Monday, December 2, 2013

ഭാഗം പതിനൊന്ന് ,

ഭാഗം പതിനൊന്ന് ;
ബാസിമ തലചുറ്റിവീണു .രാത്രിയിൽ തന്നെ ബാസിമയെ ആശുപത്രിയിൽ അഡ്മിറ്റ്‌ ചെയ്തു .വിവരം ആരെയും അറിയിക്കണ്ടാന്നു ബാസിമ പറഞ്ഞെങ്കിലും കാർത്തികയെ ഒന്ന് അറിയിക്കണമെന്ന് അവൾ ആവിശ്യപ്പെട്ടു .കൂട്ടുകാരിക്കൊരു കൂട്ടായി കാർത്തിക എത്തി .പിന്നീട് രണ്ടുമാസക്കാലം ബാസിമ ആശുപത്രിയും വീടുമായി കഴിഞ്ഞു .
         വീട്ടിലെ ജോലിയും ചർദിയും നേരാവണ്ണം ഭക്ഷണം കഴിക്കാതെയും ബാസിമ വല്ലാതെ ക്ഷീണിച്ചു .ആശുപത്രി വിട്ടതിന് ശേഷം ബാസിമക്കും കാർത്തികക്കും തമ്മിൽ കാണാൻ ഒരവസരം കിട്ടിയില്ല .സങ്കടങ്ങളും വേദനകളും ബാസിമയുടെ മനസ്സിൽ പങ്കുവെക്കാൻ കഴിയാതെ എരിഞ്ഞുകൊണ്ടിരുന്നു .
ബാസിമ ഗർഭിണിയായതറിഞ്ഞ് വന്നത് സഹോദരങ്ങളും സ.കോയാമും പിന്നെ ബാസിമയുടെ ഉമ്മയുടെ അനിയത്തി പാത്തുട്ടി എളേമയും മാത്രം .പിന്നെ കുടുംബത്തിൽ ആകെ ഒരടുപ്പമുണ്ടായിരുന്നത് മുമ്പ് വന്ന കുഞ്ഞാവ എന്ന മാമനാണ് .മൂപ്പര് അന്ന് പോയ പോക്കാണ് .പിന്നെ ആ വഴിക്ക് വന്നിട്ടില്ല .
വല്ലപ്പോഴും മാത്രമേ ഉമ്മയുടെ ഒരു കത്ത് ബാസിമാക്ക് കിട്ടാറുള്ളു .അതും മാമ കുഞ്ഞാവയുടെ  പേരിൽ അയക്കുന്നത് .അന്നത്തെ സംഭവത്തിനു ശേഷം അതും ഇല്ലാതായി .
ഒരു ദിവസം ബാസിമ പറമ്പിലെ ചവറുകൾ അടിച്ചുവാരി തീയിടുന്ന സമയത്ത് നാലായി കീറിയ ഒരു കത്ത്കണ്ടു . പൂർണ്ണഗർഭിണിയായത് കൊണ്ട്  ഒരു കൈ തെങ്ങിൽ പിടിച്ച് കൊണ്ട് അവളതെടുത്ത് വായിച്ചു .  'പ്രിയമുള്ള ബാസിമ മോൾക്ക് .....' ആദ്യവരി വായിച്ചപ്പോൾ അവളുടെ കൈകൾ വിറച്ചു .പെട്ടന്ന് ചുറ്റുംനോക്കി ആ കത്തിൻറെ കഷ്ണങ്ങൾ ചുരുട്ടിമടക്കി അരയിൽ തിരുകി . എങ്ങിനെയൊക്കെയോ അവൾ അടിച്ചുവാരി തീർത്ത് വേഗം ബാത്ത്റൂമിൽ കയറി കതകടച്ചു .അരയിൽ നിന്ന് കത്തെടുത്ത് കീറിപ്പോയ തുണ്ടുകൾ ചേർത്ത് വെച്ച് വായിക്കാൻ തുടങ്ങി ."പ്രിയമുള്ള ബാസിമ മോൾക്ക് .മോൾക്കവിടെ സുഖമാണെന്നു കരുതുന്നു ..ഉമ്മാക്കും ഇവിടെ സുഖം തന്നെ ...അറബിവീട്ടിൽ കിടന്ന് കഷ്ടപ്പെടുന്നത് ഉമ്മാടെ മക്കൾ സുഖമായി ജീവിക്കാനാണ് ....അള്ളാഹുവിന്റെ അനുഗ്രഹം കൊണ്ട് മോളൊരു നല്ല വീട്ടില് എത്തിപ്പെട്ടല്ലോ ...ഉമ്മാക്ക് സന്തോഷമായി ...''
ബാസിമയുടെ കണ്ണുകൾ നിറഞ്ഞൊഴുകി .അവൾക്ക് മറ്റൊന്നും വായിക്കാൻ കഴിഞ്ഞില്ല .കത്തിൻറെ തുണ്ടുകൾ മുഖത്ത് ചേർത്ത് വെച്ച് "ന്റുമ്മാ .." എന്ന് പറഞ്ഞ് തേങ്ങിക്കരഞ്ഞു .കുഞ്ഞാവ മാമൻ വന്നിട്ടുണ്ടായ സംഭവങ്ങളൊന്നും ഉമ്മ അറിഞ്ഞിട്ടില്ലന്നു ബാസിമാക്ക് മനസ്സിലായി . തൻറെ സങ്കടങ്ങൾ ആരുമറിയാതെ സ്വയം ഉരുകിത്തീരട്ടെ എന്നവൾ കരുതി .ഇത്പോലെ എത്ര കത്തുകൾ ഞാൻ കാണാതെ പോയിട്ടുണ്ടാകും .. എത്ര കത്തുകൾ അറിയാതെ അടിച്ചുവാരി തീയിട്ടിട്ടുണ്ടാകും ..."ന്നെങ്ങിനെ ശിക്ഷിക്കാൻ ഇത് നരകമല്ലല്ലോ റബ്ബേ ...ദുനിയാവല്ലേ .."അവൾ കണ്ണുകളുയർത്തി പടച്ചതമ്പുരാനോട്‌ വിങ്ങിപ്പൊട്ടി . ബാത്ത്റൂമിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ബാസിമാക്ക് പ്രസവവേദന അനുഭവപ്പെട്ടു .. അവൾ ഉറക്കെ കരയാൻ തുടങ്ങി .. കാദർ വീട്ടിലില്ല ..നബീസുമ്മ അപ്പുറത്തെ വീട്ടിൽ സ്വറപറഞിരിക്കിന്നു ...(തുടരും )






No comments:

Post a Comment

ഈ നോവലിനെ കുറിച്ചുള്ള അഭിപ്രായങ്ങളും വിമർശനങ്ങളും അറിയിക്കാവുന്നതാണ്