Thursday, March 6, 2014

ഭാഗം മുപ്പത്തിരണ്ട്‌

ബാസിമയെ നാടകീയമായി ഗ്ലൂക്കോസ്സ്‌ കയറ്റി എളേമ മുൻ കൂട്ടി പറഞ്ഞുറപ്പിച്ച ഡോക്ടറുടെ അടുത്തേക്ക്‌ പോയി..
"ബാസിമാക്ക്‌ ക്ഷീണമല്ലാതെ മേറ്റ്ന്തെങ്കിലും തോന്നുന്നുണ്ടോ..? "
ഡോക്ടർ ബാസിമയോട്‌ ചോദിച്ചു.. ബാസിമ ഒന്നും മനസ്സിലാകാതെ ഉണ്ടന്നോ ഇല്ലന്നോ മട്ടിൽ തലയാട്ടി..
"ബാസിമ ഒന്നുകൊണ്ടും പേടിക്കണ്ടാ.. രണ്ട് ദിവസം ഇവടെ റസ്റ്റ്‌ ചെയ്യാം.. ക്ഷീണമൊക്കെ മാറിയിട്ട്‌ വീട്ടിൽ പോകാം..എന്തേ.."
ഡോക്ടറുടെ സംസാരത്തിൽ എന്തോ പന്തികേട്‌ തോന്നിയ ബാസിമ പോകാനായി എഴുന്നേറ്റു.
" ക്ക്‌ പോണം , ൻറെ  രണ്ട്‌ കുട്ടികളെ കൊണ്ട്‌ ഇവടെ കെടക്കാനൊന്നും ഞാനില്ല..ഇക്ക്‌ അയിനു മാത്രം വെയ്യായയുമില്ല..."
ഡോക്ടറുടെ സ്വരം മാറി..
"അങ്ങനെയങ്ങ് പോകാൻ പറ്റില്ല ബാസിമ..ഇവടെ അഡ്മിറ്റ്‌ ചൈതാൽപിന്നെ ഡോക്ടറായ ഞാൻ തീരുമാനിക്കും രോഗി എപ്പൊ പോകണമെന്ന്.."
"അയിനിക്ക്‌ അസുഖമൊന്നൂല്ലാ .."
ഡീക്ടർ ഒന്ന് ചിരിച്ചു..
"ഹഹ..ബാസിമ ഈ ഹോസ്പിറ്റലിൽ വരുന്ന എല്ലാവരും അസുഖമില്ലന്നേ പറയൂ.. അത്‌ ഈ അസുഖത്തിൻറെ പ്രത്യേകതയാണു.."
ബാസിമ ഡോർ തുറന്ന് പോകാനൊരുങ്ങിയപ്പോൾ പാത്തുട്ടി എളേമ കൈപിടിച്ചു..
"ഇയ്യെവ്ഡ്ക്കാ പോണത്‌..ഡോട്ടർ പറഞ്ഞത്‌ കേട്ടില്ലേ.."
ബാസിമ ദേശ്യത്തോടെ എളെമയെ പിടിച്ച് തള്ളി. എളേമയും അടുത്തുള്ള സ്റ്റാൻറും താഴെവീണു. ബാസിമ ഡോർ തുറന്ന് പുറത്ത്‌ കടന്നു . ഡോക്ടർ റ്റേബിളിലിരിന്ന ബെൽ നീട്ടിയടിച്ചു. അപ്പോഴേക്കും രണ്ട്‌ സെക്യൂരിറ്റിക്കാർ ഓടിവന്ന് ബാസിമയെ പിടിച്ചു .കുട്ടികൾ രണ്ടും കരയാൻ തുടങ്ങി..ഡോക്ടർ ഓർഡറിട്ടു,
"ഷോക്ക്‌ റൂം.. "
ബാസിമ ഉറക്കെ കരഞ്ഞു.. അവളെ വലിച്ചിഴച്ച്‌ ഷോക്ക്‌ റൂമിലേക്ക്‌ കൊണ്ട്‌ പോയി.. വാവിട്ട്‌കരഞ്ഞ കുഞ്ഞുങ്ങളെ പാത്തുട്ടി എളേമ തല്ലി . അവരെ അടുത്തുള്ള മുറിയിലേക്ക്‌ തള്ളി വാതിലടച്ചു.. ഷോക്ക്‌ റൂമിൽ നിന്നും ബാസിമയുടെ നിലവിളി ഉയർന്നു..അൽപ സമയത്തിനു ശേഷം അത്‌ നിലച്ചു.
