Saturday, January 25, 2014

ഭാഗം ഇരുപത്തിരണ്ട് ,

"അങ്ങനെ ന്റെ വീട്ടിലു താമസിക്കാത്ത പെണ്ണിനെ ക്ക്‌ വേണ്ട.."

അത്‌ കേട്ടപ്പോൾ മാമ കുഞ്ഞാവക്ക്‌ ദേഷ്യം വന്നു.
" അങ്ങനെ അണക്ക്‌ വാണ്ടങ്കി ഓളെ മൊയി ചൊല്ലിക്കാളെ.. ചൊല്ലുമ്പോ ഓൾക്ക്‌ ഞങ്ങ കൊട്ത്ത പണ്ടം പണം ഇങ്ങട്‌ തിരിച്ച്‌ തരണം.. പിന്നെ ഞാനണക്ക്‌ പണിയാക്കി തന്നില്ലന്നും പറഞ്ഞല്ലേ യ്യ്‌ ഓളെ ഇങ്ങനെ എടങ്ങേറാക്കിയത്‌.. ഓളെ മൊയി ചൊല്ലിയാ പിന്നെ അണക്കവിടന്നങ്ങോട്ട്‌ പണിയ്യോട്‌ പണിതന്നാവും.."

" പിന്നല്ലേ.. ഇങ്ങളിക്കെന്ത്‌ പണിയാ തെരാ..ന്നെ ഒരു ചുക്കും ഇങ്ങളു ചെയ്യില്ല.."
"ന്താണ്ടാ..അണക്ക്‌ കാണണാ.."
മാമ കുഞ്ഞാവ ചാടിയെണീറ്റ്‌ കാദറിന്റെ ഷർട്ടിൽ കേറിപ്പിടിച്ചു . അതോടെ അവർ തമ്മിൽ ബഹളമായി ..ഉന്തും തള്ളുമായി.. അപ്പോഴേക്കും എല്ലാവരും കൂടി പിടിച്ചുമാറ്റി.
"കയ്യാങ്കളിയൊന്നും പാർട്ടി ഓഫീസിൽ നടക്കൂല്ലാ.. പറഞ്ഞില്ലന്ന് വാണ്ട.."
കൂട്ടത്തിലെ ഒരു സഖാവ്‌  രോഷാകുലനായി .
"ബാസിമാടെ ഇഷ്ടം തന്നെ നടക്കട്ടെ.. ! "
നബീസുമ്മ അത്‌ പറഞ്ഞപ്പോൾ എല്ലാവരും ഒരുനിമിഷം നിശബ്ദരായി. കാദർ നബീസുമ്മയെ സ്വകാര്യത്തിനായി പുറത്തേക്ക്‌ കൂട്ടിക്കൊണ്ടുപോയി.
"ഇങ്ങളെന്തിനാ അങ്ങനെ പറഞ്ഞത്‌.. "
"പിന്നെ ഞനെന്താണ്ടാ പറേണ്ടത്‌.. ഓളെ മൊയി ചൊല്ലുമ്പോ ഓളെ പണ്ടവും പണവും തിരിച്ച്‌ കൊടക്കണ്ടേ.. അതൊക്കെ ഞമ്മളു സൂറാടെ കല്യാണത്തിനു ഇട്ത്ത്‌ ല്ലേ .."
പിന്നെ കാദറിനൊന്നും പറയാനുണ്ടായിരുന്നില്ല. എങ്ങനെയെങ്കിലും ബാസിമയെ ഒഴിവാക്കി തന്റെ കാമുകിയെ കെട്ടാമെന്ന് മോഹിച്ചതായിരുന്നു കാദർ .
ഒടുവിൽ ചർച്ച ബാസിമാക്ക്‌ അനുകൂലമായി . കാദർ ബാസിമയുമൊത്ത്‌ അവളുടെ വാടക വീട്ടിൽ താമസിക്കാമെന്ന് സമ്മതിച്ചു . ബാസിമ സഹോദരങ്ങളെ അനാധാലയത്തിൽ നിന്ന് വിളിപ്പിച്ചു . അങ്ങനെ ബാസിമയും കാദറും രണ്ട്‌ കുഞ്ഞുങ്ങളും സഹോദരങ്ങളും ആ വാടക വീട്ടിൽ താമസം ആരംഭിച്ചു .
ബുഷറ പത്താം ക്ലാസ്സിലായി. ബാസിമാക്ക്‌ സഹോദരങ്ങളുമൊത്തുള്ള ജീവിതം സന്തോഷവും സമാധാനവും നൽകി .

