ചില ദിവസങ്ങളിൽ സലീമിന്റെ വീടിന്റെ പുറകിലെ കളിപ്പറമ്പ് വിജനമായി കിടക്കും. ഒച്ചയും അനക്കവുമില്ലാതെ, ആർപ്പുവിളികളില്ലാതെ , വിയർത്തൊലിക്കുന്ന ശരീരങ്ങളുടെ സാന്നിദ്ധ്യമില്ലാതെ , തെങ്ങുകളും ചീമകൊന്നകളും മറ്റും പരസ്പരം മുഖത്തോട് മുഖം നോക്കി നിൽക്കും.ക്രിക്കറ്റ്കളി നടക്കാത്ത ദിവസങ്ങളിൽ ജാഫറിന്റെയും സലീമിന്റെയും കളിസ്ഥലം സലീമിന്റെ വീടിന്റെ വടക്കുപുറത്തായിരിക്കും. അവിടെ നാസിയയും പാത്തിമ്മയയും കളം വരച്ച് കൊച്ചം കുത്ത് കളിക്കുന്നതിൽ പങ്കാളികളാകും. പക്ഷെ ! മീറ വന്നതിനു ശേഷം ജാഫറിനു ക്രിക്കറ്റല്ലാതെ മറ്റു കളികളിൽ ഒരംഗമാകാൻ കഴിയാറില്ല.
മീറ എന്ന പെൺകുട്ടിയോട് എന്നതിലുപരി അവളുടെ വൈര്യൂപമായ സ്വഭാവ രീതിയോടും കഴ്ച്ചപ്പാടുകളോടുമുള്ള ഒരു എതിർപ്പിന്റെ അകൽച്ചയും അപകർഷതാബോധവുമായിരുന്നു ജാഫറിനെ മീറ പങ്ക് കൊണ്ട കളിയിൽ നിന്നും അകറ്റി നിർത്തിയിരുന്നത്. സലീമും നാസിയയും മീറയും
പാത്തിമയും കളിയിൽ മുഴുകുമ്പോൾ ജാഫർ തന്റെ മുറിയിൽ സംഗീതത്തിന്റെ മടിയിൽ തല ചായ്ച്ച് ഒറ്റപ്പെട്ടവന്റെ വേദന യിൽ ജനൽ പാളിയിലൂടെ കളികണ്ട് കൊണ്ടിരിക്കും.
രാവിലെ തന്നെ വീടിൻറെ പുറകുവശത്തുള്ള പറമ്പിൽ തേങ്ങ പൊതിച്ച ചകിരി കൂട്ടിയിട്ടത് വിറക് പുരയിലേക്ക് മാറ്റലായിരുന്നു ജാഫറിന്റെ പണി. സ്കൂളുള്ള കാലത്ത് സൂര്യനു മുമ്പേ ഉണരുമ്പോൾ ജാഫർ മനസ്സിൽ കരുതാറുണ്ട് സ്കൂളടച്ചിട്ട് വേണം സുഖമായി ഒത്തിരി നേരം കിടന്നുറങ്ങാൻ എന്ന് . പക്ഷെ , എന്നും ഓരോ പണി പറഞ്ഞ് കൊണ്ടുള്ള ഉമ്മയുടെ വിളികേട്ടാണു ജാഫർ ഉണരുക.
ചകിരി നിറക്കാൻ കൂട്ടിനു ബീവിത്തയുമുണ്ട്. ബീവിത്ത പക്ഷെ ചകിരി ചാക്കിൽ നിറക്കാനായി മാത്രം നിന്നു . ചാക്ക് കൊണ്ടുപോയി വിറക് പുരയിൽ നിക്ഷേപിക്കുന്നത് ജാഫർ തനിച്ചാണു. പാത്തിമാനെ കൂട്ടിനു വിളിക്കാൻ ഉമ്മ പറഞ്ഞെങ്കിലും സലീമിന്റെ വീടിന്റെ പുറകിൽ കൊച്ചംകുത്ത് കളിച്ച് കൊണ്ടിരുന്ന പാത്തിമ്മാനെ ജാഫർ വിളിച്ചില്ല. സലീമും നാസിയയും മീറയും പാത്തിമ്മയുടെ കൂടെ കളിക്കുന്നുണ്ട്. മീറയോട് ജാഫറിനു എതിർപ്പുണ്ടെങ്കിലും , താൻ ചകിരി നിറച്ച ചാക്ക് തോളിലേറ്റി പോകുന്നത് മീറ കാണുന്നതിലുള്ള ഒരു നാണക്കേട് ജാഫറിന്റെ ഉള്ളിലുണ്ടായിരുന്നു. പാത്തിമ്മയെ വിളിച്ച് എല്ലാവരുടേയും ശ്രദ്ധ തന്നിലേക്ക് തിരിക്കാതിരിക്കാൻ ശ്രമിച്ചതും ഇക്കാരണം കൊണ്ട് തന്നെയായിരുന്നു.