ബാസിമയും രണ്ട്‌ കുഞ്ഞുങ്ങളും മൂന്ന് ആഴ്ച്ച ആ മെന്റൽ ഹോസ്പിറ്റലിൽ അസുഖമില്ലാതെ കിടന്നു..


ഇതിനിടയിൽ പാപ്പയുടെ മകളുടെ വിവാഹപ്പന്തൽ ബാസിമയുടെ വീട്ടുമുറ്റത്തുയർന്നു.. മാമ കുഞ്ഞാവയും പാത്തുട്ടി എളേമയും കൂടി കല്യാണത്തിൻറെ മറവിൽ ഒരു തട്ടിപ്പ്‌ കൂടി നടത്തി.. പാത്തുട്ടി എളേമയുടെ നാട്ടിൽ പോയി ഒരു പാവപ്പെട്ട കുട്ടിയുടെ കല്യാണമാണെന്നും പറഞ്ഞ്‌ ഒരുപാട്‌ പണം പിരിച്ചു. പാപ്പയും മകളും ഇതറിഞ്ഞില്ല..
ബാസിമയുടെ അയൽ വാസികളും നാട്ടുകാരും ബാസിമയെ തിരക്കാൻ തുടങ്ങി. എളേമ ഓരോ കള്ളം പറഞ്ഞ്‌ ഒഴിഞ്ഞു മാറും. സ.കോയാമു സുഖമില്ലാതെ കിടപ്പിലായതും ഇതേ സമയത്ത്‌ തന്നെ..
അത്‌ കൊണ്ട്‌ തന്നെ സ.കോയാമു വിവരങ്ങൾ അറിഞ്ഞില്ല..
പാപ്പാടെ മകളെ കെട്ടുന്നവൻ മലായക്കാരനാണു. കല്യാണത്തിൻറെ  തലേദിവസമേ പയ്യൻ എത്തുകയുള്ളു എന്ന് പാപ്പ എളേമയെ അറിയിച്ചു. എളേമ കല്യാണത്തിൻറെ ഒരുക്കങ്ങൾ പൊടിപൊടിച്ചു. പുതുപ്പെണ്ണിനണിയാൻ സ്വർണ്ണം എടുക്കണ്ടന്ന് പാപ്പ പ്പറഞ്ഞു. കല്യാണം കഴിഞ്ഞ്‌ തിരിച്ച്‌ പോകേണ്ടതാണെന്നും പെണ്ണിനു സ്വർണ്ണത്തിൻറെ ആവിശ്യമില്ലന്നും പാപ്പ പറഞ്ഞു. പക്ഷെ എളേമ സമ്മതിച്ചില്ല.
"അതൊന്നും പറഞ്ഞാ പറ്റില്ല പാപ്പ.. ഞമ്മളെ നാട്ടിൽ പെൺ കുട്ടികളെ കല്യാണമൊക്കെ നല്ല സ്വർണ്ണമൊക്കെ ഇട്ട്‌ വേണം.. പാപ്പ പണ്ട്‌ പോയതല്ലേ..അതാ ഇതൊന്നും അറിയാത്തത്‌. "
എളേമ പറഞ്ഞ്‌ സമ്മതിപ്പിച്ചു. അല്ലെങ്കിൽ കല്യാണത്തിനു കാശ്‌ പിരിച്ചിട്ട്‌ പൊന്നില്ലാതെ പെണ്ണിനെ ഇറക്കിയാൽ നാട്ടുകാരെന്ത്‌ കരുതുമെന്ന പേടി എളേമാക്കുണ്ടായിരുന്നു.
എന്തായാലും സ്വർണ്ണം എടുക്കാൻ പാപ്പ സമ്മതിച്ചില്ല. എന്നാൽ കല്യാണപ്പെണ്ണു സ്വർണ്ണമിട്ട്‌ ഇറങ്ങുന്നതിൽ തനിക്ക്‌ എതിർപ്പില്ലന്നും പാപ്പ അറിയിച്ചു. അങ്ങനെ നാട്ടുകാരുടെ മുന്നിൽ പിടിച്ച്‌ നിൽക്കാൻ എളേമ തൻറെ സ്വർണ്ണവും മകളുടെ സ്വർണ്ണവും തൻറെ ഒന്നുരണ്ട്‌ അയൽ വാസികളുടെ സ്വർണ്ണവും വാങ്ങി ഒരു നൂറുപവൻ ഒപ്പിച്ചു അത്‌ പാപ്പയുടെ മകൾക്ക്‌ കൊടുത്തു.
