ജാഫറിനു സ്വന്തമായി ഒരു സൈക്കിളുണ്ട്. ഒന്ന് ആഞ്ഞു ചവിട്ടിയാൽ അതിന്റെ ചെയിനഴിയും . എന്നാലും സ്കൂളിൽ പോയ്‌വരാനും മറ്റും ജാഫറിന്റെ ഏക ആശ്രയം ഈ സൈക്കിൾ തന്നെയായിരുന്നു. കണ്ടാൽ ആക്രിക്കടയിൽ നിന്നും വാങ്ങിയതാണെന്ന് തോന്നുമെങ്കിലും , ആഴ്ച്ചയിലൊരിക്കൽ കഴുകി തുടച്ച് വൃത്തിയാക്കാൻ ജാഫർ ശ്രമിക്കാറുണ്ട്.
ജാഫറിന്റെ സൈക്കിൾ റോഡിലൂടെ പോകുമ്പോൾ ആരും ഒന്ന് നോക്കി പോകും. അതിന്റെ ഭംഗി കൊണ്ടല്ല. അത്രക്ക് കരകര ശബ്ദമായിരുന്നു. പക്ഷെ, ജാഫറതൊന്നും വക വെച്ചിരുന്നില്ല. അണ്ണാനു തൻ കുഞ്ഞ് പൊൻ കുഞ്ഞ് പോലെയായിരുന്നു ജാഫറിനു തന്റെ സൈക്കിൾ. സൈക്കിളിന്റെ ചെറിയ ചെറിയ കേടുപാടുകൾ തീർക്കുന്നത് ജാഫർ തന്നെയാണു. പിന്നെ വലിയ വല്ല കേടുപാടും വന്നാൽ ഡോക്ടർ മാർ രോഗികളെ വലിയ ആശുപത്രിയിലേക്ക് ഷിഫ്റ്റ് ചെയ്യുന്ന പോലെ ജാഫറും തന്നെ കൊണ്ട് കഴിയാതെ വരുമ്പോൾ പാറക്കുളം കവലയിലെ കൃഷ്ണൻ കുട്ടിയുടെ സൈക്കിൾ കടയിലേക്ക് ഷിഫ്റ്റ് ചെയ്യും.
പത്രക്കാരൻ അലക്ഷ്യമായി വലിച്ചെറിഞ്ഞ പത്രത്തിന്റെ ഏടുകൾ പെറുക്കി യഥാ സ്ഥിതിയിലാക്കി ജാഫർ ടീപ്പോയിപ്പുറത്ത് വെച്ചു. കയ്യിലിരുന്ന ചായ ഗ്ലാസ് സൂക്ഷ്മയോടെ ടീപ്പോയിയുടെ ഒരറ്റത്ത് വെച്ച് പത്രമെടുത്ത് മറിച്ച് നോക്കി. മുറ്റത്ത് സോപ്പ് പൊടിയും ഒരൽപം മണ്ണെണ്ണയും ചേർത്ത ബക്കറ്റ് വെള്ളം ജാഫറിനേയും കാത്തിരിപ്പാണു. സ്കൂളുള്ള ദിവസങ്ങളില്‍ ഞായറാഴ്ച്ചയായിരുന്നു സൈക്കിള്‍ കഴുകുന്ന ദിവസം . സ്കൂള്‍ അടച്ചതിനു ശേഷം ആ പതിവ് മാറി ഇടക്കിടക്ക് കഴുകാന്‍ തുടങ്ങി . സൈക്കിൾ കഴുകുന്നത് കൊണ്ട് ജാഫറിനോ സൈക്കളിനോ യാതൊരു ഗുണവുമില്ല .മറിച്ച് സൽമാക്ക് അത്രയും സോപ്പും മണ്ണണ്ണയും പോയത് മിച്ചം .
