തലേന്ന് രാത്രി ഏറെ വൈകിയാണ് കിടന്നെതെങ്കിലും കാലത്ത് നേരെത്തെ തന്നെ ഉറക്കക്ഷീണം വകവെക്കാതെ ജാഫർ എണീറ്റു .
സന്തോഷമുള്ള ദിവസങ്ങളിൽ നേരെത്തെ എണീക്കാൻ ജാഫറിനെ ആരും വിളിക്കേണ്ട ആവിശ്യമില്ല . അവൻ താനേ ഉണരും .
ഇന്ന് ജാഫറിനു ഏറെ സന്തോഷമുള്ള ദിവസമാണ് .ഇന്നാണ് ജാഫറിൻറെ അയൽവാസിയും സുഹൃത്തുമായ സലീമിൻറെ പെങ്ങൾ സലീനയുടെ കല്യാണം .
സാധാരണഗതിയിൽ വർഷത്തിലൊരിക്കൽ പെരുന്നാളിന് മാത്രമേ പുതിയ ഷർട്ടും പാൻറും ജാഫറിനു കിട്ടാറുള്ളൂ . എന്നാൽ സലീമിൻറെ വീട്ടിലെ കല്യാണത്തിനോടനുബന്ധിച്ച് ഒരു പുതിയ പാൻറും ഷർട്ടും ജാഫറിനു തരപ്പെട്ടു . ജാഫറിനു സന്തോഷിക്കാൻ അത് മറ്റൊരു കാരണം കൂടിയായി .
സലീം ജാഫറിനു ഏറെ പ്രിയപ്പെട്ട സുഹൃത്താണ് . ചെറുപ്പം മുതലേ ഒന്നിച്ച് കളിച്ചു വളർന്നവർ ..വല്ലപ്പോഴും ചില പിണക്കങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും ,അതിനൊന്നും ഒരു ദിവസത്തിൽ കൂടുതൽ ആയുസ്സുണ്ടായിരുന്നില്ല . ജാഫറിൻറെയും സലീമിൻറെയും വീട്ടുകാരും വളരെ സ്നേഹബന്ധത്തിലാണ് കഴിയുന്നത് . ഒരു അയൽവാസി എന്നതിനപ്പുറം ഒരേ കുടുംബം പോലെയാണ് ഇരുകൂട്ടരും കഴിയുന്നത് .
നേരം പരപരാന്ന് വെളുക്കുമ്പോ തന്നെ എണീറ്റ് കുളിക്കാൻ എന്ന് പറഞ്ഞാൽ ജാഫറിനു ഇത്ര സങ്കടം വേറെയില്ല. എന്നാലും മനസ്സ് നിറയെ കല്യാണത്തിന്റെ പകിട്ടാർന്ന ചിന്തകളായത് കൊണ്ട് ജാഫറിനു കുളിക്കാൻ ഒരു മടിയും തോന്നിയില്ല.
"ജാഫറേ യ്യാ പാത്തിമ്മാനൊന്ന് വിളിച്ചേ..ഓളെന്തൊറക്കാ ഒറങ്ങുണു ..നാലോരത്ത് ഒരു കല്യാണണ്ടായിട്ട് നേരത്തിനും കാലത്തിനും പോണ്ടേ.."
അടുക്കളയിലെ തിരക്കിട്ട പണിക്കിടയിൽ സൽമ വിളിച്ച് പറഞ്ഞു.
ജാഫറിന്റെ ഒരേ ഒരു പെങ്ങളാണു ഫാത്തിമ. ഫാത്തിമയുടെ ഒരേ ഒരു ആങ്ങള ജാഫറും. ഫാത്തിമയും ജാഫറും നാലഞ്ച് വർഷങ്ങളുടെ വിത്യാസമുണ്ട് . ഫാത്തിമ പിറന്നതിനു ശേഷം തനിക്ക് കിട്ടിക്കൊണ്ടിരുന്ന സ്നേഹം തന്റെ മാതാപിതാക്കളിൽ നിന്നും കുറഞ്ഞിട്ടുണ്ടോ എന്നൊരു സംശയം ജാഫർ വെച്ച്പുലർത്തുന്നുണ്ട് .ഒരു പക്ഷെ കാലം അത് മായ്ച്ച് കളഞ്ഞേക്കാം..
