Saturday, November 30, 2013

ഭാഗം പത്ത് ,

   സ.കോയാമു പറഞ്ഞത്കേട്ട് എല്ലാവരും ചിരിച്ചു .
യാത്ര പറഞ്ഞ് തൻറെ സഹോദരങ്ങൾ പടികടന്ന് പോകുന്നത്  ബാസിമ നിറകണ്ണുകളോടെ നോക്കിനിന്നു . തൻറെ വേദനകളും സങ്കടങ്ങളും അവരാരും  അറിഞ്ഞില്ല എന്ന സമാധാനവും അവളുടെ ഉള്ളിലുണ്ടായിരുന്നു .
                കാദറിന്റെ സഹോദരി സുഹറയുടെ വിവാഹം കഴിഞ്ഞു .അതോടെ സുഹറയെ കൊണ്ടുള്ള ദുരിതങ്ങൾ ഒഴിഞ്ഞു കിട്ടിയെന്ന് ബാസിമ സമാധാനിച്ചു .മറ്റൊരു സഹോദരി കോളേജിൽ പോകുന്നത്കൊണ്ട് കാദറിന്റെ പീഡനവും നബീസുമ്മാടെ വഴക്കുപറച്ചിലും സഹിച്ചാൽ മതി .
ബാസിമ ഗർഭിണിയായതിനു ശേഷം കാദറിൽ നിന്ന് ഉപദ്രവം കുറവാണെങ്കിലും സ്നേഹത്തോടെയുള്ള ഒരു വാക്കോ നോട്ടമോ കിട്ടാറില്ല .എന്തിന് ! ഒരു ഗർഭിണിക്ക്‌ കിട്ടേണ്ട പരിഗണനയോ, സംരക്ഷണമോ,വേണ്ടുവിധത്തിലുള്ള ചികിത്സയോ ബാസിമാക്ക് ആ വീട്ടിൽ നിന്ന് കിട്ടിയില്ല .  കുഞ്ഞിൻറെ ആരോഗ്യവും വളർച്ചയും എന്താകുമെന്ന വ്യാദി ബാസിമാക്ക് ഉണ്ടായിരുന്നു . പലപ്പോഴും  ഡോക്ടറെ കാണാൻ ബാസിമ തനിച്ചാണ് പോകാറ് .വല്ലപ്പോഴും നബീസുമ്മ കൂടെ പോയെങ്കിലായി . ഒരിക്കൽ പോലും കാദർ കൂടെപോയിട്ടില്ല !. പലരാത്രികളിലും കാദർ വീട്ടിൽ തന്നെ വരാറില്ല . താൻ തനിച്ചാകുന്ന രാത്രികളിലെല്ലാം കാദർ തൻറെ കാമുകിക്ക് കൂട്ടായിരിക്കുമെന്ന് ബാസിമാക്ക് അറിയാമായിരുന്നു . പെണ്ണായി പോയെന്ന ഒരൊറ്റ കാരണത്താൽ .. വിധി ,സഹനം .. എന്ന രണ്ടുവാക്കുകൾ അവൾ നെഞ്ചോട് ചേർത്തുവെച്ചു .കരയാൻ കണ്ണുകളിൽ കണ്ണുനീരില്ലെങ്കിലും കരയാതിരിക്കാൻ അവളെ കണ്ണുകൾ അനുവദിച്ചില്ല .
                  തനിച്ചുള്ള ആശുപത്രി യാത്രകൾക്കിടെ ഒരിക്കൽ കണ്ടുമുട്ടിയതാണ് ബാസിമ 'കാർത്തിക'യെ .പലപ്പോഴായുള്ള കണ്ടുമുട്ടലുകളും പരസ്പര വിശേഷ കൈമാറലുകളുമായി അവർതമ്മിൽ നല്ലൊരു  കൂട്ടായി .തൻറെ വേദനകൾ പങ്കുവെക്കാൻ ഒരു കൂട്ടുകിട്ടിയപ്പോൾ ബാസിമാക്ക് അതൊരു ആശ്വാസമായി .കാർത്തികയുടെ ഭർത്താവ് മൂന്നുമാസത്തിലൊരിക്കൽ നാട്ടിൽ വരുന്ന തമിഴ്നാട്ടിലെ ഒരു കച്ചവടക്കാരനാണ് .ബാസിമാക്ക് ആശ്വാസവാക്കുകൾക്കൊപ്പം കാർത്തിക പണമായും സഹായം ചെയ്തു .
രാത്രി 11 മണിക്ക് കാദർ വീട്ടിൽ കയറിവന്നു . അയാളുടെ ദേഹത്ത്നിന്നും കാമുകിയുടെ മണം വിട്ടിട്ടില്ലായിരുന്നു .ബാസിമ ക്ഷീണം കൊണ്ട് നന്നായി ഉറങ്ങിപ്പോയി . "ബാസിമാ ..." കാദറിന്റെ ശബ്ദം കേട്ട് ബാസിമ ഞെട്ടിയുണർന്നു ."ക്ക് കുളിക്കാൻ വെള്ളം വേണം " ബാസിമാക്കിത് മാസം ആറാണ് . എങ്കിലും അവൾ എഴുന്നേറ്റ് രണ്ടു ബക്കറ്റുമായി കിണറ്റിൻകരയിലേക്ക് പോയി .രണ്ട്ബക്കറ്റ് വെള്ളം നിറച്ച് കാദറിനു കുളിക്കാൻ ബാത്ത്റൂമിൽ കൊണ്ട്വെച്ചപ്പോഴേക്കും അവൾ ക്ഷീണിച്ചു .അവൾക്ക് അടിവയറിൽ വേദന അനുഭവപ്പെട്ടു .അവൾക്കു തലച്ചുറ്റുന്നത്  പോലെ തോന്നി ....(തുടരും )








