ബാസിമയും കാദറും തമ്മിൽ ബന്ധം വേർപ്പിരിഞ്ഞ് നാലു ദിവസം കഴിഞ്ഞപ്പോ ബാസിമയുടെ ഉമ്മ ഗൾഫിൽനിന്ന് വന്നു.. ഗൾഫിൽ കഷ്ടപ്പെട്ട് ഉമ്മ ഒരുനില വാർപ്പ് പുര പണിയുന്നുണ്ടായിരുന്നു. ആ വീടിന്റെ താമസം നടത്താനായിരുന്നു വന്നത്. വന്നപ്പോഴാണു ബാസിമ ബന്ധം വേർപ്പെട്ടത് ഉമ്മ അറിയുന്നത്. വിവരമറിഞ്ഞ ഉമ്മ ആകെ തകർന്നു പോയി.. പുതിയ വീട്ടിലേക്ക് സങ്കടംകൊണ്ട് കാലെടുത്ത് വെക്കേണ്ടി വന്നു അവർക്ക്..
പുതിയ വീട്ടിൽ ചില വേണ്ടപ്പെട്ട കുടുംബക്കാരൊക്കെ എത്തി . എല്ലാവരും കൂടി ബാസിമയെ ശകാരിച്ചു . അതിൽ എറ്റവും കൂടുതൽ പറഞ്ഞത് പാത്തുട്ടി എളേമയായിരുന്നു.
"ഇയ്യാരാന്നാ അന്റെ വിചാരം.. അന്നെ ആരു നോക്കൂച്ചിട്ടാ ഞങ്ങളാരേം
ഇയ്യ് പ്രതീക്ഷിക്കണ്ടട്ടാ.. അന്റെ ഉമ്മ കുറേ കാലായി കെടന്ന് കഷ്ടപ്പെടുന്നു.. ഇപ്പൊ ഇങ്ങക്ക് കേറിക്കെടക്കാൻ ഒരു പൊരായി.. ഇഞ്ഞ് അന്നെ നോക്കാനും കൂടി ക്ഷ്ടപ്പെടുത്താനാ.. അന്റെ തീരുമാനം.."
ബാസിമ എല്ലാം കേട്ട് കരഞ്ഞു എന്നല്ലാതെ ഒന്നും മിണ്ടിയില്ല.. അവൾ അകത്തെ മുറിയിലേക്കോടി.. അവിടെ ബുഷറ ചുമരും ചാരി കണ്ണുനിറച്ച് അന്തമില്ലാതെ ഇരിക്കുന്നുണ്ടായിരുന്നു.. ബാസിമ ബുഷറയെ കെട്ടിപ്പിടിച്ച് കരഞ്ഞു...
പിന്നേയും പാത്തുട്ടി എളേമ എന്തൊക്കെയോ കിടന്ന് പുലമ്പുന്നുണ്ടായിരുന്നു.. എല്ലാം ബാസിമ കേട്ട് സഹിച്ച് കിടന്നു.. എല്ലാ തെറ്റുകളും ബാസിമയുടേതാണെന്ന തരത്തിലായിരുന്നു പാത്തുട്ടി എളേമ ബാസിമയുടെ ഉമ്മാട് പറഞ്ഞ് കൊടുത്തിരുന്നത്.. അതിനിടയിൽ ബുഷറയെ സ്കൂളിൽ വിടാത്തത് ബാസിമാടെ കുട്ടികളെ നോക്കാനാണെന്ന് പറഞ്ഞത് ബാസിമ കേട്ടപ്പോൾ അവൾക്ക് സഹിച്ചില്ല.. ദേശ്യം അടക്കാൻ കഴിയാതെ പുറത്തേക്ക് വന്ന് പാത്തുട്ടി എളേമയോട് കയർത്തു..
"അതേ ഞാൻ തന്നെ തെറ്റ് കാരി അത് ചോദിക്കാൻ ഇങ്ങളാരാ.. ഇനി എന്തെങ്കിലും മുണ്ടിയാ ഇങ്ങളെ ചൂലിട്ത്ത് ഞാൻ ആട്ടി ഇറക്കും ..ഹ്ഹാ.."
"ബാസിമാ.."
ഉമ്മ തടയാൻ നിന്നെങ്കിലും ബാസിമ ചെവിക്കൊള്ളാതെ മുറിയിലേക്ക് തന്നെ പോയി.. പാത്തുട്ടി എളേമ ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയി.
"താത്താ..."
മുറിയിലേക്ക് നാസർ കയറി വന്നു .പുറകെ ബഷീറും.
ബാസിമ തന്റെ ഷാളു കൊണ്ട് മുഖം തുടച്ച് എണീറ്റിരിന്നു..
" എന്താ കാര്യം .. ഞങ്ങൾക്കറിയണം.."
"ഒന്നൂല്ലാ .. ക്ക് അയാളെ വേണ്ടാന്ന്തോന്നി.. അത്രന്നെ.."
"അല്ല താത്താ... "
"വേണ്ട ഇങ്ങളൊന്നും ന്നോട് ചോയിക്കണ്ട.. പൊക്കോളീ.."
അവരെ കൊണ്ട് ഒന്നും മിണ്ടിക്കാതെ ബാസിമ ആ രംഗം അവിടെ അവസാനിപ്പിച്ചു..
