Friday, February 21, 2014

ഭാഗം ഇരുപത്തിയോൻപത് ,

"അണക്ക്‌ വല്ലാത്ത ബുദ്ധിയന്നെ പഹച്ചീ.."
പാത്തുട്ടി എളേമാടെ മുഖത്ത്‌ മന്ദഹാസം..
"എഡീ പോത്തേ.. കേസ്സ്‌ കൊടുത്തപ്പൊ എല്ലാത്തിന്റെ പിന്നിലും ഞമ്മളാന്നറിഞ്ഞില്ലേ... ഓലെ ഉമ്മ ഞമ്മളാകും വെറുക്കാ.. ന്താപ്പൊ അന്റെ കഥ..."
പാത്തുട്ടി എളേമ പിറുപിറുത്ത്‌ അകത്തേക്ക്‌ പോയി.
         ബാസിമ മൂന്ന് ആഴ്ചയോളം കാർത്തികയുടെ വീട്ടിൽ തന്നെ നിന്നു. അതിനിടെ കേസ്സിന്റെ അന്വേഷണം നടക്കുന്നുണ്ടായിരുന്നു. സ.കോയാമൂന്റെ പാർട്ടി ഇടപെടലും നല്ലവരായ ചില അയൽ വാസികളുടേയും മറ്റും മൊഴികളും ബാസിമാക്ക്‌ അനുകൂലമായി.
ബാസിമ തന്റെ വീട്ടിലേക്ക്‌ തിരിച്ചു. അന്ന് രാത്രി തന്നെ സ.കോയാമും ഒരു പോലീസ്സ്‌ കാരനും കൂടി ബാസിമയെ കാണാൻ വന്നു. മേശപ്പുറത്ത്‌ ഒരു പേപ്പർ വെച്ച്‌ അതിൽ ഒപ്പിടാൻ പറഞ്ഞപ്പാൾ ബാസിമ കാര്യമറിയാതെ സ.കോയാമൂനെ നോക്കി.
"ഇയ്യൊന്നോണ്ടും പേടിക്കണ്ട.. അന്റെ പേരിലു കേസില്ല.. അത്‌ സാറന്മാർക്ക്‌ ബോധ്യായി.."
ബാസിമ സമാധാനത്തോടെ ഒപ്പിട്ടു. അത്‌ കഴിഞ്ഞപ്പോൾ പോലീസുകാരൻ ഒരു പേപ്പർ കൂടി മേശപ്പുറത്ത്‌ വെച്ചു.
"ഇതെന്താന്ന് മനസ്സിലായാ അണക്ക്‌.."
സ.കോയാമു ഒരു കള്ളച്ചിരി ചിരിച്ച്കൊണ്ട്‌ ചോദിച്ചു..
"ഇല്ലാ..ന്താത്‌.."
"ഹ, അന്നെ കേസ്സിൽ കുടുക്കാൻ നോക്കിയ ഓൾക്കിട്ട്‌ ഒരു പണികൊടുക്കണ്ടേ..അന്റെ എളേമാക്ക്‌..അതിനു ഇയ്യൊരു പരാതി എയുതി കൊടുക്ക്‌.."
"എന്ത്‌ പരാതി..? "
"അതൊക്കെ ആ സാറെയുതിക്കോളും.. ഇയ്യ്‌ ഒപ്പിട്ടാ മാത്രം മതി.."
"അതൊന്നും വേണ്ട..ഓൽക്കിള്ളത്‌ പടച്ചോൻ കൊടുത്തോളും.. ഇഞ്ഞി അയിന്റെ പേരിലൊരു സങ്കടം സഹിക്കാൻ ഇക്ക്‌ വയ്യാ.. അതോണ്ടാ.. "
"എന്നാ മോളിഷ്ടം പോലെ..ഞങ്ങളിറങ്ങട്ടെ.."
അവർ പോയപ്പോൾ ബാസിമാക്ക്‌ ഒരു വിഷമം, കോയാമുക്കാക്ക്‌ എന്തെങ്കിലും മനസ്സിൽ തോന്നിയോ എന്ന്..
ബാസിമയും രണ്ട്‌ കുട്ടികളും ആവീട്ടിൽ തനിച്ചായി  . ബഷീർ വരും എന്തെങ്കിലും ബാസിമാക്ക്‌ ചില്ലറ കൊടുക്കും രണ്ട്‌ ദിവസം കഷ്ടിച്ച്‌ ബാസിമയുടെ കൂടെയുണ്ടാകും വീണ്ടും പോകും.. പണിക്ക്‌ പോകുന്നത്‌ കൊണ്ട്‌ ബാസിമ ബഷീറിനോട്‌ പോകണ്ടാന്നും പറയാറില്ല.. ഇപ്പൊ ബാഷീർ കൊണ്ടു വരുന്ന എന്തെങ്കിലും ചില്ലറ കൊണ്ടാണു ബാസിമയും രണ്ട്‌ കുഞ്ഞുങ്ങളും കഴിയുന്നത്‌.