Thursday, November 28, 2013

ഭാഗം ഒമ്പത് .,

വീടിൻറെ ഉമ്മുറത്ത് കാദറിന്റെ ഉമ്മ നബീസുമ്മ കാലും നീട്ടിവെച്ച് കീറിപ്പോയ അടിപ്പാവാട തുന്നിക്കൂട്ടുന്ന പണിയിലായിരുന്നു .സ.കോയാമൂനെയും കുട്ടികളെയും കണ്ടപ്പോൾ കാൽമുട്ടോളം കയറ്റിവെച്ച പുള്ളിമുണ്ട്‌ ഇറക്കിയിട്ടു .
 "അള്ളാ ...ആരോക്കിത് ..ഇങ്ങക്ക് ഈ വീടൊക്കറിയ്യോ ..."  നബീസുമ്മാടെ വാക്കുകളിൽ തേനും പാലും ഒഴുകുന്ന പോലെ തോന്നിയെങ്കിലും ..,ചുണ്ടിൻറെ കോണിലൂടെ മുറുക്കാൻ നീരാണ് ഒലിച്ചിറങ്ങിയത് .. തുന്നിക്കൂട്ടിയ പാവാട ചുരുട്ടിമടക്കി അപ്പുറത്ത് വെച്ച് സ.കോയാമൂനും കുട്ടികൾക്കും ഇരിക്കാൻ കസേരകൾ നിരത്തിയിട്ടു . സ.കോയാമും കുട്ടികളും സന്തോഷിച്ചു . ബാസിമ നല്ലൊരു വീട്ടിലാണല്ലോ കഴിയുന്നതോർത്ത് .
വടക്കുപുറത്ത്നിന്നും ഓടിക്കിതച്ച് ബാസിമ ഉമ്മറത്തേക്ക് വന്നു .സഹോദരങ്ങളെ കണ്ടപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു .ഒന്ന് പൊട്ടിക്കരയാൻ അവള്കൊതിച്ചെങ്കിലും എല്ലാം ഒള്ളിലോതിക്കി . "അണക്കിപ്പോ പള്ളെണ്ട്ട്ടാ ബാസിയേ ... ങ്ങനെ കിടന്ന് ഓടല്ലേ ...യ്യ് സംസാരിച്ച് നിക്ക് ഞാൻ പോയി ചായെടുത്ത് വരാ .." അമ്മായിമ്മ ഒരുനിമിഷം കൊണ്ട് ഉമ്മയായി മാറിയത് കണ്ട്‌ ബാസിമ അതിശയിച്ചു . ബഷീർ ഒരു മുതിർന്ന ആളെപോലെ കസേരയിൽ ഞെളിഞ്ഞിരിന്നു . നാസറിനെയും ബുഷറയേയും ബാസിമ അകത്തെ മുറിയിലേക്ക് കൂട്ടികൊണ്ട് പോയി . അവർ വിശേഷങ്ങൾ പരസ്പരം പങ്കുവെച്ചു .ബാസിമ തൻറെ സങ്കടങ്ങൾ മാത്രം അവരോട് പറഞ്ഞില്ല .
പുറത്ത് സ.കൊയാമു ബഷീറിനു പാർട്ടിക്ലാസ് കൊടുത്തു കൊണ്ടിരിക്കുന്നു .  "അനക്കറിയ്യോ ഞാനും സ.ഇ എം എസ്സും ഒരുമിച്ച് ലോക്കപ്പിലോക്കെ കിടന്നീണ്ട് .. " ഇത് കേട്ട് ബഷീറോന്നു ചിരിച്ചു . "ങ്ങള് ലോക്കപ്പില് കിടന്നകഥ ഞാനും കേട്ടീണ്ട് ..അത് ങ്ങള് അപ്പറത്തെ പറമ്പീന്ന് തേങ്ങ കട്ടതിനല്ലേ .." ഇത് കേട്ട് സ.കോയാമു ബഷീറിനെ ഒന്ന് തുറിച്ച് നോക്കി .  "ആണോ ..അങ്ങനാണോ .. ഓർമ്മല്ലാ മോനേ ..പ്രായായില്ലേ ..."
ഈ സമയത്താണ് കാദർ അങ്ങോട്ട്‌ കയറി വരുന്നത് .കാദറിനെ കണ്ടപ്പോൾ രണ്ടുപേരും എണീറ്റു . "ഇരിക്കിരിക്ക് ...എപ്പളാ വന്നത് .."
"കുറച്ചേരായിട്ടുള്ളു .."
"ഉം " ഒന്ന് മൂളിക്കൊണ്ട് കാദർ അകത്ത്പൊയി . അടുക്കളയിൽ നബീസുമ്മ ചായകൂട്ടുന്നുണ്ടായിരുന്നു .
"അൻറെ ബന്ധുക്കാരെ കണ്ടില്ലേ ..ആ കൂത്തിച്ചീടെ ബാക്കി കൊറേ പണ്ടാരങ്ങള് .."  കാദർ ഒന്ന് മൂളിക്കൊണ്ട് ചായ വാങ്ങി ഉമ്മറത്തേക്ക് പോയി . അപ്പോഴേക്കും ബാസിമയും നാസറും ബുഷറയും അങ്ങോട്ട്‌ വന്നു . ബുഷറയെ കണ്ടപ്പോൾ കാദർ അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു .. "ഇവള് വല്യകുട്ടിയായല്ലോ ..ഞമ്മക്ക് ഇവളെ പിടിച്ച് കെട്ടിച്ചാലാ ..." ഇത് കേട്ട കോയാമു പറഞ്ഞു .
"ഓൾക്ക് ഓളെ തുണിയും കുപ്പായോ ഒറ്റക്ക് ഒന്ന് ഇടാൻ പഠിക്കട്ടെ കാദറേ ... ഇന്നിട്ട് പോരെ " ( തുടരും )



