Thursday, April 24, 2014

ഭാഗം മുപ്പത്തിയേഴ് ,

അന്ന് ഉച്ചവെയിൽ ആറിയ നേരം ബാസിമ കാർത്തികയുടെ വീട്ടിൽ പോയി നടന്ന സംഭവം എല്ലാം പറഞ്ഞു..എല്ലം കേട്ടപ്പോൾ കാർത്തിക ഉറക്കെ ചിരിച്ചു..
"ഹഹഹ നല്ല തമാശ തന്നെ..എന്തായാലും അണക്ക്‌ കൊറേ മാറ്റൊക്കെ വന്നിട്ടുണ്ട്ട്ടാ ... ന്നാലും ആപാവത്തിനോട്‌ അങ്ങനെ ചെയ്യണ്ടായിരുന്നു..ഹഹഹ.."
"മ്മ് യ്യ്‌ ചിരിച്ചൊ..അണക്ക്‌ തമാശ.. ഇന്നിപ്പൊ ഇതിങ്ങനണ്ട്‌ കഴിഞ്ഞെന്നുള്ളു.. ഇത്‌ വല്യ പ്രശ്നാവും... ഞാനായി ഒന്നും മുണ്ടാണ്ട്‌ ഒക്കെ സഹിച്ച്‌ നിക്ക്ണ കാരണാ.. ഇതിനെന്താപ്പൊ ചെയ്യാ ..അതറിയാനാ ഞാൻ വന്നത്‌.."
"അണക്കപ്പൊ നാസറിനോട്‌ എല്ലാം പറയാരുന്നില്ലേ...ഇതിപ്പൊ ഓളെ ഭാഗം മാത്രല്ലേ ഓൻ കേട്ടുള്ളു.."
"വേണ്ടാ..ഞി ഓനോട്‌ ഞാനും കൂടി പറഞ്ഞാ കുടുമ്മത്ത്‌ ആകെ പ്രശ്നാന്നാ ഓൻ കരുതാ..ഓനിപ്പൊ ഒരു വെടക്കത്തരോം ഇല്ലാതെ നടക്കാ..ഇഞിപ്പൊ അവടാകെ പ്രശ്നാന്നറിഞ്ഞാ ഓന്റെ മനസ്സമാധാനം പോകും..പിന്നെ ഓൻ പഴേ പോലാകും..കള്ളും കഞ്ചാവും.. ന്റള്ളാ.. ക്ക്‌ ഓർക്കാൻ തന്നെ വയ്യ.."
"ഞാനൊരു കാര്യം പറഞ്ഞാ യ്യ്‌ കേൾക്കോ.."
"ന്താ.."
"കേൾക്കോ..?"
"യ്യ്‌ പറ..ക്ക്‌ എല്ലാ കര്യങ്ങൾക്കും ഒരു കൂട്ട്‌ ഇയ്യാ ഇണ്ടായിട്ടുള്ളൂ...യ്യ്‌ പറേണതൊക്കെ ഞാൻ കേക്കാ...ന്റെ നല്ലതിനാ യ്യ്‌ പറയ്യാന്ന് ഇക്കറിയാ..."
"ആണല്ലോ..എന്നാ യ്യൊരു കല്യാണം കഴിക്കണം.."
"വേണ്ടാ..,,അതല്ലാത്തെ എന്തും യ്യ്‌ പറഞ്ഞോ.."
" യ്യ്‌ ഞാൻ പറേണത്‌ ആദ്യം മനസ്സിലാക്ക്‌..അണക്ക്‌ രണ്ട്‌ പെൺകുട്ട്യോളാ.. അവരെ കാര്യം നോക്കണം ..പിന്നെ അന്റെ വീട്ടിലെ പ്രശ്നം ഇല്ലാതാക്കാം..കല്യാണം കഴിഞ്ഞാ യ്യ്‌ കെട്ടിയോന്റെ വീട്ടിലല്ലേ.."