വർഷങ്ങളായി ഗൾഫിലെ ചൂടും തണവും പേറി പ്രവാസ ജീവിതം നയിക്കുന്ന സൈതുവാണു ജാഫറിന്റെ ഉപ്പ. രണ്ടോ മൂന്നോ വർഷത്തിലൊരിക്കലേ സൈതു നാട്ടിൽ വരാറുള്ളു. സൽമാക്ക് കൂട്ടിനു രണ്ട് മക്കളും ബീവിത്ത എന്ന് വിളിക്കുന്ന പ്രായം ചെന്ന ഒരു തള്ളയും മാത്രമേയുള്ളൂ.
ബീവിത്താനെ കൊണ്ട് പണിയെടുക്കാനൊന്നും കൊള്ളില്ല. എങ്കിലും സൽമാക്ക് ഒരു കൂട്ടായിക്കോട്ടെ എന്ന് കരുതി ആലത്തൂരു പണ്ട് ബേക്കറി നടത്തിയിരുന്ന കാലത്ത് കൊണ്ടുവന്നതാണു . ഒരു വ്യാഴവട്ടക്കാലത്തോളമായി ബീവിത്ത ജാഫറിന്റെ വീട്ടിലെത്തിയിട്ട്. മുമ്പൊക്കെ വല്ലപ്പോഴും ആലത്തൂരു പോകാറുണ്ടായിരുന്നു ബീവിത്ത . അവരുടെ മക്കളാരെങ്കിലും ഇടക്ക് വരും. സൽമാടെ കയ്യിൽ നിന്നും പണം വാങ്ങിക്കൊണ്ടുപോകും. വയസ്സായ ഉമ്മയോട് ഒരു സ്നേഹവും കാണിക്കാതെ അവര് നയിക്കുന്ന പണത്തിനെ മാത്രം സ്നേഹിക്കുന്ന മക്കളുടെ പ്രവർത്തിയിൽ അമർഷം പൂണ്ട സൽമ പണം കൊടുക്കുന്നത് നിർത്തി.
പിന്നെ പിന്നെ മക്കളാരും തിരിഞ്ഞ് നോക്കാതെയായി. ബീവിത്ത ആലത്തൂരു പോകലും നിന്നു. അങ്ങനെ ആർക്കും വേണ്ടാത്ത ഒരു ജന്മമായി രണ്ട് നിലയുള്ള വലിയ വാർപ്പ് പുരയിൽ സൽമാക്കും രണ്ട് മക്കൾക്കും കൂട്ടായി കുടുംബത്തിലെ ഒരംഗത്തെ പോലെ ബീവിത്ത ജീവിച്ച് പോകുന്നു.
ഒരുക്കങ്ങളെല്ലാം കഴിഞ്ഞ് എല്ലാവരും ഇറങ്ങാനായിട്ടും ജാഫറിനെ മാത്രം കാണുന്നില്ല. അവൻ കണ്ണാടിക്ക് മുന്നിൽ നിന്ന് തല ചീവുകയാണു. എത്ര ചീവിയിട്ടും തന്റെ ഇഷ്ടത്തിനു കിടക്കാത്ത തലമുടി ജാഫറിനു എന്നും ഒരു വെല്ലുവിളിയായിരുന്നു.
ഫാത്തിമയുടെ അത്ര നിറമില്ലെങ്കിലും ഇരു നിറമായിരുന്നു ജാഫർ. മെലിഞ്ഞ ശരീരം . തളർന്ന കണ്ണുകൾ. കണ്ണുകൾക്ക് മീതെ കൂട്ടുപിരികവും ചുണ്ടുകൾക്ക് മീതെ കിളിർത്ത് വരുന്ന തളിർ രോമങ്ങളും .. കവിൾത്തടങ്ങൾ എപ്പോഴും വീർത്തിരിക്കും ..മുഖം കണ്ടാൽ ആരോടൊക്കെയോ പരിഭവം കാണിക്കുന്നതായി തോന്നും. കണ്ണാടിയിൽ തന്റെ കുറവുകൾ നോക്കി പരിതപിക്കും. അപകർഷതാ ബോധം ജാഫറിന്റെ കൂടെപ്പിറപ്പായിരുന്നു.