"ഞ് കൊറച്ചേരം ഞാൻ നറക്കാം..ങ്ങളു കൊണ്ടോയിടോ... "
ചകിരി പാതിമുക്കാലും തീർന്നപ്പോൾ ജാഫറിനൊരു ക്ഷീണം.
"ഞിത് കൊറച്ചല്ലേയുള്ളൂ ..മോൻ തന്നെ കൊണ്ടോയിട്ടോ..ബീവിത്ത നെറച്ച് തരാം.."
ചോദിക്കുമ്പോഴേ ജാഫർ ബീവിത്താടെ മറുപടി പ്രതീക്ഷിച്ചതാണു. ജാഫർ കിതക്കുന്നുണ്ടെങ്കിലും കിതപ്പോടെ ചെറിയൊരു ചിരി ചിരിച്ച് ചകിരി ചാക്കും തോളിലേറ്റി വിറകുപുരയിലേക്ക് നടന്നു.
ചകിരി നിറച്ച അവസാന ചാക്കുമായി പോകുമ്പോഴാണു ജാഫറിനെ സലീം ഉറക്കെ കളിക്കാൻ വിളിച്ചത്. ഇല്ല, എന്ന് തലയാട്ടി കാണിച്ച് ജാഫർ വേഗത്തിൽ നടന്നു.
സലീമിന്റെ ശബ്ദത്തോടൊപ്പം മീറയുടെ പുഛ മനോഭാവത്തിലുള്ള നോട്ടവും ജാഫറിനെ തേടിയെത്തിയിരുന്നു. അത് കൊണ്ട് തന്നെ ഒരു നോക്ക് മാത്രമേ ജാഫർ അങ്ങോട്ട് നോക്കിയുള്ളൂ.
കളിയുടെ ആരവങ്ങൾ കേൾക്കുമ്പോൾ ജാഫറിന്റെ മനസ്സിനെ വല്ലാതെ പിടിച്ച് വലിക്കുന്നുണ്ടായിരുന്നു. തടസ്സെങ്ങളെല്ലാം മറന്ന് കളി സ്ഥലത്തേക്ക് ഒരോട്ടം വെച്ചുകൊടുത്താലോ എന്ന് ജാഫർ ചിന്തിച്ചു. പക്ഷെ, എന്തോ ഒന്ന് ജാഫറിനെ ചങ്ങലക്കിട്ട് നിർത്തി.
ഒരു ചെറിയ ബക്കറ്റ് വെള്ളം മുറ്റത്തെ ചെമ്പക മരത്തിനു കൊണ്ടു പോയി ഒഴിക്കുമ്പോഴാണു ജാഫർ കളി സ്ഥലത്ത് നിന്ന് ബഹളം കേട്ടത്. ജാഫർ ഒന്ന് തലയുയർത്തി നോക്കി. സലീമും മീറയും കൂടി കളിക്കുന്നതിനിടെ എന്തോ ഒന്നിനെ കുറിച്ച് തർക്കം നടക്കുകയായിരുന്നു. കളി കാര്യമായെന്ന് കണ്ടപ്പോൾ ജാഫർ 'അഹങ്കാരി ' എന്ന് മനസ്സിൽ പിറുപിറുത്ത് മറ്റു തടസ്സങ്ങളെല്ലാം കാറ്റിൽ പറത്തി കളി സ്ഥലത്തേക്ക് വേഗത്തിൽ നടന്നു.