ചായ കുടിച്ച് തീർത്ത് കാലത്തെ ഇളംവെയിൽ ചൂടുപിടിക്കുന്നതിനു മുമ്പ് സൈക്കിൾ കഴുകണമെന്ന് തീരുമാനിച്ചുള്ള ഇരിപ്പാണ് ജാഫർ . പത്ര താളുകൾ മറിച്ച് വാർത്തകൾ കണ്ട് ജാഫർ അമ്പരക്കുകയോ ,സഹതപിക്കുകയൊ ,സന്തോഷിക്കുകയോ ,ദു:ഖിക്കുകയോ ചെയ്യാറില്ല .ജാഫറിനു എല്ലാ വാർത്തകളും ഒരുപോലെയാണ് .ജാഫർ ആകാംക്ഷയോടെ പത്രത്താളുകൾ മറിച്ച് നോക്കുന്നത് ടി വി പ്രോഗ്രാമുകൾ എന്തൊക്കെയാണ് എപ്പോഴൊക്കെയാണ് എന്നൊക്കെ അറിയാനാണ് . പിന്നെ സ്പോർട്സ് പേജും ....അതോടെ ജാഫറിൻറെ അന്നത്തെ പത്ര വായന കഴിയും .
"മോനേ അന്റെ ചായകുടി കയിഞ്ഞാ..."
ചൂലുമായി ബീവിത്ത അടിച്ചുവാരാൻ വന്നു. ജാഫർ ചായ ഗ്ലാസ്സിലേക്കൊന്ന് ചെരിഞ്ഞ് നോക്കി. ഇനിയുമുണ്ട് അര ഗ്ലാസ്സ് ചായ ഭാക്കി.
"കൊറച്ചെയ്ഞ്ഞിട്ട് അടിച്ചാ പോരേ ബീവിത്താ.."
ജാഫറിന്റെ ചോദ്യമൊന്നും ബീവിത്ത കേട്ട മട്ടില്ല. മൂപ്പ്യത്ത്യേരു ചൂലിന്റെ കടഭാഗം തന്റെ തുടയിൽ രണ്ട് കുത്ത് കുത്തി, അതിന്റെ കയറൊന്ന് മുറുക്കി അടിച്ചുവാരാനായി തയ്യാറായി നിന്നു. പിന്നെ ജാഫർ ഒന്നും മിണ്ടാൻ പോയില്ല. മിണ്ടീട്ടും കാര്യമില്ലന്ന് ജാഫറിനറിയാമായിരുന്നു. ചെറിയ ചൂടുണ്ടെങ്കിലും ഗ്ലാസ്സിലെ ചായ ഒറ്റവലിക്ക് കുടിച്ച് ഗ്ലാസ്സും സ്ഥലവും ജാഫർ ഒഴിവാക്കിക്കൊടുത്തു. കസേരയും ടീപോയും അങ്ങോട്ടുമിങ്ങോട്ടും നീക്കി ബീവിത്ത തൂത്ത് വാരാൻ തുടങ്ങി.
ജാഫർ മുറ്റത്തേക്കിറങ്ങി ബക്കറ്റിലെ സോപ്പും മണ്ണെണ്ണയും കലർത്തിയ വെള്ളം നന്നായി ഒന്ന് ഇളക്കി, പിന്നെ തന്റെ പാവനമായ സൈക്കിൾ പോർച്ചിൽ നിന്ന് മിറ്റത്തേക്കിറക്കി, കുളിപ്പിക്കൽ പരിപാടി ആരംഭിച്ചു. സോപ്പ് വെള്ളം മുറ്റത്ത് നിൽക്കുന്ന ചെമ്പക മരത്തിന്റെ അടുത്തേക്കൊഴുകാതിരിക്കാൻ ജാഫർ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. 'ആ ചെമ്പക മരം എത്ര നന്നായി പൂക്കുന്ന മരമാണു.. ചെറുതാണെങ്കിലും എത്രയെത്ര പൂക്കളാണു അവൾ പ്രസവിക്കാറുള്ളത്..സ്കൂളിൽ പോകുമ്പോൾ ദിവസം അഞ്ചും പത്തും ചെമ്പകപ്പൂ പറിച്ച് പോക്കറ്റിലിട്ട് പോകാറുള്ളത് ജാഫർ ഓർത്ത് പോയി.
'ഇനിയും നീ എനിക്ക് വേണ്ടി ചെമ്പകപ്പൂക്കളെ പ്രസവിക്കണം..ഞാനിപ്പോൾ പത്താം ക്ലാസ്സുകാരനാണു..ഒന്നു കൂടി ഗമയിൽ വേണം എനിക്ക് സ്കൂളിൽ പോകാൻ ' ചെമ്പക മരത്തെ നോക്കി ജാഫർ മനസ്സിൽ പറഞ്ഞു.