Tuesday, November 26, 2013

ഭാഗം എട്ട് ,

                     താൻ ഗർഭിണിയാണെന്നറിഞ്ഞാൽ ഏത് പെണ്ണും ആഹ്ലാദിക്കും . പക്ഷെ ബാസിമ സന്തോഷിച്ചില്ല !. കുഞ്ഞിനെ നശിപ്പിച്ചാലോ എന്ന് വരെ അവൾ ചിന്തിച്ചു . ബാസിമാക്ക് കുഞ്ഞുങ്ങളെ ഇഷ്ടമില്ലഞ്ഞിട്ടല്ല , ഈ നരഗ ജീവിതത്തിലേക്ക് ഒരു കുഞ്ഞിനെ കൂടി കൊണ്ടുവരണോ എന്നവൾ ചിന്തിച്ച്പോയി .
 ബാസിമ ഗർഭിണിയാണെന്നറിഞ്ഞതിൽ പിന്നെ കാദർ അവളുമായി ബന്ധപ്പെടാൻ ചെന്നിട്ടില്ല !... അവളെ ക്രൂരമായി മർദ്ധിച്ചിട്ടില്ല !.... ബാസിമാക്ക് വലിയ അത്ഭുതം തോന്നി . അവൾ ആ കുഞ്ഞിനെ പ്രസവിക്കാൻ തന്നെ തീരുമാനിച്ചു . കാദറിനു കുഞ്ഞുങ്ങളെ വലിയ ഇഷ്ടമാണ് . ആ വരാൻ പോകുന്ന കുഞ്ഞിനോടുള്ള ഇഷ്ടം കണ്ടപ്പോൾ ബാസിമാക്ക് സമാധാനമായി . ഒരു പക്ഷെ ഈ കുഞ്ഞു ജനിക്കുന്നതോടെ കാദറിനു തന്നോടുള്ള ദേഷ്യം മാറി പതിയെ തന്നെ സ്നേഹിച്ച് തുടങ്ങുമെന്ന് ബാസിമ വെറുതെയെങ്കിലും ആശിച്ച്പോയി .
ബാസിമയുടെ വിവാഹവും കഴിഞ്ഞ് ഉമ്മ ഗൾഫിലേക്കും പോയതിന് ശേഷം ബാസിമയുടെ സഹോദരങ്ങൾ തിരിച്ച് വീണ്ടും അനാദാലയത്തിലേക്ക് തന്നെ തിരിച്ചിരുന്നു . വാടകവീട് താൽകാലികമായി ബാസിമയുടെ ഉപ്പാടെ അടുത്ത സുഹൃത്തായ സഖാവ് കൊയാമുവിന് കൊടുത്തു . സഖാവെന്ന പട്ടം  നാട്ടുകാർ ചാർത്തികൊടുത്തത് പാർട്ടിയിൽ അംഗമായാത് കൊണ്ടല്ല .