Saturday, June 14, 2014

ഭാഗം നാൽപ്പത്തിരണ്ട് ,(അവസാനഭാഗം )

നബീസുമ്മയെ കണ്ട ബാസിമ ഒന്ന് പകച്ചു .. എന്തിനായിരിക്കും ആ തള്ള തന്നെ കാണാൻ വന്നിരിക്കുന്നെതെന്ന് ചിന്തിച്ച് നിന്ന ബാസിമയെ നബീസുമ്മ കണ്ണാടിച്ചില്ലിനപ്പുറത്ത് നിന്ന് ദയനീയഭാവത്തിൽ മാടി വിളിച്ചു .. ബാസിമ നേരിയ നെഞ്ചിടിപ്പോടെ കടയുടെ പുറത്തിറങ്ങി .. ബന്ധം വെർപ്പെട്ടെങ്കിലും നബീസുമ്മയെ കാണുമ്പോൾ ബാസിമാക്ക് ഇന്നും ബേജാറാണ് ..
"മോളെ ...."
ഇടറിയ ശബ്ദത്തിൽ നബീസുമ്മ വിളിച്ചപ്പോൾ ബാസിമയുടെ ശരീരമാകെ കുളിരുകോരി ...അന്ന് വരെ കേൾക്കാത്ത വാത്സല്യം തുളുമ്പുന്ന ആ വിളിയിൽ ബാസിമയുടെ മനസ്സലിഞ്ഞു ... എല്ലാ വെറുപ്പും ഒരു നിമിഷംകൊണ്ട് അലിഞ്ഞില്ലാതായി ... അവൾ നബീസുമ്മയുടെ കൈകൾ പിടിച്ചു ..
"ഉമ്മാ ...ഇങ്ങക്ക് സുഖാണോ ...? "
"ഉം ....., ന്താ അൻറെ ബർത്താനം ...അണക്കും കുട്ട്യോൾക്കും സുഖല്ലേ ... അൻറെ എല്ലാ വിവരങ്ങളും ഞങ്ങളറിയാറണ്ട് ....അന്നെ വേദനിപ്പിച്ചതിനെല്ലാം ഞാനും ൻറെ മോനും ഇപ്പൊ അനുഭവിക്കാ .... മരിച്ച്പോയാലും ഞങ്ങക്ക് അനുഭവിക്കേണ്ടി വരും ...അത്ര മാത്രം മോളെ ..ഞങ്ങൾ ........"
നബീസുമ്മ ബാസിമയെ കെട്ടിപ്പിടിച്ച് കരഞ്ഞു ..
"അങ്ങനൊന്നും പറയണ്ട ഉമ്മാ ...എല്ലാം ൻറെ വിധി ... ഞാനത് അനുഭവിച്ചോണ്ടിരിക്കാ ... "
നബീസുമ്മ തട്ടം കൊണ്ട് കണ്ണീരു തുടച്ചു.
"മോളോട് ഒരു കാര്യം ആവിശ്യപ്പെടാനാ ഞാനിപ്പോ വന്നത് ...മോളതിനു എതിര് പറയരുത് ...."
"ന്താ ...? "
"അന്ന് നാസർ വീട്ടിലുവന്നുണ്ടാക്കിയ കൊയപ്പോക്കെ മോൾക്കറിയാലോ ..കാദറിന്റെ കാലാകെ പഴുത്ത് ഒരു കാല് മുറിച്ച് മാറ്റി ..ഇപ്പൊ വീട്ടിലന്നെ ഒരേ ഇരിപ്പന്നെ ..കാല് മുറിച്ച സമയത്ത് തന്നെ ഓന്റെ പെണ്ണ്‍ ഓനെ വിട്ട് പോയി .. ഇപ്പൊ ഞാനാ ഓന്റെ കാര്യങ്ങളൊക്കെ നോക്കണത് ...കാദറ് കുറച്ചീസായി പറയണ് അന്നേം മക്കളേം കാണണന്നു ....പാടില്ലന്നൊക്കെ അറിയാ ...മോളിപ്പോ ഭർത്താവില്ലാതെ നിക്കല്ലേ ...അതോണ്ടാ വന്നത് ...ഒന്ന് അത് വരെ വന്നിട്ട് പോയ്ക്കൂടെ ...."
ബാസിമ ഒന്നും മിണ്ടാതെ കുറച്ച് സമയം അങ്ങനെ നിന്നു ...