കല്യാണതലേന്നെത്തി . ആരാവങ്ങളും തിക്കും തിരക്കും. എളേമയും മകളും എല്ലാ കാര്യത്തിനും ഓടി നടന്നു..വരുന്നവർക്ക് മുന്നിൽ ഉത്തരം മുട്ടാതിരിക്കാൻ മാമകുഞാവ ബാസിമയെയും കുട്ടികളെയും കൂട്ടിക്കൊണ്ടുവന്നു...അയൽവാസികൾ പലരും വീട്ടിലുള്ളത് കൊണ്ട് ബാസിമ പ്രതികരിച്ചില്ല ..നീറുന്ന നെഞ്ചോടെ അവൾ അതിനോട് പൊരുത്തപ്പെട്ടു .
 ഇരുട്ടിത്തുടങ്ങി.. ട്യൂബ്‌ ലൈറ്റും പലവർണ്ണത്തിലുള്ള മിന്നുന്ന ലൈറ്റും പന്തലിനു പുറത്ത്‌ തെളിഞ്ഞു . ആളുകൾ വന്ന് തുടങ്ങി ...മാമ കുഞ്ഞാവയും പാത്തുട്ടി എളേമയും വരുന്നവരെ സ്വീകരിച്ചു .. പാപ്പയെ എല്ലാവർക്കും പരിജയപ്പെടുത്തി .. കല്യാണപ്പന്തലിൽ ഒപ്പനപ്പാട്ട് മുഴങ്ങി ..അകത്ത് പാത്തുട്ടി എളേമയുടെ മകളും കൂട്ടുകാരികളും പുതുപെണ്ണിനെ നൂറു പവൻ സ്വർണ്ണം ഇട്ട് അണിയിച്ചൊരുക്കി ..കുറച്ച് സമയം പിന്നിട്ടപ്പോൾ ആ കല്യാനത്തിരക്കിനിടയിൽ പാപ്പ യേയും മകളെയും കാണാതായി ...(തുടരും..)






Monday, March 3, 2014

ഭാഗം മുപ്പത്തി ഒന്ന് ,

നാസർ ചൈത്‌ കൂട്ടിയതും അവൻ നാട്‌ വിട്ടതും ബാസിമാക്ക്‌ ഏറെ സങ്കടം നൽകി. പോലീസ്‌ രണ്ട്‌ മൂന്ന് തവണ നാസറിനേയും തിരഞ്ഞ്‌  ബാസിമയുടെ വീട്ടിൽ കയറിയിറങ്ങി.. ബാസിമയും രണ്ട്‌ കുഞ്ഞുങ്ങളും ആ വീട്ടിൽ തനിച്ച്‌ പേടിച്ചിരിന്നു.
കാദർ രക്ഷപ്പെട്ടു.. എങ്കിലും അയാളുടെ ഒരു കാലിനു വലിയ തകർച്ച പറ്റി. കാലിൽ സ്റ്റീൽ ഇട്ടത്‌ കൊണ്ട്‌ അയാൾക്കിനി ഒരുകാലിൻറെ മുട്ട്‌ മടക്കാൻ കഴിയാത്ത രൂപമായി. നബീസുമ്മയുടെ തലക്ക്‌ എട്ട്‌ സ്റ്റിച്ച്‌. വേറെ കര്യമായൊന്നും സംഭവിച്ചില്ല..
നാസർ നാട്‌ വിട്ടതും മറ്റുമറിഞ്ഞ്‌ ബാസിമയുടെ ഉമ്മ നാട്ടിലെത്തി. കുറച്ച്‌ ദിവസത്തിനു വന്നതായിരുന്നു.. വീട്ടിൽ ബാസിമ തനിച്ചാണെന്നും അവളെ ആരുമില്ലാതെ ഇങ്ങനെ തനിച്ച്‌ നിർത്തരുതെന്നും ബാസിമയുടെ ഉമ്മാട്‌ പലരും പറഞ്ഞു. അതിനു ഒരു പോംവഴിയെന്നോണം പാത്തുട്ടി എളേമയേയും ബാഗ്ലൂരിൽ  പഠിച്ചിരുന്ന എളേമയുടെ മകളേയും ബാസിമാക്കും കുഞ്ഞുങ്ങൾക്കും കൂട്ടിനു നിർത്താൻ തീരുമാനിച്ചു. ആ വിവരം മന:പ്പൂർവ്വം ഉമ്മ ബാസിമയിൽ നിന്ന് മറച്ചു വെച്ചു. ഉമ്മ തിരിച്ച്‌ പോകുന്ന അന്ന് മാത്രമാണു വിവരം പറഞ്ഞത്‌. അല്ലെങ്കിൽ ബാസിമ സമ്മതിക്കില്ലന്ന് ഉമ്മക്കറിയായിരുന്നു.
