞ്ഞ്‌ വന്ന് വീണു. ജാഫർ തിരിഞ്ഞപ്പോൾ വാതിൽപ്പടിയിൽ അടുത്ത കാലിലെ ചെരിപ്പും ഊരിപ്പിടിച്ച്‌ കലി തുള്ളി നിൽക്കുന്നു ഉമ്മ.

"എന്താണ്ടാ നായിന്റെ മോനെ അണക്ക്‌ വിളിച്ചാ വിളികേട്ടാല്.."

ജാഫർ ഒന്നും മിണ്ടാതെ തുടക്കാൻ നടുമ്പുറത്തേക്ക്‌ കയ്യെത്താതെ വേദന കൊണ്ട്‌ ഞെളിപിരികൊണ്ടു.

"രാത്രിക്കൽക്ക്‌ എന്തെങ്കിലും വേണങ്കി ആ ഉമ്മറിന്റെ പീട്യേലു പോയി കൊറച്ച്‌ സാമ്പാറു കഷ്ണവും ഒരു ഒണക്കലൈലയും വാങ്ങീട്ട്‌ വാ.. ഉച്ചക്കലെ കറിയൊന്നും തേയില്ലാ.."

നിറഞ്ഞ കണ്ണുകളോടെ ജാഫർ ചവിട്ട്‌ പടിയിൽ ഇറങ്ങി നിന്ന് നടന്ന് പോണോ സൈക്കിളിൽ പോണോ എന്ന് ഒരു നിമിഷം ചിന്തിച്ചു. പിന്നെ സലീമിന്റെ വീടിന്റെ വടക്കുപുറം വഴി പറമ്പിലൂടെ വലിഞ്ഞ്‌ നടന്നു.
      പാറക്കുളം കവലയിൽ നീണ്ടു നിവർന്ന് കിടക്കുന്ന പത്തോളം പീടിക മുറികളും , അതിന്റെ മുകളിൽ രണ്ട്‌ മുറികളും അടങ്ങുന്ന ഒരു കെട്ടിടവും തൊട്ടപ്പുറത്ത്‌ മാറി ഒറ്റപ്പെട്ട്‌ കിടക്കുന്ന കാർത്ത്യാനിയുടെ ഓലമേഞ്ഞ ചെറിയൊരു ചായക്കടയും അതിലും ചെറിയ കുഞ്ഞുമുഹമ്മദിന്റെ ഓടിട്ട ഒരു ഇറച്ചിക്കടയുമാണുള്ളത്‌. ഈ കെട്ടിടങ്ങളുടെയെല്ലാം ജന്മി കാദർ ഹാജിയായിരുന്നു. ഒരു പഴയകാല കോൺഗ്രസ്സുകാരൻ.
പീടിക മുറികളിൽ ഉമ്മറിന്റെ പലചരക്ക്‌ കടയും , കൃഷ്ണൻ കുട്ടിയുടെ സൈക്കിൾ കടയും , സുരേഷിന്റെ ബാർബർ ഷാപ്പും , മുസ്ഥഫയുടെ ടൈലറിംഗ്‌ കടയും മാത്രമാണു തുറന്ന് പ്രവർത്തിക്കുന്നത്‌. ഭാക്കിയെല്ലാം അടഞ്ഞു കിടക്കുകയാണു. പീടിക മുറികളുടെ മുകളിലെ രണ്ട്‌ മുറികളിൽ കുറച്ച്‌ കാലം മുമ്പ്‌ വരെ ഒരു കുടുംബം താമസിച്ചിരുന്നു. ഇപ്പോൾ അതും അടഞ്ഞ്‌ തന്നെ കിടപ്പാണു.
പാറക്കുളം കവലയിൽ കാർത്ത്യാനിയുടെ ചായക്കടക്ക് മുപ്പത്‌ വർഷത്തോളം പഴക്കമുണ്ട്‌ . കാർത്ത്യാനിയുടെ കെട്ടിയോൻ വേലായുധൻ മരിച്ചതിനു ശേഷമാണു കാർത്ത്യാനി ചായക്കട ഏറ്റെടുക്കുന്നത്‌. ഒരു പേരു പോലുമില്ലാത്ത ആ പഴയ ചായക്കട കിഴവന്മാരുടേയും മധ്യവയസ്കൻ മാരുടേയും ഇഷ്ട കേന്ദ്രമായിരുന്നു. കാർത്ത്യാനിയുടെ ചായക്കടെയേക്കാൾ പഴക്കമുള്ള മറ്റൊന്ന് കൂടിയുണ്ട്‌ പാറക്കുളം കവലയിൽ . ഒരു മുസ്ലിം പള്ളി. ഏതാണ്ട്‌ നൂറ്റിയറുപത്‌ വർഷങ്ങളോളം പഴക്കമുള്ള ആ പള്ളി കുഞ്ഞലവി മുസ്ലിയാരുടെ വല്യുപ്പയാണു നിർമ്മിച്ചത്‌.  ചെങ്കല്ലിൽ  തീർത്ത ഓടിട്ട പള്ളിക്ക് ഒരു ചരിത്രമുണ്ട് .എവിടെയും രേഖപ്പെടുത്താത്ത ചരിത്രം . കുഞ്ഞലവി മുസ്ലിയാരുടെ വല്യുപ്പ ഒരിക്കൽ ഒരു സ്വപ്നം കാണുന്നതിൽ നിന്നാണ് ചരിത്രം തുടങ്ങുന്നത് .
സ്വപ്നത്തിൽ ഒരു നീണ്ടു നിവർന്ന ഒരു മനുഷ്യനെ അദ്ദേഹം കണ്ടു .അയാൾക്ക് വലിയൊരു താടിയും പച്ച തലേകെട്ടും ഞെരിയാണിക്ക് മേലെ ഉടുത്ത വെള്ള മുണ്ടും നീളൻ കുപ്പായവുമായിരുന്നു വേഷം . കയ്യിൽ വെട്ടിത്തിളങ്ങുന്ന ജപമാലയും ചന്ദനത്തിന്റെ മണമുള്ള വളവും മുഴകളുമുള്ള ഒരു വടിയും ഉണ്ടായിരുന്നു. അയാളുടെ താടിയും മീശയും കൺ പുരികങ്ങളും പാലപ്പൂ പോലെ വെളുത്തിരുന്നു. കണ്ണുകൾ ചുവന്ന് കലങ്ങിയിരുന്നു. അയാൾ ഗോര ശബ്ദത്തിൽ കുഞ്ഞലവി മുസ്ലിയാരുടെ വല്യുപ്പാട്‌ സംസാരിച്ചു .

"ഈ നാട്ടിൽ ഒരു പള്ളിയില്ലാതെ നിങ്ങൾ എങ്ങിനെയാണു അള്ളാഹുവിനെ ആരാധിക്കുന്നത്‌ . അത്‌ കൊണ്ട്‌ ഞാനീ വടികൊണ്ട്‌ വരക്കുന്നിടത്ത്‌ ഉടനെ ഒരു പള്ളി കെട്ടിപ്പൊക്കണം . "

പെട്ടന്ന് തന്നെ ആ രൂപം മാഞ്ഞു പോയി . അടുത്ത ദിവസം കാലത്ത്‌ എണീറ്റയുടൻ കുഞ്ഞലവി മുസ്ലിയാരുടെ വല്യുപ്പ ആ മനുഷ്യൻ വരച്ച സ്ഥലം തിരഞ്ഞു നടന്നു. ഒടുവിൽ പാറക്കുളം കവലയിൽ കാദർ ഹാജിയുടെ വല്യുപ്പാടെ വക സ്ഥലത്തിലായിരുന്നു അടയാളം കണ്ടെത്തിയത്‌. ഒരു വലിയ വൃത്തവും അതിനുള്ളിൽ കുറേ അറബി അക്ഷരങ്ങളും . വൃത്തത്തിനു ചുറ്റും കുതിരയുടെ കാലടയാളങ്ങളും ഉണ്ടായിരുന്നു. അവിടെ പള്ളിയുണ്ടാക്കാൻ കാദർഹാജിയുടെ വല്യുപ്പാട്‌ കുഞ്ഞലവി മുസ്ലിയാരുടെ വല്യുപ്പ സമ്മതം വാങ്ങി.
അങ്ങനെ അവിടെ പള്ളികെട്ടിപ്പൊക്കി. പിന്നീട്‌ കുഞ്ഞലവി മുസ്ലിയാരുടെ വല്യുപ്പ സ്വപ്നത്തിൽ കണ്ടത്‌ ജിന്നിനെ ആയിരുന്നു എന്ന് പാറക്കുളം കവലയിൽ ഒരു അലിഖിത വിശ്വാസമുണ്ടായി. പരമ്പരയായി ആ പള്ളിയുടെ മേൽ നോട്ടം ഇപ്പോൾ കുഞ്ഞലവി മുസ്ലിയാർക്കാണു.

നാലു മണി നേരമായത്‌ കൊണ്ട്‌ ഉമ്മറിന്റെ കടയിൽ വലിയ
തിരക്കുണ്ടായിരുന്നില്ല. സാധനങ്ങൾ വാങ്ങുന്ന കൂട്ടത്തിൽ , സ്പോർട്സിന്റെ മായാ ലോകത്ത്‌ നിന്നും തന്നെ സാമ്പാറു കഷ്ണവും ഒണക്കലൈലയും വാങ്ങാൻ വിട്ട ഉമ്മയോടുള്ള പ്രതിഷേധമായി ഒരു മിഠായി വാങ്ങി ജാഫർ പോക്കറ്റിലിട്ടു. ഉമ്മറിന്റെ കടയിൽ പറ്റായത്‌ കൊണ്ട്‌ മിഠായി വാങ്ങി പറ്റിക്കുന്നത്‌ ഉമ്മ അറിയില്ലന്ന് ജാഫറിനുറപ്പായിരുന്നു. മാസം മാസം ഗൾഫിൽ നിന്നും സൈതുവിന്റെ പണം വരുമ്പോഴാണു സൽമ ഉമ്മറിന്റെ കടയിലെ പറ്റ്‌ തീർക്കുന്നത്‌. ഇതിനു മുമ്പും പലപ്പോഴും ഉമ്മയോടുള്ള പ്രതിഷേധം തീർക്കാൻ ജാഫർ മിഠായി വാങ്ങി കഴിച്ചിട്ടുണ്ട്‌.
സാധനങ്ങളടങ്ങിയ സഞ്ചി ഉമ്മയെ ഏൽപ്പിക്കുമ്പോൾ അവന്റെ മുഖം സങ്കടം കൊണ്ട്‌ വിറക്കുന്നുണ്ടായിരുന്നു. കുറച്ച്‌ സമയം അപ്പുറത്ത്‌ മാറിയിരുന്ന് ഏറുകൊണ്ട വേദനയുടെ സങ്കടമെല്ലാം കണ്ണീരു കൊണ്ട്‌ കഴുകി കളഞ്ഞു.
സ്പോട്സ് പേജിലെ പുതിയ വിശേഷങ്ങൾ സലീമിനോട്‌ പറയാനായി ജാഫർ അവന്റെ വീട്ടിലേക്ക്‌ ചെന്നു. സലീമിന്റെ വീട്ടിൽ ടി വി യും പത്രവുമൊന്നും ഇല്ലാത്തത്‌ കൊണ്ട്‌ വാർത്തകൾ അറിയാൻ സലീം ജാഫറിനെയാണു ആശ്രയിച്ചിരുന്നത്‌. കുഞ്ഞലവി മുസ്ലിയാരു പത്രം വായിക്കുന്ന ആളാണെങ്കുലും വീട്ടിൽ പത്രം വരുത്തി ആ വകയിൽ ഒരു തുക ചിലവാക്കാൻ തയ്യാറല്ലായിരുന്നു. അത്‌ കൊണ്ട്‌ പത്രം വായന പാറക്കുളം കവലയിലെ കാർത്ത്യാനിയുടെ ചായക്കടയിലിരുന്നു ഒരു കട്ടനും അടിച്ച്‌ കൊണ്ട്‌ നിർവ്വഹിക്കും.

സലീമിന്റെ വീടിന്റെ വടക്കുപുറത്തെ ചവിട്ട്‌ പടിയിലിരുന്ന് മീറ ഒറ്റക്ക്‌ കൊത്തം കല്ല് കളിക്കുന്നത്‌ കണ്ടപ്പോൾ ജാഫർ സലീമിന്റെ വീടിനകത്തേക്ക്‌ ഒന്ന് തല ചെരിച്ച്‌ നോക്കി. പക്ഷെ, ആരേയും കണ്ടില്ല. അകത്ത്‌ നിന്നും ഒരുപാട്‌ ആളുകളുടെ സംസാരവും ചിരിയുമെല്ലാം കേൾക്കുന്നുണ്ടായിരുന്നു. സലീമിനെ തിരക്കാൻ ജാഫർ മീറയുടെ അടുത്തേക്ക്‌ ചെന്നു.

"ഒറ്റക്കാണോ കളി..? "

മീറ മറുപടിയൊന്നും പറയാതെ ഇടം കണ്ണിട്ട്‌ നോക്കി ഒന്ന് പുഞ്ചിരിച്ചു.

"ന്ത്യേ..സാലീമും നാസിയൊന്നുമില്ലേ..? "

"അവരകത്തുണ്ടാകും ..അവടെ വിരുന്നോരൊക്കെ വന്നീണ്ട്‌.."

"വിരുന്നുകാരെ യ്യ്‌ അറിയില്ലേ.."

"മ്മ് മ്മ് "  മീറ നീട്ടിയൊന്നു മൂളി.

"അറിയൊക്കെ ചെയ്യും . അവരിപ്പൊ കല്യാണം കഴിഞ്ഞ സലീനാത്താടെ വീട്ടുകാരാ.."

 മീറ ജാഫറിനോട്‌ സംസാരിക്കുന്നുണ്ടെങ്കിലും ശ്രദ്ധ മുഴുവനും കളിയിലായിരുന്നു.

"മീറാക്ക്‌ മുട്ടായി വേണോ..? "

സംസാരത്തിനിടെ ഒരു സ്റ്റെയിലിനു വേണ്ടി പോക്കറ്റിൽ കയ്യിട്ടപ്പോഴാണു ഉമ്മറിന്റെ കടയിൽ നിന്ന് വാങ്ങിയ മിഠായി ജാഫറിന്റെ കയ്യിൽ തടഞ്ഞത്‌.

"ഉം "

മീറ ജാഫറിന്റെ മുഖത്ത്‌ നോക്കാതെ തലയാട്ടി ഒന്ന് മൂളി. പക്ഷെ മിഠായി കയ്യിൽ കിട്ടിയപ്പോൾ മീറയുടെ മട്ട്‌ മാറി . അവളുടെ മുഖം പച്ചചാണകം ചവിട്ടിയ പോലെ ചുളുങ്ങി.

"ഇധാപ്പോ... ഒരു മുട്ടായി ..ഞാൻ വിജാരിച്ചു വേറെ നല്ല മുട്ടായി ആവൂന്ന് ..ക്കൊന്നും വേണ്ടിത്‌. "

മീറയുടെ തുറന്നടിച്ച വാക്കുകൾ ജാഫറിനു ഒരു ഷോക്കേറ്റ പോലെയായി . ഇത്‌ പോലൊരു പ്രതികരണം , അതും ഒരു പെൺ കുട്ടിയുടെ ഭാഗത്ത്‌ നിന്നും. ജാഫറിന്റെ ആദ്യത്തെ അനുഭവമായിരുന്നു . ഒന്ന് താളം ചവിട്ടി ഒരു പച്ചച്ചിരി ചിരിച്ച്‌ കൊണ്ട്‌ ജാഫർ ചോദിച്ചു.

"അല്ലാ., അണക്ക്‌ പിന്നെ എന്ത്‌ മുട്ടായാ വേണ്ടിത്‌.."

മീറ ഒട്ടും അമാന്തിച്ചില്ല..അവൾ അവളുടെ ഇഷ്ടം തുറന്നടിച്ചു പറഞ്ഞു.

"ഇക്ക്‌ ചൂയിങ്കാണിഷ്ടം.."

കുറച്ച്‌ സമയം ജാഫർ അതേ നിൽപ്പ്‌ നിന്നു. പിന്നെ പതുക്കെ വീട്ടിലേക്ക്‌ നടന്നു. കാലുകൾക്കൊക്കെ എന്തോ വലിയ ഭാരം പോലെ അവനു തോന്നി. വീട്ടിനകത്ത്‌ കയറിയതും റൂമിൽ കയറി പാട്ട്‌ ഓൺ ചൈത്‌ കമഴ്‌ന്ന് കിടന്നതും യാന്ത്രികമായിട്ടായിരുന്നു സംഭവിച്ചത്‌. അവന്റെ മനാസ്സ്‌ മുഴുവൻ മീറയുടെ വാക്കുകളായിരുന്നു. അവൾക്കിഷ്ടപ്പെട്ട മുട്ടായി തന്നെ വാങ്ങിക്കൊടുത്ത്‌ തനിക്ക്‌ കിട്ടിയ മാനക്കേട്‌ തീർക്കണമെന്ന് ഒരു തീരുമാനം എടുത്തിട്ടാണു ജാഫർ അന്ന് രാത്രി കിടന്നത്‌. രാത്രിക്ക്‌ ഇളം തണുത്ത കാറ്റിന്റെ അകമ്പടിയുണ്ടായിരുന്നിട്ടും ഉറക്കം വരാതെ ജാഫർ തിരിഞ്ഞും മറിഞ്ഞും കിടന്നു.  
അടുത്ത ദിവസം കാലത്ത്‌ തന്നെ ഒന്നാഞ്ഞു ചവിട്ടിയാൽ ചെയിനഴിയുന്ന തന്റെ സൈക്കിളെടുത്ത്‌ ജാഫർ പാറക്കുളം കവലയിലേക്ക്‌ വിട്ടു. പതിവ്‌ പോലെ തന്നെ പാറക്കുളം കവലയിലെത്തുന്നതിനിടക്ക്‌ രണ്ട്‌ തവണ ചെയിനഴിഞ്ഞു.
ഉമ്മറിന്റെ കടയിൽ കയറിയ ജാഫർ മിഠായി ഭരണികളിലേക്ക്‌ കണ്ണു തുറിച്ച്‌ നോക്കിനിന്നു. പിന്നെ ഒരു ചെറിയ ഭരണിയെ ചൂണ്ടിക്കൊണ്ട്‌ അവൻ ചോദിച്ചു.

"ഉമ്മർക്കാ ..ഇതെന്താ വെല.."

"ഏത്‌ , അയിനു ഒരുറുപ്യാ.."

"അപ്പൊ ഇതിനോ..? "

"അയിനു ഒന്നരുറുപ്യാ..."

ജാഫർ പോക്കറ്റ്‌ തപ്പി ചില്ലറ പൈസ പുറത്തെടുത്ത്‌ എണ്ണിനോക്കി. മൂന്ന് രൂപ ഇരുപത്തിയഞ്ച്‌ പൈസയുണ്ട്‌.. ഉമ്മയുടെ അരി പാത്രത്തിൽ നിന്നും പൊക്കിയതാ.

"ദാ, ഈ ഒന്നരുറുപ്യേടെ രണ്ടെണ്ണം തന്നോളീൻ.."

  ചൂയിങ്കവുമായി ജാഫർ നേരെ സലീമിന്റെ വീട്ടിലേക്ക്‌ വിട്ടു. മീറയെ തനിച്ച്‌ കിട്ടാൻ കുറച്ച്‌ സമയം താളം ചവിട്ടി നിൽക്കേണ്ടി വന്നു. ഒടുവിൽ മീറക്ക്‌ ആ രണ്ട്‌ ചൂയിങ്കവും കൊടുത്തപ്പോൾ അവന്റെ നെഞ്ചും മുഖവും അവനറിയാതെ വിരിഞ്ഞു. അവന്റെ മുഖത്ത്‌ ആശ്വാസത്തിന്റെ പാൽനിലാവുദിച്ചു. മീറ ചൂയിങ്കം വാങ്ങിയ ഉടനെ ഒരു നെടു വീർപ്പോടെ കണ്ണുകൾ വിരിയിച്ച്‌ മുഖം വെട്ടിത്തിളങ്ങി കൊണ്ട്‌ പ്രസന്നമായി ഒന്ന് ചിരിച്ചു.

"ഹായ്‌..ഇക്ക്‌ എത്ര ഇഷ്ടള്ള ചൂയിങ്കാന്നറിയോ.. താങ്ക്സ്‌.."

ഇതും പറഞ്ഞ്‌ ജാഫറിന്റെ കവിളിലൊന്ന് നുള്ളി അവൾ ഓടി മറഞ്ഞു.
ജാഫർ ഒരു നിമിഷം സ്തംഭിച്ച്‌ നിന്നു പോയി. മീറയുടെ പുഞ്ചിരി , അവളുടെ സന്തോഷം എല്ലാം എല്ലാം ജാഫറിന്റെ മനസ്സിൽ മിന്നി മാറി കൊണ്ടിരിന്നു. അവൾ ചിരിച്ചപ്പോൾ താനിത്‌ വരെ കാണാത്ത ഒരു സൗന്ദര്യം അവളിൽ കണ്ടത്‌ പോലെ ജാഫറിനു തോന്നി. തന്റെ ജീവിതത്തിൽ ആദ്യമായി ഒരു പെൺ കുട്ടിക്ക്‌ ഒരു സമ്മാനം കൊടുത്ത നിമിഷമായത്‌ കൊണ്ടാകാം..ഇത്‌ പോലൊരു മനസ്സുഖം ഇതിനു മുമ്പ്‌ അനുഭവിച്ചിട്ടില്ലന്ന് അവനു തോന്നിയത്‌.  (തുടരും )     

Monday, September 1, 2014

ഭാഗം ഏഴ് (കുറ്റബോധം )

ചില ദിവസങ്ങളിൽ സലീമിന്റെ വീടിന്റെ പുറകിലെ കളിപ്പറമ്പ്‌ വിജനമായി കിടക്കും. ഒച്ചയും അനക്കവുമില്ലാതെ, ആർപ്പുവിളികളില്ലാതെ , വിയർത്തൊലിക്കുന്ന ശരീരങ്ങളുടെ സാന്നിദ്ധ്യമില്ലാതെ , തെങ്ങുകളും ചീമകൊന്നകളും മറ്റും പരസ്പരം മുഖത്തോട്‌ മുഖം നോക്കി നിൽക്കും.
ക്രിക്കറ്റ്കളി നടക്കാത്ത ദിവസങ്ങളിൽ ജാഫറിന്റെയും സലീമിന്റെയും കളിസ്ഥലം സലീമിന്റെ വീടിന്റെ വടക്കുപുറത്തായിരിക്കും. അവിടെ നാസിയയും പാത്തിമ്മയയും കളം വരച്ച്‌ കൊച്ചം കുത്ത്‌ കളിക്കുന്നതിൽ പങ്കാളികളാകും. പക്ഷെ ! മീറ വന്നതിനു ശേഷം ജാഫറിനു ക്രിക്കറ്റല്ലാതെ മറ്റു കളികളിൽ ഒരംഗമാകാൻ കഴിയാറില്ല.
മീറ എന്ന പെൺകുട്ടിയോട്‌ എന്നതിലുപരി അവളുടെ വൈര്യൂപമായ സ്വഭാവ രീതിയോടും കഴ്ച്ചപ്പാടുകളോടുമുള്ള ഒരു എതിർപ്പിന്റെ അകൽച്ചയും അപകർഷതാബോധവുമായിരുന്നു ജാഫറിനെ മീറ പങ്ക്‌ കൊണ്ട കളിയിൽ നിന്നും അകറ്റി നിർത്തിയിരുന്നത്‌. സലീമും നാസിയയും മീറയും
പാത്തിമയും കളിയിൽ മുഴുകുമ്പോൾ ജാഫർ തന്റെ മുറിയിൽ സംഗീതത്തിന്റെ മടിയിൽ തല ചായ്ച്ച്‌ ഒറ്റപ്പെട്ടവന്റെ വേദന യിൽ ജനൽ പാളിയിലൂടെ കളികണ്ട്‌ കൊണ്ടിരിക്കും.