"മോളെന്താ ഒന്നും മുണ്ടാത്തത് ....ഈ സമയത്ത് ഓനോട്‌ പക തോന്നരുത് ...പടച്ചോനെ കരുതി മോളെല്ലാം പൊറുക്കണം ..."
"ഞാനതല്ല ഉമ്മാ ആലൊചിച്ചെ , ക്ക് ആരോടും പകല്ല ...ന്നെ മൊഴി ചൊല്ലീതല്ലേ ..ഞാനെങ്ങനാ ആ വീട്ടീക്ക് പിന്നേം വരാ .... മാത്രല്ല ക്ക് ഭർത്താവില്ലന്നുള്ളൂ ..ഞാനിപ്പോ നാസറിന്റെ കൂടെ താമസം ..ഓനറിഞ്ഞ സമ്മയ്ക്കൂലാ ...ഇങ്ങക്കറിയാലാ ഓന്റെ സ്വഭാവം ..."
ബാസിമയുടെ മറുപടി കേട്ടപ്പോൾ നബീസുമ്മയുടെ മുഖം വാടി ...
"മോളെ കൊണ്ട് എങ്ങേനെലും സമ്മയ്പ്പിച്ച് കൂട്ടികൊണ്ടോരാന്ന് കാദറിനോടു പറഞ്ഞിട്ടാ ഞാൻ വന്നത് ..അതാപ്പോ ഒരു സങ്കടം ..."
"ഞാനെന്താ ഉമ്മാ ചെയ്യാ ....ന്നോട് ദേഷ്യൊന്നും തോന്നരുത് .."
"ഓന്റെ അവസ്ഥ മോൾക്കറിയാഞ്ഞിട്ടാ...ആ കുട്ടികളെ കാണാൻ ഓൻക്ക് നല്ല പൂതിയിണ്ട് ..അയിൽക്കൂടെ അന്നെ കണ്ട് മാപ്പ് ചോദിക്കണന്നും പറഞ്ഞിരിന്നു .... ഓനിപ്പോ സിക്ഷ അനുഭവിച്ചോണ്ടിരിക്കാ ...ഇനി മോളും കൂടി സിക്ഷിക്കരുത് ...ഉമ്മാക്ക് അത്രേ പറയാനുള്ളൂ ...മോള് വരുന്നന്നെ ഞാനോനോട് പറയും ..മോള് വന്നില്ലെങ്കിലും ഓൻക്ക് സമാധാനായിക്കോട്ടേ ...."
ഇത്രയും പറഞ്ഞ് നബീസുമ്മ കണ്ണുതുടച്ച് നടന്നു ...
"ഉമ്മാ ..."
കുറച്ച് മുന്നോട്ട്പോയ നബീസുമ്മ ബാസിമയുടെ വിളികേട്ട് തിരിഞ്ഞു ..
"ഞാനെങ്ങനേലും വന്നോളാം ..."
നബീസുമ്മ ഒന്ന് പുഞ്ചിരിച്ചു ...അവരുടെ മുഖത്ത് ഒരുപാട് സന്തോഷത്തിന്റെ മഴവില്ല് തെളിഞ്ഞു ...
അവിടന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോൾ ബാസിമ കുട്ടികളേയും കൂട്ടി കാദറിനെ കാണാൻ പോയി ...നാസറിനോട്‌ കാർത്തികയുടെ വീട്ടിലേക്കാണന്നും പറഞ്ഞാ പോയത് .
കാദറിന്റെ വീടിൻറെ മുന്നിലെത്തിയപ്പോൾ അവളുടെ ഉള്ളിൽ ഭയപ്പാടിന്റെ ഓർമ്മകൾ തിരതല്ലി ... അവൾ ചെറുതായൊന്ന് വിയർത്തു ..പിന്നെ ഒരു നെടുനിശ്വാസം വിട്ട് അവൾ കുട്ടികളുടെ കൈപിടിച്ച് തൻറെ യാഥനകളുടെ കഥ പറയുന്ന ആ വീട്ടിലേക്ക് കയറി ...
ബാസിമയെ കണ്ട നബീസുമ്മാക്ക് ഒരുപാട് സന്തോഷം തോന്നി ...ഓടി വന്ന് നബീസുമ്മ കുട്ടികളെ തന്നിലേക്ക് ചേർത്ത് പിടിച്ച് പൊട്ടിക്കരഞ്ഞു ... ഒപ്പം ബാസിമയും ...എന്നാൽ കുട്ടികൾ കഥയറിയാതെ പകച്ചുനിന്നു ..
"മോള് വരാന്ന് പറഞ്ഞെങ്കി കൂടി ക്ക് അത്ര ഒറപ്പ് ഇല്ലാർന്നു ...മോള് വാ ...
കാദറകത്തിണ്ട് ...."