"അപ്പൊ വീട്ടിൽ സാബിറ ഒറ്റക്കാവൂലേ...പിന്നെ റണ്ട്‌ നിക്കാഹ്‌ ൻറെത് കഴിഞ്ഞതാ..അയാളൊടൊത്ത്‌ ജീവിച്ചില്ലെങ്കിലും അങ്ങനെ ഒരു പേരുവന്നില്ലേ.. ആരാ ഇതൊക്കെ അറിഞ്ഞ്‌ കെട്ടാൻ നിക്കാ..പോരാത്തതിനു രണ്ട്‌ പെൺകുട്ട്യോളും..നല്ല ചേലായി.."
"അതൊക്കെ നമുക്ക്‌ നോക്കാം..രണ്ട്‌ കെട്ടിയതൊന്നും പറയണ്ടാ..കൂടെ ജീവിക്കാത്തോൻ എന്ത്‌ ഭർത്താവാ..പിന്നെ സാബിറാടെ കാര്യം ..നാസറിനു ഈ നാട്ടിൽ തന്നെ നമ്മക്ക്‌ പണി നോക്കാം..ഇയ്യൊന്നും അറിയണ്ടാ..''


"യ്യ് പറേണതോന്നും ക്ക് മനസ്സിലാവ്ണ് ല്ലാ ......ആരോട് പറയാനാ ...ഉമ്മ ഇവടില്ല ..പിന്നെ കോയാമുക്കാട് ഇതൊക്കെ പറയാൻ പറ്റൊ ..അതൊന്നും വേണ്ടാ ...ഞാ ഇങ്ങനന്നെ ജീവിച്ചോളാം ..."
"അതൊക്കെ വഴിയിണ്ട് ...നമുക്ക് പത്രത്തിൽ ഒരു പരസ്യം കൊടുക്കാം..ഒക്കെ ഞാൻ ചൈതോളാം..യ്യ്‌ മനസ്സ്കൊണ്ട്‌ ഒന്ന് ഒരുങ്ങിയാ മതി.."
"അയ്യേ ...പത്രത്തിൽ പെണ്ണിന് കെട്ടിയോൻ വേണമെന്ന് പരസ്യംകൊടുക്കെ ...? "
"അതിനെന്താ ...നീ ഏത് ലോകത്താ ബസിമാ ..ഇപ്പൊ ഇതൊക്കെ നടക്കണ കാര്യം തന്നേ ....വലിയ വലിയ പത്രാസുള്ള കുടുംബക്കാരടക്കം ഇതൊക്കെ ചെയ്യീണ്ട് ...പിന്നെയാ ..."
"അല്ലടീ ..,ഞങ്ങള് മുസ്ലിങ്ങൾക്ക് ഇതൊക്കെ പാടോ ..."
"ഇതിലെന്താ തെറ്റ് ...യ്യ് വെറുതെ ന്നെ ദേഷ്യം പിടിപ്പരുത് ട്ടാ ... "
ബാസിമ പിന്നെ അധികം ചോദിക്കാനും പറയാനും നിന്നില്ല ...എല്ലാം സമ്മതിച്ച് ബാസിമ കാർത്തികയുടെ വീട്ടിൽ നിന്നും മടങ്ങി..സാബിറയുടെ സ്വഭാവം കൂടുതൽ വഷളായിതുടങ്ങി.. കാർത്തിക പറഞ്ഞതിലും കാര്യമുണ്ടെന്ന് ബാസിമാക്ക്‌ മനസ്സിലായി.. ഒരാണിന്റെ കൂടെ ജീവിക്കാനുള്ള ആഗ്രഹമായിരുന്നില്ല.. മനസ്സ്‌ സ്വസ്ഥമായി ഒരു ദിവസമെങ്കിലും ജീവിക്കണം എന്നായിരുന്നു ബാസിമയുടെ മനസ്സ്‌ നിറയേ....