രാവിലെ തന്നെ വീടിൻറെ പുറകുവശത്തുള്ള  പറമ്പിൽ തേങ്ങ പൊതിച്ച ചകിരി കൂട്ടിയിട്ടത്‌ വിറക്‌ പുരയിലേക്ക്‌ മാറ്റലായിരുന്നു ജാഫറിന്റെ പണി. സ്കൂളുള്ള കാലത്ത്‌ സൂര്യനു മുമ്പേ ഉണരുമ്പോൾ ജാഫർ മനസ്സിൽ കരുതാറുണ്ട്‌ സ്കൂളടച്ചിട്ട്‌ വേണം സുഖമായി ഒത്തിരി നേരം കിടന്നുറങ്ങാൻ എന്ന് . പക്ഷെ , എന്നും ഓരോ പണി പറഞ്ഞ്‌ കൊണ്ടുള്ള ഉമ്മയുടെ വിളികേട്ടാണു ജാഫർ ഉണരുക.
ചകിരി നിറക്കാൻ കൂട്ടിനു ബീവിത്തയുമുണ്ട്‌. ബീവിത്ത പക്ഷെ ചകിരി ചാക്കിൽ നിറക്കാനായി മാത്രം നിന്നു . ചാക്ക്‌ കൊണ്ടുപോയി വിറക്‌ പുരയിൽ നിക്ഷേപിക്കുന്നത്‌ ജാഫർ തനിച്ചാണു. പാത്തിമാനെ കൂട്ടിനു വിളിക്കാൻ ഉമ്മ പറഞ്ഞെങ്കിലും സലീമിന്റെ വീടിന്റെ പുറകിൽ കൊച്ചംകുത്ത്‌ കളിച്ച്‌ കൊണ്ടിരുന്ന പാത്തിമ്മാനെ ജാഫർ വിളിച്ചില്ല. സലീമും നാസിയയും മീറയും പാത്തിമ്മയുടെ കൂടെ കളിക്കുന്നുണ്ട്‌. മീറയോട്‌ ജാഫറിനു എതിർപ്പുണ്ടെങ്കിലും , താൻ ചകിരി നിറച്ച ചാക്ക്‌ തോളിലേറ്റി പോകുന്നത്‌ മീറ കാണുന്നതിലുള്ള ഒരു നാണക്കേട്‌ ജാഫറിന്റെ ഉള്ളിലുണ്ടായിരുന്നു. പാത്തിമ്മയെ വിളിച്ച്‌ എല്ലാവരുടേയും ശ്രദ്ധ തന്നിലേക്ക്‌ തിരിക്കാതിരിക്കാൻ ശ്രമിച്ചതും ഇക്കാരണം കൊണ്ട്‌ തന്നെയായിരുന്നു.

"ഞ്‌ കൊറച്ചേരം ഞാൻ നറക്കാം..ങ്ങളു കൊണ്ടോയിടോ... "

ചകിരി പാതിമുക്കാലും തീർന്നപ്പോൾ ജാഫറിനൊരു ക്ഷീണം.

"ഞിത്‌ കൊറച്ചല്ലേയുള്ളൂ ..മോൻ തന്നെ കൊണ്ടോയിട്ടോ..ബീവിത്ത നെറച്ച്‌ തരാം.."

ചോദിക്കുമ്പോഴേ ജാഫർ ബീവിത്താടെ മറുപടി പ്രതീക്ഷിച്ചതാണു. ജാഫർ കിതക്കുന്നുണ്ടെങ്കിലും കിതപ്പോടെ ചെറിയൊരു ചിരി ചിരിച്ച്‌ ചകിരി ചാക്കും തോളിലേറ്റി വിറകുപുരയിലേക്ക്‌ നടന്നു.
ചകിരി നിറച്ച അവസാന ചാക്കുമായി പോകുമ്പോഴാണു ജാഫറിനെ സലീം ഉറക്കെ കളിക്കാൻ വിളിച്ചത്‌. ഇല്ല, എന്ന് തലയാട്ടി കാണിച്ച്‌ ജാഫർ വേഗത്തിൽ നടന്നു.
സലീമിന്റെ ശബ്ദത്തോടൊപ്പം മീറയുടെ പുഛ മനോഭാവത്തിലുള്ള നോട്ടവും ജാഫറിനെ തേടിയെത്തിയിരുന്നു. അത്‌ കൊണ്ട്‌ തന്നെ ഒരു നോക്ക്‌ മാത്രമേ ജാഫർ അങ്ങോട്ട്‌ നോക്കിയുള്ളൂ.
കളിയുടെ ആരവങ്ങൾ കേൾക്കുമ്പോൾ ജാഫറിന്റെ മനസ്സിനെ വല്ലാതെ പിടിച്ച്‌ വലിക്കുന്നുണ്ടായിരുന്നു. തടസ്സെങ്ങളെല്ലാം മറന്ന് കളി സ്ഥലത്തേക്ക്‌ ഒരോട്ടം വെച്ചുകൊടുത്താലോ എന്ന് ജാഫർ ചിന്തിച്ചു. പക്ഷെ, എന്തോ ഒന്ന് ജാഫറിനെ ചങ്ങലക്കിട്ട്‌ നിർത്തി.

ഒരു ചെറിയ ബക്കറ്റ്‌ വെള്ളം മുറ്റത്തെ ചെമ്പക മരത്തിനു കൊണ്ടു പോയി ഒഴിക്കുമ്പോഴാണു ജാഫർ കളി സ്ഥലത്ത്‌ നിന്ന് ബഹളം കേട്ടത്‌. ജാഫർ ഒന്ന് തലയുയർത്തി നോക്കി. സലീമും മീറയും കൂടി കളിക്കുന്നതിനിടെ എന്തോ ഒന്നിനെ കുറിച്ച്‌ തർക്കം നടക്കുകയായിരുന്നു. കളി കാര്യമായെന്ന് കണ്ടപ്പോൾ ജാഫർ 'അഹങ്കാരി ' എന്ന് മനസ്സിൽ പിറുപിറുത്ത്‌ മറ്റു തടസ്സങ്ങളെല്ലാം കാറ്റിൽ പറത്തി കളി സ്ഥലത്തേക്ക്‌ വേഗത്തിൽ നടന്നു.
സലീമിന്റെ വടക്കുപുറത്തെ കോമാവിന്റെ ചുവട്ടിലെത്തിയപ്പോൾ ഒരു മുള്ള്‌ ജാഫറിന്റെ പാന്റിൽ കുടുക്കി വലിച്ചു. ഒരു ചെറിയ നീളത്തിൽ പാന്റ്‌ അൽപം കീറി . കുഞ്ഞലവി മുസ്ലിയാർ കോമാവിന്റെ ചുവട്ടിൽ വെച്ചു പിടിപ്പിച്ച കുരുമുളക്‌ വള്ളിക്ക്‌ പടർന്ന് കയറാൻ വെച്ച മുൾ വേലിയായിരുന്നു അത്‌ . ജാഫറിനതൊരു വയ്യാവേലിയായി. ജാഫർ പതുക്കെ മുൾ വേലിയിൽ നിന്നും പാന്റിനെ സ്വതന്ത്രമാക്കി  കാലിൽ കൊള്ളാത്തത്‌ ഭാഗ്യം ! എന്നൊരു നെടുനിശ്വാസവും വിട്ട്‌ ആരും കണ്ടില്ലന്ന് ഉറപ്പ്‌ വരുത്തി ഒന്നും സംഭവിച്ചിട്ടില്ലന്ന മട്ടിൽ ജാഫർ നടന്നു.
കളി പുതുതായി ആരംഭിക്കുക എന്ന ജാഫറിന്റെ നിർദ്ധേശം ജാഫറും കളിയിലിണ്ടാകണമെന്ന ഉപാധിവെച്ച്‌ മീറ ഒഴികെ എല്ലാവരും അംഗീകരിച്ചു. ജാഫർ എതിർപ്പൊന്നും പറയാതെ അത്‌ അംഗീകരിക്കുകയും ചൈതു. പക്ഷെ കളി തുടങ്ങിയപ്പോൾ മീറ മാത്രം ഇല്ല. അവൾ പിണങ്ങി പ്പോയി . ജാഫറിന്റെ ഉള്ളിൽ അതൊരു നല്ല നിമിഷമായി തോന്നി. മീറയെ നാസിയയും പാത്തിമയും തിരിച്ച്‌ വിളിക്കാൻ ശ്രമിച്ചു. പക്ഷെ അവൾ ജാഫറിനെ തറപ്പിച്ച്‌ ഒരു നോട്ടം നോക്കി മുഖം കനപ്പിച്ച്‌ പോയി.
  ഏച്ചു കെട്ടിയ കയർ പോലെയായിരുന്നു മീറ പിണങ്ങി പോയതിനു ശേഷമുള്ള കളി . എല്ലാവരുടേയും മുഖത്ത്‌ ഒരു കുറ്റബോധത്തിന്റെ നിഴൽ. ജാഫറിന്റെ ഉള്ളിലാകട്ടെ മീറയുടെ തറപ്പിച്ചുള്ള നോട്ടം ഒരു കുന്തമുനയായി വന്ന് കോറി വലിക്കുന്നുണ്ടായിരുന്നു. താൻ കാരണമാണല്ലോ അവൾ പിണങ്ങി പോയത്‌ എന്നോർത്ത്‌ സഹതാപവും.
മനസ്സിൽ എന്തോ ചിന്തിച്ച്‌ കളിച്ചത്‌ കൊണ്ടാകാം ജാഫറും അറിയാതെ വരയിൽ ചവിട്ടി. അതോടെ നാസിയയും പാത്തിമയും ആർത്തു വിളിച്ചു.

"ചൗട്ടി..ചൗട്ടി..ജാഫർക്ക വരേൽ ചൗട്ടി.."

നാസിയയും പാത്തിമയും ഒരു ടീം ആയിരുന്നു. രണ്ട്‌ പേരും വിട്ടുകൊടുത്തില്ല. ജാഫറും സലീമും ഒരു പൊടിക്ക്‌ വഴങ്ങിയില്ല. രണ്ട്‌ കൂട്ടരുടേയും തർക്കങ്ങൾ ഒരു വലിയ ബഹളമായി മാറി. ബഹളത്തിനിടെ ജാഫർ ജനലഴികൾക്കിടയിൽ രണ്ട്‌ കണ്ണുകളെ കണ്ടു. ആ കണ്ണുകളിൽ സന്തോഷം നിറഞ്ഞ്‌ നിന്നിരിന്നു. പെട്ടന്ന് ആ കണ്ണുകൾ അപ്രത്യക്ഷമാവുകയും ചൈതു.
അപ്രതീക്ഷിതമായൊരു ആഗമനമായിരുന്നു കുഞ്ഞലവി മുസ്ലിയാരുടേത്‌. മുസ്ലിയാർ വന്നതും സലീമിനു രണ്ട്‌ കിട്ടിയതും ഒരുമിച്ചായിരുന്നു. സലീമിന്റെ നടുമ്പുറത്ത്‌ ആദ്യത്തെ അടി വീഴുമ്പോഴേക്കും ജാഫറും നാസിയയും പാത്തിമയും അപ്പുറത്തുള്ള വിറകുപുരയുടെ പുറകിലേക്ക്‌ ഓടി മറഞ്ഞിരുന്നു.
"എന്തിനാ സലീ മിനു തല്ലു കിട്ടിയത്‌..? "

കിതച്ച്‌ കൊണ്ട്‌ ജാഫർ നാസിയയോട്‌ ചോദിച്ചു. നാസിയ തന്റെ ചുണ്ടത്ത്‌ വിരൽ വെച്ച്‌ 'മിണ്ടല്ലേ ' എന്ന് കണ്ണുകൾകൊണ്ട്‌ ആഗ്യം കാണിച്ച്‌ വിറകുപുരയുടെ അരികിലൂടെ പാളി നോക്കി.. തല്ല് കിട്ടിയ സലീമും തല്ലിയ കുഞ്ഞലവി മുസ്ലിയാരും അപ്രത്യക്ഷമായിരുന്നു. ഒരു നെടുവീർപ്പിട്ട്‌ കൊണ്ട്‌ നാസിയ പറഞ്ഞു.

"സലീംക്കാട്‌ ഉപ്പ കാലത്ത്‌ കിത്താബ്‌ ഓതി പഠിക്കാൻ പറഞ്ഞതാ ..ഉപ്പ പോയ തക്കത്തിനു കളിക്കാൻ വന്നതാണു.."

"മുസ്ലിയാരു വന്നത്‌ ആരും അറിഞ്ഞില്ലേ..? "

"ഇക്ക്‌ തോന്നണത്‌ മീറ ചെന്ന് പറഞ്ഞ്‌ കൊടുത്തിട്ടുണ്ടാകും..ഓളു ക്കളീന്ന് തെറ്റി പോയതല്ലേ...അയ്ന്റെ പക പോക്കിയതാവും.."

പെട്ടന്നാണു ജാഫർ കളിക്കിടെ ബഹളമുണ്ടായപ്പോൾ ജനലഴികൾക്കിടയിൽ രണ്ട്‌ കണ്ണുകൾ കണ്ടതും അപ്രത്യക്ഷമായതും ഓർത്തത്‌. നാസിയയുടെ വാക്കുകൾ കേട്ട്‌ ജാഫർ വീട്ടിലേക്ക്‌ നടക്കുമ്പോൾ അവന്റെ ഉള്ളിൽ മീറയോടുള്ള എതിർപ്പ്‌ കൂടി വന്നു. ജാഫർ തന്റെ മുറിയിൽ കയറി കതകടച്ച്‌ ഉച്ചത്തിൽ ഒരു ഇംഗ്ലീഷ്‌ പാട്ട്‌ വെച്ചു . ആരോടൊക്കെയോ ഒരു പക തീർക്കുന്നത്‌ പോലെ..

കാലത്ത്‌ സംഭവിച്ചതിന്റെ പൊരുളെന്തെന്ന് മീറയോട്‌ തന്നെ നേരിട്ട്‌ ചോദിക്കാൻ തന്നെ തീരുമാനിച്ചാണു ജാഫർ സലീമിന്റെ വീട്ടിലേക്ക്‌ ചെന്നത്‌ . തന്റെ ഉറ്റ സുഹൃത്ത്‌ തല്ല് കൊള്ളാൻ കാരണം മീറയാണന്നറിഞ്ഞപ്പോൾ മീറയോടുള്ള എതിർപ്പൊന്നും കാര്യമാക്കാതെ അവളോട്‌ സംസാരിക്കാൻ തീരുമാനിച്ചു.

സൂര്യ കിരണങ്ങൾ ചുവന്നു തുടങ്ങിയിരുന്നു..ആകാശത്ത്‌ വെളിച്ചം മങ്ങിയിരുന്നു..ചുവന്ന സൂര്യകിരണങ്ങൾ പതിച്ച്‌ കോമാവിന്റെ തളിരിലകൾ സ്വർണ്ണ നിറത്തിൽ തിളങ്ങിയിരുന്നു. കോമാവിന്റെ കൊമ്പത്ത്‌ രണ്ട്‌ കാക്കകൾ കൂടണയും മുമ്പ്‌ എന്തെങ്കിലും തിന്നാൻ കിട്ടുമോ എന്നറിയാൻ കണ്ണും തുറിച്ചിരിപ്പുണ്ട്‌. മഗരിബ്‌ ബാങ്ക്‌ വിളിക്കാൻ ഇനിയുമുണ്ട്‌ കുറച്ച്‌ സമയം. അതിനു മുമ്പ്‌ മീറയെ കണ്ട്‌ സത്യാവസ്ഥ അറിയണമെന്ന് തീർച്ചപ്പെടുത്തി ജാഫർ വീടിന്റെ ചുറ്റും ഒന്ന് കണ്ണോടിച്ചു.

"ആരേ നോക്കണത്‌.."
കിണറ്റിൻ കരയിലേക്ക്‌ കയ്യും കാലും കഴുകാനിറങ്ങിയതാണു മീറ.

"സലീമെന്ത്യേ..? "
ചുറ്റുമൊന്ന് കണ്ണോടിച്ച്‌ ജാഫർ തിരക്കി.

"സലീംക്ക പള്ളീ പോയി.."

മറുപടി പറയുന്നതിനിടെ മീറ ചുരിദാറിന്റെ പാന്റ്‌ മുട്ടോളം മടക്കിവെച്ച്‌ അലക്ക്‌ കല്ലിൽ കാലുരസി കഴുകി കൊണ്ടിരുന്നു. അവളുടെ വെളുത്ത കാലിലെ സ്വർണ്ണ കൊലുസ്സിനു ഒരു പ്രത്യേക തിളക്കമുള്ളതായി ജാഫറിനു തോന്നി. പെട്ടന്ന് തന്നെ ജാഫർ മുഖം തിരിച്ചു. പിന്നെ മീറയുടെ മുഖത്ത്‌ നോക്കാതെ താഴെ കിടന്ന ഒരു കമ്പെടുത്ത്‌ വളച്ചും ഒടിച്ചും നിന്നു.

"കാലത്ത്‌ സലീമിനെന്തിനാ തല്ല് കൊണ്ടത്‌.."

രണ്ടും കൽപ്പിച്ച് ജാഫർ മീറയുടെ മുഖത്ത് നോക്കാതെ ചോദിച്ചു.

"അത്‌ കുഞ്ഞാപ്പ സലീംക്കാട്‌ ഓതി പടിക്കാൻ പറഞ്ഞിട്ട്‌ പടിക്കഞ്ഞിട്ടല്ലേ..(മീറ  കുഞ്ഞലവി മുസ്ലിയാരെ കുഞ്ഞാപ്പ എന്നാ വിളിക്കുന്നത്‌ )

"മുസ്ലിയാരു വന്നപ്പോ യ്യ്‌ പറഞ്ഞ്‌ കൊടുത്തതല്ലേ.."

മീറ തന്റെ സ്വത:സിദ്ധമായ ശൈലിയിൽ ജാഫറിനെ ഒന്ന് നോക്കി. പിന്നെ അയലിൽ കിടന്ന ഒരു തോർത്ത്‌ മുണ്ടെടുത്ത്‌ മുഖവും കയ്യും കാലും തുടച്ച്‌ കൊണ്ട്‌ ഒരൽപം ഗൗരവത്തിൽ അവൾ പറഞ്ഞു.

"വേണങ്കി വിശ്വസിച്ചാ മതി..നാസിയേം ഇതന്നെ ന്നോട്  പറഞ്ഞത്‌..ക്ക്‌ സലീംക്കാനെ തല്ല് കൊള്ളിച്ചിട്ടെന്താ കാര്യം..ഇങ്ങളൊക്കെ കളിക്കുമ്പോ ഒച്ചപ്പാട്‌ കേട്ടാ കുഞ്ഞാപ്പ വന്നത്‌..."

മീറ പറഞ്ഞ്‌ തീർത്ത്‌ ചവിട്ട്‌ പടി കയറുമ്പോൾ ജാഫറിന്റെ ഉള്ളിൽ മീറ തെറ്റുകാരിയല്ലന്ന് നൂറുവട്ടം തെളിഞ്ഞിരുന്നു.

"മീറാ.."

ജാഫർ എന്തോ പറയാനായി മീറയെ വിളിച്ചതാണു. അപ്പോഴാണു കുഞ്ഞലവി മ്യ്സ്ലിയാരുടെ മധുര മനോഹരമായ ശബ്ദത്തിൽ മഗരിബ്‌ ബാങ്ക്‌ പാറക്കുളം കവലയിലെ പള്ളിയിൽ നിന്നും മുഴങ്ങി കേട്ടത്‌. മീറ ഉടനെ ഷാളെടുത്ത്‌ തലയിലിട്ട്‌ അകത്തേക്ക്‌ കയറിപ്പോയി. ജാഫർ ധ്രിതിയിൽ പള്ളിയിലേക്കും നടന്നു.     (തുടരും)

Tuesday, August 26, 2014

ഭാഗം ആറ് (മൈന )

                         
ജാഫറിനു സ്വന്തമായി ഒരു സൈക്കിളുണ്ട്‌. ഒന്ന് ആഞ്ഞു ചവിട്ടിയാൽ അതിന്റെ ചെയിനഴിയും . എന്നാലും സ്കൂളിൽ പോയ്‌വരാനും മറ്റും ജാഫറിന്റെ ഏക ആശ്രയം ഈ സൈക്കിൾ തന്നെയായിരുന്നു. കണ്ടാൽ ആക്രിക്കടയിൽ നിന്നും വാങ്ങിയതാണെന്ന് തോന്നുമെങ്കിലും , ആഴ്ച്ചയിലൊരിക്കൽ കഴുകി തുടച്ച്‌ വൃത്തിയാക്കാൻ ജാഫർ ശ്രമിക്കാറുണ്ട്‌.
ജാഫറിന്റെ സൈക്കിൾ റോഡിലൂടെ പോകുമ്പോൾ ആരും ഒന്ന് നോക്കി പോകും. അതിന്റെ ഭംഗി കൊണ്ടല്ല. അത്രക്ക്‌ കരകര ശബ്ദമായിരുന്നു. പക്ഷെ, ജാഫറതൊന്നും വക വെച്ചിരുന്നില്ല. അണ്ണാനു തൻ കുഞ്ഞ്‌ പൊൻ കുഞ്ഞ്‌ പോലെയായിരുന്നു ജാഫറിനു തന്റെ സൈക്കിൾ. സൈക്കിളിന്റെ ചെറിയ ചെറിയ കേടുപാടുകൾ തീർക്കുന്നത്‌ ജാഫർ തന്നെയാണു. പിന്നെ വലിയ വല്ല കേടുപാടും വന്നാൽ ഡോക്ടർ മാർ രോഗികളെ വലിയ ആശുപത്രിയിലേക്ക്‌ ഷിഫ്റ്റ്‌ ചെയ്യുന്ന പോലെ ജാഫറും തന്നെ കൊണ്ട്‌ കഴിയാതെ വരുമ്പോൾ പാറക്കുളം കവലയിലെ കൃഷ്ണൻ കുട്ടിയുടെ സൈക്കിൾ കടയിലേക്ക്‌ ഷിഫ്റ്റ്‌ ചെയ്യും.

പത്രക്കാരൻ അലക്ഷ്യമായി വലിച്ചെറിഞ്ഞ പത്രത്തിന്റെ ഏടുകൾ പെറുക്കി യഥാ സ്ഥിതിയിലാക്കി ജാഫർ ടീപ്പോയിപ്പുറത്ത്‌ വെച്ചു. കയ്യിലിരുന്ന ചായ ഗ്ലാസ്‌ സൂക്ഷ്മയോടെ ടീപ്പോയിയുടെ ഒരറ്റത്ത്‌ വെച്ച്‌ പത്രമെടുത്ത്‌ മറിച്ച്‌ നോക്കി. മുറ്റത്ത്‌ സോപ്പ്‌ പൊടിയും ഒരൽപം മണ്ണെണ്ണയും ചേർത്ത ബക്കറ്റ്‌ വെള്ളം ജാഫറിനേയും കാത്തിരിപ്പാണു. സ്കൂളുള്ള ദിവസങ്ങളില്‍ ഞായറാഴ്ച്ചയായിരുന്നു സൈക്കിള്‍ കഴുകുന്ന ദിവസം . സ്കൂള്‍ അടച്ചതിനു ശേഷം ആ പതിവ് മാറി ഇടക്കിടക്ക് കഴുകാന്‍ തുടങ്ങി . സൈക്കിൾ കഴുകുന്നത് കൊണ്ട് ജാഫറിനോ സൈക്കളിനോ യാതൊരു ഗുണവുമില്ല .മറിച്ച് സൽമാക്ക് അത്രയും സോപ്പും മണ്ണണ്ണയും പോയത് മിച്ചം .
ചായ കുടിച്ച് തീർത്ത് കാലത്തെ ഇളംവെയിൽ ചൂടുപിടിക്കുന്നതിനു മുമ്പ് സൈക്കിൾ കഴുകണമെന്ന് തീരുമാനിച്ചുള്ള ഇരിപ്പാണ് ജാഫർ . പത്ര താളുകൾ മറിച്ച് വാർത്തകൾ കണ്ട് ജാഫർ അമ്പരക്കുകയോ ,സഹതപിക്കുകയൊ ,സന്തോഷിക്കുകയോ ,ദു:ഖിക്കുകയോ ചെയ്യാറില്ല .ജാഫറിനു എല്ലാ വാർത്തകളും ഒരുപോലെയാണ് .ജാഫർ ആകാംക്ഷയോടെ പത്രത്താളുകൾ മറിച്ച് നോക്കുന്നത് ടി വി പ്രോഗ്രാമുകൾ എന്തൊക്കെയാണ് എപ്പോഴൊക്കെയാണ് എന്നൊക്കെ അറിയാനാണ് . പിന്നെ സ്പോർട്സ് പേജും ....അതോടെ ജാഫറിൻറെ അന്നത്തെ പത്ര വായന കഴിയും .

"മോനേ അന്റെ ചായകുടി കയിഞ്ഞാ..."

ചൂലുമായി ബീവിത്ത അടിച്ചുവാരാൻ വന്നു. ജാഫർ ചായ ഗ്ലാസ്സിലേക്കൊന്ന് ചെരിഞ്ഞ്‌ നോക്കി. ഇനിയുമുണ്ട്‌ അര ഗ്ലാസ്സ്‌ ചായ ഭാക്കി.
"കൊറച്ചെയ്ഞ്ഞിട്ട്‌ അടിച്ചാ പോരേ ബീവിത്താ.."
ജാഫറിന്റെ ചോദ്യമൊന്നും ബീവിത്ത കേട്ട മട്ടില്ല. മൂപ്പ്യത്ത്യേരു ചൂലിന്റെ കടഭാഗം തന്റെ തുടയിൽ രണ്ട്‌ കുത്ത്‌ കുത്തി, അതിന്റെ കയറൊന്ന് മുറുക്കി അടിച്ചുവാരാനായി തയ്യാറായി നിന്നു. പിന്നെ ജാഫർ ഒന്നും മിണ്ടാൻ പോയില്ല. മിണ്ടീട്ടും കാര്യമില്ലന്ന് ജാഫറിനറിയാമായിരുന്നു. ചെറിയ ചൂടുണ്ടെങ്കിലും ഗ്ലാസ്സിലെ ചായ ഒറ്റവലിക്ക്‌ കുടിച്ച്‌ ഗ്ലാസ്സും സ്ഥലവും ജാഫർ ഒഴിവാക്കിക്കൊടുത്തു. കസേരയും ടീപോയും അങ്ങോട്ടുമിങ്ങോട്ടും നീക്കി ബീവിത്ത തൂത്ത്‌ വാരാൻ തുടങ്ങി.
ജാഫർ മുറ്റത്തേക്കിറങ്ങി ബക്കറ്റിലെ സോപ്പും മണ്ണെണ്ണയും കലർത്തിയ  വെള്ളം നന്നായി ഒന്ന് ഇളക്കി, പിന്നെ തന്റെ പാവനമായ സൈക്കിൾ പോർച്ചിൽ നിന്ന് മിറ്റത്തേക്കിറക്കി, കുളിപ്പിക്കൽ പരിപാടി ആരംഭിച്ചു. സോപ്പ്‌ വെള്ളം മുറ്റത്ത്‌ നിൽക്കുന്ന ചെമ്പക മരത്തിന്റെ അടുത്തേക്കൊഴുകാതിരിക്കാൻ ജാഫർ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. 'ആ ചെമ്പക മരം എത്ര നന്നായി പൂക്കുന്ന മരമാണു.. ചെറുതാണെങ്കിലും എത്രയെത്ര പൂക്കളാണു അവൾ പ്രസവിക്കാറുള്ളത്‌..സ്കൂളിൽ പോകുമ്പോൾ ദിവസം അഞ്ചും പത്തും ചെമ്പകപ്പൂ പറിച്ച്‌ പോക്കറ്റിലിട്ട്‌ പോകാറുള്ളത്‌ ജാഫർ ഓർത്ത്‌ പോയി.
'ഇനിയും നീ എനിക്ക്‌ വേണ്ടി ചെമ്പകപ്പൂക്കളെ പ്രസവിക്കണം..ഞാനിപ്പോൾ പത്താം ക്ലാസ്സുകാരനാണു..ഒന്നു കൂടി ഗമയിൽ വേണം എനിക്ക്‌ സ്കൂളിൽ പോകാൻ ' ചെമ്പക മരത്തെ നോക്കി ജാഫർ മനസ്സിൽ പറഞ്ഞു.
ഇളം വെയിലേറ്റ്‌ ജാഫറിന്റെ സൈക്കിൾ തിളങ്ങി..തുരുമ്പ്‌ പിടിച്ച ചില ഭാഗങ്ങൾ മാത്രം തിളങ്ങാൻ വിസമ്മതിച്ചു.
ഒന്ന് നടുനിവർത്തി ഒരു കോട്ടുവായിട്ട്‌ ചവിട്ട്‌ പടിയിൽ വെച്ചിരുന്ന ഉണങ്ങിയ തുണിയെടുത്ത്‌ ജാഫർ വൃത്തിയായി സൈക്കിൾ തുടക്കാൻ തുടങ്ങിയതേയുള്ളൂ.. പെട്ടന്നാണു ഒരു മൈന കുറച്ചകലെയായി വിമാനം പോലെ പറന്നിറങ്ങിയത്‌. ജാഫർ ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു
.ചെമ്പക മരത്തിലും , അടുത്തുള്ള തെങ്ങിൻ തൈയുടെ ഓലപ്പട്ടയിലും , മുരിക്കിന്റെ കൊമ്പത്തും , വരമ്പത്തും., വരമ്പിനോട്‌ ചേർന്ന് നിൽക്കുന്ന ചെറിയ ഒട്ടുമാവിൻ കൊമ്പത്തും ജാഫറിന്റെ കണ്ണുകൾ പാഞ്ഞു നടന്നു. അവന്റെ മുഖം സൂര്യനെ മറഞ്ഞ കാർ മേഘം പോലെ ഒന്ന് മങ്ങി.
നിരാശയോടെ ജാഫർ ഒരു കല്ലെടുത്ത്‌ നെഞ്ചോട്‌ ചേർത്ത്‌ പിടിച്ച്‌ ' ചതിക്കല്ലേ..'  എന്നും മനസ്സിൽ പറഞ്ഞ്‌ മൈനയെ ഉന്നം വെച്ച്‌ ഒരേറു കൊടുത്തു. ഏറു മൈനയുടെ ഏഴയലത്ത്‌ കൂടെ പോയില്ലെങ്കിലും ചെറിയൊരു ശബ്ദമുണ്ടാക്കി മൈന പറന്നുയർന്നു. ലക്ഷ്യബോധമില്ലാതെ മൈന അങ്ങോട്ടുമിങ്ങോട്ടും പറന്ന് പെട്ടന്ന് അപ്രത്യക്ഷമായി . മൈന തന്റെ കണ്ണിൽ നിന്നും വേർപ്പെടുന്നത്‌ വരെ ജാഫർ ഇമവെട്ടാതെ നോക്കിനിന്നു.. പിന്നെ ചുറ്റുപാടും ഒന്ന് വീണ്ടും കണ്ണോടിച്ചു.. ' ഇല്ല.. ഒറ്റ മൈനയേയുള്ളൂ..'  ജാഫറിനു നിരാശയും സങ്കടവും കരകവിഞ്ഞൊഴുകി.
അന്തവിശ്വാസമാണെന്ന് പലരും പറഞ്ഞെങ്കിലും ജാഫർ തന്റെ വിശ്വാസത്തിൽ നിന്നും പിറകോട്ട്‌ പോയില്ല. 'ഒരു മൈനയെ കണ്ടാൽ ദു:ഖം ..രണ്ട്‌ മൈനയെ കണ്ടാൽ സന്തോഷം... ഇങ്ങനെ വിശ്വസിക്കാൻ ജാഫറിനു ഒരുപാട്‌ അനുഭവ സമ്പത്തുണ്ട്‌. ഒരു മൈനയെ കണ്ട്‌ സ്കൂളിൽ പോയി എത്ര തല്ല് കിട്ടിയിരിക്കുന്നു. പഠിച്ച കാര്യങ്ങൾ പോലും മറന്ന് തല്ല് കിട്ടുന്ന അവസ്ഥയുണ്ടായിട്ടുണ്ട്‌. എന്നാൽ ഒന്നും പഠിക്കാതെ പോയിട്ട്‌ തല്ല് കിട്ടാത്ത ദിവസങ്ങളിൽ രണ്ട്‌ മൈനയെ കണ്ടിട്ടുണ്ടാകും . ജാഫറിന്റെ അന്ത വിശ്വാസത്തിൽ സലീമും ഒരു പങ്കാളിയാണു.
'ഒരു ദിവസത്തിന്റെ പുഞ്ചിരിച്ച മുഖത്തേയും സങ്കട മുഖത്തേയും വേർത്തിരിച്ചെടുക്കുന്നത്‌ , വഴി വക്കിലോ തെങ്ങോല പട്ടകളിലോ കാണുന്ന മൈനകളുടെ എണ്ണത്തെ ആശ്രയിച്ചാണോ..? ' എന്നാരെങ്കിലും ചോദിച്ചാൽ ജാഫറിനു മറുപടി തന്റെ അനുഭവങ്ങൾ തന്നെ. എന്നാൽ ഈ വിശ്വാസത്തിന്റെ പൊരുളെന്തെന്ന് ജാഫറിനു വിശദീകരിക്കാൻ കഴിയില്ല. അവനു ഒന്നു മാത്രം അറിയാം.. ഒരു മൈനയെ കണ്ടാൽ ദു:ഖം...രണ്ട്‌ മൈനയെ കണ്ടാൽ സന്തോഷം.

വൃത്തിയായി തുടച്ച സൈക്കിൾ പോർച്ചിലേക്ക്‌ കയറ്റി വെച്ച്‌ മുറ്റത്തെ ചെമ്പക മരത്തിന്റെ ചുവട്ടിൽ ഒരു ചെറു പ്രാണിയെ കൊത്തിയെടുക്കാൻ ശ്രമിക്കുന്ന കോഴിയുടെ വിക്രസ്സും നോക്കി താടിക്കും കൈകൊടുത്ത്‌ ജാഫർ ചവിട്ട്‌ പടിയിലിരിന്നു. അപ്പോഴും അവന്റെ മുഖത്ത്‌ ഒരു ദുഖത്തെ പ്രതീക്ഷിച്ച്‌ കൊണ്ടുള്ള നിരാശ ഭാവം നിഴലിച്ച്‌ നിന്നിരുന്നു.
വിശ്വാസം ചതിക്കില്ല, ശാസ്ത്രം തെറ്റില്ല..എന്ന പോലെ തന്റെ മനസ്സിന്റെ വ്യാകുലത അസ്ഥാനത്തല്ലാന്ന് ജാഫറിനു ബോധ്യമായി. ഒരു മൈനയെ കണ്ട കണ്ണുകളുടെ നനവ്‌ മാറുമ്പോഴേക്കും അവന്റെ കൺ മുന്നിൽ മീറയുടെ മുഖം പ്രത്യക്ഷപ്പെട്ടു. മനസ്സ്‌ കൊണ്ട്‌ ഒരു സന്തോഷവും നൽകാത്ത മീറയുടെ കോപിക്കണോ പുഞ്ചിരിക്കണോ എന്ന് ശങ്കിച്ച മുഖം ജാഫറിനു ഒരു മൈനയെ കണ്ട ദുഖത്തിലേക്ക്‌ വകകൊള്ളിക്കാൻ പോന്നതായിരുന്നു.

"പാത്തിമെന്ത്യേ...? "

മീറയുടെ ചോദ്യത്തിനു ജാഫർ ചെവികൊടുത്തുമില്ല മറുപടി പറഞ്ഞതുമില്ല. മീറ ചോദ്യം ആവർത്തിച്ചു.

"പാത്തിമ്മണ്ടിവിടെ..? "

പാത്തിമ അകത്തുണ്ടെന്ന് മുഖം തിരിച്ച്‌ കാണിച്ച ജാഫറിനെ മീറ ഒന്ന് ഇടം കണ്ണിട്ട്‌ നോക്കി വീടിനകത്തേക്ക്‌ കയറിപ്പോയി.
മീറ അഹങ്കാരിയാണു . അടക്കവും ഒതുക്കവും ഇല്ലാത്തവളാണു. ഫാഷനുള്ള പെൺ കുട്ടിയാണു. ലാളിത്യവും വിനയവും ഒട്ടുമില്ല. എന്ന് വെച്ച്‌ ജാഫറിനു മീറയോട്‌ ദേശ്യമോ വെറുപ്പോ ഇല്ല. എതിർപ്പുകൾ മാത്രമേയുള്ളൂ. കാലൊച്ച കേൾക്കാൻ പാകത്തിനു ഒരു അകൽച്ചയുടെ എതിർപ്പുകൾ... (തുടരും )

Monday, August 18, 2014

അഞ്ച് (ജാഫറിൻറെ ലോകം)

"അങ്ങനെ ജാഫർ പത്താം ക്ലാസ്സുകാരനായിലേ.."


ബിരിയാണി വെക്കുന്ന സുലൈമാന്റെ വാക്കുകൾ അച്ചട്ടായിരുന്നു. റിസൽട്ട്‌ വന്നപ്പോൾ ജാഫർ ജയിച്ചു. ജാഫർ മാത്രമല്ല അവന്റെ ഒരേ ഒരു കളിക്കൂട്ടുകാരൻ സലീമും..
ഇനിയുള്ള ഒരു വർഷം സ്കൂളിലെ തലതൊട്ടപ്പന്മാരായി വിലസാമെന്നോർത്തപ്പോൾ ജാഫറിന്റെ മുഖത്ത്‌ ഒരൽപം ഗൗരവം നിറഞ്ഞുവന്നു. ഒന്ന് നിവർന്ന് നിന്ന് തലചെരിച്ച്‌ നോക്കിയപ്പോൾ താൻ രണ്ടിഞ്ച്‌ നീളം വെച്ചതായി ജാഫറിനു തോന്നി.. അവനു സന്തോഷം അടക്കാനായില്ല.
സർക്കാർ സ്കൂളായത്‌ കൊണ്ട്‌ ക്ലാസ്സിലിരിന്ന് ഉറക്കം തൂങ്ങിയാലും ഒമ്പതാം ക്ലാസ്സ്‌ വരെ ജയിച്ച്‌ കേറാമെന്ന് ജാഫറിനുറപ്പായിരുന്നു. പത്താം ക്ലാസ്സിലേക്കുള്ള കടമ്പ പക്ഷെ , അൽപം കനത്തതാകുമെന്ന് പ്രതീക്ഷിച്ചതാണു..പക്ഷെ തന്റെ റിസൽട്ട്‌ വന്നപ്പോൾ അതും ആനത്തലയല്ലാന്ന് ജാഫറിനു ബോദ്ധ്യപ്പെട്ടു. സ്വന്തം പഠിപ്പിനെ പറ്റി അത്രക്ക്‌ മതിപ്പായിരുന്നു ജാഫറിനു. 

സലീം ജയിച്ച വിവരം അവനോട്‌ പറയാനായി ഓടിയതാണു ജാഫർ , പക്ഷെ..സലീമിൻറെ വീടിൻറെ വടക്കുപുറത്തുള്ള കോമാവിന്റെ അടുത്തെത്തിയപ്പോൾ ഒന്ന് തമ്പിട്ടു.. ഇന്നലെ കല്യാണം കഴിഞ്ഞ വീടല്ലേ ..ബന്ധുക്കളാരും  ചിലപ്പോൾ പോയിട്ടുണ്ടാവില്ല.. ജാഫർ മനസ്സിൽ കരുതി.
ജാഫറിനു സലീം ജയിച്ച വിവരം പറയുകയും വേണം അങ്ങോട്ട്‌ കയറി ചെല്ലാനും വയ്യ..പിന്നെ സലീമിന്റെ ഉമ്മാട്‌ വിവരം പറഞ്ഞേൽപ്പിച്ച്‌ പെട്ടന്ന് തന്നെ തടി തപ്പാമെന്ന് കണക്ക്‌ കൂട്ടി മനസ്സിൽ സർവ്വ ധൈര്യവും സംഭരിച്ച്‌ ജാഫർ മുന്നോട്ട്‌ നീങ്ങി. വീടിന്റെ വടക്കുപുറത്തെ ചവിട്ടിൽ പടിയിൽ ഒരു കാലു വെച്ച്‌ അകത്തേക്ക്‌ കയറണോ വേണ്ടയോ എന്ന് ഒരു നിമിഷം ശങ്കിച്ച്‌ നിന്നു.
ഇന്നലത്തെ ബിരിയാണിയുടെ മണം ചുറ്റുപാടും തങ്ങിനിൽക്കുന്നുണ്ടായിരുന്നു. അകത്ത്‌ വല്ലാത്തൊരു ചിരിയും വർത്തമാനവും കേൾക്കുന്നുണ്ടായിരുന്നു. എന്തോ പെട്ടന്ന് അകത്ത്‌ കയറാൻ മനസ്സിൽ സംഭരിച്ച മുഴുവൻ ധൈര്യവും സൈക്കിൾ റ്റ്യൂബിലെ കാറ്റു പോണ പോലെ ചോർന്ന് പോയി. കേറാനും വയ്യ..ഇറങ്ങാനും വയ്യ എന്ന സ്ഥിതിയിലായി ജാഫർ.

"വഴീന്നൊന്ന് മാറോ.."

ശബ്ദം കേട്ടയുടനെ മീറയാണെന്ന് മനസ്സിലാക്കി ജാഫർ വഴിമാറിക്കൊടുത്തു. തന്റെ വഴിമുടക്കി നിന്നത്‌ ആരെന്ന് പോലും നോക്കാതെ മീറ അകത്തേക്ക്‌ കയറി.
"മീറ.."
അവളുടെ പേരു വിളിച്ചപ്പോൾ തന്റെ ശബ്ദം ഇടറിയതായി ജാഫറിനു തോന്നി. ജാഫർ ആദ്യമായിട്ടായിരുന്നു അവളെ പേരെടുത്ത്‌ വിളിക്കുന്നത്‌. ചങ്കിലെ തടസ്സം ഒന്ന് ചെറുതായി ചുമച്ച്‌ ശെരിയാക്കി തലനീട്ടി ജാഫർ വീണ്ടും വിീച്ചു.
"മീറാ..ആ സലീമിനൊന്ന് വിളിക്കോ.."
അവൾ തിരിഞു നോക്കി. അവളുടെ  മുഖത്ത്‌ പുഞ്ചിരിയുടെ നിഴൽ പോലുമുണ്ടായിരുന്നില്ല..തന്റെ പേരു വിളിച്ചവനാരടാ എന്നൊരു മനോഭാവമായിരുന്നു അവളുടെ മുഖത്ത്‌. ഇഷ്ടമില്ലാത്തത്‌ എന്തോ കണ്ടത്‌ പോലെ ജാഫറിനെ കണ്ണുരുട്ടി നോക്കി മീറ അകത്തേക്ക്‌ പോയി..

                        നാലാളുള്ളടുത്തേക്ക്‌ കയറി ചെല്ലാൻ ജാഫറിനു പണ്ടേ നാണമായിരുന്നു. ആരോടും മുഖത്ത്‌ നോക്കി സംസാരിക്കാനും ധൈര്യം പോരാ. പ്രത്യേകിച്ച്‌ പെണ്ണുങ്ങളോട്‌. ഏതെങ്കിലും കുടുംബാംഗങ്ങൾ തന്റെ വീട്ടിൽ വന്നാൽ ജാഫർ തലയും താഴ്ത്തി നിൽക്കും .അങ്ങനെയുള്ള ജാഫറിനു സലീമിന്റെ വീടിനകത്തേക്ക്‌ കയ്യറിചെല്ലാൻ കഴിഞ്ഞില്ല..
സലീമിന്റെ വീട്ടുകാർ മാത്രമാണെങ്കിൽ കുഴപ്പമില്ലായിരുന്നു. ഇതിപ്പോ വേണ്ടപ്പെട്ട കുടുംബങ്ങളുണ്ട്‌..പോരാത്തതിനു പെണ്ണുങ്ങളും..അതിനിടയിലാണു മീറയുടെ നാലാക്കി കീറിയ പെരുമാറ്റവും..എല്ലാം കൂടിയായപ്പോൾ കുളിച്ചൊരുങ്ങിയ കുഞ്ഞപ്പൻ കുളത്തിൽ വീണ അവസ്ഥയായി ജാഫർ. പിന്നെ അധികം സമയം അവിടെ നിന്നില്ല.. സലീമിന്റെ ഉമ്മ നബീസാട്‌ ഒരു വിധത്തിൽ സലീം ജയിച്ച വിവരം പറഞ്ഞ്‌ തലങ്ങും വിലങ്ങും നോക്കാതെ ജാഫർ വീട്ടിലേക്ക്‌ പാഞ്ഞു.
ഏതോ വലിയ തടാകം നീന്തികയറിയത്‌ പോലെ തന്റെ മുറിയിലെ കട്ടിലിലിരുന്ന് ജാഫർ കിതച്ച്‌ കൊണ്ടിരിന്നു. അപരിജിതരെ അഭിമുഖീകരിക്കാൻ ജാഫറിനു എന്നും പ്രയാസമായിരുന്നു. തനിക്ക്‌ എന്തൊക്കെയോ കുറവുകളുണ്ടെന്ന ഒരു അപകർഷതാ ബോധം ജാഫറിനെ വല്ലാതെ അലട്ടിയിരുന്നു.

' എന്തിനാണു ഞാൻ മറ്റുള്ളവരുടെ മുന്നിൽ നിന്ന് ഇങ്ങനെ ഒഴിഞ്ഞ്‌ മാറുന്നത്‌..? '
എന്ന് ജാഫർ തന്നോട്‌ തന്നെ സ്വയം ചോദിക്കാറുണ്ട്‌. ഒരു പക്ഷെ ജാഫറിനു ഉത്തരം കണ്ടെത്താൻ കഴിയാത്ത ഒരു ചോദ്യം ഇത്‌ തന്നെയായിരിക്കും.
ജാഫറിന്റെ മുറിയിൽ വലിയ രണ്ട്‌ ബോക്സുണ്ട്‌. തട്ടിൻ മുകളിലാണു ജാഫറിന്റെ മുറി. മനസ്സൊന്നു തണുക്കാൻ ഉച്ചത്തിൽ പാട്ട്‌ വെച്ച്‌ കേട്ട്‌ ആസ്വദിക്കലാണു ജാഫറിന്റെ പതിവ്‌. അതിനു വേണ്ടത്തക്ക ഏത്‌ തരത്തിലുള്ള പാട്ടുകളുടെ കാസറ്റും അവന്റെ മുറിയിലുണ്ടായിരുന്നു. ഈ സമയങ്ങളിൽ ചുറ്റുവട്ടത്തുള്ള വീടുകളിൽ പിന്നെ റേഡിയോ ഓൺ ചെയ്യേണ്ട ആവിശ്യമുണ്ടാവാറില്ല.

"ജാഫറിന്റെ അമ്പലത്തിൽ പാട്ട്‌ വെച്ചീണ്ട്‌.."
       സലീമിന്റെ ഉമ്മ നബീസ പറയാറുള്ള വാക്കണു. വല്ലപ്പോഴും വളരെ ശബ്ദം താഴ്ത്തിയും ജാഫർ പാട്ട്‌ കേൾക്കും. അത്‌ പക്ഷെ കെ പി എ സി യുടെ നാടക ഗാനങ്ങളാണെന്ന് മാത്രം.  'താലക്കു മീതെ ശ്യൂന്യാകാശം.. '
എന്ന ഗാനം ആവർത്തിച്ച്‌ ആവർത്തിച്ച്‌ കേൾക്കുന്നതും ജാഫറിനു ഒരു ഹരമായിരുന്നു.

                      "ജാഫറേ..യ്യ്‌  എന്തൊറക്കാ ഒറങ്ങ്‌ ണേ..ഒന്നെണീറ്റടാ...സൂര്യനുദിച്ചിട്ട്‌ കേകേലെ വർഗ്ഗീസ്സ്‌ മാപ്ലാടെ പെരക്ക്‌ മേലെ എത്തീക്ക്‌ ണു ..അണക്കിപ്പോഴും എണീക്കാനായില്ലാലേ.."

