Sunday, February 2, 2014

ഭാഗം ഇരുപത്തിനാല് ,

ആ കാഴ്ച്ച കണ്ട്‌ ബാസിമ നിലവിളിച്ചു ..
" ന്റെ റബ്ബേ..ഞാനെന്തീ കാണണത്‌.. എന്റെ മോളെ.."
"ശബ്ദിക്കാരുത്‌ നായിന്റെ മോളേ.."
കാദറത്‌ പറയലും ബാസിമയെ ആഞ്ഞൊരടിയും അടിച്ചു.. ബാസിമയും കുഞ്ഞും താഴേ വീണു.. ബാസിമ കുഞ്ഞിനെ ചേർത്ത്‌ പിടിച്ച കാരണം കുഞ്ഞിനൊന്നും സംഭവിച്ചില്ല..കുട്ടികൾ രണ്ടും ഉറക്കെ വാവിട്ട്‌ കരയാൻ തുടങ്ങി.. ബാസിമ കരഞ്ഞു കൊണ്ട്‌ ബുഷറയുടെ ശരീരത്തിലേക്ക്‌ ഒരു തുണി  വലിച്ചിട്ടു. അവൾ ആകെ ഭ്രാന്തിയെ പോലെ പെരുമാറാൻ തുടങ്ങി.. അവൾ കാദറിന്റെ മുടിപിടിച്ചും  നെഞ്ചത്തടിച്ചും  കരഞ്ഞു കൊണ്ടിരുന്നു..
"എറങ്ങിപ്പോടാ ന്റെ വീട്ടീന്ന്.. പോ ..പോ...പോ..."
ബാസിമയുടെ ശബ്ദം ഉയർന്നു കൊണ്ടിരുന്നു..ശബ്ദം കേട്ട് നാട്ടുകാർ ഓടിക്കൂടി ... അവൾ കയ്യിൽ കിട്ടിയതെല്ലാം കാദറിനു നേരേ എറിഞ്ഞു.. കാദർ അവളെ എതിർത്ത്‌ അടുത്ത്‌ വരാൻ തുനിഞ്ഞപ്പോൽ ബാസിമ കാറി കൊണ്ട്‌ കാദറിന്റെ മുഖത്തേക്ക്‌ നീട്ടിയ്‌രു തുപ്പ്‌ കൊടുത്തു..."ഘ്രാ ഥ്ഫൂ....!!!!!!  "
ബാസിമ കാദറിനെ പിടിച്ച്‌ തള്ളി.. ബാസിമ പെട്ടന്ന് ശക്തിയാർജ്ജിച്ച പോലെ കാദറിനു തോന്നി..
"ഹറാമ്പറന്നവനേ..."
ബാസിമ കാദറിനെ മുറ്റത്തേക്ക്‌ തള്ളിയിട്ടു.. ആളുകൾ കൂടിയത്‌ കൊണ്ട്‌ കാദർ പിന്നെ പ്രതികരിക്കാൻ നിൽക്കാതെ വേഗം ഓടിപ്പോയി.. കൂടിനിന്ന ആളുകൾ കാര്യമറിയാതെ പരസ്പരം പിറുപിറുത്തു.. ബാസിമയോട്‌ കാര്യങ്ങൾ ചോദിക്കാൻ ആർക്കും തോന്നിയില്ല.. അവളുടെ രൂപവും ഭാവവും കണ്ടപ്പോൾ ആർക്കും അതിനു തോന്നിയില്ല..
"എല്ലരും ന്റെ മുറ്റത്തിന്ന് പൊയ്ക്കോളീ..ക്ക്‌ ആരേം
കാണണ്ടാ..കാണണ്ടാ...കാണണ്ടാ... "
അവൾ കരഞ്ഞുകൊണ്ട്‌ വാതിൽ കൊട്ടിയടച്ചു..
എന്ത്‌ സംഭവിച്ചെന്ന് ആരും അറിഞ്ഞില്ല.. ആരോടും ബാസിമ പറഞ്ഞില്ല.. ബഷീർ വന്നപ്പോൾ വീട്ടിൽ നടന്ന കോലാഹലം നാട്ടുകാർ പറഞ്ഞറിഞ്ഞു.. പക്ഷെ സത്യാവസ്ഥ അറിഞ്ഞില്ല.. സ.കോയാമും മാമ കുഞ്ഞാവയും എളേമ പാത്തുട്ടിയും എല്ലാം കാര്യമറിയാതെ ബാസിമയെ കുറ്റപ്പെടുത്തി..
തന്റെ സഹോദരി തന്റെ ഭർത്താവിനാൽ നശിപ്പിക്കപ്പെട്ടു എന്ന് ലോകം അറിയരുതെന്ന് അവൾക്ക്‌ നിർബന്ധമായിരുന്നു..
         ആ സംഭവത്തിനു ശേഷം ബുഷറ ആകപ്പാടെ ഒരു മരവിച്ച അവസ്ഥയിലായിരുന്നു..ആരോടും ഒന്നും മിണ്ടില്ല..ചോദിച്ചതിനൊന്നും മറുപടിയുമില്ല ..ഒരേ ഇരുപ്പ്‌ തന്നെ.. സ്കൂളിൽ പോകാനും അവൾ വിസമ്മതിച്ചു. ബാസിമ അവളെ അടുത്തിരുത്തി സമാധാനിപ്പിക്കാൻ ശ്രമിക്കുമ്പോഴെല്ലാം അവൾ മുഖം പൊത്തി കരയും ..എന്ത്‌ ചെയ്യണമെന്നറിയാത്തെ ബാസിമ വല്ലാതെ സങ്കടപ്പെട്ടു...
     
