Friday, November 22, 2013

ഭാഗം ഏഴ് ,

കണ്ണുകൾ തുടച്ച് ബാസിമ അടുക്കളയിലെ ഓരോ പണികൾ ചെയ്യാൻ തുടങ്ങി ..
പുറത്ത് നല്ല മഴപെയ്യുന്നത് കണ്ടപ്പോൾ ബാസിമ തലേന്ന് തെക്കേ ഭാഗത്തെ രണ്ടുതെങ്ങിൽ വലിച്ച്കെട്ടിയ അയലിൽ തോരയിട്ട തുണികൾ എടുക്കാൻ പുറത്തേക്ക് ഓടി .. തുണികൾ മഴകൊണ്ട് നഞ്ഞിരുന്നു .. അയലിൽ നിന്ന് തുണികൾ ഓരോന്ന് വലിച്ചെടുത്ത് വാരിക്കൂട്ടി അകത്തേക്ക് ഓടി ... അപ്പോഴാണ്‌ പുറത്തെ കോലായിൽ നിന്ന് വലിയ സംസാരം കേട്ടത് . ബാസിമ അടുത്തുള്ള മുറിയിൽ നിന്ന് കോലായിലെ സംസാരം ശ്രദ്ധിച്ചു . കാദറും ബാസിമയുടെ മാമ കുഞായിയും തമ്മിലായിരുന്നു സംസാരം .. ബാസിമാക്ക് മൂന്ന് മാമന്മാരുണ്ടായിരുന്നു . അതിൽ രണ്ടുപേർ മരണപ്പെട്ടു . ഇനി ആകെ കുഞ്ഞായി എന്ന ഈ മാമയും പാത്തുട്ടി എന്ന ഒരു എളേമയും മാത്രമേ ഉമ്മയുടെ കുടുംബക്കാരയിട്ടുള്ളൂ .. ബാസിമയുടെ ഉമ്മയുടെ കത്ത് വല്ലപ്പോഴേ ഉണ്ടാകൂ .. അതും മാമയുടെ അഡ്രസ്സിലേ വരൂ . അങ്ങനെ വന്ന ഒരു കത്തുമായി വന്നതായിരുന്നു ബാസിമയുടെ മാമ കുഞ്ഞായി .
തർക്കം കാദറിനു കല്യാണത്തിന് മുംബ് വാഗ്ദാനം ചെയ്ത ജോലിയെ ചൊല്ലിയായിരുന്നു . തർക്കം മൂത്തപ്പോൾ പിന്നെ കയ്യാങ്കളിയായി .. കാദറിന്റെ ഉമ്മയും രണ്ടു സഹോദരികളും ബാസിമയുടെ മാമയെ കാദർ തല്ലുന്നത്‌ നോക്കിനിന്ന് ചിരിച്ചു . ഇത് കണ്ട് സഹിക്കാൻ കഴിയാതെ ബാസിമ പുറത്തേക്ക് ഓടി വന്നു ..  " ങ്ങളൊക്കെ ക്കൂടി എന്തീ കാട്ടുന്ന് ... ൻറെ മാമാനെ വിട് .." അവൾ കാദറിൽ നിന്ന് മാമനെ രക്ഷിക്കാൻ ശ്രമിച്ചു . ഇത്കണ്ട് അരിശംമൂത്ത കാദർ ബാസിമയുടെ മുടിയിൽ ചുറ്റിപ്പിടിച്ച് തല ചുമരിൽ ഇടിച്ചു . അവളുടെ നെറ്റി പൊട്ടി ചോര വാർന്നൊലിച്ചു . "കൊടുക്കടാ ആ നായിൻറെ മോൾക്ക് ഒന്നൂടി .." കാദറിന്റെ ഉമ്മ അലറി . കാദർ ഉമ്മയുടെ വാക്കുകൾ അതേപടി സ്വീകരിച്ചു .. ബാസിമയുടെ കവിളും ചുണ്ടും ചുമരിൽ വന്നടിച്ചു ... കാദറിന്റെ ഒരു ചവിട്ട് കൊണ്ട് കുഞ്ഞായി മുറ്റത്തേക്ക്‌ തെറിച്ച് വീണു ... "മോളേ യ്യീ  നെരകത്തീന്ന് എങ്ങനേലും രക്ഷപ്പെട്ടോ ..." അവിടെ നിന്നും ഓടി രക്ഷപ്പെടുമ്പോൾ കുഞ്ഞായി ബാസിമയോട് വിളിച്ച് പറഞ്ഞു .
ബഹളം കേട്ട് ചുറ്റുവട്ടത്തുള്ളവർ ഓടിക്കൂടി .. അയൽവാസികളെ കണ്ട കാദർ കഥയുടെ കളം മാറ്റി .. ബാസിമയുടെ മാമ കള്ള് കുടിച്ച് വന്ന് ബാസിമയെ ഉപദ്രവിച്ചു എന്നാക്കി കഥ .. അയൽവാസികൾ കൂടിയത് കൊണ്ടുമാത്രം കാദർ ബാസിമയെ ആശുപതിയിൽ കൊണ്ടുപോയി .. പരിശോദനക്കൊടുവിൽ ഡോക്ടർ ഒന്നുകൂടി പറഞ്ഞു ....  ബാസിമ ഗർഭിണിയാണ് ....!.... (തുടരും )