ഹൈ വോൾട്ടിലുള്ള സൽമാടെ ശബ്ദം കേട്ട്‌ ജാഫർ ചാടി എണീറ്റു. സ്കൂളില്ലെന്ന സന്തോഷത്തിൽ കൈരണ്ടും തുടകൾക്കിടയിൽ തിരുകിക്കയറ്റി ചാണകത്തിലെ പുഴുപോലെ ചുരുണ്ടുകൂടി സുഖിച്ച്‌ കിടക്കുകയായിരുന്നു ജാഫർ.
'മ്മാക്ക്‌ കാലത്തെന്നെ ഒന്ന് മിണ്ടാണ്ടിരിന്നൂടെ '  എന്നും പറഞ്ഞ്‌ കണ്ണും തിരുമ്മി ആടിക്കുഴഞ്ഞ്‌ ജാഫർ തട്ടിന്മുകളിൽ നിന്ന് താഴെയിറങ്ങി. ഉമിക്കരി എടുത്ത്‌ പല്ല് തേച്ച്‌ മുഖം കഴുകി അടുക്കളയിലേക്ക്‌ കയറുമ്പോഴും ഉമ്മയുടെ വെടിയുണ്ടകൾ ജാഫറിനു നേരെ പാഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.
"തെന്ത് ഉറക്കാടാ ...യ്യ്പ്പൊ  പഴേ പോലല്ലട്ടാ ...പത്താംക്ലാസ്സുകാരനായി ഇഞ്ഞന്റെ മടിപിടിച്ചുള്ള കിടത്തൊക്കാണ്ട് മാറ്റിക്കോളിയാണ്ട് ..അട്ത്ത ആയ്ച്ച മുതല് റ്റ്യൂഷനു പോണ്ടാതാ .."
പ്ലയിറ്റെടുത്ത് അപ്പുറത്ത് വെക്കുന്നുണ്ട് ...ഗ്ലാസ്സെടുത്ത് കഴുകുന്നുണ്ട് ...പുട്ട് ആവി വന്നത് പാത്രത്തിലേക്ക് കുത്തിയിടുന്നുണ്ട് ...അപ്പുറത്ത് തിളച്ച്മറിയുന്ന കടലക്കറി ഇളക്കിക്കൊടുക്കുന്നുണ്ട് ..അങ്ങനെ സംസാരത്തിനിടക്ക് സൽമാടെ പണികളും നടക്കുന്നുണ്ട് .
"അടുത്ത മാസല്ലേ ..മ്മാ ..സ്കൂള് തുറക്കണത് ...ട്യൂഷന് ഇപ്പ ത്തന്നെ പോണാ ...?"
ചൂടുള്ള കട്ടൻചായ ഗ്ലാസ്സിലേക്ക്‌ സൂക്ഷിച്ച് ഒഴിക്കുന്നതിനിടെ ജാഫർ ചോദിച്ചു ..
"യ്യ് പത്താംക്ലാസ്സുകാരനല്ലേ ...പഠിക്കാനൊക്കെ കൊറേണ്ടാവും ..ആ റ്റ്യൂഷൻ സെൻററിലെ മാഷ്‌ വിളിച്ച്  പറഞ്ഞതാ ...പത്താംക്ലാസ്സുകാർക്ക് നേരത്തെ റ്റ്യൂഷൻ തുടങ്ങൂന്ന് ..."

'പണ്ടാറടങ്ങാൻ പത്താംക്ലാസ്സീക്ക് ജയിച്ചത് കുടുങ്ങി ...'

ചായ കുടിച്ച് തീർത്ത് സലീമിൻറെ വീട്ടിലേക്ക് ഇറങ്ങുമ്പോൾ ജാഫർ മനസ്സിൽ പിറുപിറുത്തു .
തൻറെ കിടപ്പുമുറിയിലെ ഒരു ചെറിയ ലോകം കഴിഞ്ഞാൽ ജാഫറിന് പിന്നെയുള്ളത് സലീമിൻറെ വീടിൻറെ പുറകിലെ കളിപ്പറമ്പാണ് . തെങ്ങുകളും മാവും ചീമക്കൊന്നയും കാട് പിടിച്ച് നിൽക്കുന്ന കമ്യൂണിസ്റ്റ് പച്ചയും ഒക്കെയുള്ള ഒരു വിശാലമായ പറമ്പായിരുന്നു കളിസ്ഥലം . ആ കളിപ്പറമ്പിൽ പ്രകൃതി മുലയൂട്ടി വളർത്തുന്ന തെങ്ങുകളും ചെടികളും മരങ്ങളും പുല്ലുകളും ഒന്നും ജാഫറിനും സലീമിനും കൂട്ടുകാർക്കും കളിക്കാൻ ഒരു തടസ്സമാകാറില്ല .പല പ്രായത്തിൽ പല കളികളും ജാഫറും സലീമും ഈ പറമ്പിൽ പയറ്റിയിട്ടുണ്ട്‌. കുറച്ച്‌ കാലങ്ങളായി ക്രിക്കറ്റ്‌ കളിയാണു അരങ്ങേറാറുള്ളത്‌. ഒരു പ്രത്യേക കാലാവസ്ഥയിൽ പറമ്പ്‌ കിളക്കുമ്പോഴും പൊലി കൂട്ടുമ്പോഴും മാത്രമാണു കളി മുടങ്ങാറുള്ളത്‌. പിന്നെ കുഞ്ഞലവി മുസ്ലിയാരുടെ തല വെട്ടം കണ്ടാലും ..ഉടനടി കളി നിർത്തി എല്ലാവരും നാലുപാടും ഓടും.. പക്ഷെ സലീം മാത്രം ഓടാറില്ല..ധൈര്യം കൊണ്ടല്ല., ഓടിയില്ലെങ്കിൽ രണ്ടടി എന്നത്‌ ഓടിയാൽ അത്‌ പതിനാറാകും..
എപ്പോഴും സലീമിനു കിത്താബുകൾ ഓതിപ്പഠിക്കാനുണ്ടാകും. മത പഠനത്തിൽ കൂടുതൽ പ്രാധാന്യം വേണമെന്നാണു കുഞ്ഞലവി മുസ്ലിയാരുടെ കൽപ്പന. സലീമിന്റെ ഉസ്താദും കുഞ്ഞലവി മുസ്ലിയാരു തന്നെയാണു. സലീമിനെ വിരളമായി മാത്രം കിട്ടുന്നത്‌ കൊണ്ട്‌ കിട്ടുന്ന സമയമത്രയും കളിക്കാൻ വേണ്ടി മാറ്റി വെക്കും. അടുത്തുള്ള പാറക്കുളം കവലയിലേക്ക്‌ പോലും വളരെ അത്യാവിശ്യത്തിനേ ജാഫർ പോകാറുള്ളൂ. അത്‌ കൊണ്ടാണു തന്റെ കിടപ്പുമുറിയും കളിപ്പറമ്പും കഴിഞ്ഞാൽ ജാഫറിനു വേറെ ലോകമില്ലാത്തതും.

"നബീസാത്താ... സലീമെന്ത്യേ...?"
കിണറ്റിൻ കരയിൽ തുണി അലക്കിക്കൊണ്ടിരിക്കുകയായിരുന്നു സലീമിന്റെ ഉമ്മ നബീസ.
"നേരം വെളുക്കുമ്പോ ത്തന്നെ ഓനതാ വടീം കുന്തോം എടുത്തോണ്ട്‌ പോയീണ്ട്‌.."
വടീം കുന്തോം ന്ന് നബീസ ഉദ്ധേശിച്ചത് ബാറ്റും സ്റ്റംബുമാണെന്ന് ജാഫറിനു മനസ്സിലായി .വിറകു പുരയുള്ളത് കൊണ്ട് അപ്പുറത്ത് കളി നടക്കുന്നത് ജാഫർ ശ്രദ്ധിച്ചില്ല .കേട്ടപാതി കേൾക്കാത്ത പാതി ജാഫർ കളിപ്പറമ്പിലേക്ക് പാഞ്ഞു ..വിറകു പുരയുടെ പുറകിലാണ് വിശാലമായ കളിപ്പറമ്പ് . ജാഫർ എത്തുമ്പോഴേക്കും കളിതുടങ്ങിയിരുന്നു . എന്നാലും സലീമിൻറെ അഭ്യർഥനമാനിച്ച് മറ്റുള്ള വിരുതന്മാർ ജാഫറിനെ കളിയിൽ ചേർത്തു . ജാഫർ കളിക്കും എന്നല്ലാതെ ഒന്നിലും ഒരു കഴിവുമില്ല . നേരെ ചൊവ്വേ ബാറ്റ് ചെയ്യുകയോ ബൗൾ ചെയ്യാനോ അറിയില്ല ..മറ്റുള്ളതിന്റെ കാര്യം പിന്നെ പറയണ്ടാ ...എന്നാലും സലിം കളിക്കാൻ കൂട്ടും ...അവൻറെ ടീമിൽ തന്നെ...അത് സലീമിൻറെ സ്നേഹം .
കളി തുടങ്ങിയത് കൊണ്ട് ഫീൽഡറായി കൊണ്ടായിരുന്നു ജാഫറിൻറെ പ്രവേശം .കളി അരങ്ങ് തകർത്ത് കൊണ്ടിരിന്നു .അതിനിടയിലാണ് ജാഫറിൻറെ കണ്ണുകൾ അപ്പുറത്തെ കൊമാവിൻ ചുവട്ടിലേക്ക് വിരുന്നിനു പോയത് .അവിടെ മീറയും നാസിയയും കൂടി എന്തോ നടന്ന് പെറുക്കുന്നുണ്ടായിരുന്നു .കണ്ണിമാങ്ങയായിരിക്കുമെന്ന് ജാഫർ ഊഹിച്ചു .

'ബ്സൂം ...........'

മീറയെ ശ്രദ്ധിച്ച് നിന്ന ജാഫറിൻറെ തലക്ക് തോട്ടുമീതെ ക്കൂടി കണ്ണൻ എന്ന വിരുതൻ അടിച്ച പന്ത് ചീറിപാഞ്ഞു . സംഭവിച്ചത് എന്തന്നറിയാതെ ജാഫർ ഒന്ന് തല കുടഞ്ഞു .
"യ്യെവ്വടെ നോക്കിയാ നിക്കണത് ..."
തൻറെ ബൗൾ റോക്കറ്റ് പോലെ പാഞ്ഞത് കണ്ട് സലീമിനു കലികയറി .
"ഞാൻ ശ്രദ്ധിച്ചില്ലിഷ്ട്ടാ ..."
ജാഫറിൻറെ മറുപടി കേട്ട് ചുവന്നുവന്ന സലീമിൻറെ മുഖത്ത് ചിരിപൊട്ടി .
"ഇപ്പത്തന്നെ അൻറെ മോന്ത പോയേനെ ..."
ജാഫറിൻറെ മുഖത്തും ചിരി പൊട്ടി .പക്ഷെ, ആ ചിരി ഒരു മഞ്ഞ ചിരിയാണെന്ന് മാത്രം .ജാഫർ സലീമിൻറെ അടുത്തേക്ക് ചെന്നു . ഒരു വട്ടം കൂടി ആ കോമാവിൻ ചുവട്ടിലേക്ക് കണ്ണ്‍ പായിച്ച് സ്വകാര്യത്തിൽ ചോദിച്ചു .
"മീറ പോയില്ലേ ....."
"ഇല്ലാ "
"കല്യാണോക്കെ കഴിഞ്ഞിട്ട് മൂന്നാലു ദിവസായില്ലേ ...ന്നിട്ട് അവളെന്താ പോവാത്തെ ..."
"ഓളെ ഉമ്മയും താത്തയും പോയി ..ഓളും ഓളെ വല്ല്യുമ്മയും രണ്ടാഴ്ച്ച കയിഞ്ഞേ പോകൂ .."
ജാഫറിൻറെ മുഖം ചെറുതായൊന്ന് വാടി ...മീറയൊരു അഹങ്കാരിയാണെന്നാണു ജാഫറിന്റെ പക്ഷം. ജാഫറത്‌ സലീമിനോട്‌ പറയുകയും ചൈതതാണു. പ്രത്യേകിച്ച്‌ അവളുടെ ഏച്ചുകെട്ടിയ ഫാഷനെ പറ്റി...ഇനിയും രണ്ടാഴ്ച്ചകൂടി അവളെ സഹിക്കണമല്ലോ എന്നോർത്തപ്പോൾ ജാഫറിന്റെ ഉത്സാഹമെല്ലാം ചതഞ്ഞരഞ്ഞു.
"ങ്ങെളെന്താ അവടെ സ്വകാര്യം പറഞ്ഞ്‌ നിക്ക്ണു..കളിക്കീലേ..."
കണ്ണനു സലീമിന്റെ അടുത്ത പന്തും അടിച്ച്‌ പറപ്പിക്കാൻ തിടുക്കമായി..കളി തുടർന്നു. ജാഫർ മുഴുവൻ ശ്രദ്ധയും കളിയിലേക്ക്‌ കൊടുത്ത്‌ നിന്നു. അപ്പോഴും മീറയും നാസിയയും അപ്പുറത്തുള്ള കോമാവിൻ ചുവട്ടിൽ കണ്ണിമാങ്ങ പെറുക്കുന്നുണ്ടായിരുന്നു... (തുടരും )

Monday, August 11, 2014

നാല് (മീറ എന്ന സുന്ദരി )

               
    തലേന്ന് രാത്രി ഏറെ വൈകിയാണ് കിടന്നെതെങ്കിലും കാലത്ത് നേരെത്തെ തന്നെ ഉറക്കക്ഷീണം വകവെക്കാതെ ജാഫർ എണീറ്റു .
സന്തോഷമുള്ള ദിവസങ്ങളിൽ നേരെത്തെ എണീക്കാൻ ജാഫറിനെ ആരും  വിളിക്കേണ്ട ആവിശ്യമില്ല . അവൻ താനേ ഉണരും .
                            ഇന്ന് ജാഫറിനു ഏറെ സന്തോഷമുള്ള ദിവസമാണ് .ഇന്നാണ് ജാഫറിൻറെ അയൽവാസിയും സുഹൃത്തുമായ സലീമിൻറെ പെങ്ങൾ സലീനയുടെ കല്യാണം .
സാധാരണഗതിയിൽ വർഷത്തിലൊരിക്കൽ പെരുന്നാളിന് മാത്രമേ പുതിയ ഷർട്ടും പാൻറും ജാഫറിനു കിട്ടാറുള്ളൂ . എന്നാൽ സലീമിൻറെ വീട്ടിലെ കല്യാണത്തിനോടനുബന്ധിച്ച് ഒരു പുതിയ പാൻറും ഷർട്ടും ജാഫറിനു തരപ്പെട്ടു . ജാഫറിനു സന്തോഷിക്കാൻ അത് മറ്റൊരു കാരണം കൂടിയായി .
       
                സലീം ജാഫറിനു ഏറെ പ്രിയപ്പെട്ട സുഹൃത്താണ് .  ചെറുപ്പം മുതലേ ഒന്നിച്ച് കളിച്ചു വളർന്നവർ ..വല്ലപ്പോഴും ചില പിണക്കങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും ,അതിനൊന്നും ഒരു ദിവസത്തിൽ കൂടുതൽ ആയുസ്സുണ്ടായിരുന്നില്ല . ജാഫറിൻറെയും സലീമിൻറെയും വീട്ടുകാരും വളരെ സ്നേഹബന്ധത്തിലാണ് കഴിയുന്നത് . ഒരു അയൽവാസി എന്നതിനപ്പുറം ഒരേ കുടുംബം പോലെയാണ് ഇരുകൂട്ടരും കഴിയുന്നത് .
നേരം പരപരാന്ന് വെളുക്കുമ്പോ തന്നെ എണീറ്റ്‌ കുളിക്കാൻ എന്ന് പറഞ്ഞാൽ ജാഫറിനു ഇത്ര സങ്കടം വേറെയില്ല. എന്നാലും മനസ്സ്‌ നിറയെ കല്യാണത്തിന്റെ പകിട്ടാർന്ന ചിന്തകളായത്‌ കൊണ്ട്‌ ജാഫറിനു കുളിക്കാൻ ഒരു മടിയും തോന്നിയില്ല.

   "ജാഫറേ യ്യാ പാത്തിമ്മാനൊന്ന് വിളിച്ചേ..ഓളെന്തൊറക്കാ ഒറങ്ങുണു ..നാലോരത്ത്‌ ഒരു കല്യാണണ്ടായിട്ട്‌ നേരത്തിനും കാലത്തിനും പോണ്ടേ.."

അടുക്കളയിലെ തിരക്കിട്ട പണിക്കിടയിൽ സൽമ വിളിച്ച്‌ പറഞ്ഞു.
ജാഫറിന്റെ ഒരേ ഒരു പെങ്ങളാണു ഫാത്തിമ. ഫാത്തിമയുടെ ഒരേ ഒരു ആങ്ങള ജാഫറും. ഫാത്തിമയും ജാഫറും നാലഞ്ച്‌ വർഷങ്ങളുടെ വിത്യാസമുണ്ട്‌ . ഫാത്തിമ പിറന്നതിനു ശേഷം തനിക്ക്‌ കിട്ടിക്കൊണ്ടിരുന്ന സ്നേഹം തന്റെ മാതാപിതാക്കളിൽ നിന്നും കുറഞ്ഞിട്ടുണ്ടോ എന്നൊരു സംശയം ജാഫർ വെച്ച്പുലർത്തുന്നുണ്ട്‌ .ഒരു പക്ഷെ കാലം അത്‌ മായ്ച്ച്‌ കളഞ്ഞേക്കാം..
       വർഷങ്ങളായി ഗൾഫിലെ ചൂടും തണവും പേറി പ്രവാസ ജീവിതം നയിക്കുന്ന സൈതുവാണു ജാഫറിന്റെ ഉപ്പ. രണ്ടോ മൂന്നോ വർഷത്തിലൊരിക്കലേ സൈതു നാട്ടിൽ വരാറുള്ളു. സൽമാക്ക്‌ കൂട്ടിനു രണ്ട്‌ മക്കളും ബീവിത്ത എന്ന് വിളിക്കുന്ന പ്രായം ചെന്ന ഒരു തള്ളയും മാത്രമേയുള്ളൂ.
ബീവിത്താനെ കൊണ്ട്‌ പണിയെടുക്കാനൊന്നും കൊള്ളില്ല. എങ്കിലും സൽമാക്ക്‌ ഒരു കൂട്ടായിക്കോട്ടെ എന്ന് കരുതി ആലത്തൂരു പണ്ട്‌ ബേക്കറി നടത്തിയിരുന്ന കാലത്ത്‌ കൊണ്ടുവന്നതാണു . ഒരു വ്യാഴവട്ടക്കാലത്തോളമായി ബീവിത്ത ജാഫറിന്റെ വീട്ടിലെത്തിയിട്ട്‌. മുമ്പൊക്കെ വല്ലപ്പോഴും ആലത്തൂരു പോകാറുണ്ടായിരുന്നു ബീവിത്ത . അവരുടെ മക്കളാരെങ്കിലും ഇടക്ക്‌ വരും. സൽമാടെ കയ്യിൽ നിന്നും പണം വാങ്ങിക്കൊണ്ടുപോകും. വയസ്സായ ഉമ്മയോട്‌ ഒരു സ്നേഹവും കാണിക്കാതെ അവര് നയിക്കുന്ന പണത്തിനെ മാത്രം സ്നേഹിക്കുന്ന മക്കളുടെ പ്രവർത്തിയിൽ അമർഷം പൂണ്ട സൽമ പണം കൊടുക്കുന്നത്‌ നിർത്തി.
പിന്നെ പിന്നെ മക്കളാരും തിരിഞ്ഞ്‌ നോക്കാതെയായി. ബീവിത്ത ആലത്തൂരു പോകലും നിന്നു. അങ്ങനെ ആർക്കും വേണ്ടാത്ത ഒരു ജന്മമായി രണ്ട്‌ നിലയുള്ള വലിയ വാർപ്പ്‌ പുരയിൽ സൽമാക്കും രണ്ട്‌ മക്കൾക്കും കൂട്ടായി കുടുംബത്തിലെ ഒരംഗത്തെ പോലെ ബീവിത്ത ജീവിച്ച്‌ പോകുന്നു.
            ഒരുക്കങ്ങളെല്ലാം കഴിഞ്ഞ്‌ എല്ലാവരും ഇറങ്ങാനായിട്ടും ജാഫറിനെ മാത്രം കാണുന്നില്ല. അവൻ കണ്ണാടിക്ക്‌ മുന്നിൽ നിന്ന് തല ചീവുകയാണു. എത്ര ചീവിയിട്ടും തന്റെ ഇഷ്ടത്തിനു കിടക്കാത്ത തലമുടി ജാഫറിനു എന്നും ഒരു വെല്ലുവിളിയായിരുന്നു.
ഫാത്തിമയുടെ അത്ര നിറമില്ലെങ്കിലും ഇരു നിറമായിരുന്നു ജാഫർ. മെലിഞ്ഞ ശരീരം . തളർന്ന കണ്ണുകൾ. കണ്ണുകൾക്ക്‌ മീതെ കൂട്ടുപിരികവും ചുണ്ടുകൾക്ക്‌ മീതെ കിളിർത്ത്‌ വരുന്ന തളിർ രോമങ്ങളും .. കവിൾത്തടങ്ങൾ എപ്പോഴും വീർത്തിരിക്കും ..മുഖം കണ്ടാൽ ആരോടൊക്കെയോ പരിഭവം കാണിക്കുന്നതായി തോന്നും. കണ്ണാടിയിൽ തന്റെ കുറവുകൾ നോക്കി പരിതപിക്കും. അപകർഷതാ ബോധം ജാഫറിന്റെ കൂടെപ്പിറപ്പായിരുന്നു.

"ജാഫറേ യ്യ്‌ എറങ്ങ്‌ണ്ടാ ഇങ്ങട്ട്‌ .."

ഉമ്മാടെ വിളികേട്ടപ്പോൾ ഉള്ള സൗന്ദര്യത്തിൽ തൃപ്ത്തിപ്പെട്ട് പെട്ടന്ന് തന്നെ പുറത്തിറങ്ങി. ജാഫർ കല്യാണ വീട്ടിലേക്ക്‌ പാഞ്ഞു.
"ബീവിത്താ..വടക്കേപുറത്തെ വാതിലടച്ചാ.."
മുൻ വശത്തെ വാതിലും പൂട്ടി ഇറങ്ങാൻ നേരത്ത്‌ സൽമ സംശയം തീർത്തു.
"ഓ അടച്ചു " എന്നും പറഞ്ഞ്‌ ബീവിത്ത ഫാത്തിമാടെ കയ്യും പിടിച്ച്‌ കല്യാണ വീട്ടിലേക്ക്‌ നടന്നു. പുറകേ സൽമയും. അപ്പോഴേക്കും ജാഫർ കല്യാണ വീട്ടിലെത്തിയിരുന്നു.
          ഇന്നലെ രാത്രി മിന്നാമിനുങ്ങ്‌ പോലെ കത്തിയിരുന്ന പല വർണ്ണങ്ങളിലുള്ള ചെറിയ ബൾബുകളും ട്യൂബ്‌ ലൈറ്റുകളും അണഞ്ഞിരിക്കുന്നു. പന്തലിനുള്ളിൽ രാത്രിയിലെ ആളും ബഹളവും നിലച്ചിരിക്കുന്നു..എല്ലാം ശാന്തം.
കല്യാണ വീടിന്റെ പിന്നാമ്പുറത്ത് ഉച്ചക്കുള്ള ബിരിയാണിയുടെ പണിപ്പുരയിൽ അൽപം ബഹളം. ചെമ്പിലിട്ടിളക്കുന്ന ചെട്ടകത്തിന്റെ ശബ്ദവും , തയ്യൽ മെഷീൻ അടിക്കുന്ന പോലെ സവോള അരിയുന്ന ശബ്ദവും, പണിക്കാരത്തി പെണ്ണുങ്ങൾ പാത്രങ്ങൾ കഴുകുന്ന ശബ്ദവും, എല്ലാത്തിനും പുറമേ ബിരിയാണി വെക്കുന്ന സുലൈമാന്റെ ഉച്ചത്തിലുള്ള നിർദ്ദേശങ്ങളുമായി ബഹളം ചെറിയ രീതിയിൽ തുടരുന്നു.
ബിരിയാണിക്കുള്ള മസാല ഇളക്കിക്കൊണ്ടിരിക്കുന്ന സുലൈമാന്റെ ഒരു പ്രത്യേക താളവും ,ചെമ്പിൽ മൊരിഞ്ഞ്‌ കൊണ്ടിരിക്കുന്ന മസാലയുടെ മണവും ആസ്വദിച്ച്‌ ജാഫർ അൽപം നേരം അവിടെ തട്ടിമുട്ടി നിന്നു.
      സുലൈമാന്റെ കയ്യിലുള്ള ചെട്ടകത്തിനും സുലൈമാനും ഒരേ നിറമായിരുന്നു. കാക്കകൾ കൽപിലകൂട്ടി നേരത്തെ തന്നെ അടുത്തുള്ള കോമാവിൻ കൊമ്പത്ത്‌ സ്ഥാനം പിടിച്ചിരിന്നു.