ഇതിനിടയിൽ നാട്ടിൽ കര്യമായ മറ്റങ്ങൾ വന്നു തുടങ്ങി.. മൊബെയിൽ ഫോൺ എല്ലാവരുടേയും കയ്യിൽ സുലഭമായിത്തുടങ്ങി.. ഗുൾഫിൽ നിന്ന് ബാസിമാക്ക്‌ ഉമ്മ ഒരു മൊബെയിൽ കൊടുത്തയച്ചു.. അതോടെ ബാസിമയും കാർത്തികയും കാണുന്നത്‌ കുറഞ്ഞു സംസാരം കൂടി..
നസറിനു കാർത്തിക ഒരു ഓട്ടോറിക്ഷ എടുത്ത്‌ കൊടുത്തു..നാസർ നാട്ടിൽ ഓട്ടോ ഓടിച്ചു..കുറേശ്ശയായി ഓടികിട്ടുന്ന കാശ്‌ നാസർ കാർത്തികക്ക്‌ കൊടുത്ത്‌ കടം വീട്ടിക്കൊണ്ടിരിന്നു..
കാർത്തിക പത്രത്തിൽ കൊടുത്ത പരസ്യം കണ്ട് ഒരാൾ വിളിച്ചു ..ആ വിവരം കാർത്തിക ബാസിമയെ വിളിച്ചറിയിച്ചു .. സാബിറയുടെ സ്വഭാവം കൂടുതൽ പ്രശ്നങ്ങളിലേക്ക് വഴിവെക്കുമെന്ന് മനസ്സിലാക്കിയ ബാസിമ മനസ്സില്ലാ മനസ്സോടെ കാർത്തികയോട് സമ്മതം മൂളി .. അടുത്ത ദിവസം തന്നെ കാർത്തിക നമ്പർ കൊടുത്തപ്രകാരം അയാൾ ബാസിമയെ വിളിച്ചു ... അയാളുടെ സംസാരം ബാസിമാക്ക് ഒരുപാട് ആശ്വാസമേകുന്നതായിരുന്നു .. അങ്ങനെ അവരുടെ സംസാരം ഒരുമാസം നീണ്ടു നിന്നു ..
കാർത്തികയുടെ വീട്ടിൽ വെച്ച് അയാളും ബാസിമയും തമ്മിൽ കണ്ടു ..കൂടുതൽ ഇഷ്ടപ്പെട്ടു .. കാർത്തിക ബാസിമാക്ക് വേണ്ടി അയാളോട് എല്ലാം സംസാരിച്ചു . ..അയാൾക്കും ഒരു മകനുണ്ട് ..ഭാര്യ മരിച്ചുപോയി ..എല്ലാം പരസ്പരം സംസാരിച്ചപ്പോൾ അവർ വിവാഹിതരാകാൻ തീരുമാനിച്ചു ....(തുടരും ...)

Sunday, April 20, 2014

ഭാഗം മുപ്പത്തിയാറ് .,

"ലഹരിയുടെ ലോകത്തായിരുന്നു ഞാനിതുവരെ..ഇപ്പൊ ഞാനതല്ലാം ഉപേക്ഷിച്ചിട്ടാ അന്റെ മുന്നിൽ നിക്ക്ണത്‌..സത്യം, ഇനി ഞാൻ അങ്ങനൊന്നും ചെയ്യില്ല..ന്നെ...ന്നെ യ്യ്‌ വിശ്വസിക്കണം... ക്ക്‌ മാപ്പ്‌ തരണം..."
ബാസിമ കണ്ണുകൾ തുടച്ച്‌ എഴുന്നേറ്റ്‌ നാസറിനെ കെട്ടിപ്പിടിച്ച്‌ കരഞ്ഞു..
"സാരല്ലടാ..ഞമ്മളു വളർന്നത്‌ അങ്ങനല്ലേ..സാരല്ലാ.."
