Tuesday, February 11, 2014

ഭാഗം ഇരുപത്തിയാറ് ,


ആ കാഴ്ച്ച കണ്ട് ബാസിമ ഞെട്ടി !!!... ബുഷറ മണ്ണെണ്ണ എടുത്ത് തലയിൽ ഒഴിച്ച് തീ കൊളുത്തി .. ഒരു വലിയ നിലവിളിയോടെ അവളുടെ ശരീരത്തെ തീ കെട്ടിപ്പുണർന്നു ..
"ൻറെ മ്മാ .........................."
ബാസിമ അട്ടഹസിച്ച് ഓടിയടുക്കുമ്പോഴേക്കും ബുഷറയുടെ ശരീരമാകെ തീ ആളിപടർന്നു ... ബാസിമാക്ക് പിന്നെ ഒന്നും കാണാൻ കഴിയാത്തപൊലെയായി ...അവൾ ബോധം നഷ്ടപ്പെട്ട് നിലത്ത് വീണു ... നാട്ടുകാർ നിലവിളികേട്ട് ഓടിക്കൂടി ...................
ബാസിമാക്ക് ബോധം വരുമ്പോൾ അവൾ ഹോസ്പിറ്റൽ കിടക്കയിലാണ് ..അവൾക്ക് ചുറ്റും സ.കോയാമു ,മാമ കുഞ്ഞാവ മറ്റു ചില അടുത്ത ബന്ധുക്കൾ ..... എല്ലാവരെയും കണ്ടപാടെ ബാസിമ ഉറക്കെ കരഞ്ഞ് ബെഡ്ഡിൽ നിന്ന് എണീ ക്കാൻ ശ്രമിച്ചു .. അപ്പോഴേക്കും എല്ലാവരും കൂടി പിടിച്ച് കിടത്തി..
"ൻറെ ബുഷറാക്ക് ന്തുപറ്റി ...ക്ക് അവളെ കാണണം ...ക്ക് കാണണം ..."
"മോളെ യ്യ് സമാധാനിക്ക് അവൾക്കൊന്നും പറ്റിയിട്ടില്ല ...ദേഹം പോള്ളിയിണ്ടന്നുള്ളൂ .... യ്യ് ആദ്യം ഒന്ന് അടങ്ങ്‌ .....ഒന്നൂല്ലാ .."
സ.കോയാമു  ബാസിമയുടെ   അടുത്തിരിന്ന് സമാധാനിപ്പിച്ചു ..ബാസിമ ക്ഷീണം കൊണ്ട്  അങ്ങനെ മയങ്ങിപ്പോയി .
ആശുപത്രിയിൽ സ.കോയാമും സഖാക്കളും പിന്നെ ബാസിമയുടെ പുതിയ അയൽവാസികളും മറ്റുമായി കാര്യങ്ങൾക്കെല്ലാം ഓടി നടന്നു . ബഷീറും നാസറും വിവരം അറിഞ്ഞിട്ടില്ല . എന്തുവേണമെന്ന ആലോചനയിലാണ് സ.കോയാമും മാമ കുഞ്ഞാവയും .
ബുഷറ മരിച്ചില്ലെങ്കിലും അവളുടെ ശരീരം എഴുപത്‌ ശതമാനവും കത്തിയെരിഞ്ഞിരുന്നു.. അവൾ രക്ഷപ്പെടാൻ സാധ്യത വളരേ കുറവാണെന്ന് ഡോക്ടമാർ അറിയിച്ചപ്പോൾ മാമ കുഞ്ഞാവ നാസറിനേയും ബഷീറിനേയും വിവരം അറിയിച്ചു. അവർ വന്നപ്പോൾ ബാസിമ കുറച്ച്‌ ഉഷാറായി. അവളും രണ്ട്‌ സഹോദരന്മാരും ബുഷറയുടെ അടുത്ത്‌ തന്നെയിരിന്നു.. ഉറക്കവും ഊണുമില്ലാതെ..
കാദറും നബീസുമ്മയും ബുഷറയെ കാണാൻ ആശുപത്രിയിലെത്തി.. ബാസിമാക്ക്‌ അത്‌ താങ്ങാവുന്നതിലും അപ്പുറമായിരുന്നു..എല്ലാവരും അവിടെ ഉള്ളത്‌ കൊണ്ട്‌ ഒന്നും മിണ്ടാതെ ബാസിമ അപ്പുറത്തേക്ക്‌ എണീറ്റുപോയി. അവൾ നെഞ്ചത്ത്‌ കൈ അമർത്തിപ്പിടിച്ച്‌ പൊട്ടിക്കരഞ്ഞു.. സങ്കടം അവളുടെ ഹൃദയത്തെ തകർത്ത്‌ കളയുമോ എന്നവൾ ഭയപ്പെട്ടു..