  "അല്ല ജാഫറേ അന്റെ റിസൽട്ട്‌ നാളല്ലേ അറിയ്യാ.."

സുലൈമാന്റെ അരുമ ശിഷ്യൻ മജീദിന്റെ ചോദ്യം കേട്ട്‌ ജാഫർ നെഞ്ചത്ത്‌ കൈവെച്ച്‌ തലയാട്ടികൊണ്ട്‌ പറഞ്ഞു..
"അതിപ്പോ അറിയാനൊന്നൂലാ..ഞാൻ ജയിക്കും.."
ജാഫറിന്റെ ആത്മവിശ്വാസത്തിലുള്ള മറുപടി കേട്ട്‌ എല്ലാവരും ചിരിക്കുമ്പോൾ ജാഫർ മജീദിന്റെ നിർത്താതെ അതി വേഗത്തിലുള്ള ഉള്ളി അരിയുന്ന കലാപ്രകടനം കൗതുകത്തോടെ നോക്കി നിൽക്കായിരുന്നു.
"അപ്പോ യ്യ്‌ പത്താം ക്ലാസ്സുകാരനായി.."
ചെട്ടകത്തിൽ പറ്റിയ മസാല തോണ്ടി നാക്കിൽ വെച്ച്‌ രുചിച്ച്‌ നോക്കിക്കൊണ്ട്‌ സുലൈമാൻ പറഞ്ഞു. ജാഫറിനത്‌ കേട്ടപ്പോൾ താൻ പെട്ടന്നൊരു മുതിർന്ന ചെക്കനായി എന്നൊരു തോന്നലുണ്ടായി.
സുലൈമാൻ പാത്രത്തിൽ നിന്നും കുറച്ച്‌ അണ്ടിപ്പരിപ്പെടുത്ത്‌ ജാഫറിന്റെ കയ്യിൽ വെച്ച്‌ കൊടുത്തു. ജാഫർ ഇടക്കിടക്ക്‌ അണ്ടിപ്പരിപ്പിന്റെ പാത്രത്തിലേക്ക്‌ കണ്ണെറിയുന്നത് സുലൈമാൻ ശ്രദ്ധിച്ചിരുന്നു. അണ്ടി കയ്യിൽ കിട്ടിയപ്പോൾ ജാഫർ സുലൈമാനെ നോക്കി വെളുക്കെ ഒന്ന് ചിരിച്ചു.
തന്റെ ഉള്ളിൽ തോന്നിയ സന്തോഷം മുഴുവൻ ആ ചിരിയിൽ പുറത്ത്‌ വന്നതായി ജാഫറിനു തോന്നി.

"അകത്തേക്ക്‌ കൊറച്ച്‌ തൈരു തരാൻ പറഞ്ഞു.."

പരിജയമില്ലാത്ത ശബ്ദം കേട്ടപ്പോൾ ജാഫർ ഒന്ന് തിരിഞ്ഞ്‌ നോക്കി. ഒരു പന്ത്രണ്ട്‌ വയസ്സ്‌ പ്രായം തോന്നിക്കുന്ന കൊച്ചു സുന്ദരി. ചുരിദാറാണു വേഷം .അധികം തടിയില്ലാത്ത അവളുടെ ശരീരത്തിനു ചുരിദാർ നല്ല ഭംഗിയുണ്ടായിരുന്നു..അൽപം മുടി നെറ്റിയിലേക്ക്‌ വെട്ടിയിറക്കിയിട്ടുണ്ട്‌..നല്ല മുല്ലപ്പൂവിന്റെ നിറം. ഒരൽപം ഫാഷനുള്ള കൂട്ടത്തിലാണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ ജാഫറിനു മനസ്സിലായി. അത്തരം പെൺകുട്ടികളെ കാണുന്നത്‌ പോലും ജാഫറിനു കലിയാണു. എന്തായാലും ജാഫർ അവളെ ശ്രദ്ധിക്കാനൊന്നും പോയില്ല. ഇങ്ങനെ ഒരു പയ്യൻ അവിടെ നിൽപ്പുണ്ടെന്ന് അവളും ശ്രദ്ധിച്ചില്ല.
അവൾ തൈരും വാങ്ങി വീടിനകത്തേക്ക്‌ കയറി പോകും വരെ സുലൈമാൻ കൊടുത്ത അണ്ടിപ്പരിപ്പും വായിലിട്ട്‌ ചവച്ച്‌ ജാഫർ മുഖം തിരിച്ച്‌ നിന്നു.

"അല്ലാ ..യ്യെന്താ ഇവ്ടെ നിക്ക്ണ്‌ ജാഫറെ ...അപ്പറത്തേക്ക് ചെല്ല് ..അവടെ സലീം പന്തലില് കസാല നെരത്തീണ്ട് ...ഒന്നുപോയി സഹായിച്ചൂടെ അനക്ക്‌ "
സലീമിൻറെ ഉമ്മ നബീസ തിരക്കിട്ട് ഓടി നടക്കുന്നതിനിടെ ജാഫറിനെ വിളിച്ച് പറഞ്ഞു . കേട്ടപാതി കേൾക്കാത്തപാതി ജാഫർ പന്തലിലേക്ക് ഓടി .
ആരോട് എങ്ങനെ സംസാരിക്കണമെന്നോ ഒരാളെ എങ്ങനെ സഹായിക്കണമെന്നോ ഒരു ചടങ്ങിൽ പോയാൽ അവിടെ തൻറെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ട കടമകൾ എന്തൊക്കെയാണന്നോ ജാഫറിനറിയില്ല .ഇത് പോലെ ആരെങ്കിലും പറഞ്ഞാൽ അത് ചെയ്യും ..പക്ഷെ പറയാതെ തന്നെ താനത് ചെയ്യേണ്ടതായിരുന്നു എന്ന് ജാഫറിനു തോന്നാറുണ്ട് . അപ്പോഴൊക്കെ സ്വയം കുറ്റപ്പെടുത്തി അതിൻറെ ഉത്തരവാദിത്വം ഏറ്റെടുക്കും .ചിലപ്പോഴൊക്കെ വല്ലാതെ മനസ്സ് വേദനിച്ച് കണ്ണുകൾ നിറയാറുമുണ്ട് .

            കസേര നിരത്തി കൊണ്ടിരിക്കുന്ന സലീമിൻറെ മുഖം ജാഫർ ചെരിഞ്ഞൊന്ന് നോക്കി . പെട്ടെന്ന് സലീം തിരിഞ്ഞപ്പോൾ ജാഫർ മുന്നിൽ അടക്കിവെച്ചിരുന്ന കസേരകൾ ഓരോന്നായി നിരത്താൻ തുടങ്ങി .താൻ സഹായിക്കാൻ വൈകിയതിൽ സലീമിൻറെ മുഖത്ത് പരിഭവമൊന്നും ജാഫർ കണ്ടില്ല .അവന് സമാധാനമായി .
"യ്യ് ഇപ്പളാ വരണത് ....? "
സലിം ചിരിച്ച്കൊണ്ടാണ് ചോദിച്ചതെങ്കിലും ആ ചിരിയിയിൽ അൽപം പ്രസന്നത കുറവുള്ളത് പോലെ ജാഫറിനു തോന്നി .
"ഏയ്‌ അല്ലല്ലാ ....ഞാൻ കൊറേരായി വന്നിട്ട് ...അവടെ ബിരിയാണി വെക്കുന്നോട്ത്തുണ്ടായിരുന്നു ."
തൻറെ മറുപടിയിൽ സലീം തൃപ്തനാണെന്ന് ജാഫറിന്നു തോന്നി .
സലീം ആ വീട്ടിലെ നാലാമത്തെ മകനാണ് .ഷൗക്കത്തും ,ഷക്കീറും ,സലീനയും സലീമിൻറെ മൂത്ത സഹോദരങ്ങളാണ് .സലീമിൻറെ താഴെ ഒരു പെണ്‍കുട്ടിയുണ്ട് ..നാസിയ .
സലീമിൻറെ വീട്ടിൽ ആദ്യമായി ഒരു പെണ്‍കുട്ടിയുടെ കല്യാണം നടക്കുന്നു എന്ന പ്രത്യേകതയും കൂടിയുണ്ട് ഇന്നത്തെ ദിവസത്തിന് .

"ജാഫറേ ..യ്യ്  അപ്പറത്ത് പോയി വരനൊർക്ക് കൊടുക്കാള്ള വെള്ളം കലക്കാൻ പറയ്യ്  "
കസേര നിരത്തിയ ക്ഷീണത്തിൽ കാലും നീട്ടി ജാഫർ ഇരുന്നതേയുള്ളൂ ...അപ്പോഴാണ് സലീമിൻറെ ഉപ്പ കുഞ്ഞലവി മുസ്‌ലിയാരുടെ ഓർഡർ ....പെട്ടന്ന് തന്നെ ജാഫർ ചാടിയെണീറ്റു .കുഞ്ഞലവി മുസ്‌ലിയാരെ ബഹുമാനത്തേക്കാളേറെ ഭയമാണ് ജാഫറിന്ന് .
അപ്പുറത്ത് തുണികൊണ്ട് കസേരയെല്ലാം തുടച്ച് കൊണ്ടിരിക്കുന്ന സലീം കുഞ്ഞലവി മുസ്‌ലിയാരുടെ ശബ്ദം കേട്ടപ്പോൾ പണിക്ക് വേഗതകൂട്ടി .
ആരോടും തുറന്നടിച്ച്‌ സംസാരിക്കുന്ന പ്രകൃതക്കാരനായിരുന്നു കുഞ്ഞലവി മുസ്ലിയാര്. മാത്രവുമല്ല കർക്കശ്ശ സ്വാഭാവക്കാരനും ഉയർന്ന ശബ്ദത്തിന്റെ ഉടമയുമായിരുന്നു. ഒരു തനി മുസ്ലിം യാഥാസ്തികൻ. നാട്ടുകാർക്കെല്ലം ജാതി മത ഭേതമന്യേ അദ്ധേഹത്തെ ഭയവും ബഹുമാനവുമാണു. അതിനു കാരണം മന്ത്രവും പിഞ്ഞാണെഴുത്തും ഉള്ളത്‌ കൊണ്ട്‌ മാത്രമല്ല., മൂപ്പർക്ക്‌ ജിന്നിന്റെ ചില ഏർപ്പാടൊക്കെ ഉണ്ടെന്നാണു നാട്ടുകാരുടെ വിശ്വാസം. പലർക്കും രാത്രി കാലങ്ങളിൽ ആ വീടിന്റെ പുറകിലെ വിറകുപുരയുടെ അടുത്തുള്ള കോമാവിൻ ചുവട്ടിൽ ജബമാലയും തലേകെട്ടും കെട്ടിയ ജിന്നിനെ കണ്ട അനുഭവമുണ്ട്‌. അത്‌ കൊണ്ട്‌ തന്നെ ആ പരിസരങ്ങളിൽ രാത്രി സഞ്ചാരം ആരും ഭയപ്പെടുന്നതാണ് .
ചെറിയ ചെറിയ അസുഖങ്ങൾക്ക്‌ വെള്ളവും നൂലും മന്ത്രിക്കുന്ന പരിപാടിയും കുഞ്ഞലവി മുസ്ലിയാർക്കുണ്ടായിരുന്നു.

         കല്യാണ പന്തലിലേക്ക്‌ ആളുകൾ വന്ന് കേറാൻ തുടങ്ങി . എലാവരുടേയും മുഖത്ത്‌ പുഞ്ചിരി .പുത്തൻ വസ്ത്രങ്ങൾ..പലവിധ സെന്റുകളുടെ ഒരു സംഗമ വേദിയായി മാറി കാല്യാണ പന്തൽ. വരുന്നവരെ കുഞ്ഞലവി മുസ്ലിയാർ സലാം പറഞ്ഞ്‌ കൈകൊടുത്ത്‌ കസേരകളിലേക്ക്‌ ക്ഷണിച്ച്‌ കൊണ്ടിരിന്നു. സലീമിന്റെ ജേഷ്ഠന്മാർ അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞ്‌ നടക്കുന്നുണ്ട്‌. വരുന്നവർക്കൊക്കെ സലീമും ജാഫറും ചേർന്ന് നാരങ്ങാ വെള്ളം ധൃതിയിൽ കൊണ്ടു കൊടുത്തു കൊണ്ടിരിന്നു. തിരക്കിനിടയിൽ കൂടി വികൃതി കുട്ടികൾ വണ്ടിയോടിച്ച്‌ കളിക്കുന്നുണ്ട്‌. അതിനിടക്ക്‌ ഒരു വികൃതി കുട്ടി കമഴ്‌ന്നടിച്ച്‌ വീണതിന്റെ കരച്ചിൽ ഉയർന്ന് കേൾക്കുന്നുണ്ടായിരുന്നു. വീണ കുട്ടിയുടെ തുടക്ക്‌ ഒരു നുള്ളും വെച്ച്‌ കൊടുത്ത്‌ അതിന്റെ തള്ള വീടിന്റെ പിന്നാമ്പുറത്തേക്ക്‌ എടുത്തോണ്ടു പോയി.

"ശ്ശ്‌ ..ശ്ശ്‌.."

ആരോ വിളിക്കുന്നത്‌ കേട്ട്‌ ജഫർ ചുറ്റും നോക്കി. പക്ഷെ ആരേയും കണ്ടില്ല. വീണ്ടും അതേ ശബ്ദം. ഇത്തവണ ജാഫറിനു ശബ്ദത്തിന്റെ ഉറവിടം പിടികിട്ടി. തൊട്ടടുത്ത പെണ്ണുങ്ങളുടെ പന്തലിൽ നിന്നും ഒരു ചെറിയ വിടവിലൂടെ ഒരു കണ്ണു തന്നെ നോക്കുന്നതായി ജാഫർ കണ്ടു . ജാഫർ അടുത്തേക്ക്‌ ചെന്നു.
"വിളിച്ചാ "
"ആ സലീംക്കാനൊന്ന് വിളിക്കോ.."
ഒരു ചെറിയ പെൺകുട്ടിയുടെ ശബ്ദം. മുമ്പ്‌ താൻ കണ്ട ആ ഫാഷൻ കൂട്ടി തന്നെയാണെന്ന് ജാഫർ മനസ്സിലാക്കി അവിടെ തന്നെ നിന്ന് കൊണ്ട്‌ സലീമിനെ തിരയുന്നതായി ഭാവിച്ച്‌ തലവെട്ടിച്ച്‌ അങ്ങോട്ടുമിങ്ങോട്ടും നോക്കി . ജാഫറിന്റെ നിൽപ്പ്‌ കണ്ടപ്പോൾ സലീമിനെ വിളിച്ച്‌ കൊണ്ടുവരാൻ അവന് എന്തോ ബുദ്ധിമുട്ടുള്ളതായി അവൾക്ക്‌ തോന്നി.
"അല്ലെങ്കിൽ ഒരു കാര്യം ചൈതാമതി . സലീമിക്കാട്‌ കൊറച്ച്‌ മുല്ലപ്പൂവ്‌ വാങ്ങീട്ട്‌ വരാൻ പറയ്യോ.. "

ബിരിയാണി റ്റേബിളിൽ നിരത്താൻ തുടങ്ങി. കെട്ടിടനിർമ്മാണത്തിലെ പണിക്കാർ സിമന്റ്‌ ചട്ടി കൈമാറുന്നത്‌ പോലെയായിരുന്നു പാത്രങ്ങൾ റ്റേബിളിലേക്ക്‌ എത്തിയിരുന്നത്‌. ഉടനെ എങ്ങോട്ടോ പോകാനുണ്ടെന്ന ഭാവത്തിലായിരുന്നു ആളുകൾ ഭക്ഷണം കഴിക്കാൻ പന്തലിനുള്ളിലേക്ക്‌ ഇടിച്ച്‌ കയറിയത്‌. ചിലർ ബിരിയാണിക്ക്‌ മുൻപിലെത്തുമ്പോഴേക്കും തീറ്റ തുടങ്ങിയിരുന്നു. കല്യാണ ബഹളം പൊടിപൊടിച്ചു. ബഹളത്തിനിടെ താൻ മുഖവിലക്കെടുക്കാതെ തള്ളിക്കളഞ്ഞ ഫാഷൻ കുട്ടിയെ പലപ്പോഴായി ജാഫർ കണ്ടു മുട്ടി. എങ്ങിനെയോ എവിടന്നോ ജാഫറിനു ആ കുട്ടിയുടെ പേര് അറിയാതെ ആരുടേയോ നാവിൽ നിന്നും ജാഫറിനു വീണു  കിട്ടി.

'മീറ ' അതായിരുന്നു ആ കൊച്ചു സുന്ദരിയുടെ പേര് ........

                                                                                          (തുടരും ....)

Sunday, July 13, 2014

മൂന്ന് (പ്രയാണം )

ആരോ കതക് മുട്ടുന്ന ശബ്ദം കേട്ട് ജാഫർ ഞെട്ടിയുണർന്നു ...!!

ഒരു പ്രഭാതത്തിനുകൂടി ഭൂമി സാക്ഷ്യം വഹിച്ചിരിക്കുന്നു . ഈ പ്രഭാതത്തിൽ ചേതനയറ്റു കിടക്കേണ്ട തൻറെ ശരീരത്തിൽ ജീവൻ തുടിക്കുന്നു . രാത്രിയിലെ ഭക്ഷണ പൊതിയിൽ ഉറുമ്പരിച്ച് തുടങ്ങിയിരിക്കുന്നു . തൊട്ടടുത്തിരിക്കുന്ന വിഷക്കുപ്പി തന്നോട് പരിഭവം നടിക്കുന്നത് പോലെ അവനു തോന്നി . തൻറെ ആയുസ്സിൻറെ കണക്കുപുസ്തകത്തിൽ ദൈവം ഒരേട്‌ കൂടി ബാക്കിവെച്ചിരിക്കുന്നു .

കതകിൽ മുട്ടുന്ന ശബ്ദം ഉയർന്നു വന്നു .തിടുക്കത്തിൽ വിഷക്കുപ്പിയും മരണക്കുറിപ്പും ബാഗിൽ തിരുകികയറ്റി ജാഫർ വാതിൽ തുറന്നു . ഒരു കപ്പ്‌ ചായയും ഒരു മലയാള പത്രവും പിടിച്ച് റൂം ബോയ്‌ നാരായണൻകുട്ടി വെളുക്കെ ചിരിച്ച് നിൽക്കുന്നു .

"ആശാൻ എണീറ്റുള്ളൂ ....? "

പത്രവും ചായയും ജാഫറിനു നേരെ നീട്ടി നാരായണൻകുട്ടി ചോദിച്ചു .

"ങ്ഹും .., അല്ലാ  ഞാൻ ചായയും പത്രവുമൊന്നും പറഞ്ഞില്ലല്ലോ ..."
ജാഫർ നെറ്റി ചുളുക്കികൊണ്ട് പറഞ്ഞു .

"ചായ ഞാൻ ആശാനായിട്ട് കൊണ്ടുവന്നതാ ...എന്തോ ഒരടുപ്പം ആശാനോട്‌ തോന്നി ...ആശാൻ പിന്നെ വായിക്കണ കൂട്ടത്തിലായ കാരണം ഒരു പത്രവും കൂടി കരുതി .."
ഒരു ചെറു പുഞ്ചിരിയോടെ ജാഫർ പത്രവും ചായയും വാങ്ങി ടേബിളിൽ കൊണ്ടുവെച്ച് ഷർട്ടിന്റെ പോക്കറ്റിൽ നിന്നും പത്ത് രൂപയെടുത്ത്‌ നാരായണൻ കുട്ടിക്ക് കൊടുത്തു .
"ന്തെങ്കിലും ആവിശ്യണ്ടങ്കി വിളിക്കണട്ടാ ..."
രൂപ വാങ്ങി പോക്കറ്റിൽ തിരുകി ഒന്ന് കണ്ണിറുക്കി കാണിച്ച് കൊണ്ട് നാരായണൻ കുട്ടി പറഞ്ഞു .ജാഫർ മറുപടിയെന്നോണം ഒന്ന് തലയാട്ടുക മാത്രം ചെയ്തു .
                    ഉറുമ്പരിച്ച ഭക്ഷണപ്പൊതിയെടുത്ത് ലോഡ്ജിന്റെ പുറകിലെ ചെറിയ പൊന്തക്കാട്ടിലേക്ക്‌ ജനൽവഴി അവൻ എറിഞ്ഞു .മനസ്സ് കൊണ്ടും ശരീരം കൊണ്ടും അവൻ ഒരു പോലെ ക്ഷീണിതനായിരുന്നു .
ബാഗിൽ നിന്നും തൻറെ മരണക്കുറിപ്പെടുത്ത് അവൻ ഒന്ന് കണ്ണോടിച്ചു .വായനക്കിടെ തനിക്ക് ജീവിതത്തിൽ  മറക്കാൻ കഴിയാത്ത മുഖങ്ങളിൽ പ്രധാനപ്പെട്ട ചില മുഖങ്ങൾ അവൻറെ മനസ്സിലേക്ക് ഓടിയെത്തി .
                 ജീവിതത്തിൻറെ പക്വതയിലേക്ക് എത്തും മുമ്പ് കൗമാരത്തിലേക്കുള്ള കാൽവെപ്പിൽ അറിയാതെ തൻറെ മനസ്സ് കൊതിച്ച 'മീറ ' എന്ന കൊച്ചു സുന്ദരിയും , ഒരിക്കൽ പോലും തൻറെ മനസ്സിൽ പ്രണയത്തിൻറെ ഒരംശം പോലും തോന്നാതെ എന്നും ഒരു കൂട്ടുകാരിയുടെ പാദയോരത്ത് നിലകൊണ്ട 'സബീനയും ' മനസ്സിൽ വിവാഹത്തിൻറെ ചിന്തകൾ കാലം തിരിതെളിയിച്ചപ്പോൾ ആദ്യമായി തൻറെ ഭാര്യയാകാൻ മനസ്സ് കൊണ്ട് തിരഞ്ഞെടുത്ത 'റഹ്മത്തും 'എന്നും തന്നെ പിൻതുടർന്ന മുഖങ്ങളായിരുന്നു എന്ന് ഒരു നിമിഷം അവൻ ചിന്തിച്ചുപോയി . ഒരു പക്ഷെ വിധി തനിക്ക് വെച്ച്നീട്ടിയ ഒരു ദിവസത്തെ ആയുസ്സ് ഈ പൂക്കളോട് യാത്രപറയാനാകുമെന്ന് അവൻ ഉറച്ച് വിശ്വസിച്ചു .

മരണം അവസാന നാഴികയിലെത്തി നിൽക്കുമ്പോഴും മീറയോടുള്ള അടങ്ങാത്ത പ്രണയവും ,കൈയെത്തും ദൂരത്ത് നിന്നും പിടിവിട്ട്പോയ റഹ്മത്തിനോടുള്ള നിരാശയും ,സബീനയോടുള്ള സ്നേഹവും ,തസ്നിയോടുള്ള വെറുപ്പും ,തൻറെ കൊള്ളരുതാത്തത് കൊണ്ട് മാത്രം വിവാഹം മുടങ്ങിപ്പോയ തൻറെ അമ്മാവൻറെ മകൾ 'മുഫ്സിന 'യോടുള സഹതാപവും അവൻറെ മനസ്സിൻറെ ആഴിയിൽ അലയടിച്ച് കൊണ്ടിരുന്നു .
                      ചൂടാറിയ ചായ ഒറ്റവലിക്ക് കുടിച്ച് തീർത്ത് ജാഫർ തൻറെ മരണക്കുറിപ്പ് മടക്കി ഒരു പുസ്തകത്തിനുള്ളിലെക്ക് തിരുകി വെച്ചു .തൻറെ മരണക്കുറിപ്പ് പേറുന്ന പുസ്തകം ഒന്ന് ശ്രദ്ധിച്ചു .തകഴിയുടെ 'രണ്ടിടങ്ങഴി' . അത് മനസ്സിൽ കുറിച്ചിട്ട് തൻറെ ശരീരത്തെയും മനസ്സിനെയും ഒരു യാത്രക്കായി അവൻ സജ്ജമാക്കി .