ഇളം വെയിലേറ്റ് ജാഫറിന്റെ സൈക്കിൾ തിളങ്ങി..തുരുമ്പ് പിടിച്ച ചില ഭാഗങ്ങൾ മാത്രം തിളങ്ങാൻ വിസമ്മതിച്ചു.
ഒന്ന് നടുനിവർത്തി ഒരു കോട്ടുവായിട്ട് ചവിട്ട് പടിയിൽ വെച്ചിരുന്ന ഉണങ്ങിയ തുണിയെടുത്ത് ജാഫർ വൃത്തിയായി സൈക്കിൾ തുടക്കാൻ തുടങ്ങിയതേയുള്ളൂ.. പെട്ടന്നാണു ഒരു മൈന കുറച്ചകലെയായി വിമാനം പോലെ പറന്നിറങ്ങിയത്. ജാഫർ ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു
.ചെമ്പക മരത്തിലും , അടുത്തുള്ള തെങ്ങിൻ തൈയുടെ ഓലപ്പട്ടയിലും , മുരിക്കിന്റെ കൊമ്പത്തും , വരമ്പത്തും., വരമ്പിനോട് ചേർന്ന് നിൽക്കുന്ന ചെറിയ ഒട്ടുമാവിൻ കൊമ്പത്തും ജാഫറിന്റെ കണ്ണുകൾ പാഞ്ഞു നടന്നു. അവന്റെ മുഖം സൂര്യനെ മറഞ്ഞ കാർ മേഘം പോലെ ഒന്ന് മങ്ങി.
നിരാശയോടെ ജാഫർ ഒരു കല്ലെടുത്ത് നെഞ്ചോട് ചേർത്ത് പിടിച്ച് ' ചതിക്കല്ലേ..' എന്നും മനസ്സിൽ പറഞ്ഞ് മൈനയെ ഉന്നം വെച്ച് ഒരേറു കൊടുത്തു. ഏറു മൈനയുടെ ഏഴയലത്ത് കൂടെ പോയില്ലെങ്കിലും ചെറിയൊരു ശബ്ദമുണ്ടാക്കി മൈന പറന്നുയർന്നു. ലക്ഷ്യബോധമില്ലാതെ മൈന അങ്ങോട്ടുമിങ്ങോട്ടും പറന്ന് പെട്ടന്ന് അപ്രത്യക്ഷമായി . മൈന തന്റെ കണ്ണിൽ നിന്നും വേർപ്പെടുന്നത് വരെ ജാഫർ ഇമവെട്ടാതെ നോക്കിനിന്നു.. പിന്നെ ചുറ്റുപാടും ഒന്ന് വീണ്ടും കണ്ണോടിച്ചു.. ' ഇല്ല.. ഒറ്റ മൈനയേയുള്ളൂ..' ജാഫറിനു നിരാശയും സങ്കടവും കരകവിഞ്ഞൊഴുകി.
അന്തവിശ്വാസമാണെന്ന് പലരും പറഞ്ഞെങ്കിലും ജാഫർ തന്റെ വിശ്വാസത്തിൽ നിന്നും പിറകോട്ട് പോയില്ല. 'ഒരു മൈനയെ കണ്ടാൽ ദു:ഖം ..രണ്ട് മൈനയെ കണ്ടാൽ സന്തോഷം... ഇങ്ങനെ വിശ്വസിക്കാൻ ജാഫറിനു ഒരുപാട് അനുഭവ സമ്പത്തുണ്ട്. ഒരു മൈനയെ കണ്ട് സ്കൂളിൽ പോയി എത്ര തല്ല് കിട്ടിയിരിക്കുന്നു. പഠിച്ച കാര്യങ്ങൾ പോലും മറന്ന് തല്ല് കിട്ടുന്ന അവസ്ഥയുണ്ടായിട്ടുണ്ട്. എന്നാൽ ഒന്നും പഠിക്കാതെ പോയിട്ട് തല്ല് കിട്ടാത്ത ദിവസങ്ങളിൽ രണ്ട് മൈനയെ കണ്ടിട്ടുണ്ടാകും . ജാഫറിന്റെ അന്ത വിശ്വാസത്തിൽ സലീമും ഒരു പങ്കാളിയാണു.