കാദറും നബീസുമ്മയും പുറത്ത്‌ നിന്ന് ബുഷറയെ കണ്ടു.. ബുഷറ വേദനകൊണ്ട്‌ കരയുന്നത്‌ കണ്ടിട്ടും ഒരു കുറ്റബോധവും കാദെറെന്ന ആ കാട്ടാളനു തോന്നിയില്ല.. നബീസുമ്മയും കാദറും ബാസിമയെ കുറ്റപ്പെടുത്തി സംസാരിച്ചു.. അവർ തിരിച്ച്‌ പോകുന്നത്‌ വരെ എല്ലാവേദനയും കടിച്ചമർത്തി ബാസിമ മാറിനിന്നു കരഞ്ഞു.
ദിവസം രണ്ടുമൂന്നു കടന്നു പോയപ്പോൾ ബുഷറയുടെ  നില വഷളായിത്തുടങ്ങി . ശരീരത്തിൽ നിന്നും നീരൊലിക്കാൻ തുടങ്ങി . അവൾ വേദനകൊണ്ട് പുളയുന്നത് ബാസിമാക്ക് കണ്ണീരോടെ നോക്കി ഇരിക്കേണ്ടി വന്നു .ഏഴാം നാൾ ബുഷറ ലോകത്തോട് വിടപറഞ്ഞു .. 
ബാസിമ ആകെ തളർന്നു ..അവൾക്ക് കരയാൻ കണ്ണുനീരില്ലാത്ത അവസ്ഥയിലായി . 
പോസ്റ്റ്‌ മോട്ടം കഴിഞ്ഞ് ബുഷറയുടെ മയ്യത്ത് (ശവശരീരം )നിലവിളിയോടെയാണ് ബാസിമ സ്വീകരിച്ചത് .ആ  കാഴ്ച്ച ആരുടേയും കണ്ണുനിറക്കുന്നതായിരുന്നു . മൃതദേഹം ബാസിമ  പുതിയ വീട്ടിലേക്ക് കൊണ്ടുപോയി . ആ വീട്ടിൽ ആളുകൾ നിറഞ്ഞു ..ബന്ധുകാരും നാട്ടുകാരും ..പക്ഷെ....!! പാത്തുട്ടി എളേമ മാത്രം വന്നില്ല .. അത് ബാസിമാക്ക് കൂടുതൽ    വേദന നൽകി ..ആശ്വാസ വാക്കുകളുമായി കാർത്തിക ഉണ്ടായിരുന്നെങ്കിലും "ഞങ്ങൾ ആരുമില്ലാത്തവരായിപ്പോയല്ലോ " എന്ന് നെഞ്ചത്തടിച്ച് കരഞ്ഞ്  നിലവിളിച്ചു ബാസിമ ... 
അതിനിടെ ബുഷറയുടെ മൃതദേഹം  മറവു ചെയ്യാൻ ആ നാട്ടിലെ പള്ളി അധികാരികൾ സമ്മതിച്ചില്ല !!. 
സ.കൊയാമും മറ്റുചില നാട്ടുകാരും ഇടപെട്ടെങ്കിലും ആത്മഹത്യ ചെയ്ത ഒരു പെണ്ണിനെ തങ്ങളുടെ മഹല്ലിൽ മറവു ചെയ്യാൻ അനുവദിക്കില്ലന്ന് പള്ളി ഭാരവാഹികൾ വാശിപിടിച്ചു . മാത്രവുമല്ല  ബാസിമയുടെ വീട് ആ മഹല്ലിൽ പുതുതാണെന്നും അവർക്ക് മഹല്ലുമായി  ബന്ധമില്ലന്നും അവർ അറിയിച്ചു . സ.കൊയാമു ആ പറഞ്ഞവൻറെ കുത്തിനു പിടിച്ചു ...
"അകത്ത് ഒരു പെണ്ണിൻറെ മയ്യത്ത് കെടക്ക്ണ്ട് ...ഇല്ലെങ്കി ഈ മുറ്റത്ത് അൻറെ തല വീണേനെ കള്ളപ്പന്നി ....കോയാമൂന് പള്ളിയും മഹല്ലും ഒക്കെ കണക്കാ.."
അധികം ഒരു സീനിണ്ടാക്കാതെ സ.കോയാമു വിഷയം അവിടെ അവസാനിപ്പിച്ചു . 
ഈ വിവരം അറിഞ്ഞ ബാസിമ പാത്തുട്ടി എളേമയുടെ വീട്ടിലേക്ക് ഓടി ... ബാസിമ ആ വീട്ടിൽ കയറിച്ചെല്ലുമ്പൊൾ പാത്തുട്ടി എളേമ ഇരിന്ന് സിനിമ കാണുകയായിരുന്നു .. ബാസിമാക്ക് വാക്കുകൾ പുറത്ത് വന്നില്ല .. ഇടറുന്ന ശബ്ദത്തോടെ ബാസിമ എളേമയോട് കരഞ്ഞു പറഞ്ഞു ..
"ൻറെ ബുഷറാടെ മയ്യത്ത് അവടെ ഖബറടക്കാൻ പറ്റൂലത്രേ ..ഇബട്ക്ക് കൊണ്ട് വരട്ടേ ..മയ്യത്ത് അങ്ങനെ കെടത്താൻ പറ്റില്ലാ .."
പക്ഷെ എളേമ അതിനു സമ്മതിച്ചില്ല ..ബാസിമ ഒന്നും പറയാതെ മനസ്സ്കൊണ്ട് ശപിച്ച് തിരിച്ച് വീട്ടിലേക്കോടി .. ...............(തുടരും )






No comments:

Post a Comment

ഈ നോവലിനെ കുറിച്ചുള്ള അഭിപ്രായങ്ങളും വിമർശനങ്ങളും അറിയിക്കാവുന്നതാണ്