"നാരായണൻ കുട്ടീ ...."

മനസ്സിൽ നിന്നും ഇനിയും കൂടൊഴിഞ്ഞിട്ടില്ലാത്ത ചില വാനമ്പാടികളെ തേടിയുള്ള യാത്രക്ക് തയ്യാറെടുത്ത് ശരവണ ലോഡ്ജിന്റെ പടിയിറങ്ങുമ്പോൾ അപ്പുറത്ത് ചെടികൾ നനച്ച് കൊണ്ടിരുന്ന നാരായണൻ കുട്ടിയെ ജാഫർ വിളിച്ചു .

"ഇതെങ്ങ്ടാ ആശാനേ ....പോവ്വാണോ ...? "
"ഇല്ല , ഞാൻ തിരിച്ച് വരും ..എനിക്ക് തിരിച്ച് വന്നല്ലേ പറ്റൂ ..."

ജാഫർ എന്തോ അർത്ഥം വെച്ചുപറഞ്ഞു .പക്ഷെ അത് നാരായണൻ കുട്ടിക്ക് മനസ്സിലായില്ല .
"എനിക്കൊരു ഓട്ടോ കിട്ടണല്ലോ ...."
"എങ്ങട്ട് പോവ്വാനാ ...?"
നാരായണൻ കുട്ടി ടാപ്പ് പൂട്ടി ജാഫറിൻറെ അടുത്തേക്ക് ചെന്നു .
"ടൗണിലേക്ക് ...എനിക്കൊന്ന് ബസ്റ്റാന്റിലെത്തണം ."
നാരായണൻ കുട്ടി കേട്ടപാടെ റോഡിനരികിലേക്ക് ഇറങ്ങിനിന്ന് തലവെട്ടിച്ച് അങ്ങോട്ടുമിങ്ങോട്ടും നോക്കാൻ തുടങ്ങി . ഓട്ടോ കാണാതാവുമ്പോൾ നാരായണൻ കുട്ടി ഒരു നിരാശ ഭാവത്തോടെ ജാഫറിനെ നോക്കും ..പിന്നെ ചെറുതായൊന്നു പുഞ്ചിരിക്കും ..റോഡരികിൽ ചീറിപ്പായുന്ന വാഹനങ്ങളുടെ പുകയും പൊടിയും ശ്വസിച്ച് അൽപം നേരം നാരാരായണൻ കുട്ടി അങ്ങനെ നിന്നു . അധികം താമസിയാതെ നാരായണൻ കുട്ടിയുടെ കാത്ത് നിൽപ്പിന് ഫലമുണ്ടായി . ഒരു പുതുപെണ്ണിനെ അണിയിച്ചൊരുക്കിയ ചേലിൽ ഒരു ഓട്ടോ വന്നുനിന്നു . ഓട്ടോയിലെ വലിയ ബോക്സിൽ നിന്നും ഇടിമുഴക്കം പോലെ 'ബുംബും 'എന്ന ശബ്ദം പുറത്തേക്ക് തെറിച്ച് വീണുകൊണ്ടിരുന്നു .വളരെ ചെറിയ ശബ്ദത്തിൽ പാട്ടും കേൾക്കാമായിരുന്നു .
ജാഫർ ഓട്ടോയിൽ കയറിയപ്പോൾ ഓട്ടോകാരൻ പാട്ടിൻറെ ശബ്ദം അൽപം കുറച്ചു . അതോടൊപ്പം ഇടിമുഴക്കവും കുറഞ്ഞു ..ഓട്ടോ പാട്ടിൻറെ താളത്തിനൊത്ത് കുലുങ്ങി കുലുങ്ങി ബസ്റ്റാന്റിലെക്ക് കുതിച്ചു .\
                   
                                  ബസ്റ്റാന്റിലെ തിക്കുംതിരക്കും ശബ്ദകോലാഹലങ്ങളും
ജാഫറിനു എന്നും മനസ്സ് മടുപ്പിക്കുന്നവയായിരുന്നു . നാടിൻറെ നനാഭാഗത്തെക്കുള്ള ബസ്സുകൾ മുക്കിയും മുരണ്ടും ഹോണടിച്ചും പുറപ്പെടാൻ തയ്യാറായി നിൽക്കുന്നു . യാത്രക്കാർ ധൃതിപിടിച്ച് തങ്ങളെ ലക്ഷ്യത്തിലെത്തിക്കാനുള്ള ബസ്സുകളെ തിരഞ്ഞ് അങ്ങോട്ടുമിങ്ങോട്ടും പരക്കം പായുന്നു . ചിലർ ലിമിറ്റടും ,ഫാസ്റ്റും ,സൂപ്പർ ഫാസ്റ്റും തിരഞ്ഞ് നടക്കുന്നു . എല്ലാവർക്കും എത്രയും പെട്ടന്ന് ലക്ഷ്യത്തിലെത്തണം . എന്തിനായിരിക്കും മനുഷ്യർ ഇങ്ങനെ തിടുക്കം കൂട്ടുന്നത് ..ജാഫർ ഒരു നിമിഷം ചിന്തിച്ചു .
അന്ധനായഒരു  ലോട്ടറി വിൽപ്പനക്കാരനും ,ഇഞ്ചിമുട്ടായിക്കാരനും ,കപ്പലണ്ടി കച്ചവടക്കാരനും തൻറെ ചെറിയ കൈകളിലും പോക്കറ്റുകളിലും പല നിറത്തിലുള്ള പേനകൾ കുത്തിനിറച്ച് വിൽപ്പന നടത്തുന്ന ഒരു തമിഴൻ പയ്യനും അങ്ങനെയങ്ങനെ ഒരുപാട് ദരിദ്രവർഗ്ഗങ്ങൾ തിരക്കുപിടിച്ച യാത്രക്കാരുടെ ഇടയിൽ ഒരു തിടുക്കവും കൂടാതെ ഓരോരുത്തരുടെ അരികിലെത്തി അപേക്ഷയുടെ ഭാഷയിൽ കണ്ണുകളിൽ ദയനീയ ഭാവം കലർത്തി കച്ചവടം നടത്തുന്നു . അവർക്ക് മാത്രം ഒരു തിടുക്കവും കാണാനില്ലായിരുന്നു . ദാരിദ്ര്യവും കഷ്ടപ്പാടും അവർ നടന്നുനീങ്ങുന്ന പാദയോരങ്ങളാകുമ്പോൾ അരച്ചാണ്‍ വയറിൻറെ വിശപ്പടക്കൽ അവരുടെ ലക്ഷ്യമായി മാറുന്നു . അരച്ചാണ്‍ വയറിനു എന്തിനു ഇത്ര തിടുക്കം കൂട്ടണമെന്ന് ഒരു പക്ഷെ അവർ കണക്ക് കൂട്ടുന്നുണ്ടാകാം .
                        ജാഫർ പ്ലാറ്റ്ഫോമിലേക്ക് കയറിനിന്ന് തിരക്ക് പിടിച്ച ബസ്റ്റാന്റിലേക്കും നോക്കി അൽപം നേരം എന്തോ ചിന്തിച്ച് നിന്നു .
'ഞാൻ എത്രയോ തവണ ഈ ബസ്റ്റാന്റിൽ ഇതേ പ്ലാറ്റ്ഫോഫിൽ നിന്നിട്ടുണ്ട് .അന്ന് ...എൻറെ മീറയുടെ വരവും കാത്ത് ...അവൾ ബസ്സ്‌ കയറി പോകും വരെ ...അവളറിയാതെ അവളെ നോക്കി എത്രയോ ദിനങ്ങൾ ഞാൻ ഇവിടെ വന്ന് നിന്നിട്ടുണ്ട് ...എല്ലാം ഓർമ്മകളിലെ ചില വസന്തകാലം പോലെ തോന്നുന്നു .
                   കാണുന്ന കാഴ്ച്ചകളുടെ തിക്കുംതിരക്കിനേക്കാൾ അലങ്കോലമായിരുന്നു കാതുകളിൽ വന്നടിക്കുന്ന ശബ്ദകോലാഹലങ്ങൾ . അധികം സമയം അവിടെ നിൽക്കാൻ അവൻറെ മനസ്സ് അനുവദിച്ചില്ല .മീറയുടെ ഓർമ്മകൾ അവനെ അത്രക്കും പിറകോട്ടു വലിക്കുന്നുണ്ടായിരുന്നു .

മീറയുടെ നാടായ കരിക്കാനക്കടവിൻറെ ബോർഡ് വെച്ച ബസ്സും കാത്ത് കുറച്ച് സമയം ജാഫർ അവിടെ നിന്നു . കാത്ത് നിന്ന് മടുത്തപ്പോൾ അടുത്തുള്ള കോമള ഹോട്ടലിൽ നിന്നും പ്രാതൽ കഴിച്ചിട്ടാകാം യാത്ര എന്ന് അവൻ തീരുമാനിച്ചു . പ്രാതൽ കഴിഞ്ഞിട്ടും ബസ്സ്‌ കാണാതെ ഇനിയെന്ത് ചെയ്യുമെന്ന് ചിന്തിച്ച് നിൽക്കുമ്പോഴാണ് അപ്പുറത്ത് സിനിമാ പോസ്റ്ററും മറ്റു പരസ്യങ്ങളും പതിച്ച ചുമരിൽ കൈകുത്തി ഒരു മുറിബീഡിയും വലിച്ച് ഒരു കിളവൻ നിൽക്കുന്നത് ജാഫറിൻറെ ശ്രദ്ധയിൽ പെട്ടത് .ആ കിളവന്റെ നോട്ടം മുഴുവൻ സ്ത്രീകൾക്കായുള്ള മൂത്രപ്പുരയുടെ ഭാഗത്തേക്കായിരുന്നു . മൂത്രപ്പുരക്ക് മുന്നിൽ ചില്ലറ വാങ്ങാൻ ഒരു കൊമ്പൻമീശക്കാരൻ ഇരിപ്പുണ്ടായിരുന്നു .ആ കൊമ്പൻമീശക്കാരനെയും നോക്കി കിളവൻ കണ്ണിറുക്കി എന്തോ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു .ജാഫർ കിളവന്റെ അടുത്ത് ചെന്ന് പതിഞ്ഞ സ്വരത്തിൽ ചോദിച്ചു.
"കരിക്കാനക്കടവിലേക്കുള്ള ബസ്സ്‌ പോയോ ...? "
കിളവൻ തൻറെ മൂക്കിലൂടെയും വായിലൂടെയും പുക തള്ളിവിട്ടു നിന്നു എന്നല്ലാതെ ജാഫറിനു മറുപടി ഒന്നും കിട്ടിയില്ല . ജാഫർ ഒന്നുകൂടി അടുത്തേക്ക് ചേർന്ന് നിന്ന് അൽപം ശബ്ദം ഉയർത്തി ചോദിച്ചു .
"കരിക്കാനക്കടവിലേക്ക് ഇപ്പൊ ബസ്സുണ്ടോ ..? "
ബീഡിയുടെ അവസാന പുകയും പുറംതള്ളികൊണ്ട് കിളവൻ ബസ്സ്‌ ഇപ്പൊ വരും എന്ന മട്ടിൽ തൻറെ ചുള്ളിവിരൽ ഒന്ന് പൊക്കികാണിച്ചു . ഒരു ചെറിയ നെടുവീർപ്പോടെ ജാഫർ ബസ്സിനായി കാത്ത്നിന്നു .
അടുത്തുള്ള ഇരിപ്പിടങ്ങളിലേക്കൊന്നു ജാഫർ കണ്ണോടിച്ചു .എല്ലാത്തിലും  ആളുകൾ ഇരിപ്പുറപ്പിച്ചിരുന്നു .
സ്റ്റാന്റിന്റെ വലത്തെ അറ്റത്തുള്ള കൂൾബാറിനു മുന്നിലാണ് കരിക്കാനക്കടവിലേക്കും മറ്റു ഉൾപ്രദേശങ്ങളിലേക്കുമുള്ള ബസ്സുകൾ നിർത്തിയിടാറുള്ളത് . ജാഫർ കൂൾബാറിനടുത്തേക്ക് നടന്നു . കൂൾബാറിനു മുന്നിൽ ഒരു ചരടിൽ തൂക്കിയിട്ടിരിക്കുന്ന പുസ്തകങ്ങളിൽ നിന്നും ഇന്ത്യാടു ഡേ  എന്ന പുസ്തകം എടുത്ത് മറിച്ച് നോക്കി .
"ചേട്ടാ വാങ്ങുന്നുണ്ടെങ്കി നോക്യാമതി ..."
കൂൾബാറിനുള്ളിൽ നിന്നിരുന്ന ചെറിയ പയ്യൻ ജാഫറിനെ വിലക്കി . ഈ ചെറിയ പയ്യനാണോ ഇതിൻറെ നടത്തിപ്പുകാരൻ എന്ന ആശ്ചര്യത്തോടെ ജാഫർ അവനെ ഒന്ന് നോക്കി .പിന്നെ പോക്കറ്റിൽ നിന്നും കാശെടുത്ത് പയ്യന് നേരെ നീട്ടി .
"ഇവടെ ഇതൊരു പതിവാ ചേട്ടാ ...ബസ്സ്‌ വരണത് വരെ ബുക്കെടുത്ത്‌ മറിച്ച് നോക്കും ..ബസ്സ്‌ വന്നാൽ പിന്നെ ബുക്ക് വേണ്ടാന്നും പറഞ്ഞ് തിരിച്ച് തരും ..അത് കൊണ്ട് പറഞ്ഞതാ .."
പണം വാങ്ങി പെട്ടിയിലിടുമ്പോൾ പയ്യൻ പറഞ്ഞു . ജാഫർ ഒന്ന് ചിരിച്ച് പ്ലാറ്റ്ഫോമിലേക്ക് നടന്ന് കയറി . അവിടെ ഒരു ഇരിപ്പിടം കാലിയായിട്ടുണ്ടായിരുന്നു . ജാഫർ പെട്ടന്ന് തന്നെ ഇരിപ്പിടത്തിനടുത്തേക്ക് ചെന്നു . ഇരിപ്പിടത്തിൽ ആരോ മുറുക്കാൻ തിന്ന് തുപ്പിയ ചുവന്ന കറ പറ്റിപ്പിടിച്ചിട്ടുണ്ടായിരുന്നു . ഇന്ത്യാടു ഡേ യുടെ പുറം ചെട്ട കീറി ഇരിപ്പിടത്തിൽ വിരിച്ച് കാലുകളിൽ കൈമുട്ടുകൾ ചേർത്ത് വെച്ച് അൽപം മുന്നോട്ട് ചാഞ്ഞ് ഇരിപ്പിടത്തിൽ ഇരിപ്പുറപ്പിച്ചു . പുസ്തകം മറിച്ച് ഒന്ന് ഓടിച്ചു വായിച്ചു . മാറുന്ന ഇന്ത്യയെ കുറിച്ച് താനെന്തിനു അറിയണമെന്ന് അവൻ ചിന്തിച്ചു. മനസ്സ് കൊണ്ട് ഈ ലോകത്തോട് വിടപറഞ്ഞ തനിക്ക് എന്ത് ഇന്ത്യ എന്ത് ലോകം ..ഈ ശരീരത്തിൽ ജീവൻ തുടിക്കുന്നു എന്ന് മാത്രം .കുറച്ച് മണിക്കൂറുകൾ കഴിഞ്ഞാൽ ആ ജീവനും നിശ്ചലം .......
                        അൽപം കഴിഞ്ഞപ്പോൾ കിഷോർ എന്ന ഒരു ചെറിയ ബസ്സ്‌ കരിക്കാനക്കടവിലേക്ക് പോകേണ്ട ഭാഗത്ത് വന്ന് നിന്നു . എവിടെ നിന്നോ കുറച്ചാളുകൾ ആ ബസ്സിനരികിലേക്ക് ഓടിയടുത്തു .എല്ലാവരും സീറ്റിൽ കയറിപ്പറ്റാനുള്ള ബദ്ധപ്പാടിലാണ് .
കിഷോർ എന്ന ആ ചെറിയ ബസ്സ്‌ കണ്ടപ്പോൾ തന്നെ ജാഫറിൻറെ ശരീരമാസകലം കോരിത്തരിച്ചു . അവൻ പെട്ടന്ന് തന്നെ ബസ്സിലേക്ക് ഓടി ക്കയറി .ഒരു വിധത്തിൽ ഒരു സീറ്റിൽ ഇരിപ്പുറപ്പിച്ചു .
'വർഷങ്ങൾക്ക് മുമ്പ് എൻറെ മീറ സഞ്ചരിച്ചിരുന്ന ബസ്സാണല്ലോ ഇത് ...'
അവൻറെ ഉള്ളൊന്നു പിടച്ചു .
'എനിക്ക് മീറയോടുള്ള സ്നേഹത്തിനു എത്രയോ തവണ ഈ ബസ്സ്‌ സാക്ഷ്യം വഹിച്ചിരിക്കുന്നു .ഈ ബസ്സിൽ കയറി ഒരു വാനമ്പാടിയെ പോലെ അവൾ പാറിപ്പറന്നു പോകുന്നത് ഞാൻ എത്രയോ നോക്കി നിന്നിട്ടുണ്ട് .ഒരിക്കൽ പോലും അവളെന്നെ തിരിഞ്ഞു നോക്കിയിട്ടില്ല . ഈ സ്റ്റാന്റിൽ ഒരനാഥനെ പോലെ ഞാൻ എത്രയോ നിന്നിരിക്കുന്നു ...ഇതും ഒരു നിമിത്തമായിരിക്കും ..അവസാനമായി എൻറെ മീറയെ കാണാൻ പോകുമ്പോൾ അവളുടെ ഓർമ്മകൾ ഉറങ്ങുന്ന ഈ ബസ്സിൽ തന്നെ യാത്ര ചെയ്യാൻ ...'

"ഹലോ ടിക്കറ്റ് ടിക്കറ്റ് ..."
കണ്ടക്ടറുടെ ശബ്ദം കേട്ട് ജാഫറൊന്നു ഞെട്ടി .പോക്കറ്റിൽ നിന്നും പൈസ എടുത്ത് കണ്ടക്ടർക്ക് നേരെ നീട്ടി .
"ഒരു കരിക്കാനക്കടവ് .."

ബാക്കികിട്ടിയ ചില്ലറയും ടിക്കറ്റും അവൻ പോക്കറ്റിൽ തിരുകി കയറ്റുമ്പോൾ കിഷോർ ബസ്സ്‌ സ്റ്റാന്റ് വിട്ടിരുന്നു .
പായുന്ന ബസ്സിനു വിപരീതമായി വഴിയോരത്തെ തെങ്ങിൻ തോപ്പുകളും തണൽ മരങ്ങളും പുൽമേടുകളും എല്ലാം പിറകോട്ടു പായുന്ന കൗതുക പ്രതിഭാസത്തെ തൻറെ ബാല്യകാലത്തിലെ യാത്രകളെന്നോണം ഒരു കൊച്ചുകുട്ടിയെ പോലെ ജാഫർ നോക്കിയിരുന്നു .

                     ഓർമ്മകൾ എന്നും പിറകോട്ടു പായുന്ന പ്രതിഭാസമാണല്ലോ
..ജീവിതം മുന്നോട്ടുപോകുമ്പോൾ ഓർമ്മകൾ പിറകോട്ടു പായുന്നു ..പക്ഷെ തൻറെ ജീവിതം സ്റ്റേഷനിൽ എത്തിച്ചേരാനായ തീവണ്ടിയെ പോലെയാണന്നു അവനറിയാം ..എന്നാൽ ഓർമ്മകൾ അതിവേഗതയിൽ പിറകോട്ടു പായുന്നത് പോലെ അവനു തോന്നി ....
"സഞ്ചരിക്കാൻ ഇനി കുറച്ച് ദൂരം മാത്രം ...ഓർമ്മകളിൽ ഒരുപാട് കാര്യങ്ങളും ...പക്ഷെ , ഓർത്ത് വെക്കാൻ ഒരൽപം ആയുസ്സ് മാത്രം ...."

ആരോടെന്നില്ലാതെ ജാഫർ പിറുപിറുത്തു .......

സീറ്റിൽ ചാരിയിരിന്നു അവൻ  ഒന്ന് കണ്ണടച്ചു ...മീറയുടെ ഓർമ്മകളുടെ ലോകത്തേക്ക് ഒരു പ്രയാണം ......                   (തുടരും ..)

Sunday, July 6, 2014

രണ്ട് (മരണക്കുറിപ്പ് )