അവർ അകത്ത് കയറി കാദറിനെ കണ്ടപ്പോൾ ബാസിമയുടെ കണ്ണുകൾ നിറഞ്ഞു ...തന്നെ മരണതുല്യം ദ്രോഹിച്ച കാട്ടാളനായ മനുഷ്യനാണോ തൻറെ മുന്നിൽ കിടക്കുന്ന സാധുവായ ആ മനുഷ്യനെന്ന് ബാസിമ ചിന്തിച്ചു ... കുട്ടികളെ കണ്ടപാടെ കാദർ ആനന്ദകണ്ണീരോടെ എണീക്കാൻ ശ്രമിച്ചു ... പക്ഷെ ആ ശ്രമം വിഫലമായി ..
"എന്താ കാദറെ യ്യ് കാട്ട്ണ് ..അൻറെ മക്കൾ അന്നെ കാണാൻ വന്നില്ലേ ...യ്യ് എണീക്കണ്ടാ ...അന്റെ മക്കൾ അന്റടുത്ത് ക്ക് വരും....
കുട്ടികളും ബാസിമയും കാദറിന്റെ അടുത്ത് ചെന്നു ..കുട്ടികളുടെ തലയിൽ കൈവെച്ചതോടെ കാദർ പൊട്ടിക്കരയാൻ തുടങ്ങി ..കുട്ടികളെ തന്നിലേക്ക് കാദർ ചേർത്ത് പിടിച്ചു ...  കാദർ കുട്ടികളോട് കുറച്ച് സമയം വിശേഷങ്ങളെല്ലാം ചോദിച്ചു ..
"മക്കള് വാ ...ഉമ്മാമ്മ ചായ തരാം..."
നബീസുമ്മ കുട്ടികളെ ബുദ്ധിപൂർവ്വം ആ മുറിയിൽ നിന്ന് മാറ്റി .. ബാസിമയും കാദറും ആ മുറിയിൽ തനിച്ച് ...
പണ്ട് താൻ മണവാട്ടിയായി കയറിയ മുറിയല്ലേ എന്ന മട്ടിൽ ബാസിമ മുറി ചുറ്റുമൊന്ന് കണ്ണോടിച്ചു ..പക്ഷെ അവളുടെ കണ്ണിൽ തെളിഞ്ഞ ചിത്രങ്ങെളെല്ലാം താൻ അനുഭവിച്ച ദുരന്തങ്ങളുടെതായിരുന്നു ...
പെട്ടന്ന് ബാസിമ ഓർമകളിൽ നിന്ന് ഒന്ന് ഞെട്ടി...കാദർ അവളുടെ കയ്യിൽ പിടിച്ചിരുന്നു ..അവൾ തൻറെ കൈ കാദറിന്റെ കയ്യിൽ നിന്ന് വലിച്ചെടുത്തു ...
"ഞാപ്പോ ങ്ങളെ ഭാര്യല്ലാ ..."
"ശരിയാ ..ഞാനോർത്തില്ല ...നീയുണ്ടായിരുന്ന കാലത്തോളം ഒരിക്കൽ പോലും സ്നേഹത്തോടെ ഞാൻ നിൻറെ കൈകളിൽ പിടിച്ചിട്ടില്ല ...അറിയാതെ .......അങ്ങനെ തോന്നിപ്പോയി ... ന്നോട് അനക്ക് പൊറുക്കാൻ പറ്റോ ...."
"ക്ക് ആരോടും വെറുപ്പില്ല ....വെറുക്കേണ്ടത് വിധിയെ ആണ് ...വിധിയെ വെറുത്തിട്ടെന്തിനാ ..വിധി എന്നും ക്രൂരത മാത്രാവുല്ലല്ലാ ചെയ്യാ ...."
"യ്യിപ്പൊ നന്നായി സംസാരിക്കാൻ തൊടങ്ങീക്കണ് ..."
"അനുഭവങ്ങൾ ഓരോന്ന് പഠിപ്പിക്കുന്നതല്ലേ ...."
"ഉം നേരാ ...ഞാനും ഓരോന്ന് പഠിച്ച് വരുന്നു ...."
അവരുടെ സംഭാഷണം കുറച്ച് സമയം കു‌ടി നീണ്ടുപോയി ..അവർ പരസപരം തെറ്റുകൾ ഏറ്റുപറഞ്ഞു .... വല്ലപ്പോഴും തന്നെ കാണാൻ വരണമെന്നും ഇടക്ക് മക്കളെ തൻറെ അടുത്ത് നിർത്തിതരണമെന്നും കാദർ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ ബാസിമ അതിനു സമ്മതം മൂളി ... അങ്ങനെ എല്ലാവരുടെയും മനസ്സിൽ നന്മനിറഞ്ഞ പുഞ്ചിരിസമ്മാനിച്ച്  ബാസിമ അവിടന്ന് തിരിച്ചു ...