Wednesday, November 20, 2013

ഭാഗം ആറ് ,

...... അയാളുടെ ചുണ്ടിൽ എരിഞ്ഞുകൊണ്ടിരുന്ന സിഗരറ്റ് ബാസിമയുടെ നഗ്നമായ മാറിൽ കുത്തി അയാൾ രസിച്ചു .. ബാസിമ വേദനകൊണ്ട് പുളഞ്ഞു . പുതപ്പിന്റെ തല കടിച്ച് ശബ്ദം പുറത്ത് വരാതെ അവൾ കരഞ്ഞു . വേദന സഹിക്കാൻ കഴിയാതെ അവൾ കട്ടിലിൽ നിന്നെണീറ്റ് ആ മുറിക്കുള്ളിൽ ഓടി ... കാദർ സിഗരറ്റുമായി ബാസിമയുടെ പുറകെ .. അവൾ സ്വന്തം ജീവിതം അർപ്പിച്ച തൻറെ ഭർത്താവെന്ന ആ കാട്ടാളനു മുന്നിൽ കൈകൂപ്പി .. " ഇക്കാ ന്നെ ഉപദ്രവിക്കല്ലേ ..ഞാനെന്ത് തെറ്റാ ഇങ്ങളോട് ചെയ്തേ ..അള്ളാ ...ൻറെ  ഉമ്മാ ... " ബാസിമയുടെ കണ്ണീരിനോന്നും കാദറിന്റെ മനസ്സിളക്കാൻ ശക്തിയില്ലായിരുന്നു . രണ്ട് മാറിലും സിഗരറ്റിന്റെ പൊള്ളലേറ്റ് പിടഞ്ഞു കരയുന്ന ബാസിമയെ കാദർ കോരിയെടുത്ത് കട്ടിലിലേക്ക് എറിഞ്ഞു . ആ മുറിവിട്ട്‌ കാദർ പുറത്തിറങ്ങുമ്പോൾ ബാസിമ എന്ന നിസ്സഹായയായ പാവം പെണ്‍കുട്ടിയെ രണ്ടു തവണ ബെന്ധപ്പെട്ടുകഴിഞ്ഞിരുന്നു .
കാലത്ത് എണീറ്റാൽ മുറ്റമടി ബാസിമക്കുള്ളതായിരുന്നു . കാദറിനു രണ്ടു സഹോദരിമാരുണ്ട് .ഒരാൾ പഠിക്കുന്നു .മൂത്തയാൾ കല്യാണം കഴിക്കാനായി നിൽക്കുന്നു . രണ്ടുപേരും ബാസിമ ആ വീട്ടിൽ കാലെടുത്ത് വെച്ചതിന് ശേഷം മുറ്റവും അടിച്ചിട്ടില്ല അടുക്കളയിലും കയറിയിട്ടില്ല . എല്ലാ ദുരിതങ്ങളും ബാസിമക്ക് മാത്രം ! . മുറ്റമടിക്കാൻ കുമ്പിടാൻ ബാസിമാക്ക് കഴിഞ്ഞില്ല . മാറിലെ നീറ്റലും വേദനയും അപ്പോഴും ഉണ്ടായിരുന്നു . ഏറെ കഷ്ടപ്പെട്ട് ബാസിമ മുറ്റമടിച്ച് തീർത്തു . ചൂൽ ഒന്ന് മുറുക്കികെട്ടി കോഴിക്കൂടിൻറെ ഒരരികത്ത് ചേർത്ത് വെച്ച് മേക്സിയൊന്ന് കയറ്റികുത്തി ബാസിമ അടുക്കളയിലേക്ക് കയറുമ്പോൾ കോലായിൽ കാദറിന്റെ ഉമ്മ നബീസുമ്മ ഇരിപ്പുണ്ടായിരുന്നു . "ബാസിയേ ..." വാതിൽപ്പടി കടന്ന് അകത്ത് കയറുന്ന ബാസിമയെ നബീസുമ്മ വിളിച്ചു . " എന്തുമ്മാ .." വതിൽപ്പടിയിൽ നിന്ന്കൊണ്ട് തലയൊന്ന് ചെരിച്ച് ബാസിമ വിളികേട്ടു ..  "യ്യറിഞ്ഞാ ... നമ്മടെ സൂറാക്ക് ഒരാലോജന വന്നീണ്ട് ... " ഉമ്മയുടെ വിളിയും വിശേഷം പറച്ചിലും കേട്ടപ്പോൾ ബാസിമ അതിശയിച്ചു . ഇത്ര സ്നേഹത്തിൽ ബാസിമ ആദ്യമായാണ് കേൾക്കുന്നത് . " സൂറാക്ക് പല ആലോജനേം ബന്നത് അനക്കറിയ്യാലോ .. ഇത് എന്തായാലും നടക്കണം .. "ബാസിമ ഒന്ന് മൂളിക്കൊടുത്തു. നബീസുമ്മ മുറുക്കാൻ വായിലിട്ടുകൊണ്ട് പറഞ്ഞു  "അൻറെ സ്വർണ്ണം എല്ലാം ൻറെ കയ്യീ തന്നോ .. അനക്കിപ്പെന്തിനാ സ്വർണ്ണം ...അൻറെ കല്യാണോം കയിഞ്ഞ് ഇയ്യ് സുഖായിട്ട് ജീവിക്കുന്നില്ലേ .. അത്പോലെ ഓളും ജീവിക്കട്ടേ ...മ്മ് മ്മ്  ഇയെന്താ ഒന്നും പറയാത്തത് "  അറിയാതെ വാർന്നൊലിച്ച കണ്ണീർ തട്ടംകൊണ്ട് തുടച്ച് ബാസിമ പറഞ്ഞു . " സ്വർണ്ണം ഇങ്ങേളിടുത്തോളി ... ഞാൻ സന്തോഷത്തോടെ ജീവിക്കിണ്ടല്ലോ ... ക്ക് ഇതിലും ബലിയ ഒരു സ്വർഗ്ഗം ഞ് കിട്ടാല്ലാ...." വാക്കുകൾ അവസാനിക്കുമ്പോഴേക്കും ബാസിമയുടെ ശബ്ദമിടറി . ബാസിമ അടുക്കളയിലേക്ക് ഓടി .. പാത്രം കഴുകുന്ന ടാപ്പ്‌ തുറന്ന് അവൾ തേങ്ങി കരഞ്ഞു ........ (തുടരും )