"നമ്മൾ ഒന്നിനെയും ഭയപ്പെട്ടില്ലെങ്കിലും സാഹചര്യങ്ങളെ ഭയപ്പെടണം .."
ഷരവണ ലോഡ്ജിന്റെ പടികയറുമ്പോൾ മുമ്പ് ഷുക്കൂർ ബായ് പറഞ്ഞ വാക്കുകൾ ജാഫർ ഓർത്തു .തൻറെ ജീവിത താളുകളിൽ ആ വാക്കുകൾക്ക് ഏറെ പ്രസക്തിയുണ്ടെന്ന് ജാഫറിന് തോന്നി .
                     ആരോടും മിണ്ടാതെ മരവിച്ച മനസ്സുമായി ആത്മഹത്യ എന്ന ഉറച്ചതീരുമാനത്തിൽ നാടും വീടും വിട്ട് ഷരവണ ലോഡ്ജിലേക്ക് നടന്നു കയറുമ്പോൾ ജാഫർ മരണത്തെ ഒട്ടും ഭയപ്പെട്ടില്ല .
              ടൗണിൽ നിന്നും അൽപം മാറി ഏറെ പഴക്കമേറിയ ഇരുനിലകെട്ടിടമാണ് ഷരവണ ലോഡ്ജ് .ആ ലോഡ്ജിന്റെ പടിഞ്ഞാറേ ഭാഗത്തുള്ള ഇരുപത്തിയാറാം നമ്പർ മുറിയാണ് തൻറെ അവസാന നിമിഷങ്ങൾ ചിലവഴിക്കാൻ ജാഫർ തിരഞ്ഞെടുത്തത് .
തെറ്റായ അഡ്രസ്സ് റെക്കോർഡ് ബുക്കിൽ എഴുതി ചേർക്കുമ്പോൾ ജാഫറിന്റെ കൈ വിറച്ചില്ല . തൻറെ ചേതനയറ്റ ശരീരം ആരും അവകാശപ്പെടരുതെന്ന ഒരു ചിന്തയായിരുന്നു ജാഫറിനെ തെറ്റായ അഡ്രസ്സ് എഴുതാൻ പ്രേരിപ്പിച്ചത് .
             ജാഫറിൻറെ ബാഗും റൂമിൻറെ താക്കോലുമായി നാരായണൻ കുട്ടി എന്ന റൂം ബോയ്‌ ആയിരുന്നു ജാഫറിനെ ഇരുപത്തിയാറാം നമ്പർ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയത് .നാരായണൻ കുട്ടിയുടെ വിരലിൽ താക്കോൽ വട്ടം കറങ്ങിക്കൊണ്ടിരുന്നു ..ഒരു മൂളിപ്പാട്ടും പാടി ചാടിച്ചാടിയുള്ള നാരായണൻ കുട്ടിയുടെ നടത്തം കണ്ട് ജാഫറിൻറെ ഉള്ളിൽ ചിരിപൊട്ടി .
"ആശാനെന്തൂട്ട കാര്യത്തിനാ ഇവിടെ വന്നേ ..? "
കതക് തുറക്കുന്നതിനിടെ നാരായണൻ കുട്ടി ചോദിച്ചു .ഒന്ന് പുഞ്ചിരിച്ചു എന്നല്ലാതെ ജാഫർ മറുപടി ഒന്നും പറഞ്ഞില്ല .
മുറിയിൽ കയറിയ ജാഫർ നാലുപാടും ഒന്ന് വിസ്തരിച്ച് നോക്കി .അടഞ്ഞ് കിടന്ന ജനൽപാളി തുറന്ന് ജനലഴികളിൽ പിടിച്ച് ജാഫർ പുറത്തേക്ക് ഒന്ന് കണ്ണെറിഞ്ഞു . കാട് പിടിച്ച് കിടക്കുന്ന ഒരു സ്ഥലവും ,അതിനരികിലായി ഒഴുകുന്ന അഴുക്ക്ചാലും , ദൂരെ മാറി ഒരു ഇടവഴിയും അതിലൂടെ ചെറിയ ചെറിയ വാഹനങ്ങൾ കടന്ന് പോകുന്നതും ജാഫർ കണ്ടു.
    ഇതിനിടയിൽ നാരായണൻ കുട്ടി റൂമിലെ സൗകര്യങ്ങളെ കുറിച്ച്‌ വാചകകസർത്ത്‌ നടത്തുന്നുണ്ടായിരുന്നു..നാരായണൻ കുട്ടിയുടെ വിശദീകരണം കാടുകയറിതുടങ്ങിയപ്പോൾ ജാഫറിനു കാര്യം പിടികിട്ടി. അവൻ പോക്കറ്റിൽ നിന്നും ഈരുപത്‌ രൂപയെടുത്ത്‌ നാരായണൻ കുട്ടിക്ക്‌ നേരെ നീട്ടി..
"ആശാന്റെ ബാഗ്‌ ഈ മേശപ്പുറത്ത്‌ വെക്കീണ്ട്ട്ടാ.."
എന്നും പറഞ്ഞ്‌ ഇരുപത്‌ രൂപയും വാങ്ങി ഒരു ചെറിയ ചിരിയും ചിരിച്ച്‌ കതകടച്ച് നാരായണൻ കുട്ടി സ്ഥലം വിട്ടു. ജാഫർ വീണ്ടും ജനൽ പാളിയിലൂടെ പുറം കാഴ്ച്ചയിലേക്ക് തിരിഞ്ഞു. ഒന്നുമല്ലാത്ത ആ കാഴ്ചയുടെ ലോകത്ത്‌ ഏതോ മറഞ്ഞ ഭാവ സൗന്ദര്യത്തെ നോക്കി ഒത്തിരിനേരം ജാഫർ നിന്നു .
   കാരാഗ്രഹത്തിൽ അകപ്പെട്ട ഏകാന്ത തടവുകാരനെ പോലെ ജനലഴികളിൽ പിടിച്ച്‌ നിൽക്കുന്ന ജാഫറിനെ നോക്കി ഇരുട്ട്‌ കയറിയ ആകാശ
ആൽമരച്ചോട്ടിൽ തപസ്സിരിക്കുന്ന ചന്ദ്രന്റെ നിലാ വെളിച്ചം എന്തോ പുലമ്പാൻ വെമ്പൽ കൊള്ളുന്നുണ്ടായിരുന്നു..
ഇടവഴിയിലും ചെറിയ പൊന്തക്കാട്ടിലും അഴുക്ക്ചാലിലും എല്ലാം ഇരുട്ടിന്റെ കറുത്ത പരവതാനി വിരിച്ച്‌ കഴിഞ്ഞിരുന്നു. നിശയുടെ സംഗീതത്തിനൊത്ത്‌ ഇളം കാറ്റ്‌ ആടിക്കുഴഞ്ഞുകൊണ്ടിരുന്നു.
    'എത്ര പെട്ടന്നാണു പകലിന്ന് മീതെ ഇരുട്ട്‌ വീണത്‌. അങ്ങകലെ പാരാവാരത്തിൽ ആണ്ടുപോയ സൂര്യൻ നാളെ വീണ്ടും ഉദിക്കുമായിരിക്കും..പക്ഷെ ! , എന്റെ ജീവിതത്തിനു മേൽ ഇന്ന് ഇരുട്ട്‌ വീഴുമ്പോൾ നാളെ ഒരു ഉദയം എനിക്കില്ല. എന്നെന്നേക്കുമായി ഞാൻ അസ്തമിക്കാൻ പോവുകയാണു.. '
ആരോടന്നില്ലാതെ അവൻ ഇരുട്ടിലേക്കും നോക്കിക്കൊണ്ട്‌ പറഞ്ഞു.

                കുളിച്ച്‌ വസ്ത്രമെല്ലാം മാറ്റി ജാഫർ തന്റെ ബാഗിൽ നിന്നും തനിക്ക്‌ എന്നും പ്രിയപ്പെട്ട പുസ്തകങ്ങൾ പുറത്തെടുത്ത്‌ മേശപ്പുറത്ത്‌ അടുക്കിവെച്ചു. അതിൽ മൂലധനവും രണ്ടിടങ്ങഴിയും അവസാനമായി ഒരിക്കൽ കൂടി മറിച്ച്‌ നോക്കി തിരികെ വെക്കുമ്പോൾ റൂം ബോയ്‌ നാരായണൻ കുട്ടി കതക്‌ തുറന്ന് അകത്തേക്ക്‌ വന്നു.
"ആശാൻ പുസ്തകൊക്കെ വായിക്ക്ണ ആളാണല്ലേ..? "
ഭക്ഷണപ്പൊതി മേശപ്പുറത്ത്‌ വെച്ചുകൊണ്ട്‌ നാരായണൻ കുട്ടി ചോദിച്ചു.
"അതേ.., നാരായണൻ കുട്ടി പുസ്തകങ്ങളൊക്കെ വായിക്കാറുണ്ടോ...? "
"ഓ..വായിക്കാറൊക്കിണ്ട്‌ . ഇത്ര വലുതൊന്നും വായിക്കാറില്ല.."
"ഞാൻ തിരിച്ച്‌ പോകുമ്പോൾ ഈ പുസ്തകങ്ങളൊക്കെ നാരായണൻ കുട്ടി എടുത്തോ.."
"അയ്യോ..ഇതൊന്നും വായിക്കാനുള്ള വിവരം മ്മക്കില്ലെന്റെ ആശാനേ.."
മൂലധനം എടുത്ത്‌ തിരിച്ചും മറിച്ചും നോക്കി നെറ്റി ചുളുക്കിക്കൊണ്ട്‌ നാരായണൻ കുട്ടി പറഞ്ഞു.
"ഇതൊക്കെ വായിക്കുമ്പോൾ നാരായണൻ കുട്ടിക്ക്‌ പതിയേ വിവരം വന്നോളും.."
ജാഫർ ചിരിച്ച്‌ കൊണ്ട്‌ പറഞ്ഞു. മറുപടി ഒന്നും പറയാതെ നാരായണൻ കുട്ടി മുറിയുടെ പുറത്തിറങ്ങി കതകടച്ചു.
   തന്റെ അവസാനത്തെ അത്താഴം കഴിക്കുന്നതിനു മുമ്പ്‌ ഒരു പേപ്പറും പേനയുമെടുത്ത്‌ ജാഫർ തന്റെ മരണക്കുറിപ്പ്‌ എഴുതാനിരിന്നു. ബാഗിൽ നിന്നും കരുതി വെച്ച ഒരു ചെറിയയ വിഷക്കുപ്പിയെടുത്ത്‌ ഭക്ഷണപ്പൊതിയുടെ അരികിൽ വെച്ചു. പതിനൊന്ന് മണിക്ക്‌ തന്നെ മരിക്കണമെന്ന തീരുമാനത്തിൽ കുറച്ച്‌ നേരം കണ്ണുകളടച്ചിരിന്നു. സമയം പത്തരയായെന്ന് കണ്ടപ്പോൾ ജാഫർ പതുക്കെ എണീറ്റ്‌ കതക്‌ കുറ്റിയിട്ടു. പിന്നെ ചുമരിലെ കണ്ണാടിയിൽ തന്റെ മുഖം അവസാനമായി ഒന്ന് നോക്കി. ഒരു നെടുനിശ്വാസം വിട്ട്‌ കൊണ്ട്‌ ജാഫർ തന്റെ ആത്മഹത്യ കുറിപ്പെഴുതാനിരിന്നു. തന്റെ മുറിവേറ്റ മനസ്സിൽ നിന്നും ഒഴുകിയ ചുടുചോരയിൽ തൊട്ട്‌ വിറയാർന്ന കൈകളാൽ ജാഫർ പേനയെ കടലാസിലേക്ക്‌ പതിപ്പിച്ചു.
പേന പതിയെ ചലിച്ച്‌ തുടങ്ങി. കടലാസിൽ ചോരയുടെ ഗന്ധമുള്ള അക്ഷരങ്ങൾ തെളിയാൻ തുടങ്ങി...

'ഞാൻ ജാഫർ, വികലമായ സ്വപ്നങ്ങളുടേയും ദിശാബോധം നഷ്ടപ്പെട്ട ചിന്തകളുടേയും ഒരു പിടി നഷ്ടങ്ങളുടേയും , കണക്കു പുസ്തകം പേറി ഞാൻ ജീവിതത്തിന്റെ കൊട്ടിയടക്കപ്പെട്ട വീഥികളിൽ കണ്ണും മിഴിച്ച്‌ പതറിനിന്ന് , ഒരു പുതുവഴി തേടാൻ കഴിയാതെ , അൽപം ഹൃദയനൊമ്പരത്തോടുകൂടി തന്നെ ഒരു പരാചിതന്റെ അവസാന വഴിയായി തിരഞ്ഞെടുത്ത ഒന്നാണു ആത്മഹത്യ..
കൽപ്പിച്ച്‌ കിട്ടിയ അംഗീകാരത്തോടും നേടിയെടുത്ത അവകാശത്തോടും അവനവനു തന്നെ സ്വയം തിരിഞ്ഞ്‌ നിന്ന് കൊഞ്ഞനം കുത്തേണ്ട അവസ്ഥ വരുമ്പോൾ , പിന്നെ ഈ ഭൂമിയിൽ ജീവിക്കുന്നതിനു എന്തർത്ഥമാണുള്ളത്‌..
അതെ..! ഞാൻ മരിക്കാൻ തീരുമാനിച്ചു . ആരുടേയെങ്കിലും പ്രേരണയോ , ഭീഷണിയോ എന്റെ മരണത്തിനു പിന്നിലില്ല. ജീവിതത്തെ ഭയപ്പെട്ടുകൊണ്ടോ , വെറുത്ത്‌ കൊണ്ടോ അല്ല ഞാൻ മരിക്കാൻ തീരുമാനിച്ചത്‌.എനിക്ക്‌ എന്റെ ജീവിതം മതിയായിട്ടില്ല.. പക്ഷെ ! , ഞാനെന്തിനു ജീവിക്കണം..?
ഞാനാർക്കുവേണ്ടി ജീവിക്കണം...? .
ജീവിതം എന്ന പരീക്ഷയിൽ പരാജയപ്പെട്ടവനാണു ഞാൻ.. എന്റെ ജീവിതം ആർക്കും ആവിശ്യമില്ല..ആരും അവകാശപ്പെടുന്നുമില്ല..അത്‌ കൊണ്ട്‌ തന്നെ ഞാൻ മരിക്കാൻ തീരുമാനിച്ചു. ഇതൊരു പരാജിതന്റെ ആത്മഹത്യാ കുറിപ്പാണു. ഒരു കാമുകനെന്ന നിലക്ക്‌...ഒരു മകനെന്ന നിലക്ക്‌...ഒരു സുഹൃത്തെന്ന നിലക്ക്‌..ഒരു അയൽ വാസി എന്ന നിലക്ക്‌..ഒരു രാഷ്ട്രീയക്കാരൻ എന്ന നിലക്ക്‌...എല്ലാറ്റിനും മീതെ ഒരു മനുഷ്യനെന്ന നിലക്കും ഞാൻ പരാജിതനാണു. അത്‌ കൊണ്ട്‌ ഞാൻ.....'
പെട്ടന്ന് ജാഫർ എഴുത്ത്‌ നിർത്തി റ്റേബിളിലിരുന്ന ബുക്കുകൾ അങ്ങോട്ടുമിങ്ങോട്ടും നീക്കി അവനെന്തോ തിരഞ്ഞു.. പിന്നെ നിരാശയോടെ എണീറ്റ്‌ തന്റെ ബാഗ്‌ തുറന്ന് ഒന്ന് തപ്പി ഒരാത്മ സംതൃപ്തിയോടെ അതിൽ നിന്നും സിഗരറ്റ്‌ പേക്കറ്റ്‌ പുറത്തെടുത്തു. രണ്ടോ മൂന്നോ സിഗരറ്റ്‌ മാത്രമേ അതിൽ അവശേഷിക്കുന്നുള്ളു..അതിൽ നിന്നും ഒന്നെടുത്ത്‌ ചുണ്ടിൽ വെച്ച്‌ കത്തിച്ച്‌ ആഞ്ഞ്‌ വലിച്ചു. ചിതയിൽ വെന്തുരുകുന്ന ശരീരത്തിന്റെ ഗന്ധം ,താൻ മൂക്കിലൂടെ തള്ളിവിടുന്ന പുകക്കുണ്ടെന്ന് ജാഫറിനു തോന്നി.
മൂന്നോ നാലോ തവണ പുക വലിച്ച്‌ വിട്ട് അവൻ സിഗരറ്റ്‌ കുട്ടിയിലേക്ക്‌ നോക്കിയപ്പോൾ  അതിന്റെ മുക്കാൽ ഭാഗവും കത്തിയെരിഞ്ഞ്‌ കഴിഞ്ഞിരുന്നു.. ആ സിഗരറ്റിൽ തന്നെ നോക്കികൊണ്ട്‌ ജാഫർ ഒരാത്മഗതം പോലെ പറഞ്ഞു...'ഈ സിഗരറ്റ്‌ കുറ്റിയെ പോലെ എത്രപെട്ടന്നാണു എന്റെ ജീവിതവും എരിഞ്ഞടങ്ങാൻ പോകുന്നത്‌...'
ജാഫർ സിഗരറ്റ്‌ കുറ്റി താഴെയിട്ട്‌ ചവിട്ടിക്കെടുത്തി , വീണ്ടും എഴുതാനായി ഇരിന്നു.
'ഈ ഭൂമിയിൽ നിന്നും വിടവാങ്ങുമ്പോൾ തികച്ചും ഞാനൊരു അനാഥൻ തന്നെ. പക്ഷെ , എന്നും എനിക്ക്‌ മറക്കാൻ കഴിയാത്ത പല മുഖങ്ങളേയും ഉപേക്ഷിച്ചാണു എന്റെ അവസാന യാത്ര . ഞാൻ സ്നേഹിച്ചവരും ,എന്നെ സ്നേഹിച്ചവരും , എന്നെ വെറുത്തവരും , എന്നെ വഞ്ചിച്ചവരും...അങ്ങനെ അങ്ങനെ ഒരുപാട്‌ മുഖങ്ങൾ...
ഞാനെന്തിനു മരിക്കുന്നു എന്നതിനു എനിക്ക്‌ ഈ ലോകത്തോട്‌ വിളിച്ച്‌ പറയാൻ ഒരു കാരണമില്ല. പക്ഷെ, എനിക്ക്‌ മരിച്ചേ പറ്റൂ.. ഇനിയും ഒരു കോമാളിയായി ജീവിക്കാൻ എനിക്ക്‌ കഴിയില്ല. എന്റെ മരണത്തിനു ആരെങ്കിലും കാരണക്കാരായിട്ടുണ്ടെങ്കിൽ അത്‌ ഞാൻ തന്നെ..എന്റെ അപകർഷതാബോധം..ഞാൻ എന്നോട്‌ തന്നെ തോറ്റ്‌ മടങ്ങുകയാണു..ഇത്‌ വഞ്ചനയുടേയും ചതിയുടേയും ലോകമാണു. ചിരിച്ച്‌ കൊണ്ട്‌ ചതിക്കും..സ്നേഹിച്ച്‌ കൊണ്ട്‌ വഞ്ചിക്കും..'

തുടർന്നെഴുതാൻ കഴിയാതെ അവന്റെ കൈ വിറച്ചു . പേനയെ അവൻ കൈവിരലുകൾക്കിടയിൽ കറക്കി കൊണ്ടിരിന്നു. കണ്ണുകൾ അടച്ച്‌ ഏറെ നേരം ഓർമ്മകളുടെ ലോകത്ത്‌ തനിച്ചിരിന്നു....
'എന്തിനായിരിക്കും അവളെന്നെ വീട്ടിലേക്ക്‌ ക്ഷണിച്ചത്‌. അതും രാത്രിയിൽ . എനിക്കവളോട്‌ പ്രണയമില്ലാതിരിന്നിട്ടും ഞാനന്തേ ആ രാത്രിയിൽ അവളുടെ മുറിയിൽ ചെന്നത്‌..അവളെ ഞാൻ ഒരിക്കൽ പോലും അനുഭവിക്കാൻ കൊതിച്ചിട്ടില്ല എന്നിട്ടും എന്തേ എനിക്കങ്ങനെ തോന്നി.. പക്ഷെ, അവളെന്തിനെന്നോട് ആ ചതി ചൈതു. അവൾക്കെന്തേ എന്റെ മനസ്സ്‌ കാണാൻ കഴിയാതിരുന്നത്‌..അവളെന്നോട്‌ പകരം ചോദിച്ചതാകും..ഞാനും അവളോട്‌ പകരം ചോദിക്കുകയാണു..അവളോട്‌ മാത്രമല്ല , എന്നെ മനസ്സിലാക്കാൻ കഴിയാത്തവരോടെല്ലാം ഞാൻ പകരം ചോദിക്കുകയാണു..എന്റെ മരണം കൊണ്ട്‌...
ജാഫർ എന്തൊക്കെയോ പിറുപിറുത്ത്‌ കോണ്ടിരുന്നു..അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.. തന്റെ കൈവിരലുകൾക്കിടയിൽ കറങ്ങിക്കൊണ്ടിരുന്ന പേനയെ നിശ്ചലമാക്കി ജാഫർ തന്റെ മരണകുറിപ്പിലെ അവസാന വരികൾക്കായി പേനയെ കടലാസിലേക്ക്‌ പതിപ്പിച്ചു.

'മടുത്തു., എന്നെ തിരിച്ചറിയാത്ത ഈ ലോകത്തെ ജീവിതം..... എനിക്കല്ലാതെയായി വിധിക്കപ്പെട്ട ജീവിത നിമിഷങ്ങൾ.... ഇടം കണ്ണിട്ട്‌ നോക്കി പരിഹസിച്ച്‌ ചിരിക്കുന്ന ഈ ലോകത്ത്‌ നിന്നും ഞാൻ വിടപറയേണ്ട സമയമായി.
പരിഹസിച്ചും ,ചതിച്ചും ,തരംതാഴ്ത്തിയും , കുറ്റപ്പെടുത്തിയും.,അവിശ്വസിച്ചും..എന്നെ വേദനിപ്പിച്ച എന്റെ ജീവിതം ഞാൻ അവസാനിപ്പിക്കുന്നു..
കടപ്പാടും സ്നേഹവും പകയും  വിദ്വേഷവും ആർക്കൊക്കെ തരംതിരിച്ച്‌ കൊടുക്കണമെന്ന് എനിക്കറിയില്ല. എല്ലാം എന്നെ സ്നേഹിച്ചവർക്കും , ഞാൻ സ്നേഹിച്ചവർക്കും , എന്നെ വെറുത്തവർക്കും ,ചതിച്ചവർക്കും അവകാശപ്പെടാം..ഒരു രാത്രിയിൽ ഇരുളടഞ്ഞ ആകാശത്ത്‌ ഒരു നക്ഷത്രം പ്രത്യക്ഷപ്പെട്ടു..ആ നക്ഷത്രത്തെ ആരും തിരിച്ചറിഞ്ഞില്ല. സൂര്യനുദിച്ചപ്പോൾ ആ നക്ഷത്രം മാഞ്ഞു പോവുന്നു..ഇനി ഈ ലോകത്തേക്ക്‌ 'ജാഫർ ' എന്ന ഒരു ജന്മമായി തിരിച്ച്‌ വരാതിരിക്കട്ടെ..എന്ന് പ്രാർത്ഥിച്ച്‌..ഈ ലോകത്തോട്‌ മാപ്പ്‌ പറഞ്ഞ്‌ ഞാൻ മരണാനുമതി വാങ്ങുന്നു..
                                                      എന്ന് ,
                                                            ജാഫർ  (ഒപ്പ്‌ )

കൈ എടുക്കാതെ ജാഫർ തന്റെ മരണ കുറിപ്പിന്റെ അവസാന ഭാഗവും എഴുതി തീർത്ത്‌ ആ വെള്ളക്കടലാസിൽ തന്റെ ഒപ്പ്‌ പതിപ്പിച്ചപ്പോൾ അവൻ പൊട്ടിക്കരഞ്ഞു പോയി..മാറ്റാൻ കഴിയാത്ത ഒരു ഉറച്ച തീരുമാനം താൻ എടുത്ത്‌ പോയി എന്ന് അവന്റെ ഉള്ളിൽ തമ്പോറം മുഴക്കി..
പതിനൊന്ന് മണിക്ക്‌ പത്ത്‌ മിനുട്ട്‌ ബാക്കി .
ജാഫർ തന്റെ മരണക്കുറിപ്പിൽ മുഖം ചേർത്തുവെച്ചു . നിമിഷങ്ങൾ കടന്നു പോയി. ജാഫർ അറിയാതെ ഒരൽപം മയങ്ങിപ്പോയി.. (തുടരും )

Monday, June 30, 2014

ഒന്ന് , (വേർപ്പാട് ).