ഉമ്മ മാമ കുഞ്ഞാവയുടെ പേരിലയക്കുന്ന കാശിപ്പോൾ അങ്ങനെ കിട്ടാറില്ല..
നാസറിനെ ഹോസ്റ്റലിൽ സ്വഭാവദൂഷ്യമുള്ള കുട്ടികളുമായി കൂട്ടുകൂടി കള്ളും കഞ്ചാവും ഉപയോഗിച്ചതിന് കോളേജിൽ നിന്നും പുറത്താക്കി. ബാസിമയോട്‌ വീട്ടിൽ എത്തിയ മൂന്നുനാലു ദിവസം കഴിഞ്ഞാണു നാസർ സത്യം പറയുന്നത്‌.. കേട്ടപ്പോൾ അവൾക്ക്‌ ഒരുപാട്‌ സങ്കടം തോന്നി.. പിന്നെ ഉപ്പയുടേയും ഉമ്മയുടേയും സംരക്ഷണം കിട്ടാത്ത മക്കൾ ഇങ്ങനെയൊക്കെ ആയിപ്പോകുമെന്ന് കരുതി സമാധാനിച്ചു.
നാസറിൻറെ  സംസാരത്തിലും സ്വഭാവത്തിലും രൂപത്തിലും ഒരു പാട്‌ മാറ്റം വന്നതായി ബാസിമാക്ക്‌ തോന്നി. നാസർ വന്നതിൽ സങ്കടമുണ്ടെങ്കിലും തനിക്കൊരു കൂട്ടായല്ലോ എന്നതിൽ സന്തോഷിച്ചു ..
നാട്ടിലെത്തിയ നാസർ പുതിയ കൂട്ടുകെട്ടുകൾ തേടിപ്പിടിച്ചു..കള്ളും കഞ്ചാവും  വേണ്ടുവോളമുള്ള കൂട്ടുകെട്ട്‌ തന്നെ നാസറിനു കിട്ടി.
നാസറിൻറെ  കൂട്ട്‌ കെട്ട്‌ ബാസിമ ചോദ്യം ചെയ്യാൻ തുടങ്ങിയപ്പോൾ അത്‌ വരെ ബാസിമയോട്‌ കാണിച്ച സ്നേഹവും ബഹുമാനവും നാസർ മറന്നു. ബാസിമയോട്‌ നാസർ കയർത്ത്‌ സംസാരിച്ചു.
"നീയെന്തിനുള്ള പൊറപ്പാടാ നാസറേ.. ഞമ്മളെ വീടിൻറെ  അവസ്ഥ വല്ലതും യ്യ്‌ അറീണുണ്ടാ.. ൻറെ ജീവിതം ഇങ്ങനായത്‌ വിധിയായിരിക്കും, അൻറെ ജീവിതം യ്യ്‌ കൽപ്പിച്ച്‌ കൂട്ടി നശിപ്പിക്കല്ലേ.. വീടിനു താങ്ങായ ഒരാണായി കയ്യടാ.."
"ഞാൻ ഇവടെ നിക്കണത്‌ അണക്ക്‌ ഇഷ്ടല്ലങ്കി പറഞ്ഞോ.. ഞാ ..എങ്ങോട്ടെങ്കിലും പൊക്കോളാ.."
"യ്യ്‌ പൊക്കോ എങ്ങടാച്ചാ.. അല്ലേലും ഇങ്ങളൊക്കെ ഇണ്ടായിട്ട്‌ ന്താ കാര്യം..ഇങ്ങളു രണ്ടാണുങ്ങൾ കുടുമത്തുണ്ടായിട്ടല്ലേ ബുഷറാക്ക്‌..."
പെട്ടന്ന് ബാസിമ പറഞ്ഞ്‌ നിർത്തി.
"എന്താ..എന്താ ബുഷറാക്ക്‌..?"
നാസർ ബാസിമയുടെ അടുത്തേക്ക്‌ ചെന്നു.
"ഒന്നൂല്ലാ.. "
"എന്താ യ്യ്‌ ഒളിക്ക്‌ ണേ.. സത്യം പറഞ്ഞോ..എന്താ ബുഷറാക്ക്‌ സംഭവിച്ചേ..പറാ..."
നാസറിൻറെ കണ്ണും മുഖവും മാറി .അവൻറെ ശബ്ദമുയർന്നു. ബാസിമ കരയാൻ തുടങ്ങി.. നാസറിൻറെ ചോദ്യങ്ങൾക്ക്‌ മുന്നിൽ ഉത്തരം മുട്ടിയ ബാസിമ ബുഷറാക്ക്‌ സംഭവിച്ചതെല്ലാം തുറന്നു പറഞ്ഞു..ഒപ്പം തൻറെ ജീവിത ദുരിതങ്ങളും...
നാസറിൻറെ  കണ്ണുകൾ ചുവന്നു.. ദേശ്യത്തോടെ അവൻ വീട്ടിൽ നിന്നും ഇറങ്ങിപ്പോയി..പുറകിൽ നിന്ന് കരഞ്ഞു കൊണ്ട്‌ ബാസിമ നാസറിനെ വിളിക്കുന്നുണ്ടായിരുന്നു.. നാസർ അതിനൊന്നും ചെവിയോർക്കാതെ ഇരുട്ടിലേക്ക്‌ ധൃതിയിൽ നടന്നകന്നു.....(തുടരും )











No comments:

Post a Comment

ഈ നോവലിനെ കുറിച്ചുള്ള അഭിപ്രായങ്ങളും വിമർശനങ്ങളും അറിയിക്കാവുന്നതാണ്