മൂപ്പര് ജീവിതത്തിൽ ചെങ്കൊടി കൈകൊണ്ട് തൊട്ടിട്ടില്ല !. ബാസിമയുടെ ഉപ്പ ജീവിച്ചിരുന്ന കാലത്തോളം കോയാമു ഒരു വാല് പോലെ എന്നും കൂടെയുണ്ടായിരുന്നു . തലക്ക് ഒരൽപം വെളിവ് കുറവായത് കൊണ്ടാകണം ,ബാസിമയുടെ ഉപ്പ കോയാമുനെ പാർട്ടിയിൽ കൂട്ടാതിരുന്നതും . നല്ല ബുദ്ധിയെന്ന് കരുതി മൂപ്പര് ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് വിഡ്ഢിത്തരമായിരിക്കും . അത്രേ കുഴപ്പമുള്ളൂ .... കൊയാമു തനിച്ചാണ് . വിവാഹം കഴിച്ചിട്ടില്ല .കുടുംബങ്ങളായി ആരുമില്ല .
ബാസിമയുടെ സഹോദരങ്ങളായ ബഷീറും ,നാസറും,ബുഷറയും താത്ത ഗർഭിണിയായതറിഞ്ഞ് ഏറെ സന്തോഷിച്ചു . ബാസിമയെ കാണാൻ അവർ മൂവരും അനാദാലയത്തിനിന്നും അവരുടെ വാടകവീട്ടിൽ പോയി . സഖാവ് കോയാമുവിനെ കണ്ട് ബാസിമയെ കാണാൻ പോകാൻ തങ്ങൾക്ക് ക്കൂട്ടിന് വരാൻ അവിശ്യപ്പെട്ടു .  സ .കോയാമു സമ്മതിച്ചു .അങ്ങനെ അവർ ബസ്സിൽ പതിനഞ്ച് കിലോമീറ്റർ അകലെയുള്ള ബാസിമയുടെ വീട്ടിലേക്ക് പുറപ്പെട്ടു .
"എവ്ട്ക്കാ സഖാവേ ..." ബസ്സിൽ ഒരു പരിജയക്കാരൻ കോയാമുവിനെ കണ്ടപ്പോൾ ചോദിച്ചു . " ഈ കുട്ട്യോളെ താത്താക്ക് ഗർഭണ്ടായി ..ഇന്നോട് കൂട്ടിന് ചെല്ലാൻ പറഞ്ഞു .." കോയാമു പറഞ്ഞത് കേട്ട ബസ്സിലെ ചിലർ വായപൊത്തി ചിരിച്ചു . കൂടെ ബഷീറും ,നാസറും,ബുഷറയും ചിരിച്ചു . ആളുകൾ ചിരിച്ചത് എന്തിനെന്നറിയാതെ സ.കോയാമു കണ്ണും മിഴിച്ച് ചുറ്റും നോക്കി .
ബസ്സ്‌ കാദറിന്റെ വീടിനു മുന്നിലുള്ള ബസ്റ്റൊപ്പിൽ നിന്നു .കോയാമും കുട്ടികളും ബസ്സിറങ്ങി കാദറിന്റെ വീടിൻറെ പടികയറി ചെന്നു ... (തുടരും )