"ജാഫറേ യ്യ് എറങ്ങ്‌ണ്ടാ ഇങ്ങട്ട് .."
ഉമ്മാടെ വിളികേട്ടപ്പോൾ ഉള്ള സൗന്ദര്യത്തിൽ തൃപ്ത്തിപ്പെട്ട് പെട്ടന്ന് തന്നെ പുറത്തിറങ്ങി. ജാഫർ കല്യാണ വീട്ടിലേക്ക് പാഞ്ഞു.
"ബീവിത്താ..വടക്കേപുറത്തെ വാതിലടച്ചാ.."
മുൻ വശത്തെ വാതിലും പൂട്ടി ഇറങ്ങാൻ നേരത്ത് സൽമ സംശയം തീർത്തു.
"ഓ അടച്ചു " എന്നും പറഞ്ഞ് ബീവിത്ത ഫാത്തിമാടെ കയ്യും പിടിച്ച് കല്യാണ വീട്ടിലേക്ക് നടന്നു. പുറകേ സൽമയും. അപ്പോഴേക്കും ജാഫർ കല്യാണ വീട്ടിലെത്തിയിരുന്നു.
ഇന്നലെ രാത്രി മിന്നാമിനുങ്ങ് പോലെ കത്തിയിരുന്ന പല വർണ്ണങ്ങളിലുള്ള ചെറിയ ബൾബുകളും ട്യൂബ് ലൈറ്റുകളും അണഞ്ഞിരിക്കുന്നു. പന്തലിനുള്ളിൽ രാത്രിയിലെ ആളും ബഹളവും നിലച്ചിരിക്കുന്നു..എല്ലാം ശാന്തം.
കല്യാണ വീടിന്റെ പിന്നാമ്പുറത്ത് ഉച്ചക്കുള്ള ബിരിയാണിയുടെ പണിപ്പുരയിൽ അൽപം ബഹളം. ചെമ്പിലിട്ടിളക്കുന്ന ചെട്ടകത്തിന്റെ ശബ്ദവും , തയ്യൽ മെഷീൻ അടിക്കുന്ന പോലെ സവോള അരിയുന്ന ശബ്ദവും, പണിക്കാരത്തി പെണ്ണുങ്ങൾ പാത്രങ്ങൾ കഴുകുന്ന ശബ്ദവും, എല്ലാത്തിനും പുറമേ ബിരിയാണി വെക്കുന്ന സുലൈമാന്റെ ഉച്ചത്തിലുള്ള നിർദ്ദേശങ്ങളുമായി ബഹളം ചെറിയ രീതിയിൽ തുടരുന്നു.
ബിരിയാണിക്കുള്ള മസാല ഇളക്കിക്കൊണ്ടിരിക്കുന്ന സുലൈമാന്റെ ഒരു പ്രത്യേക താളവും ,ചെമ്പിൽ മൊരിഞ്ഞ് കൊണ്ടിരിക്കുന്ന മസാലയുടെ മണവും ആസ്വദിച്ച് ജാഫർ അൽപം നേരം അവിടെ തട്ടിമുട്ടി നിന്നു.
സുലൈമാന്റെ കയ്യിലുള്ള ചെട്ടകത്തിനും സുലൈമാനും ഒരേ നിറമായിരുന്നു. കാക്കകൾ കൽപിലകൂട്ടി നേരത്തെ തന്നെ അടുത്തുള്ള കോമാവിൻ കൊമ്പത്ത് സ്ഥാനം പിടിച്ചിരിന്നു.
"അല്ല ജാഫറേ അന്റെ റിസൽട്ട് നാളല്ലേ അറിയ്യാ.."