'ഒരു ദിവസത്തിന്റെ പുഞ്ചിരിച്ച മുഖത്തേയും സങ്കട മുഖത്തേയും വേർത്തിരിച്ചെടുക്കുന്നത് , വഴി വക്കിലോ തെങ്ങോല പട്ടകളിലോ കാണുന്ന മൈനകളുടെ എണ്ണത്തെ ആശ്രയിച്ചാണോ..? ' എന്നാരെങ്കിലും ചോദിച്ചാൽ ജാഫറിനു മറുപടി തന്റെ അനുഭവങ്ങൾ തന്നെ. എന്നാൽ ഈ വിശ്വാസത്തിന്റെ പൊരുളെന്തെന്ന് ജാഫറിനു വിശദീകരിക്കാൻ കഴിയില്ല. അവനു ഒന്നു മാത്രം അറിയാം.. ഒരു മൈനയെ കണ്ടാൽ ദു:ഖം...രണ്ട് മൈനയെ കണ്ടാൽ സന്തോഷം.
വൃത്തിയായി തുടച്ച സൈക്കിൾ പോർച്ചിലേക്ക് കയറ്റി വെച്ച് മുറ്റത്തെ ചെമ്പക മരത്തിന്റെ ചുവട്ടിൽ ഒരു ചെറു പ്രാണിയെ കൊത്തിയെടുക്കാൻ ശ്രമിക്കുന്ന കോഴിയുടെ വിക്രസ്സും നോക്കി താടിക്കും കൈകൊടുത്ത് ജാഫർ ചവിട്ട് പടിയിലിരിന്നു. അപ്പോഴും അവന്റെ മുഖത്ത് ഒരു ദുഖത്തെ പ്രതീക്ഷിച്ച് കൊണ്ടുള്ള നിരാശ ഭാവം നിഴലിച്ച് നിന്നിരുന്നു.
വിശ്വാസം ചതിക്കില്ല, ശാസ്ത്രം തെറ്റില്ല..എന്ന പോലെ തന്റെ മനസ്സിന്റെ വ്യാകുലത അസ്ഥാനത്തല്ലാന്ന് ജാഫറിനു ബോധ്യമായി. ഒരു മൈനയെ കണ്ട കണ്ണുകളുടെ നനവ് മാറുമ്പോഴേക്കും അവന്റെ കൺ മുന്നിൽ മീറയുടെ മുഖം പ്രത്യക്ഷപ്പെട്ടു. മനസ്സ് കൊണ്ട് ഒരു സന്തോഷവും നൽകാത്ത മീറയുടെ കോപിക്കണോ പുഞ്ചിരിക്കണോ എന്ന് ശങ്കിച്ച മുഖം ജാഫറിനു ഒരു മൈനയെ കണ്ട ദുഖത്തിലേക്ക് വകകൊള്ളിക്കാൻ പോന്നതായിരുന്നു.
"പാത്തിമെന്ത്യേ...? "
മീറയുടെ ചോദ്യത്തിനു ജാഫർ ചെവികൊടുത്തുമില്ല മറുപടി പറഞ്ഞതുമില്ല. മീറ ചോദ്യം ആവർത്തിച്ചു.
"പാത്തിമ്മണ്ടിവിടെ..? "
പാത്തിമ അകത്തുണ്ടെന്ന് മുഖം തിരിച്ച് കാണിച്ച ജാഫറിനെ മീറ ഒന്ന് ഇടം കണ്ണിട്ട് നോക്കി വീടിനകത്തേക്ക് കയറിപ്പോയി.
മീറ അഹങ്കാരിയാണു . അടക്കവും ഒതുക്കവും ഇല്ലാത്തവളാണു. ഫാഷനുള്ള പെൺ കുട്ടിയാണു. ലാളിത്യവും വിനയവും ഒട്ടുമില്ല. എന്ന് വെച്ച് ജാഫറിനു മീറയോട് ദേശ്യമോ വെറുപ്പോ ഇല്ല. എതിർപ്പുകൾ മാത്രമേയുള്ളൂ. കാലൊച്ച കേൾക്കാൻ പാകത്തിനു ഒരു അകൽച്ചയുടെ എതിർപ്പുകൾ... (തുടരും )


No comments:
Post a Comment
ഈ നോവലിനെ കുറിച്ചുള്ള അഭിപ്രായങ്ങളും വിമർശനങ്ങളും അറിയിക്കാവുന്നതാണ്