"മ്മ് മ്മാാാാാാാാ ......."
നിലാവിൻറെ നീലപട്ടുടുത്ത നിശബ്ദ രാത്രിയിൽ ഉറക്കത്തിലേക്ക് ചാഞ്ഞ് കൊണ്ടിരുന്ന റംല , മകൾ തസ്നിയുടെ നിലവിളികേട്ട് ചാടിയെണീറ്റു ..നട്ടെല്ലിനു കാര്യമായി ക്ഷതം പറ്റി തളർന്ന് കിടക്കുന്ന മൊയ്ദീൻ കുട്ടിക്ക് മകളുടെ കരച്ചിൽ കേൾക്കാനേ കഴിഞ്ഞുള്ളൂ .
" മ്മാാാാാാാാാാ....."
തസ്നിയുടെ നിലവിളി തുടർന്ന് കൊണ്ടിരിന്നു ....
"ൻറെ മമ്പറം തങ്ങളെ ...തസ്നി മോളെ കരച്ചിലല്ലെ കേക്കണത് .."
റംല റൂമിലെ ലൈറ്റിട്ടു .
"എന്താ റംല , എന്തിനാ മോള് കരയിണത് ..."
മൊയ്ദീൻ കുട്ടി കിടന്ന കിടപ്പിൽ കിടന്ന് കൊണ്ട് ചോദിച്ചു .
"അറിയില്ല .."
റംല വിതുമ്പി കൊണ്ട് ചുമരിലെ ക്ലോക്കിലേക്ക് കണ്ണുകളയച്ചു ..സമയം പതിനൊന്നുമണി ..അവൾ കരഞ്ഞു കൊണ്ട് മകളുടെ മുറിയിലേക്കോടി ..അപ്പോഴേക്കും ഉമ്മയുടെയും മകളുടെയും നിലവിളികേട്ട് ചുറ്റുവട്ടത്തുള്ളവർ ചൂട്ടും ടോർച്ചുമായി ഓടി ക്കൂടി ..റംല തസ്നിയുടെ വാതിലിൽ തട്ടിവിളിച്ചു ..
"ന്താ മോളെ ...എന്താ പറ്റിയേ ...യ്യ് വാതില് തൊറക്ക് ..."
അകത്ത് നിന്ന് പ്രതികരണമൊന്നുമില്ലാതായപ്പോൾ റംലയുടെ നിലവിളി കൂടി ...അവർ ഉമ്മറത്തേക്കോടി മുൻവശത്തെ വാതിൽ തുറന്നു ..
"എന്താ ..എന്താണ് സംഭവിച്ചത് ...? "
ഓടിക്കൂടിയവർ കാര്യമറിയാൻ വെമ്പൽ കൊണ്ടു .
"ൻറെ ...ൻറെ ...മോള് .."
റംലാക്ക് പറഞ്ഞ് മുഴുവിപ്പിക്കാൻ കഴിഞ്ഞില്ല ..
"ന്താ ൻറെ മോൾക്ക് പറ്റിയേ ...റംലാ ...റംലാ .."
അകത്ത് നിന്നും കട്ടിലിൽ നിന്നെണീക്കാൻ കഴിയാതെ , കാര്യമെന്തന്നറിയാതെ മോയ്ദീൻ കുട്ടിയുടെ ഇടറിയ ശബ്ദം ഉയർന്ന് കേൾക്കുന്നുണ്ടായിരുന്നു .
                       ഇതിനിടയിൽ ഓടിക്കൂടിയവരിൽ ചിലർ തസ്നിയുടെ മുറിയുടെ വാതിൽ ചവിട്ടിത്തുറന്നു ..വാതിൽ മലർക്കെ തുറക്കപ്പെട്ടപ്പോൾ , തസ്നിയുടെ വായ്പൊത്തിപ്പിടിച്ച് പകച്ച് നിൽക്കുന്ന ജാഫറിനെ കണ്ട് എല്ലാവരും അമ്പരന്നു .. ജാഫർ തസ്നിയുടെ ചുണ്ടുകളിൽ ചേർത്ത് വെച്ചിരുന്ന തൻറെ കൈ പെട്ടന്ന് പിൻവലിച്ച് സ്തംഭിച്ച് നിന്നു ..തസ്നി റംലയുടെ അരികിലേക്ക് ഓടി ചെന്ന് കെട്ടിപ്പിടിച്ച് ഉറക്കെ കരയാൻ തുടങ്ങി ..അവളുടെ വസ്ത്രം കീറിയ നിലയിലായിരുന്നു .
"ഉമ്മാ ...ജാഫർ ..ന്നെ ...."
അവൾ തേങ്ങികരഞ്ഞുകൊണ്ട് എന്തോ പറയാൻ ശ്രമിച്ചു ..റംല നിറഞ്ഞ കണ്ണുകളോടെ ,വിറയാർന്ന ചുണ്ടുകളോടെ തസ്നിയെ തലോടി കൊണ്ട് സമാധാനിപ്പിക്കാൻ ശ്രമിച്ചു ..
"വേണ്ട മോളെ ..ഇയ്യോന്നും പറയണ്ട ..."
"എന്ത് ധൈര്യത്തിലാടാ നായിൻറെ മോനെ യ്യീ വീട്ടില് കേറി ഇമ്മാതിരി പോക്കിരിത്തരം കാണിച്ചെ ..."
ഒന്നും പറയാൻ വാക്കുകൾ കിട്ടാതെ ചങ്കിടറി നിൽക്കായിരുന്നു റംല ...അപ്പോഴേക്കുമാണ് ഓടിക്കൂടിയവരിൽ അൽപം പ്രായം ചെന്നയാൾ ജാഫറിനു നേരെ അലറിയത് .. അയാൾ പറഞ്ഞു തീരുമ്പോഴേക്കും മറ്റൊരാൾ ജാഫറിൻറെ ഷർട്ടിൽ കുത്തിപ്പിടിച്ച് മുറിയുടെ പുറത്തേക്ക് തള്ളി .നിലത്ത് വീണ ജാഫർ റംലയുടെ മുഖത്ത് നോക്കി .അവൻ എന്തോ പറയാൻ തുനിഞ്ഞെങ്കിലും ,അപ്പോഴേക്കും മുഷ്ടി ചുരുട്ടിയ കൈകളും വിരിഞ്ഞ കാലുകളും അവൻറെ ദേഹത്ത് പതിഞ്ഞു .
ജാഫറിനെ അവർ വലിച്ചിഴച്ച് മൊയ്ദീൻ കുട്ടിയുടെ മുറിയിലേക്ക് കൊണ്ടുപോയി .
"പ്രസിഡൻറെ ഇങ്ങള് പറയി ..ഇവനെ എന്താ ചെയ്യേണ്ടത് ..."
                മൊയ്ദീൻ കുട്ടി തളർന്നു വീഴുന്നത് വരെ നീണ്ട പതിനഞ്ച് വർഷത്തോളം കോണ്‍ഗ്രസ്സിനെ പ്രതിനിധീകരിച്ച് കൊണ്ട് ചിറ്റിലക്കാട് പഞ്ചായത്ത് പ്രസിഡന്റായിരുന്നു .ഇന്നയാൾ പ്രസിഡന്റല്ലെങ്കിലും ,എല്ലാവരും അങ്ങനെയാണ് അയാളെ വിളിക്കുന്നത് .
  "ഇതിനായിരുന്നടാ നീ സ്നേഹം നടിച്ച് ഇവടെ കേറിക്കൂടിയത് ..നീ മാപ്പ് പറഞ്ഞതും സ്നേഹം നടിച്ചതും എല്ലാം ന്നെ പിന്നെയും ദ്രോഹിക്കാനായിരുന്നോ ..."
നിറഞ്ഞ കണ്ണുകളോടെ ജാഫർ തലയും താഴ്ത്തിനിന്നു .
"വാ തുറക്കാടാ നായേ ..."
കൂട്ടത്തിലൊരുത്തൻ ജാഫറിനെ ഒന്ന് കൊടുത്തു .മറ്റുള്ളവരും കൂടി കൈപൊക്കുമ്പൊഴെക്കും മൊയ്ദീൻ കുട്ടി തടഞ്ഞു .
"വേണ്ടാ ...അവനെ തല്ലണ്ടാ ...അവനെ വിട്ടേക്ക് .."
"ഞാൻ ...ഞാൻ ..ഒരുതെറ്റും ചെയ്തിട്ടില്ല ...അവളാണ് ...എന്നെ ..."
"വേണ്ടാ ...നീ അധികം സംസാരിക്കണ്ട ..."
ജാഫറിൻറെ വാക്കുകളെ കീറിമുറിച്ച് കൊണ്ട് മൊയ്ദീൻ കുട്ടി അലറി .
"ഒരിക്കൽ കൂടി ഞാൻ നിനക്ക് മാപ്പ് തരുന്നു ..ഇനി നീ എന്റെ മുന്നിൽ വരരുത് ..നിനക്ക് ദ്രോഹിക്കാവുന്നതിലും അങ്ങേയറ്റം നീ ദ്രോഹിച്ച് കഴിഞ്ഞു ..ഇനിയെങ്കിലും ഞങ്ങളെ നീ വെറുതെ വിട് ... "
          ഇത്രയും പറഞ്ഞ് മൊയ്ദീൻ കുട്ടി മുഖം തിരിച്ച് കിടന്നു ..അയാളുടെ കണ്ണുനീർ തുള്ളികൾ തലയണയിൽ പരന്നു ...
      ഓടിക്കൂടിയവർ ഓരോരുത്തരായി പിറുപിറുത്ത് കൊണ്ട് രംഗം വിട്ടു .അകത്ത് നിന്നും തസ്നിയുടെയും റംലയുടെയും തേങ്ങൽ ചെറിയ ശബ്ദത്തിൽ കേൾക്കാമായിരുന്നു ..അവരെ സമാധാനിപ്പിച്ച് ഓടിക്കൂടിയ പെണ്ണുങ്ങൾ വടക്കുപുറത്ത്കൂടെ ചൂട്ടും പിടിച്ച് ഇറങ്ങിപ്പോയി ..
ജാഫർ പതുക്കെ അടിവെച്ചടിവെച്ച് ആ വീടിൻറെ പടിയിറങ്ങി .
"ജാഫറേ ..എന്ത് ദ്രോഹമാടാ ഞങ്ങൾ അന്നോട് ചെയ്തത് ...യ്യ് ഒരിക്കൽ ചെയ്ത ദ്രോഹം ഇപ്പോഴും അൻറെ കണ്മുന്നിൽ തളർന്നു കിടക്കുന്നില്ലേ ...എല്ലാം പൊറുത്ത് അന്നെ ഈ വീടിൻറെ പടികയറ്റിയതിന്റെ ശിക്ഷയാവൂലേ ..."
പുറകിൽ നിന്ന് കരഞ്ഞ് കൊണ്ട് എണ്ണിപ്പറക്കുന്ന റംലയുടെ വാക്കുകളെ അവഗണിച്ച് ജാഫർ നടന്നു നീങ്ങി ..താനൊരു തെറ്റും ചൈതിട്ടില്ലന്ന ഉറച്ച വിശ്വാസം അവനിലുണ്ടെങ്കിലും ,മൊയ്ദീൻ കുട്ടിയുടെയും റംലയുടെയും നാട്ടുകാരുടെയും മുന്നിൽ താൻ വെറുക്കപ്പെട്ടവനായും ,കുറ്റവാളിയായും മുദ്രകുത്തപ്പെട്ടുവല്ലോ എന്ന വേദനയോടെ അവൻ ഇരുളിലേക്ക് നടന്നുകയറി .

              പ്രഭാത കിരണങ്ങൾ പാറക്കുളം കവലയിൽ പതിച്ചത് പുതിയൊരു വാർത്തയും കൊണ്ടായിരുന്നു ..ചിറ്റിലക്കാട് ഗ്രാമപഞ്ചായത്തിലെ ഒരു ചെറിയ സ്ഥലമാണ് പാറക്കുളം കവല ..ജാഫറിൻറെ ജന്മസ്ഥലം കൂടിയാണിത് .പരസ്പരം ആർക്കും ആരോടും ഒരു പ്രതിബദ്ധതയുമില്ലാത്ത ആളുകളാണ് പാറക്കുളം കവലയിലുള്ളത് ..
പുതിയ ഏത് വാർത്തയും ആദ്യം വന്നെത്തിപ്പെടുന്നത് കാർത്ത്യാനിയുടെ ചായക്കടയിലാണ് ..കാർത്ത്യായിനി അതിൽ അൽപം എരിവും പുളിയും ചേർത്ത് വായ്ക്കുവായ് കയ്മാറും .കാർത്ത്യായിനിയുടെ കടയിലെ പുട്ടിനും ചായക്കും ഉള്ളതിനേക്കാൾ ചൂടുള്ളതായിരുന്നു അവിടന്നും പൊട്ടിമുളക്കുന്ന വാർത്തകൾ .
കാർത്ത്യായിനിയുടെ ചായക്കടയിൽ നിന്നും പുറത്ത് വന്ന പുതിയ വാർത്ത എല്ലാവർക്കും ഏറെ രസിക്കുന്നതായിരുന്നു .കിട്ടിയവർ കിട്ടിയവർ വളരെ ആവേശത്തോടെ തന്നെ വായിക്കുവായ് എറിഞ്ഞു കൊടുത്തു ..മൊയ്ദീൻ കുട്ടിയോട് ദേശ്യമുള്ളവർ അയാളെ അപമാനിക്കും വിധം കഥ മാറ്റിമറിച്ചു ..ജാഫറിനോട്‌ താൽപര്യമില്ലാത്തവർ കഥയിൽ പുതിയ രംഗങ്ങൾ കൂട്ടിച്ച്ചെർത്ത് രംഗത്തിറക്കി ..പാറക്കുളം കവലയിൽ വെയിൽ ചൂടുപിടിക്കുമ്പോഴേക്കും വാർത്ത ഉടുക്കിൻ നാഥം പോലെ എല്ലാവരുടെയും കാതുകളിൽ അലയടിച്ചു  ..
"ഓന് പണ്ടും ഒരു പെണ്ണ്‍ കേസിൽ പെട്ട് നാട് വിട്ടോനാ ...ഓന്ക്കിനിയും മതിയായില്ലേ .."
പാറക്കുളം കവലയിൽ നിന്ന് കാദർഹാജി പറഞ്ഞ് ഉറക്കെ ചിരിച്ചു ..അയാൾക്കെന്തോ ജാഫറിനോട് എന്തോ ദേശ്യമുള്ളത് പോലെയായിരുന്നു പരിഹസിച്ച് ചിരിച്ചത് ..
വാർത്ത ജാഫറിൻറെ വീട്ടിലുമെത്തി ..ജാഫറിൻറെ ഉപ്പയും ഉമ്മയും അവനെ വിസ്തരിക്കാൻ തുടങ്ങി ..
"എന്താണ്ടാ ഇന്നലെ സംഭവിച്ചത് ...രാത്രി യ്യ് എവിട്ക്കാ പോയത് .."
ജാഫറിന്റെ ഉമ്മ സൽമ കലിതുള്ളികൊണ്ട് പറഞ്ഞു .
ജാഫർ പതിവ് പോലെ എല്ലാകുറ്റവും ഏറ്റ് കൊണ്ട് തലയും താഴ്ത്തി നിന്നു ..
"എന്ത് പറഞ്ഞാലും അൻറെ ഈ തലയുംതാഴ്ത്തി നിക്കല് പറ്റില്ല ..എന്താ ഉണ്ടായെന്ന് യ്യ് പറയണം .
"ഞാനൊന്നും ചെയ്തില്ല ..."
"യ്യൊന്നും ചെയ്യാണ്ടാടാ നായിൻറെ മോനെ നാട്ടുകാർ ഓരോന്ന് പറയണത് ..യ്യ് വളർന്നതൊന്നും ഞാൻ നോക്കില്ല ..എൻറെന്ന് നല്ല പോതുകിട്ടും ..."
ജാഫറിൻറെ ഉപ്പ സൈത് വിരൽ ചൂണ്ടികൊണ്ട് പറഞ്ഞു ..
"ഞാൻ പറഞ്ഞത് സത്യമാണ് ..എല്ലാം ..അവളാണ് ..."
"ഏതവള് ...? "
സൽമ ജാഫറിൻറെ അടുത്ത് ചെന്ന് ചോദിച്ചു .
"ആ പ്രസിഡന്റിന്റെ മോള് തസ്നി ..."
അത് കേട്ടപ്പോൾ അവൻറെ ഉമ്മയുടെ മുഖം ചുവന്നു ...അവർ വിതുമ്പി കരഞ്ഞ് കൊണ്ട് പറഞ്ഞു
"അന്നോടല്ലടാ ആ വീട്ടിൽ പോകരുതെന്ന് ഞാൻ പറഞ്ഞിട്ടുള്ളത് ..പ്പോ ന്തായി...അല്ലേലും പറഞ്ഞേ കേൾക്ക്ണ സ്വഭാവം അണക്കില്ലല്ലോ ..."
ജാഫർ കരയാൻ തുടങ്ങി ..അവനു വാക്കുകളില്ലാതെയായി ..
"യ്യ് പണ്ടുണ്ടാക്കിയ കോലാഹലം എല്ലാം കഴിഞ്ഞു വരുന്നതേയുള്ളൂ ...അപ്പോഴേക്കും ...."
സൈതു അങ്ങോട്ടുമിങ്ങോട്ടും ഉലാത്തിക്കൊണ്ടിരിന്നു ..പിന്നെ ജാഫറിനു നേരെ തിരിഞ്ഞു ..
"എന്തിനാ മോനേ യ്യ് ഞങ്ങളിങ്ങനെ കഷ്ടപ്പെടുത്തുന്നത് ..എന്തിനാണ് ഓരോന്നിങ്ങനെ കാണിച്ച് കൂട്ടുന്നത് .."
"ഉപ്പാ , ഞാൻ അറിഞ്ഞ്കൊണ്ടൊന്നും ...."
"വേണ്ടാ ....."
ജാഫറിനെ കൊണ്ട് ഒരക്ഷരം മിണ്ടിക്കാതെ സൽമ വിറച്ച്കൊണ്ട് പറഞ്ഞു ..
"യ്യിനി ഒന്നും പറയണ്ടാ ...എന്നും ഓരോ കുരുത്തംകെട്ട പണിയേ അണക്കുള്ളൂ ....ഞങ്ങൾകെന്നും അന്നെകുറിച്ചോർത്ത്‌ വേദനിക്കാനാ യോഗം.."
സൽമ പറഞ്ഞ്‌ നിർത്തി അടുത്തുള്ള സോഫയിൽ ഇരുന്ന് നെഞ്ചത്തടിച്ച്‌ കരഞ്ഞ്‌ കൊണ്ട്‌ തുടർന്നു..
"ന്റെ റബ്ബേ..ഇങ്ങനെയൊരു കുരുത്തം കെട്ടവനെ ഞങ്ങക്ക്‌ മോനായി തന്നല്ലോ..."
"ഉമ്മാ..ന്നെ വിശ്വസിക്കണം..ഞാനൊരു..."
വാക്കുകൽ പാതിവെച്ച്‌ മുറിഞ്ഞ്‌ ജാഫർ പൊട്ടിക്കരഞ്ഞു..
"എഡാാ..മാമന്റെ മോളുമായി അന്റെ കല്യാണം ഉറപ്പിച്ചതല്ലേ..അവരോട്‌ ഞാനെന്ത്‌ സമാധാനം പറയും..നാട്ടുകാരുടെ മുഖത്ത്‌ ഞാനിനിയെങ്ങനെ നോക്കും..എല്ലാം യ്യ്‌ നശിപ്പിച്ചില്ലേ..."
സൈതു ഇത്രയും പറഞ്ഞ്‌ കോലായിൽ ചെന്ന് കസേര ശബ്ദത്തിൽ വലിച്ചിട്ട്‌ ഇരുന്ന് കിതച്ചു.
'എന്നും ഞാൻ അവിശ്വസിക്കപ്പെട്ടവൻ തന്നെ..പക്ഷെ, ഞാൻ അവളുടെ വീട്ടിൽ പോയത്‌ തെറ്റല്ലേ..അതും രാത്രിയിൽ..അവളുടെ മുറിയിൽ.. എന്നും അറിയാതെയോ അബദ്ധവശാലോ വന്നുപെടുന്ന തെറ്റുകൾക്കാണു എന്നിൽ കുറ്റം ആരോപിക്കപ്പെടാറുള്ളതെങ്കിൽ , ഇന്ന് ഞാൻ ശെരിക്കും തെറ്റുകാരനായി. എന്റെ തെറ്റിനു ഞാനാരോട്‌ മാപ്പിരക്കും..ആരുടെ മുന്നിൽ ഞാൻ സത്യം ബോധിപ്പിക്കും..'
രാത്രിയിൽ ജനലഴികളിലൂടെ ഇരുട്ടിലേക്ക്‌ നോക്കിനിന്ന് മൂർച്ചയുള്ള വാക്കുകൾ കൊണ്ട്‌ ജാഫർ തന്റെ സ്വന്തം മനസ്സിനെ കോറിവലിച്ചു.

ജാഫറിന്റെ അമ്മാവന്റെ മകളുമായി നിശ്ചയിച്ച വിവാഹം മുടങ്ങി. അതോടെ കുടുംബത്തിലും ജാഫർ വെറുക്കപ്പെട്ടവനായി..നാട്ടുകാരുടെ മുന്നിൽ കുറ്റവാളിയായു മുദ്രകുത്തപ്പെട്ടു.. തന്റെ സ്വന്തം മാതാപ്പിതാക്കളും നാട്ടുകാരും കുടുംബക്കാരും തന്നെ വെറുത്ത്‌ അകറ്റിനിർത്തിയപ്പോൾ , നീറുന്ന മനസ്സോടെ ജാഫർ ഒരു തീരുമാനമെടുത്തു.. 'മരിക്കുക ' തന്നെ..ആർക്കും വേണ്ടാത്ത ഒരു ജന്മമായി ഇനിയും ജീവിക്കുന്നതിൽ അർത്ഥമില്ലന്ന് അവനു തോന്നി.
മുമ്പൊരിക്കൽ നാട്ടിലും വീട്ടിലും അവിശ്വസിക്കപ്പെട്ടപ്പോൾ നാട്‌ വിട്ടു എങ്കിൽ , ഇന്ന് ജീവിതം തന്നെ മടുത്ത അവൻ ഈ ലോകത്ത്‌ നിന്ന് തന്നെ ഒളിച്ചോടാൻ തീരുമാനിച്ചു.

മരവിച്ച മനസ്സുമായി, ആത്മഹത്യ എന്ന ഉറച്ച തീരുമാനവുമായി ജാഫർ വീടുവിട്ടിറങ്ങാൻ തീരുമാനിച്ചു. തന്റെ മൃതശരീരം പോലും ആർക്കും ഭാരമായി തീരരുതെന്ന് അവൻ ആഗ്രഹിച്ചു.
രാത്രി ഏറെവൈകിയ സമയം നോക്കി , ഒരു കൊച്ചു ബാഗെടുത്ത്‌ അതിൽ തനിക്ക്‌ പ്രിയപ്പെട്ട തന്റെ പുസ്തകങ്ങളും മറ്റും എടുത്ത്‌ വെച്ച്‌ ജാഫർ മുറിയുടെ പുറത്തിറങ്ങി. അവസാനമായി അവൻ താൻ നീണ്ടകാലം അന്തിയുറങ്ങിയ ആ മുറിയിലേക്കൊന്നു നോക്കി. പിന്നെ പതിയെ കോണിപ്പടി ഇറങ്ങി. തന്റെ ഉപ്പയുടെയും ഉമ്മയുടേയും മുറിയുടെ വാതിൽക്കൽ നിന്ന് അവരോട്‌ മനസ്സ്‌ കൊണ്ട്‌, നിറഞ്ഞ കണ്ണുകളോടെ യാത്ര പറഞ്ഞു.
'ഞാൻ പോവുന്നു..എന്നെപോലൊരു മകൻ നിങ്ങളെ പോലൊരു മാതാപ്പിതാക്കൾക്ക്‌ പിറക്കാതിരിക്കട്ടെ..! ' എന്നും മനസ്സിൽ പറഞ്ഞ്‌ നിറഞ്ഞു കവിഞ്ഞ കണ്ണുനീർ തുള്ളികളെ തുടച്ച്‌ കൊണ്ട്‌ അവൻ പടിയിറങ്ങി. താൻ കളിച്ചു വളർന്ന തന്റെ വീടും ആ മുറ്റവും എല്ലാം ഉപേക്ഷിച്ച്‌ എന്നെന്നേക്കുമായി..
ജാഫർ നേരെ തന്റെ അമ്മാമന്റെ വീട്ടിലേക്കാണു പോയത്‌. ആരേയും വിളിച്ചുണർത്താതെ മുഫ്സിനയുടെ മുറിയുടെ ജനവാതിലിൽ പതുക്കെ തട്ടി. മുഫ്സിന ഭയന്ന കണ്ണുകളോടെ പതുക്കെ ജനവാതിൽ തുറന്നു. ഇരുട്ടിൽ നിന്ന ജാഫറിന്റെ മുഖം നേർത്ത വെളിച്ചത്തിൽ മുഫ്സിന കണ്ടു.
"മുഫീ..ഞാൻ പോവുന്നു..അറിയാതെയാണെങ്കിലും നിന്നെ വിശമിപ്പിച്ചതിൽ ഞാൻ മാപ്പ്‌ ചോദിക്കുന്നു.. "
"ജാഫർക്ക എങ്ങട്ടാ..കല്യാണം നടക്കാത്തതിൽ ക്ക്‌ ദുഖൊന്നുമില്ലാ...ഞാൻ പറഞ്ഞതല്ലേ എല്ലാം വിധിയാണു.."
ജാഫർ ഒന്ന് മന്ദഹസിച്ചു.
"മുഫീ..നീയൊരു നല്ലകുട്ടിയാണു..സാഹചര്യം എന്നും എന്റെ ശത്രുവായിരുന്നു..അത്‌ കൊണ്ടാണു എനിക്ക്‌ നിന്നേയും നഷ്ടപ്പെടാൻ കാരണം..ഞാൻ പോവുന്നു...എന്നെ വെറുക്കരുത്‌...അവിശ്വസിക്കരുത്‌.."
ജാഫർ ഇരുളിലേക്ക്‌ മറഞ്ഞു. അവൾ ഇരുളിൽ ജാഫറിനെ തിരഞ്ഞു..അവൻ പോയികഴിഞ്ഞിരുന്നു.. ഒരേ ഒരു ലക്ഷ്യത്തിലേക്ക്‌ ..ഒരേ ഒരു ചിന്തയുമായി...ഉറച്ച തീരുമാനത്തോടെ..അവൻ നടന്നകന്നു..
എന്നും മനോധൈര്യ മില്ലാതെയും , അപകർഷതാബോധവും പേറി ജീവിച്ച ജാഫറിനു മരിക്കാൻ ഇന്ന് ഭയമില്ല..തന്റെ കുറവുകളിൽ വേദനയില്ല..അവൻ മരണത്തെ ആഗ്രഹിച്ചു കഴിഞ്ഞു..മരണത്തിലേക്ക്‌ പറക്കുവാനെന്തിനു ഭയം..എന്തിനു അപകർഷതാബോധം...മരണത്തിന്റെ മുന്നിലെങ്കിലും താൻ തന്റേടമുള്ളവനായിരിക്കുമെന്ന് അവൻ ഉറച്ച്‌ വിശ്വസിച്ചു...

                                                              (തുടരും )