സുലൈമാന്റെ അരുമ ശിഷ്യൻ മജീദിന്റെ ചോദ്യം കേട്ട് ജാഫർ നെഞ്ചത്ത് കൈവെച്ച് തലയാട്ടികൊണ്ട് പറഞ്ഞു..
"അതിപ്പോ അറിയാനൊന്നൂലാ..ഞാൻ ജയിക്കും.."
ജാഫറിന്റെ ആത്മവിശ്വാസത്തിലുള്ള മറുപടി കേട്ട് എല്ലാവരും ചിരിക്കുമ്പോൾ ജാഫർ മജീദിന്റെ നിർത്താതെ അതി വേഗത്തിലുള്ള ഉള്ളി അരിയുന്ന കലാപ്രകടനം കൗതുകത്തോടെ നോക്കി നിൽക്കായിരുന്നു.
"അപ്പോ യ്യ് പത്താം ക്ലാസ്സുകാരനായി.."
ചെട്ടകത്തിൽ പറ്റിയ മസാല തോണ്ടി നാക്കിൽ വെച്ച് രുചിച്ച് നോക്കിക്കൊണ്ട് സുലൈമാൻ പറഞ്ഞു. ജാഫറിനത് കേട്ടപ്പോൾ താൻ പെട്ടന്നൊരു മുതിർന്ന ചെക്കനായി എന്നൊരു തോന്നലുണ്ടായി.
സുലൈമാൻ പാത്രത്തിൽ നിന്നും കുറച്ച് അണ്ടിപ്പരിപ്പെടുത്ത് ജാഫറിന്റെ കയ്യിൽ വെച്ച് കൊടുത്തു. ജാഫർ ഇടക്കിടക്ക് അണ്ടിപ്പരിപ്പിന്റെ പാത്രത്തിലേക്ക് കണ്ണെറിയുന്നത് സുലൈമാൻ ശ്രദ്ധിച്ചിരുന്നു. അണ്ടി കയ്യിൽ കിട്ടിയപ്പോൾ ജാഫർ സുലൈമാനെ നോക്കി വെളുക്കെ ഒന്ന് ചിരിച്ചു.
തന്റെ ഉള്ളിൽ തോന്നിയ സന്തോഷം മുഴുവൻ ആ ചിരിയിൽ പുറത്ത് വന്നതായി ജാഫറിനു തോന്നി.
"അകത്തേക്ക് കൊറച്ച് തൈരു തരാൻ പറഞ്ഞു.."
പരിജയമില്ലാത്ത ശബ്ദം കേട്ടപ്പോൾ ജാഫർ ഒന്ന് തിരിഞ്ഞ് നോക്കി. ഒരു പന്ത്രണ്ട് വയസ്സ് പ്രായം തോന്നിക്കുന്ന കൊച്ചു സുന്ദരി. ചുരിദാറാണു വേഷം .അധികം തടിയില്ലാത്ത അവളുടെ ശരീരത്തിനു ചുരിദാർ നല്ല ഭംഗിയുണ്ടായിരുന്നു..അൽപം മുടി നെറ്റിയിലേക്ക് വെട്ടിയിറക്കിയിട്ടുണ്ട്..നല്ല മുല്ലപ്പൂവിന്റെ നിറം. ഒരൽപം ഫാഷനുള്ള കൂട്ടത്തിലാണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ ജാഫറിനു മനസ്സിലായി. അത്തരം പെൺകുട്ടികളെ കാണുന്നത് പോലും ജാഫറിനു കലിയാണു. എന്തായാലും ജാഫർ അവളെ ശ്രദ്ധിക്കാനൊന്നും പോയില്ല. ഇങ്ങനെ ഒരു പയ്യൻ അവിടെ നിൽപ്പുണ്ടെന്ന് അവളും ശ്രദ്ധിച്ചില്ല.
അവൾ തൈരും വാങ്ങി വീടിനകത്തേക്ക് കയറി പോകും വരെ സുലൈമാൻ കൊടുത്ത അണ്ടിപ്പരിപ്പും വായിലിട്ട് ചവച്ച് ജാഫർ മുഖം തിരിച്ച് നിന്നു.