ഉമ്മ തിരിച്ച്‌ പോയി. അടുത്ത ദിവസം പാത്തുട്ടി എളേമയും മകൾ ഫാസിലയും ബാസിമയുടെ വീട്ടിലേക്ക്‌ താമസം മാറി.
ബാസിമയെ തനിച്ച്‌ നിർത്തരുതെന്നും എന്തെങ്കിലും ചെയ്യണമെന്ന് പറഞ്ഞവരിൽ പ്രധാനി പാത്തുട്ടി എളേമ തന്നെയായിരുന്നു. ബാസിമയുടെ പേരിലുള്ള വീടും സ്ഥലവും..എങ്ങനെയെങ്കിലും സ്വന്തമാക്കാനുള്ള അടവ്‌ പതിനെട്ടും പയറ്റുന്നതിനിടെയാണു ഇങ്ങനെ ഒരു അവസരം വീണു കിട്ടിയത്‌ . അത്‌ ശെരിക്കും മുതലെടുക്കാൻ തന്നെ എളേമ തീരുമാനിച്ചു. അതിനുവേണ്ടി ബാസിമയെ എങ്ങനെയെങ്കിലും ഇല്ലാതാക്കാനും എളേമയുടെ മനസ്സ്‌ പാകപ്പെട്ടു കഴിഞ്ഞിരുന്നു. കഥകളൊന്നും അറിയാത്ത മകൾ ഫാസിലയുടെ മനസ്സിലേക്ക്‌ എളേമ വെറുപ്പിൻറെ  വിഷം കുത്തിവെച്ച്‌ ബാസിമയോട്‌ ക്രൂരത കാട്ടാൻ പാകപ്പെടുത്തി.
എളേമയും മകളും കാലത്ത്‌ പത്ത്‌ മണിയാകും എണീക്കാൻ..അപ്പോഴേക്കും ബാസിമ അവർക്കു കഴിക്കാനുണ്ടാക്കണം .അവർക്ക്‌ കുളിക്കാൻ ചൂടു വെള്ളം തയ്യാറാക്കി വെക്കണം. അതിനിടെ തൻറെ രണ്ട്‌ കുട്ടികളുടെ കാര്യം നോക്കണം. ബാസിമ തൻറെ സ്വന്തം വീട്ടിൽ ഒരു വേലക്കാരിയായി മാറി.അവൾക്ക്‌ ജീവിതത്തോട്‌ വെറുപ്പ്‌ തോന്നിത്തുടങ്ങി.
ബാസിമയുടെ ഉമ്മ മാസം മാസം ചിലവിനുള്ള കാശ്‌ എളേമയുടെ പേരിലാണു അയച്ച്‌ കൊടുക്കുക. കാശ്‌ കിട്ടിയാൽ അത്‌ ഇഷ്ടം പോലെ എളേമ ചിലവാക്കും. വീട്ടിലേക്ക്‌ സാധനങ്ങൾ വാങ്ങിക്കുന്നത്‌ കുറവായി.. പലപ്പോഴും എളേമയും മകളും പുറത്ത്‌ പോയി ഭക്ഷണം കഴിച്ച്‌ വരും. ചിലപ്പോഴൊക്കെ ബാസിമ പട്ടിണിയിലാകും.


നല്ലവരായ അയൽ വാസികൾ കുട്ടികളെ കളിപ്പിക്കാൻ എടുത്ത്കൊണ്ടു പോകും.അത്‌ കൊണ്ട്‌ കുട്ടികൾക്ക്‌ ഭക്ഷണം അങ്ങനെ കിട്ടിയിരുന്നു. എളേമയും മകളും ഉള്ളത്‌ കൊണ്ട്‌ ബഷീറിൻറെ വരവ്‌ വളരെ കുറഞ്ഞു. എപ്പോഴും ദൂരയാത്രയിലായിരിക്കും ബഷീർ.