ദിവസങ്ങൾ കഴിയും തോറും ബുഷറയുടെ അവസ്ഥ വളരേ മോശമായിത്തുടങ്ങി.. പാത്തുട്ടി എളേമ പറഞ്ഞതെല്ലാം വിശ്വസിച്ച് ബാസിമയുമായി ഉമ്മ പലതും പറഞ്ഞ് വഴക്കിട്ടു.. ബുഷറാക്ക് പനിപിടിച്ചെന്നും അതിനു ശേഷം ക്ഷീണമായെന്നും അത് കൊണ്ടാണു സ്കൂളിൽ പോകാത്തെതെന്നും ബാസിമ ഉമ്മയെ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചു. എളേമയുടെ വാക്കുകൾ കേട്ട് തന്നെ അവിശ്വസിച്ച ഉമ്മയോട് ബുഷറാക്ക് സംഭവിച്ചത് തുറന്ന് പറയാൻ ബാസിമാക്ക് മനസ്സ് വന്നില്ല. അധികം ദിവസം കഴിയാതെ തന്നെ ബാസിമയുടെ ഉമ്മ തിരിച്ച് ഗൾഫിലേക്ക് പോയി..
ബുഷറ ഒരിക്കൽ ഫാനിൽ തുണികെട്ടി ആത്മഹത്യ ചെയ്യാൻ ഒരുങ്ങി. തക്ക സമയത്ത് ബാസിമ കണ്ടു.
" ഇയ്യ് ഇങ്ങനെ വല്ല കടുംകയ്യ് ചെയ്യാണെങ്കി ഇന്നേം ന്റെ രണ്ട് കുട്ട്യേളിം കോന്നിട്ട് ചൈതോ.. ഇക്ക് വയ്യ.. എല്ലാം കൂടി സഹിക്കാൻ.. "
"ക്ക് ജീവിക്കാൻ തോന്നണില്ല താത്താ ...."
അവളുടെ മുഖം കാണുമ്പോൾ ബാസിമാക്ക് ഭയവും സങ്കടവും കുടി ..
"ബുഷറാ ..ഇയ്യങ്ങനൊന്നും ചിന്തിക്കല്ലേ ..യ്യ് കൊറച്ച് ദിവസം കാർത്തികടെ വീട്ടില് പോയി നിന്നോ ..അൻറെ മനസ്സൊക്കെ ഒന്ന് ചോവ്വാവും .."
ബുഷറ മറുപടിയൊന്നും പറയാതെ അകത്തെ മുറിയിലേക്ക് പോയി ..
നാസർ ഹോസ്റ്റലിലേക്ക് തിരിച്ച് പോയി . ബഷീർ ദൂരെ ഒരോട്ടമുണ്ടെന്നും പറഞ്ഞ് കുറച്ച് ദിവസത്തിനേക്കു പോയി .ബാസിമയും ബുഷറയും ആ വീട്ടിൽ തനിച്ചായി . ബാസിമാക്ക് ഭയം കുടി വന്നു .കുട്ടികളെയും ബുഷറയെയും അവൾ എപ്പോഴും ശ്രദ്ധിച്ചു . ഒരു സമയം പോലും ബാസിമ തൻറെ കണ്ണിൽ നിന്ന് വിട്ട് നിൽക്കാൻ ബുഷറയെ അനുവദിച്ചില്ല . രണ്ടുമൂന്നു ദിവസം അങ്ങനെ കടന്നു പോയപ്പോൾ ബുഷറയിൽ മാറ്റം വന്നതായി ബാസിമാക്ക് മനസ്സിലായി ..ബുഷറ തൻറെ പഴയ ജീവിതത്തിലേക്ക് തിരിച്ച് വരുന്നത് കണ്ടപ്പോൾ ബാസിമ ഒരുപാട് സന്തോഷിച്ചു . ബുഷറ ബാസിമയുടെ കുഞ്ഞുങ്ങളെ നോക്കാനും ബാസിമയെ പണിയിൽ സഹായിക്കാനും തുടങ്ങി .
"താത്താ ..ക്ക് ഭയങ്കര തലവേദന ..ഒരു ഗുളിക തരോ ...ചപ്പാത്തി ഞാനുണ്ടാക്കാം "
ബാസിമ രാത്രി അടുക്കളയിൽ ചപ്പാത്തി പണിയിലായിരുന്നു ..കുട്ടികൾ രണ്ടും അടുക്കളയിലിരുന്നു കളിക്കുന്നുണ്ട് ..
"എന്നാ നീ മക്കളെ നോക്ക് ഞാനെടുത്തിട്ടു വരാ .."
"മക്കളെ എടുത്തോ താത്താ ..അല്ലെങ്കി ന്നെ ഇതുണ്ടാക്കാൻ സമ്മയ്ക്കില്ല .."
ബാസിമ കുഞ്ഞുങ്ങളുമായി മുറിയിൽപോയി .ഗുളിക എടുക്കുമ്പോൾ ബാസിമാക്ക് ഒരു സംശയം ..അവളെന്തിനാ ..മക്കളെ എടുക്കാൻ പറഞ്ഞത് ..ബാസിമ പെട്ടന്ന് അടുക്കളയിലേക്ക് ഓടി ...(തുടരും ..)