"അല്ലാ ..യ്യെന്താ ഇവ്ടെ നിക്ക്ണ് ജാഫറെ ...അപ്പറത്തേക്ക് ചെല്ല് ..അവടെ സലീം പന്തലില് കസാല നെരത്തീണ്ട് ...ഒന്നുപോയി സഹായിച്ചൂടെ അനക്ക് "
സലീമിൻറെ ഉമ്മ നബീസ തിരക്കിട്ട് ഓടി നടക്കുന്നതിനിടെ ജാഫറിനെ വിളിച്ച് പറഞ്ഞു . കേട്ടപാതി കേൾക്കാത്തപാതി ജാഫർ പന്തലിലേക്ക് ഓടി .
ആരോട് എങ്ങനെ സംസാരിക്കണമെന്നോ ഒരാളെ എങ്ങനെ സഹായിക്കണമെന്നോ ഒരു ചടങ്ങിൽ പോയാൽ അവിടെ തൻറെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ട കടമകൾ എന്തൊക്കെയാണന്നോ ജാഫറിനറിയില്ല .ഇത് പോലെ ആരെങ്കിലും പറഞ്ഞാൽ അത് ചെയ്യും ..പക്ഷെ പറയാതെ തന്നെ താനത് ചെയ്യേണ്ടതായിരുന്നു എന്ന് ജാഫറിനു തോന്നാറുണ്ട് . അപ്പോഴൊക്കെ സ്വയം കുറ്റപ്പെടുത്തി അതിൻറെ ഉത്തരവാദിത്വം ഏറ്റെടുക്കും .ചിലപ്പോഴൊക്കെ വല്ലാതെ മനസ്സ് വേദനിച്ച് കണ്ണുകൾ നിറയാറുമുണ്ട് .
കസേര നിരത്തി കൊണ്ടിരിക്കുന്ന സലീമിൻറെ മുഖം ജാഫർ ചെരിഞ്ഞൊന്ന് നോക്കി . പെട്ടെന്ന് സലീം തിരിഞ്ഞപ്പോൾ ജാഫർ മുന്നിൽ അടക്കിവെച്ചിരുന്ന കസേരകൾ ഓരോന്നായി നിരത്താൻ തുടങ്ങി .താൻ സഹായിക്കാൻ വൈകിയതിൽ സലീമിൻറെ മുഖത്ത് പരിഭവമൊന്നും ജാഫർ കണ്ടില്ല .അവന് സമാധാനമായി .
"യ്യ് ഇപ്പളാ വരണത് ....? "
സലിം ചിരിച്ച്കൊണ്ടാണ് ചോദിച്ചതെങ്കിലും ആ ചിരിയിയിൽ അൽപം പ്രസന്നത കുറവുള്ളത് പോലെ ജാഫറിനു തോന്നി .
"ഏയ് അല്ലല്ലാ ....ഞാൻ കൊറേരായി വന്നിട്ട് ...അവടെ ബിരിയാണി വെക്കുന്നോട്ത്തുണ്ടായിരുന്നു ."
തൻറെ മറുപടിയിൽ സലീം തൃപ്തനാണെന്ന് ജാഫറിന്നു തോന്നി .
സലീം ആ വീട്ടിലെ നാലാമത്തെ മകനാണ് .ഷൗക്കത്തും ,ഷക്കീറും ,സലീനയും സലീമിൻറെ മൂത്ത സഹോദരങ്ങളാണ് .സലീമിൻറെ താഴെ ഒരു പെണ്‍കുട്ടിയുണ്ട് ..നാസിയ .
സലീമിൻറെ വീട്ടിൽ ആദ്യമായി ഒരു പെണ്‍കുട്ടിയുടെ കല്യാണം നടക്കുന്നു എന്ന പ്രത്യേകതയും കൂടിയുണ്ട് ഇന്നത്തെ ദിവസത്തിന് .