 ബാസിമ ബുഷറയും കൂട്ടി കാർത്തികയുടെ വീട്ടിലേക്ക്‌ പോയി.. കാർത്തികയോട്‌ ബാസിമ എല്ലാം തുറന്ന് പറഞ്ഞു.. കാർത്തിക എല്ലാം കേട്ടപ്പോൾ ആകെ തരിച്ചിരിന്നു.. എന്ത്‌ പറഞ്ഞ്‌ സമാധാനിപ്പക്കണമെന്നറിയാതെ കാർത്തിക കുറച്ച്‌ സമയം നിറഞ്ഞ കണ്ണുകൾ തുടച്ച്‌ എന്തോ ചിന്തിച്ചിരിന്നു..
"ബാസി, കഴിഞ്ഞത്‌ കഴിഞ്ഞു..എല്ലാം വിധിയാണെന്ന് കരുതി സഹിക്കാ..പക്ഷെ ബുഷ്രാടെ ഈ അവസ്ഥ മാറ്റണം.. എനിക്കവളെ കാണുമ്പോ സങ്കടവും പേടിയൊക്കെ തോന്ന്ണ്ട്‌.."
"ഞാനിപ്പൊ എന്താ ചെയ്യാ കാർത്തീ.. ഇക്കൊന്നിനും മനസ്സ്‌ വരുന്നില്ല.. ഞങ്ങൾക്കാരുമില്ലാത്തെ പോലെ തോന്നു...ന്നു.."
ബാസിമ പറഞ്ഞു തീരുമ്പോഴേക്കും പൊട്ടിക്കരഞ്ഞു..കാർത്തിക ബാസിമയെ തന്നിലേക്ക്‌ ചേർത്ത്‌ പിടിച്ച്‌ സമാധാനിപ്പിച്ചു...
കാർത്തിക അവരേയും കൂട്ടി ടൗണിലെ ഒരു സൈക്കോളജിസ്റ്റിനെ  കാണാൻ പോയി.
ബുഷറാക്ക്‌ സംഭവിച്ചത്‌ അവർ ഡോക്ടറോട്‌ പറഞ്ഞു..
ഡോക്ടർ ബാസിമയോടും ബുഷറയോടും പുറത്തിരിക്കാൻ പറഞ്ഞ്‌ കാർത്തികയോട്‌ സംസാരിച്ചു . ഡോക്ടർ പറഞ്ഞ കാര്യം മടങ്ങും വഴി കാർത്തിക ബാസിമയോട്‌ പറഞ്ഞു..  ബുഷറാക്ക് ആത്മഹത്യ പ്രേരണ കൂടാൻ സാധ്യതയുണ്ടെന്നും അത് കൊണ്ട് അവൾക്കു നേരെ എപ്പോഴും ഒരു കണ്ണ് വേണമെന്നുമാണ് ഡോക്ടർ പറഞ്ഞതെന്ന് കേട്ടപ്പോൾ ബാസിമാക്ക്‌ വല്ലാത്ത ഭയം തോന്നി ..
"നീ ടെൻഷനടിക്കൊന്നും വേണ്ടാ ...ഡോക്ടർ പറഞ്ഞന്നേ ഉള്ളൂ ..അവളെ പതിയെ നമുക്ക് മാറ്റിയെടുക്കാം ..."