Sunday, November 17, 2013

ഭാഗം അഞ്ച് ,

                          കുറച്ച് സമയം പിന്നിട്ടപ്പോൾ കാദറിന്റെ ഉമ്മ നബീസുമ്മ മുറിയിലേക്ക് കടന്ന് വന്നു . അമ്മായിയമ്മയെ കണ്ട ബാസിമ കണ്ണുകൾ തുടച്ച് കട്ടിലിൽ നിന്ന് എണീറ്റു .  "എന്ത്യേ മോളെ ഓന് .." ബാസിമ അറിയില്ലന്ന മട്ടിൽ തലയാട്ടി . " അണക്കെന്താ ൻറെ മോനെ പിടിച്ചീലെ ... നേരം ബെളുക്കുമ്പോ തന്നെ ഓന് എങ്ങടാ പോയേ .. ഒറ്റ രാത്രിയോണ്ട് ഇയ്യ് ഓനെ ആകെമാറ്റിക്കളഞ്ഞല്ലോ .." ഇതും പറഞ്ഞ് നബീസുമ്മ പോയി . എന്തോ മുനവെച്ചുള്ള സംസാരമായാണ് ബാസിമാക്ക് തോന്നിയത് .
ബാസിമയെ കാദറിനു കെട്ടിക്കുമ്പോൾ നുള്ളിപ്പെറുക്കിയ പണ്ടോം പണോം മാത്രമായിരുന്നില്ല വാഗ്ദാനം .കാദറിനു ഒരു ജോലി കൂടി പറഞ്ഞിരുന്നു . ബാസിമയുടെ കുഞ്ഞായി എന്ന ഒരു മാമയയിരുന്നു ഇക്കാര്യം വാക്ക് കൊടുത്തത് . അതും കല്യാണത്തിന് മുംബ് തരപ്പെടുത്താമെന്നയിരുന്നു . കല്യാണം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടു . കല്യാണപ്പിറ്റെന്നു മുതൽ ഇതിൻറെ പേരിലല്ലങ്കിലും ബാസിമ കാദറിന്റെ ഉമ്മയിൽ നിന്നും കാദറിൽ നിന്നും കുത്തുവാക്കുകളും അവഗണനയും നേരിട്ട് കൊണ്ടിരുന്നു .  ബാസിമ കാദറിനെ ഒരാഴ്ചക്കുള്ളിൽ കണ്ടതാവട്ടെ ആകെ മൂന്നു ദിവസം മാത്രം .അതും രാത്രിയിൽ ,ബെന്ധപ്പെടാൻ മാത്രം . കാദറിന്റെ ആർത്തിയും ആവേശവും കെട്ടടങ്ങും വരെ . അത് കഴിഞ്ഞാൽ അയാൾ ഒരു വേശ്യയെ ഉപേക്ഷിച്ച് പോകുന്ന മട്ടിൽ അപ്പുറത്തെ മുറിയിൽ ചെന്ന് കിടക്കും . ബാസിമയുടെ സങ്കടങ്ങൾ പറയാൻ ആകെ ഉള്ളത് ഉമ്മയാണ്‌ .കല്യാണം കഴിഞ്ഞ് മൂന്നിൻറെന്ന് ഉമ്മ ഗൾഫിലേക്ക്  തിരിച്ചു .
ദിവസങ്ങൾ കടന്ന് പോകുന്നത് ബാസിമ ശരിക്കും അറിയുന്നുണ്ടായിരുന്നു . ഓരോ ദിവസവും വിത്യസ്ത  വേദനകളും സങ്കടങ്ങളും ... രാത്രിയിൽ മാത്രം ഒരേ അനുഭവം . കാദറിന്റെ ബലാൽത്സംഗവും വർന്നൊലിക്കുന്ന കണ്ണീരും ..... ഒരുദിവസം പോലും ബാസിമ അയാൾക്ക് മനസ്സറിഞ്ഞ് വഴങ്ങിയിട്ടില്ല . പുരുഷഹങ്കാരമെന്ന ആ മാംസപേശികളുടെ ബലത്തിന് മുന്നിൽ ബാസിമ കീഴ്പ്പെടുകയായിരുന്നു . വിശപ്പകറ്റാൻ സിംഹം മാൻപേടയെ ആക്രമിക്കുന്നതായാണ് ആ രാത്രികളെ ബാസിമ കണ്ടിരുന്നത് .
ബാസിമയുടെ സഹോദരങ്ങളെ ഒന്ന് കാണാനോ ,അവരോടൊത്ത് ഒരു ദിവസമെങ്കിലും ചെന്ന് താമസിക്കാനോ അവൾക്ക് കാദർ അനുവാദം കൊടുത്തില്ല . എന്നാൽ തൻറെ സങ്കടമൊന്നും ബാസിമ സഹോദരങ്ങളെ അറിയിച്ചില്ല . അവർ നന്നായി പഠിക്കട്ടെ എന്ന് അവൾ ആശിച്ചു .
രാത്രി കാദറിന്റെ വികാര പൂർത്തീകരനത്തിനു ബാസിമയുടെ എതിർപ്പ് ശക്തമായപ്പോൾ അയാൾ അവളെ മർദിച്ചു അവളുടെ വസ്ത്രങ്ങൾ വലിച്ച് കീറി . ഒച്ചവെച്ചാൽ അതോടെ ബന്ധം അവസാനിപ്പിക്കുമെന്ന ഭീഷണിയുണ്ടായിരുന്നു ബാസിമാക്ക് .അത് കൊണ്ട് തന്നെ അവൾ എല്ലാ വേദനയും കടിച്ചമർത്തി . എന്നാൽ അയാളുടെ പുതിയ അക്രമം അവൾക്ക് സഹിക്കാൻ കഴിയാത്തതായിരുന്നു .ബാസിമയെ നഗ്നയാക്കി കെടുത്തി അയാൾ .......... (തുടരും )