ദിവസങ്ങൾ കടന്നു പോയി..ബാസിമ ഉമ്മയെ നാട്ടിലേക്ക്‌ വരുത്തി.. നാസറിനെ കൊണ്ട്‌ ഒരു പെണ്ണു കെട്ടിച്ചു.. ബാസിമ കാർത്തികയോട്‌ പറഞ്ഞ്‌ നാസറിനു കാർത്തികയുടെ ഭർത്താവിന്റെ കടയിൽ ഒരു ജോലി തരപ്പെടുത്തിക്കൊടുത്തു.. ആഴ്ചയിൽ രണ്ട്‌ ദിവസം നാസറിനു ലീവ്‌ കിട്ടും.. നാട്ടിൽ വരാൻ..
നാസറിന്റെ പെണ്ണു ബാസിമാക്കൊരു കൂട്ടായി എന്ന സമാധാനത്തിൽ ഉമ്മ ഗൾഫിലേക്ക്‌ തന്നെ തിരിച്ചു.. ബഷീറും  നാസറും ഉമ്മയോട്‌ ഇനി പോകണ്ടാന്ന് പറഞ്ഞെങ്കിലും ഉമ്മ സമ്മതിച്ചില്ല.. വീടുണ്ടാക്കാൻ അറബി മുൻ കൂറായി കാശ്‌ കൊടുത്തിട്ടുണ്ടായിരുന്നു.. അതൊന്നും കൊടുത്ത്‌ വീട്ടാതെ ഉമ്മാക്ക്‌ അവിടെ നിന്നും പോരാൻ കഴിയില്ലന്ന് പറഞ്ഞപ്പോൾ മക്കൾക്കാർക്കും പിന്നെ ഉമ്മയെ തടയാൻ കഴിഞ്ഞില്ല.
സാബിറ എന്നായിരുന്നു നാസറിന്റെ പെണ്ണിന്റെ പേര്.. പുതുപ്പെണ്ണിന്റെ മോടി കഴിഞ്ഞുതുടങ്ങിയപ്പോൾ അവളിൽ മാറ്റങ്ങൾ വന്ന് തുടങ്ങി.. ബാസിമയോടും മക്കളോടും സാബിറ പെരുമാറ്റത്തിൽ അകൽച്ച കാണിക്കാൻ തുടങ്ങി..
വീട്ടിലെ പണികളെല്ലാം ബാസിമതന്നെ ചെയ്യേണ്ടി വന്നു.. ആദ്യമൊന്നും ബാസിമ അവളുടെ സ്വഭാവത്തോട്‌ പ്രതികരിച്ചില്ല .. എല്ലാം കണ്ടില്ല കേട്ടില്ല എന്ന് വെച്ചു. പക്ഷെ പിന്നെ പിന്നെ അവൾ ആഴ്ചയിൽ നാസർ വരുമ്പോൾ ഓരോന്ന് ഓതിക്കൊടുത്ത്‌ നാസറിന്റെ മനസ്സ്‌ മാറ്റാൻ തുടങ്ങി..
ഒരു ദിവസം നാസർ ലീവിനു വന്ന് തിരിച്ച്‌ പോകാൻ നേരം പിന്നാമ്പുറത്ത്‌ ബാസിമ അലക്കിക്കൊണ്ടിരിക്കായിരുന്നു. നാസർ അങ്ങോട്ട്‌ ചെന്നു..
"ആ യ്യ്‌ ഇറങ്ങാനായാ.. ചായകുടിച്ചില്ലേ.. ഞാനാ മേശമ്മെ മൂടി വെച്ചിട്ടുണ്ട്‌.."
"ഞാൻ കഴിച്ച്‌... "
ബാസിമ ഒന്ന് മൂളി അവളുടെ പണിതുടർന്നു..
"ബാസിമാ..ക്കൊരു കാര്യം പറയാണ്ട്‌.."


"എന്തഡാ..യ്യ്‌ പറഞ്ഞോ... "
ബാസിമ അലക്കി കൊണ്ട്‌ തന്നെ പറഞ്ഞു...
"അത്‌ പിന്നെ..സബിറ കുറച്ച്‌..."