സലീമിന്റെ വടക്കുപുറത്തെ കോമാവിന്റെ ചുവട്ടിലെത്തിയപ്പോൾ ഒരു മുള്ള് ജാഫറിന്റെ പാന്റിൽ കുടുക്കി വലിച്ചു. ഒരു ചെറിയ നീളത്തിൽ പാന്റ് അൽപം കീറി . കുഞ്ഞലവി മുസ്ലിയാർ കോമാവിന്റെ ചുവട്ടിൽ വെച്ചു പിടിപ്പിച്ച കുരുമുളക് വള്ളിക്ക് പടർന്ന് കയറാൻ വെച്ച മുൾ വേലിയായിരുന്നു അത് . ജാഫറിനതൊരു വയ്യാവേലിയായി. ജാഫർ പതുക്കെ മുൾ വേലിയിൽ നിന്നും പാന്റിനെ സ്വതന്ത്രമാക്കി കാലിൽ കൊള്ളാത്തത് ഭാഗ്യം ! എന്നൊരു നെടുനിശ്വാസവും വിട്ട് ആരും കണ്ടില്ലന്ന് ഉറപ്പ് വരുത്തി ഒന്നും സംഭവിച്ചിട്ടില്ലന്ന മട്ടിൽ ജാഫർ നടന്നു.
കളി പുതുതായി ആരംഭിക്കുക എന്ന ജാഫറിന്റെ നിർദ്ധേശം ജാഫറും കളിയിലിണ്ടാകണമെന്ന ഉപാധിവെച്ച് മീറ ഒഴികെ എല്ലാവരും അംഗീകരിച്ചു. ജാഫർ എതിർപ്പൊന്നും പറയാതെ അത് അംഗീകരിക്കുകയും ചൈതു. പക്ഷെ കളി തുടങ്ങിയപ്പോൾ മീറ മാത്രം ഇല്ല. അവൾ പിണങ്ങി പ്പോയി . ജാഫറിന്റെ ഉള്ളിൽ അതൊരു നല്ല നിമിഷമായി തോന്നി. മീറയെ നാസിയയും പാത്തിമയും തിരിച്ച് വിളിക്കാൻ ശ്രമിച്ചു. പക്ഷെ അവൾ ജാഫറിനെ തറപ്പിച്ച് ഒരു നോട്ടം നോക്കി മുഖം കനപ്പിച്ച് പോയി.
ഏച്ചു കെട്ടിയ കയർ പോലെയായിരുന്നു മീറ പിണങ്ങി പോയതിനു ശേഷമുള്ള കളി . എല്ലാവരുടേയും മുഖത്ത് ഒരു കുറ്റബോധത്തിന്റെ നിഴൽ. ജാഫറിന്റെ ഉള്ളിലാകട്ടെ മീറയുടെ തറപ്പിച്ചുള്ള നോട്ടം ഒരു കുന്തമുനയായി വന്ന് കോറി വലിക്കുന്നുണ്ടായിരുന്നു. താൻ കാരണമാണല്ലോ അവൾ പിണങ്ങി പോയത് എന്നോർത്ത് സഹതാപവും.
മനസ്സിൽ എന്തോ ചിന്തിച്ച് കളിച്ചത് കൊണ്ടാകാം ജാഫറും അറിയാതെ വരയിൽ ചവിട്ടി. അതോടെ നാസിയയും പാത്തിമയും ആർത്തു വിളിച്ചു.
"ചൗട്ടി..ചൗട്ടി..ജാഫർക്ക വരേൽ ചൗട്ടി.."
നാസിയയും പാത്തിമയും ഒരു ടീം ആയിരുന്നു. രണ്ട് പേരും വിട്ടുകൊടുത്തില്ല. ജാഫറും സലീമും ഒരു പൊടിക്ക് വഴങ്ങിയില്ല. രണ്ട് കൂട്ടരുടേയും തർക്കങ്ങൾ ഒരു വലിയ ബഹളമായി മാറി. ബഹളത്തിനിടെ ജാഫർ ജനലഴികൾക്കിടയിൽ രണ്ട് കണ്ണുകളെ കണ്ടു. ആ കണ്ണുകളിൽ സന്തോഷം നിറഞ്ഞ് നിന്നിരിന്നു. പെട്ടന്ന് ആ കണ്ണുകൾ അപ്രത്യക്ഷമാവുകയും ചൈതു.