"ജാഫറേ ..യ്യ് അപ്പറത്ത് പോയി വരനൊർക്ക് കൊടുക്കാള്ള വെള്ളം കലക്കാൻ പറയ്യ് "
കസേര നിരത്തിയ ക്ഷീണത്തിൽ കാലും നീട്ടി ജാഫർ ഇരുന്നതേയുള്ളൂ ...അപ്പോഴാണ് സലീമിൻറെ ഉപ്പ കുഞ്ഞലവി മുസ്‌ലിയാരുടെ ഓർഡർ ....പെട്ടന്ന് തന്നെ ജാഫർ ചാടിയെണീറ്റു .കുഞ്ഞലവി മുസ്‌ലിയാരെ ബഹുമാനത്തേക്കാളേറെ ഭയമാണ് ജാഫറിന്ന് .
അപ്പുറത്ത് തുണികൊണ്ട് കസേരയെല്ലാം തുടച്ച് കൊണ്ടിരിക്കുന്ന സലീം കുഞ്ഞലവി മുസ്‌ലിയാരുടെ ശബ്ദം കേട്ടപ്പോൾ പണിക്ക് വേഗതകൂട്ടി .
ആരോടും തുറന്നടിച്ച് സംസാരിക്കുന്ന പ്രകൃതക്കാരനായിരുന്നു കുഞ്ഞലവി മുസ്ലിയാര്. മാത്രവുമല്ല കർക്കശ്ശ സ്വാഭാവക്കാരനും ഉയർന്ന ശബ്ദത്തിന്റെ ഉടമയുമായിരുന്നു. ഒരു തനി മുസ്ലിം യാഥാസ്തികൻ. നാട്ടുകാർക്കെല്ലം ജാതി മത ഭേതമന്യേ അദ്ധേഹത്തെ ഭയവും ബഹുമാനവുമാണു. അതിനു കാരണം മന്ത്രവും പിഞ്ഞാണെഴുത്തും ഉള്ളത് കൊണ്ട് മാത്രമല്ല., മൂപ്പർക്ക് ജിന്നിന്റെ ചില ഏർപ്പാടൊക്കെ ഉണ്ടെന്നാണു നാട്ടുകാരുടെ വിശ്വാസം. പലർക്കും രാത്രി കാലങ്ങളിൽ ആ വീടിന്റെ പുറകിലെ വിറകുപുരയുടെ അടുത്തുള്ള കോമാവിൻ ചുവട്ടിൽ ജബമാലയും തലേകെട്ടും കെട്ടിയ ജിന്നിനെ കണ്ട അനുഭവമുണ്ട്. അത് കൊണ്ട് തന്നെ ആ പരിസരങ്ങളിൽ രാത്രി സഞ്ചാരം ആരും ഭയപ്പെടുന്നതാണ് .
ചെറിയ ചെറിയ അസുഖങ്ങൾക്ക് വെള്ളവും നൂലും മന്ത്രിക്കുന്ന പരിപാടിയും കുഞ്ഞലവി മുസ്ലിയാർക്കുണ്ടായിരുന്നു.
കല്യാണ പന്തലിലേക്ക് ആളുകൾ വന്ന് കേറാൻ തുടങ്ങി . എലാവരുടേയും മുഖത്ത് പുഞ്ചിരി .പുത്തൻ വസ്ത്രങ്ങൾ..പലവിധ സെന്റുകളുടെ ഒരു സംഗമ വേദിയായി മാറി കാല്യാണ പന്തൽ. വരുന്നവരെ കുഞ്ഞലവി മുസ്ലിയാർ സലാം പറഞ്ഞ് കൈകൊടുത്ത് കസേരകളിലേക്ക് ക്ഷണിച്ച് കൊണ്ടിരിന്നു. സലീമിന്റെ ജേഷ്ഠന്മാർ അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞ് നടക്കുന്നുണ്ട്. വരുന്നവർക്കൊക്കെ സലീമും ജാഫറും ചേർന്ന് നാരങ്ങാ വെള്ളം ധൃതിയിൽ കൊണ്ടു കൊടുത്തു കൊണ്ടിരിന്നു. തിരക്കിനിടയിൽ കൂടി വികൃതി കുട്ടികൾ വണ്ടിയോടിച്ച് കളിക്കുന്നുണ്ട്. അതിനിടക്ക് ഒരു വികൃതി കുട്ടി കമഴ്‌ന്നടിച്ച് വീണതിന്റെ കരച്ചിൽ ഉയർന്ന് കേൾക്കുന്നുണ്ടായിരുന്നു. വീണ കുട്ടിയുടെ തുടക്ക് ഒരു നുള്ളും വെച്ച് കൊടുത്ത് അതിന്റെ തള്ള വീടിന്റെ പിന്നാമ്പുറത്തേക്ക് എടുത്തോണ്ടു പോയി."ശ്ശ് ..ശ്ശ്.."