ഒരുമാസം കഴിഞ്ഞപ്പോൾ ബാസിമയുടെ ഉമ്മയുടെ ഒരു ഫോണ്‍ ബാസിമാക്ക് വന്നു ...
ബാസിമയുടെ ഉമ്മാക്ക് അധിക കാലം ഇനി അറബി വീട്ടിൽ നിൽക്കാൻ കഴിയില്ലെന്നും ..അത് കൊണ്ട് താനവിടം വിടും മുമ്പ് ബാസിമാക്ക് ഒരു ജോലി അവിടെ തരപ്പെടുത്താനുള്ള തീരുമാനത്തിലാണെന്നും അറിയിക്കാനായിരുന്നു ഉമ്മ ബാസിമാക്ക് വിളിച്ചത് ... ബാസിമ രണ്ടാമതൊന്ന് ചിന്തിക്കാതെ ഉമ്മാട് സമ്മതം മൂളി ..കുട്ടികളുടെ കാര്യത്തിൽ ഒരു സങ്കടമുണ്ടായിരുന്നു ...
എന്തായാലും തനിക്കും സഹോദരങ്ങൾക്കും വേണ്ടി ഉമ്മ കഷ്ടപ്പെട്ടപോലെ തൻറെ മക്കൾക്ക് വേണ്ടിയാവട്ടെ ഇനിയുള്ള തൻറെ ജീവിതമെന്ന് ബാസിമ തീരുമാനിച്ചു ...
അങ്ങനെ അധികംകാലം വൈകാതെ തന്നെ ബാസിമാക്ക് ഗൾഫിൽ പോകാനുള്ള വിസ വന്നു ... കുട്ടികളെ നാസാറിന്റെ അടുത്താക്കി പോകാനാണ് ബാസിമ ആദ്യം കരുതിയത് ..പക്ഷെ നാസറിന്റെ ഭാര്യയുടെ കാര്യമോർത്തപ്പോൾ മനസ്സനുവദിച്ചില്ല ... കാദറിന്റെ കൂടെ നിർത്താനും ചിന്തിച്ചു ....ഒന്നുമൊന്നും അവൾക്ക് തൃപ്ത്തിപ്പെടുന്നവയായിരുന്നില്ല ..
ഒടുവിൽ താൻ പഠിച്ച് വളർന്ന 'മനസ്സ് ' എന്ന അനാധാലയത്തിലാക്കാൻ തീരുമാനിച്ചു ...
മനസ്സ് ഏറെ പിടഞ്ഞ്കൊണ്ട് തന്നെ കുട്ടികളെ അനാധാലയത്തിലാക്കി ബാസിമ പ്രവാസലോകത്തെക്ക് പറന്നു .... തൻറെ മക്കൾക്കൊരിക്കലും തൻറെ കഥ ആവർത്തിക്കരുതെന്ന ഒരേ ഒരു പ്രാർത്ഥനയെ ബാസിമാക്കുണ്ടായിരുന്നുള്ളൂ .....കഴിഞ്ഞ കാലദുരിതങ്ങൾ എല്ലാമെല്ലാം കുഴിച്ച്മൂടി പുതിയ ജീവിത പരീക്ഷണങ്ങൾ തേടി ബാസിമ യാത്രയായി ...
ഒരു പെണ്ണും ബാസിമ ആകാതിരിക്കട്ടെ .....!!!!

                           
                                     *** അവസാനിച്ചു ***
                                               
                                                                നന്ദി ,                        
                                                         റൗഫ് റഹ്മത്തുള്ള വടക്കേകാട് ,
                               

(നോവൽ വായിച്ച് സഹകരിച്ച എല്ലാ നല്ലവരായ വായനക്കാർക്കും ഒരായിരം നന്ദി ....)
                                   =================

No comments:

Post a Comment

ഈ നോവലിനെ കുറിച്ചുള്ള അഭിപ്രായങ്ങളും വിമർശനങ്ങളും അറിയിക്കാവുന്നതാണ്