അപ്രതീക്ഷിതമായൊരു ആഗമനമായിരുന്നു കുഞ്ഞലവി മുസ്ലിയാരുടേത്. മുസ്ലിയാർ വന്നതും സലീമിനു രണ്ട് കിട്ടിയതും ഒരുമിച്ചായിരുന്നു. സലീമിന്റെ നടുമ്പുറത്ത് ആദ്യത്തെ അടി വീഴുമ്പോഴേക്കും ജാഫറും നാസിയയും പാത്തിമയും അപ്പുറത്തുള്ള വിറകുപുരയുടെ പുറകിലേക്ക് ഓടി മറഞ്ഞിരുന്നു.
"എന്തിനാ സലീ മിനു തല്ലു കിട്ടിയത്..? "
കിതച്ച് കൊണ്ട് ജാഫർ നാസിയയോട് ചോദിച്ചു. നാസിയ തന്റെ ചുണ്ടത്ത് വിരൽ വെച്ച് 'മിണ്ടല്ലേ ' എന്ന് കണ്ണുകൾകൊണ്ട് ആഗ്യം കാണിച്ച് വിറകുപുരയുടെ അരികിലൂടെ പാളി നോക്കി.. തല്ല് കിട്ടിയ സലീമും തല്ലിയ കുഞ്ഞലവി മുസ്ലിയാരും അപ്രത്യക്ഷമായിരുന്നു. ഒരു നെടുവീർപ്പിട്ട് കൊണ്ട് നാസിയ പറഞ്ഞു.
"സലീംക്കാട് ഉപ്പ കാലത്ത് കിത്താബ് ഓതി പഠിക്കാൻ പറഞ്ഞതാ ..ഉപ്പ പോയ തക്കത്തിനു കളിക്കാൻ വന്നതാണു.."
"മുസ്ലിയാരു വന്നത് ആരും അറിഞ്ഞില്ലേ..? "
"ഇക്ക് തോന്നണത് മീറ ചെന്ന് പറഞ്ഞ് കൊടുത്തിട്ടുണ്ടാകും..ഓളു ക്കളീന്ന് തെറ്റി പോയതല്ലേ...അയ്ന്റെ പക പോക്കിയതാവും.."
പെട്ടന്നാണു ജാഫർ കളിക്കിടെ ബഹളമുണ്ടായപ്പോൾ ജനലഴികൾക്കിടയിൽ രണ്ട് കണ്ണുകൾ കണ്ടതും അപ്രത്യക്ഷമായതും ഓർത്തത്. നാസിയയുടെ വാക്കുകൾ കേട്ട് ജാഫർ വീട്ടിലേക്ക് നടക്കുമ്പോൾ അവന്റെ ഉള്ളിൽ മീറയോടുള്ള എതിർപ്പ് കൂടി വന്നു. ജാഫർ തന്റെ മുറിയിൽ കയറി കതകടച്ച് ഉച്ചത്തിൽ ഒരു ഇംഗ്ലീഷ് പാട്ട് വെച്ചു . ആരോടൊക്കെയോ ഒരു പക തീർക്കുന്നത് പോലെ..
കാലത്ത് സംഭവിച്ചതിന്റെ പൊരുളെന്തെന്ന് മീറയോട് തന്നെ നേരിട്ട് ചോദിക്കാൻ തന്നെ തീരുമാനിച്ചാണു ജാഫർ സലീമിന്റെ വീട്ടിലേക്ക് ചെന്നത് . തന്റെ ഉറ്റ സുഹൃത്ത് തല്ല് കൊള്ളാൻ കാരണം മീറയാണന്നറിഞ്ഞപ്പോൾ മീറയോടുള്ള എതിർപ്പൊന്നും കാര്യമാക്കാതെ അവളോട് സംസാരിക്കാൻ തീരുമാനിച്ചു.
സൂര്യ കിരണങ്ങൾ ചുവന്നു തുടങ്ങിയിരുന്നു..ആകാശത്ത് വെളിച്ചം മങ്ങിയിരുന്നു..ചുവന്ന സൂര്യകിരണങ്ങൾ പതിച്ച് കോമാവിന്റെ തളിരിലകൾ സ്വർണ്ണ നിറത്തിൽ തിളങ്ങിയിരുന്നു. കോമാവിന്റെ കൊമ്പത്ത് രണ്ട് കാക്കകൾ കൂടണയും മുമ്പ് എന്തെങ്കിലും തിന്നാൻ കിട്ടുമോ എന്നറിയാൻ കണ്ണും തുറിച്ചിരിപ്പുണ്ട്. മഗരിബ് ബാങ്ക് വിളിക്കാൻ ഇനിയുമുണ്ട് കുറച്ച് സമയം. അതിനു മുമ്പ് മീറയെ കണ്ട് സത്യാവസ്ഥ അറിയണമെന്ന് തീർച്ചപ്പെടുത്തി ജാഫർ വീടിന്റെ ചുറ്റും ഒന്ന് കണ്ണോടിച്ചു.