ഇതിനിടെ പണ്ട്‌ മലേഷ്യയിലേക്ക്‌ പോയ പാത്തുട്ടി എളേമയുടെ ഒരു സഹോദരൻ അയാളു പ്രായമായ മകളുമായി നാട്ടിലെത്തി.. തൻറെ മകളുടെ കല്യാണം നാട്ടിൽ വെച്ച്‌ നടത്താനുള്ള ആഗ്രഹവുമായാണു അയാൾ വന്നത്‌. അയാളെ എല്ലാവരും പാപ്പ എന്നായിരുന്നു വിളിച്ചിരുന്നത്‌. ബാസിമ അയാളെ ജീവിതത്തിൽ ആദ്യമായാണു കാണുന്നത്‌.. പാപ്പയുടെ ഭാര്യ മലായക്കാരിയാണു. അവർ കുറച്ച്‌ മുമ്പ്‌ മലേഷ്യയിൽ മരണപ്പെട്ടു. പാപ്പക്ക്‌ ആകെ ഒരു മകൾ മാത്രമേയുള്ളു.. പാത്തുട്ടി എളേമ ബാസിമയുടെ വീട്ടിലായത്‌ കൊണ്ട്‌ പാപ്പയും മകളും അവടെ തന്നെയാണു താമസിച്ചത്‌. മകളുടെ വിവാഹവും ആ വീട്ടിൽ വെച്ച്‌ നടത്താൻ തീരുതീരുമാനിച്ചു.
വിവാഹം തൻറെ വീട്ടിൽ വെച്ച്‌ നടത്താൻ ബാസിമ പക്ഷെ സമ്മതിച്ചില്ല. ബുഷറയുടെ മരണം കഴിഞ്ഞ്‌ ഒരാണ്ട്‌ തികഞ്ഞിട്ടില്ല എന്ന് പറഞ്ഞായിരുന്നു ബാസിമ എതിർത്തത്‌.. അതിൻറെ  പേരിൽ പാത്തുട്ടി എളേമയും ബാസിമയും വഴക്കിട്ടു..
"ങ്ങളെന്തോക്കെ പറഞ്ഞാലും ഇത് ഞാ.. സമ്മയ്ക്കൂലാ ..."
"ഇയ്യെന്താ ബാസിമാ ഇങ്ങനെ ..ഒരു പെണ്‍കുട്ടീടെ മംഗലത്തിൻറെ കാര്യല്ലേ ...അൻറെ ബുഷറാടെ കാര്യം പോലെ അണക്കിത് സമ്മയ്ച്ചൂടെ ..."
"ങ്ങക്ക് വേണങ്കി ഇങ്ങളെ വീട്ടില് നടത്തിക്കൊളീ ..."
"ആഡീ ...., അൻറെന്ന് ക്ക് ഇതന്നെ കിട്ടണം ...അണക്കും കുട്ട്യോൾക്കും ഒരു കൂട്ടിനു വന്ന് കിടക്കണതിൻറെ നന്ദി ...ല്ലേ ..!!!,,അൻറെ ഉമ്മാനെ ആലോയിച്ചാ അൻറെ വർത്താനോം കേട്ട് ഇവടെ നിക്കണത് ...."
പാത്തുട്ടി എളേമ തൻറെ പതിവ് പൂങ്കണ്ണീർ പുറത്തെടുത്തു ..
"ൻറെ ആങ്ങള എത്ര കൊല്ലം കയിഞ്ഞ് വന്നതാ ..ന്നിട്ടിപ്പോ അൻറെ കാരണം
ഞാ.. നാണം കെട്ടില്ലെ ..."
ആ സംഭവത്തിനു ശേഷം ബാസിമയെ എളേമ കൂടുതൽ കഷ്ടപ്പെടുത്താൻ തുടങ്ങി ..ബാസിമാക്ക് ഭക്ഷണം കൊടുക്കാതെ എളേമ അവളെ  പട്ടിണിക്കിട്ടു.. പാപ്പയും മകളുമായി എളേമയും മകളും പുറത്ത്‌ പോയി ഭക്ഷണം കഴിച്ച്‌ വരും.. വിശന്ന് കരയുന്ന കുട്ടികളെ പോലും എളേമ വകവെച്ചില്ല ..നേരാവണ്ണം ഭക്ഷണമില്ലാതെ ബാസിമ തളർന്നു.
രണ്ട്‌ ദിവസം കഴിഞ്ഞപ്പോൾ പാത്തുട്ടി എളേമ ബാസിമയെ ഗ്ലൂക്കോസ്സ്‌ കയറ്റാനെന്നും പറഞ്ഞ്‌ ആശുപത്രിയിലേക്ക്‌ കൊണ്ടുപോയി..ബാസിമയെ കൊണ്ടു പോയത്‌ മെൻറെൽ  ഹോസ്പിറ്റലിലേക്കാണന്ന് അവളറിഞ്ഞില്ല.. ....(തുടരും )