ആരോ വിളിക്കുന്നത് കേട്ട് ജഫർ ചുറ്റും നോക്കി. പക്ഷെ ആരേയും കണ്ടില്ല. വീണ്ടും അതേ ശബ്ദം. ഇത്തവണ ജാഫറിനു ശബ്ദത്തിന്റെ ഉറവിടം പിടികിട്ടി. തൊട്ടടുത്ത പെണ്ണുങ്ങളുടെ പന്തലിൽ നിന്നും ഒരു ചെറിയ വിടവിലൂടെ ഒരു കണ്ണു തന്നെ നോക്കുന്നതായി ജാഫർ കണ്ടു . ജാഫർ അടുത്തേക്ക് ചെന്നു.
"വിളിച്ചാ "
"ആ സലീംക്കാനൊന്ന് വിളിക്കോ.."
ഒരു ചെറിയ പെൺകുട്ടിയുടെ ശബ്ദം. മുമ്പ് താൻ കണ്ട ആ ഫാഷൻ കൂട്ടി തന്നെയാണെന്ന് ജാഫർ മനസ്സിലാക്കി അവിടെ തന്നെ നിന്ന് കൊണ്ട് സലീമിനെ തിരയുന്നതായി ഭാവിച്ച് തലവെട്ടിച്ച് അങ്ങോട്ടുമിങ്ങോട്ടും നോക്കി . ജാഫറിന്റെ നിൽപ്പ് കണ്ടപ്പോൾ സലീമിനെ വിളിച്ച് കൊണ്ടുവരാൻ അവന് എന്തോ ബുദ്ധിമുട്ടുള്ളതായി അവൾക്ക് തോന്നി.
"അല്ലെങ്കിൽ ഒരു കാര്യം ചൈതാമതി . സലീമിക്കാട് കൊറച്ച് മുല്ലപ്പൂവ് വാങ്ങീട്ട് വരാൻ പറയ്യോ.. "
ബിരിയാണി റ്റേബിളിൽ നിരത്താൻ തുടങ്ങി. കെട്ടിടനിർമ്മാണത്തിലെ പണിക്കാർ സിമന്റ് ചട്ടി കൈമാറുന്നത് പോലെയായിരുന്നു പാത്രങ്ങൾ റ്റേബിളിലേക്ക് എത്തിയിരുന്നത്. ഉടനെ എങ്ങോട്ടോ പോകാനുണ്ടെന്ന ഭാവത്തിലായിരുന്നു ആളുകൾ ഭക്ഷണം കഴിക്കാൻ പന്തലിനുള്ളിലേക്ക് ഇടിച്ച് കയറിയത്. ചിലർ ബിരിയാണിക്ക് മുൻപിലെത്തുമ്പോഴേക്കും തീറ്റ തുടങ്ങിയിരുന്നു. കല്യാണ ബഹളം പൊടിപൊടിച്ചു. ബഹളത്തിനിടെ താൻ മുഖവിലക്കെടുക്കാതെ തള്ളിക്കളഞ്ഞ ഫാഷൻ കുട്ടിയെ പലപ്പോഴായി ജാഫർ കണ്ടു മുട്ടി. എങ്ങിനെയോ എവിടന്നോ ജാഫറിനു ആ കുട്ടിയുടെ പേര് അറിയാതെ ആരുടേയോ നാവിൽ നിന്നും ജാഫറിനു വീണു കിട്ടി.
'മീറ ' അതായിരുന്നു ആ കൊച്ചു സുന്ദരിയുടെ പേര് ........
(തുടരും ....)