കാർത്തിക ബാസിമയെ സമാധാനിപ്പിച്ചു .
എപ്പോഴും ബാസിമ ഒരു നിഴലായി ബുഷറയുടെ കൂടെത്തന്നെ നടന്നു ..
           സ.കോയാമു വീണ്ടും കാദറുമായി ഒരു ഒത്തുതീർപ്പിന് ശ്രമിക്കാൻ തുനിഞ്ഞെങ്കിലും ബാസിമ അതിനെ എതിർത്തു ..ഇനി ഒത്ത്തീർപ്പ് പോയിട്ട് അയാളോടൊത്തുള്ള ജീവിതം തന്നെ ഇനി തനിക്ക് വേണ്ടാന്ന് ബാസിമ തീർത്തുപറഞ്ഞു ..
"മോളെ ഇയ്യെന്താലോയിച്ചിട്ടാ ഇങ്ങനൊക്കെ പറെണത് ....അനക്ക് രണ്ട് പെങ്കുട്ട്യേളാ ...അതിജ്ജ് മറക്കണ്ട ...."
ബാസിമ  സ .കോയാമുനോട് പറഞ്ഞതറിഞ്ഞു മാമ കുഞ്ഞാവ വന്ന് ബാസിമയെ ചീത്തപറഞ്ഞു .. കു‌ടെ എളേമ പാത്തുട്ടിയും ഉണ്ടായിരുന്നു . ബഷീറും ബാസിമയോട് കയർത്തു ..ആരോടും ബാസിമാക്ക് വിരോദം തോന്നിയില്ല ..അവർക്കാർക്കും സത്യമറിയില്ലന്ന് ബാസിമാക്ക് അറിയാമായിരുന്നു ..
അവസാനം പള്ളിയിൽ നിന്ന് മുസ്‌ലിയാക്കന്മാരും വന്നു ..അവരോട് ബാസിമ തനിക്ക് കാദറിൽ നിന്ന് ത്വലാഖ് വാങ്ങിത്തരണമെന്നു അപേക്ഷിച്ചു .അങ്ങനെ ഒരു വെള്ളിയാഴ്ച്ച ദിവസം ജുമുഅക്ക് ശേഷം എല്ലാവരുടെയും സാന്നിദ്യത്തിൽ  കാദറും ബാസിമയും മൊഴി മൂന്നും ചൊല്ലി ബന്ധം  വേർപ്പിരിഞ്ഞു ..കാദർ മൂന്നാം ത്വലാഖും ചൊല്ലിത്തീർത്തപ്പൊൾ ബാസിമ അറിയാതെ പറഞ്ഞു പോയി ...        "അൽഹംദു ലില്ലാഹ് ..."  (തുടരും )







  

No comments:

Post a Comment

ഈ നോവലിനെ കുറിച്ചുള്ള അഭിപ്രായങ്ങളും വിമർശനങ്ങളും അറിയിക്കാവുന്നതാണ്