പെട്ടന്ന് ബാസിമ അലക്ക്‌ നിർത്തി നാസറിനെ നോക്കി..നാസർ പറയാൻ വന്നത്‌ പാതിവഴിക്ക്‌ മുറിഞ്ഞു.."
"യ്യ്‌ പറയ്യ്‌ .. സബിറ എന്ത്‌..? "
"അല്ലാ ഓളു കുറച്ചായി ഒരു കാര്യം പറയന്നു.. പിന്നേ...യ്യ്‌ ഓളോട്‌ മോശായിട്ടാണു പെരുമാറുന്നത്‌.. പിന്നെ..."
"നാസറേ..."
ബാസിമ പെട്ടന്ന് കയറിപ്പറഞ്ഞു..
"യ്യൊരു കാര്യം മനസ്സിലാക്കണം..അണക്കൊന്നും ചിന്താക്കാൻ പറ്റാത്ത വേദനകൾ സഹിച്ചാ ഞാനിതുവരെ ജീവിച്ചത്‌..ഇനി ന്റെ ജീവിതം എന്താകുന്നെന്നും ക്ക്‌ നിച്ചല്ല.. ആ ഞാനെന്തിനാ ഓളോട്‌ വെറുപ്പ്‌ കാണിക്കുന്നത്‌...ഇയ്യും ഓളും സന്തോഷായി കഴിഞ്ഞാമതി.. അതിന്റെ എടേൽ ന്റെ രണ്ട്‌ പെൺകുട്ട്യേളെ ക്ക്‌ നോക്കണ്ടെ..."
"ഓൾക്ക്‌ ചെലപ്പൊ അങ്ങനൊക്കെ തോന്നുന്നതാകും... ഓളോട്‌ യ്യ്‌ പണിയൊന്നും പറയില്ല..ള്ള പണിയൊക്കെ യ്യ്‌ ഒറ്റക്ക്‌ ചെയ്യും..അത്‌ കൊണ്ടൊക്കെയാകും.."
"അങ്ങനെ ഓളു പാഞ്ഞാ.."
"പണിയൊന്നും പറയാറില്ലന്ന് പറഞ്ഞു.."
ബാസിമ ഒരു നിമിഷം ഒന്നും മിണ്ടാതെ നിന്നു.. അവളുടെ മുഖത്ത്‌ ഒരുഭാവമാറ്റം നാസർ ശ്രദ്ധിച്ചു.. പിന്നെ അവളുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.. അവൾ സാബിറയെ ഉറക്കെ വിളിച്ചു..
"സാബിറാ..സാബിറാ..ഒന്നിങ്ങ്‌ വന്നേ.."
സാബിറ നാസാസറിനേയും ബാസിമയേയും മാറിമാറി നോക്കി വന്നു.. ബാസിമ സാബിറാടെ മുഖത്ത്‌ നോക്കി പുഞ്ചിരിച്ചു.. അവളുടെ കയ്യിൽ അലക്കിക്കൊണ്ടിരിന്നിരുന്ന തുണി അവൾ സാബിറാക്ക്‌ നേരെ നീട്ടി..
"ഇന്നാ യ്യിതൊക്കെ ഒന്ന് അലക്ക്‌..ഞാൻ പോയി കുട്ടികളെ കാര്യം നോക്കട്ടെ.. "
ബാസിമ അകത്തേക്ക്‌ കയറിപ്പോയി.. നാസറിന്റെ മുഖത്ത്‌ ചിരി വിടർന്നു..
"അണക്കിപ്പൊ സന്തോഷായില്ലേ..."
നാസർ ഇതും പറഞ്ഞ്‌ പോയി..സാബിറ ബാസിമ അലക്കാൻ കൊടുത്ത തുണിയുമായി അങ്ങനെ നിന്നു..നാസർ വീടിന്റെ പടിയിറങ്ങുമ്പോൾ സാബിറ തുണിയലക്കുന്ന ശബ്ദം ഉച്ചത്തിൽ കേൾക്കാമായിരുന്നു..  (തുടരും )

                                            *****************************