കാദർ അധിക ദിവസവും വരാറില്ല . അയാൾ കാമുകിയുടെ കൂടെ തന്നെയാണെന്ന് ബാസിമാക്ക്‌ അറിയായിരുന്നു . അവൾക്കതിൽ സങ്കടം തോന്നിയില്ല . ആയാൾ വരാത്ത ദിവസമായിരിക്കും ബാസിമ ഏറെ സന്തോഷിച്ചിരുന്നത്‌ . അതിനിടെ ബാസിമ മറ്റൊരു വാർത്തകേട്ടു .അയാൾ  ആ പെണ്ണിനേയും കെട്ടി പൊറുതി തുടങ്ങിയെന്ന്. അത്‌ ബാസിമാക്ക്‌ സഹിച്ചില്ല . അറിഞ്ഞപ്പോൾ കുറേ വഴക്കിട്ടെങ്കിലും തനിക്കൊരാണിന്റെ തുണ വേണമല്ലോന്ന് കരുതി അവൾ എല്ലാം സഹിച്ചു .
   കാദറിന്റെ വരവ്‌ വല്ലപ്പോഴുമായി. പഴയത്‌ പോലെ ബാസിമാക്ക്‌ നേരയുള്ള ഉപദ്രവം ഇല്ലെങ്കിലും കാമം തീർക്കാൻ ഒരു പെണ്ണ്  എന്ന നിലയിൽ തന്നെയായിരുന്നു കാദർ ബാസിമയോട്‌ പെരുമാറിയത്‌ . ഉപദ്രവം കുറഞ്ഞത്‌ ഒരു പക്ഷെ സഹോദരങ്ങൾ വീട്ടിലുള്ളത്‌ കൊണ്ടോ സ .കോയാമുവിനെ പേടിച്ചിട്ടോ ആയിരിക്കാം..
ബഷീർ പഠിപ്പ്‌ നിർത്തി ഒരു ജീപ്പ്‌ ഡ്രൈവറായി  ജോലിക്ക്‌ പോകാൻ തുടങ്ങി . രാത്രി ഒരുമണിക്ക് ശേഷമേ ജോലി കഴിഞ്ഞ് ബഷീറിനു വീട്ടിലെത്താൻ കഴിഞ്ഞിരുന്നുള്ളൂ . നാസർ ദൂരെ ടൗണിൽ ഹോസ്റ്റലിൽ നിന്ന് പഠിക്കുന്നു.. ബാസിമാക്ക്‌ ആകെ തുണയായി ഇപ്പോൾ പത്താം ക്ലാസ്സിൽ പഠിക്കുന്ന ബുഷറ മാത്രമായി  . അതിനിടെ ബാസിമയുടെ ഉമ്മ ഒരുതവണ നാട്ടിൽ വന്നു പോയി . തന്റെ ജീവിതം നഷ്ടപ്പെടുത്തി മക്കൾക്ക്‌ വേണ്ടി കഷ്ടപ്പെടുന്ന ആ ഉമ്മ പക്ഷെ മക്കളുടെ അവസ്ഥയെ കുറിച്ചറിയാൻ മനസ്സ്‌ കാണിച്ചില്ല .!!                  
      കുഞ്ഞ്‌ വല്ലാതെ കിടന്ന് കരയുന്നത്‌ കണ്ടപ്പോൾ ബാസിമാക്ക്‌ ബേജാറായി. വീട്ടിൽ ബാസിമയും ബുഷറയും മാത്രം.. കാദർ ഇനിയും വന്നിട്ടില്ല .സമയം എട്ട്‌ മണിയാകുന്നു . ബാസിമ കുഞ്ഞിന്റെ കരച്ചിൽ മാറ്റാൻ ആവുന്നത്ര ശ്രമിച്ചു .
"കുഞ്ഞിനെന്താ താത്താ.. പനിവല്ലതാണോ.."
"അറിയില്ല , ചൂടൊന്നും കാണുന്നില്ല., ഞാനാ സുഗതൻ ഡോട്ടറെ ഒന്ന് കാണിക്കട്ടെ.."
"അയിനയാളു കുട്ട്യേളെ ഡോക്ടറല്ലല്ലോ.."
"അതൊന്നും സാരല്ല ..ഇവടെ അട്ത്തുള്ളതിപ്പൊ അയാളല്ലേ.. പിന്നെ ഞാൻ ഈ രാത്രി ഒറ്റക്ക്‌ വണ്ടിയൊക്കെ വിളിച്ചിട്ട്‌ പോണ്ടേ.."
"ഞാനും വരാ താത്താ.. "
"വേണ്ട ..ഇയ്യിവിടിരുന്ന് പടിച്ചോ..ചെലപ്പോ അയാൾ  വരും..വീട്‌ പൂട്ടിക്കിടക്ക്ണത്‌ കണ്ടിട്ട്‌ ഇനിയെന്താന്ന് വിചാരിക്കണ്ട..വന്നാ വിവരം പറഞ്ഞാ മതി.."
"മ്മ് ശെരി..ന്നാ താത്ത വേഗം പോയിട്ട്‌ വാ.."
"നിനക്ക്‌ ഒറ്റക്കിരിക്കാൻ പേടിയൊന്നുമില്ലല്ലോ.. "
"ഇല്ല, അളിയനിപ്പൊ വരോലോ.. ഞാനിവിടിരിന്ന് പടിച്ചോളാ.."
ബാസിമ രണ്ട്‌ കുട്ടികളേയും കൊണ്ട്‌ ഡോക്ടറെ കാണാൻ പോയി.. ബുഷറ വാതിലടച്ച്‌ പഠിക്കാനിരിന്നു..
പത്ത്‌ മിനിറ്റ്‌ കഴിഞ്ഞപ്പോ കാദർ വന്നു.. ബുഷറ കതക്‌ തുറന്ന് കൊടുത്തു....(തുടരും )


No comments:

Post a Comment

ഈ നോവലിനെ കുറിച്ചുള്ള അഭിപ്രായങ്ങളും വിമർശനങ്ങളും അറിയിക്കാവുന്നതാണ്