"ആരേ നോക്കണത്.."
കിണറ്റിൻ കരയിലേക്ക് കയ്യും കാലും കഴുകാനിറങ്ങിയതാണു മീറ.
"സലീമെന്ത്യേ..? "
ചുറ്റുമൊന്ന് കണ്ണോടിച്ച് ജാഫർ തിരക്കി.
"സലീംക്ക പള്ളീ പോയി.."
മറുപടി പറയുന്നതിനിടെ മീറ ചുരിദാറിന്റെ പാന്റ് മുട്ടോളം മടക്കിവെച്ച് അലക്ക് കല്ലിൽ കാലുരസി കഴുകി കൊണ്ടിരുന്നു. അവളുടെ വെളുത്ത കാലിലെ സ്വർണ്ണ കൊലുസ്സിനു ഒരു പ്രത്യേക തിളക്കമുള്ളതായി ജാഫറിനു തോന്നി. പെട്ടന്ന് തന്നെ ജാഫർ മുഖം തിരിച്ചു. പിന്നെ മീറയുടെ മുഖത്ത് നോക്കാതെ താഴെ കിടന്ന ഒരു കമ്പെടുത്ത് വളച്ചും ഒടിച്ചും നിന്നു.
"കാലത്ത് സലീമിനെന്തിനാ തല്ല് കൊണ്ടത്.."
രണ്ടും കൽപ്പിച്ച് ജാഫർ മീറയുടെ മുഖത്ത് നോക്കാതെ ചോദിച്ചു.
"അത് കുഞ്ഞാപ്പ സലീംക്കാട് ഓതി പടിക്കാൻ പറഞ്ഞിട്ട് പടിക്കഞ്ഞിട്ടല്ലേ..(മീറ കുഞ്ഞലവി മുസ്ലിയാരെ കുഞ്ഞാപ്പ എന്നാ വിളിക്കുന്നത് )
"മുസ്ലിയാരു വന്നപ്പോ യ്യ് പറഞ്ഞ് കൊടുത്തതല്ലേ.."
മീറ തന്റെ സ്വത:സിദ്ധമായ ശൈലിയിൽ ജാഫറിനെ ഒന്ന് നോക്കി. പിന്നെ അയലിൽ കിടന്ന ഒരു തോർത്ത് മുണ്ടെടുത്ത് മുഖവും കയ്യും കാലും തുടച്ച് കൊണ്ട് ഒരൽപം ഗൗരവത്തിൽ അവൾ പറഞ്ഞു.
"വേണങ്കി വിശ്വസിച്ചാ മതി..നാസിയേം ഇതന്നെ ന്നോട് പറഞ്ഞത്..ക്ക് സലീംക്കാനെ തല്ല് കൊള്ളിച്ചിട്ടെന്താ കാര്യം..ഇങ്ങളൊക്കെ കളിക്കുമ്പോ ഒച്ചപ്പാട് കേട്ടാ കുഞ്ഞാപ്പ വന്നത്..."
മീറ പറഞ്ഞ് തീർത്ത് ചവിട്ട് പടി കയറുമ്പോൾ ജാഫറിന്റെ ഉള്ളിൽ മീറ തെറ്റുകാരിയല്ലന്ന് നൂറുവട്ടം തെളിഞ്ഞിരുന്നു.
"മീറാ.."
ജാഫർ എന്തോ പറയാനായി മീറയെ വിളിച്ചതാണു. അപ്പോഴാണു കുഞ്ഞലവി മ്യ്സ്ലിയാരുടെ മധുര മനോഹരമായ ശബ്ദത്തിൽ മഗരിബ് ബാങ്ക് പാറക്കുളം കവലയിലെ പള്ളിയിൽ നിന്നും മുഴങ്ങി കേട്ടത്. മീറ ഉടനെ ഷാളെടുത്ത് തലയിലിട്ട് അകത്തേക്ക് കയറിപ്പോയി. ജാഫർ ധ്രിതിയിൽ പള്ളിയിലേക്കും നടന്നു. (തുടരും)